June 04, 2026 |
Share on

‘എൻ്റെ മുന്നിൽ ഇരിക്കരുത്, ഇവിടെ നിന്നും നിന്നെ തുരത്തും’; പ്രാദേശിക റിപ്പോർട്ടർക്കെതിരെ നാഗാലാൻഡ് ഉപമുഖ്യമന്ത്രിയുടെ ഭീഷണി, പിന്നാലെ വധശ്രമം

ഭീഷണി മുഴക്കി ഒരാഴ്ചയ്ക്ക് ശേഷമാണ് വധശ്രമം

ഒരു പൊതുയോഗത്തിൽ വെച്ച് നാഗാലാൻഡ് ഉപമുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയ ഒരു പ്രാദേശിക ടിവി ചാനൽ റിപ്പോർട്ടർക്ക് വെടിയേറ്റു. ഉപമുഖ്യമന്ത്രി ഭീഷണി മുഴക്കി ഒരാഴ്ചയ്ക്ക് ശേഷമാണ് റിപ്പോർട്ടർക്ക് നേരെയുള്ള വധശ്രമം. മണിപ്പൂരിലെ സേനാപതി ജില്ലയിലെ നാഗ ഗ്രാമത്തിൽ വെച്ചാണ് റിപ്പോർട്ടറായ ദീപ് സൈകിയക്ക് വെടിയേറ്റതെന്ന് ദി വയർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. നാഗാലാൻഡ് ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വൈ. പാറ്റൺ ആണ് ഓഗസ്റ്റ് 23 ന് അസമോടു ചേർന്നുള്ള നാഗാലാൻഡിലെ ഒരു ഗ്രാമത്തിൽ നടന്ന പൊതുയോഗത്തിൽ വെച്ച് റിപ്പോർട്ടറെ ഭീഷണിപ്പെടുത്തിയത്. മുൻപ് കോൺഗ്രസ് നേതാവായിരുന്ന പാറ്റൺ നാഗാലാൻഡിലും മണിപ്പൂരിലെ നാഗ മേഖലകളിലും ശക്തനായ രാഷ്ട്രീയ നേതാവാണ്. സംസ്ഥാന ആഭ്യന്തര മന്ത്രിയും അതിർത്തി കാര്യ മന്ത്രിയും കൂടിയാണ് പാറ്റൺ.

പൊതുയോ​ഗത്തിൽ വെച്ച് പാറ്റൺ റിപ്പോർട്ടറായ ദീപ് സൈകിയയെ പേരെടുത്ത് വിളിക്കുകയും ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. റെങ്മ വന സംരക്ഷണ മേഖലയിൽ അസം സർക്കാർ ഒഴിപ്പിക്കൽ നടപടികൾ നടത്തുന്നതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിനാണ് ബിജെപി നേതാവ് റിപ്പോർട്ടറെ പരസ്യമായി ശാസിച്ചത്. അതിർത്തി തർക്കമുള്ള ഈ സ്ഥലത്തെക്കുറിച്ച് സുപ്രീം കോടതിയിൽ കേസ് നടക്കുന്നുണ്ട്.

ഹോൺബിൽ ടിവിക്ക് വേണ്ടി സൈകിയ തയ്യാറാക്കിയ റിപ്പോർട്ടിൽ ഒഴിപ്പിക്കൽ നടപടികൾ നടന്നിട്ടും ഒരു മാസത്തോളമായി പാറ്റണോ പ്രാദേശിക എം‌എൽ‌എ അച്ചുമെംബോ കിക്കോണോ തങ്ങളെ സന്ദർശിച്ചിട്ടില്ലെന്ന് നാഗ ഗ്രാമവാസികൾ പറഞ്ഞിരുന്നു. പാറ്റൺ ജൂലൈ 24 ന് മാത്രമാണ് അതിർത്തി പ്രദേശങ്ങൾ സന്ദർശിച്ചതെന്നും അതിനുശേഷം വന്നിട്ടില്ലെന്നും ഗ്രാമവാസികൾ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഓഗസ്റ്റ് 21,22 തീയതികളിൽ മാത്രമാണ് വോഖ ഡെപ്യൂട്ടി കമ്മീഷണർ വിനീത് കുമാർ ഈ പ്രദേശം സന്ദർശിച്ചത്.

വോഖ ജില്ലയിലെ ലിഫനിയൻ ഗ്രാമത്തിൽ നടന്ന പൊതുയോഗത്തിന്റെ വീഡിയോ ക്ലിപ്പിൽ സൈകിയയെ നാഗ പ്രദേശങ്ങളിൽ നിന്ന് ഓടിക്കാൻ താൻ ചിലരോട് ആവശ്യപ്പെട്ടതായി പാറ്റൺ പറയുന്നത് വ്യക്തമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അസം സ്വദേശിയായ സൈകിയയോട് തന്റെ മുന്നിൽ ഇരിക്കരുതെന്നും താൻ ചോദിക്കുന്ന ചോദ്യങ്ങൾ സൈകിയക്ക് താങ്ങാനാകില്ലെന്നും പാറ്റൺ പറഞ്ഞിരുന്നു. അതിർത്തി വിഷയത്തിൽ മുൻ എം‌എൽ‌എ എം. കിക്കോണിനെ അഭിമുഖം ചെയ്തതിനും ബിജെപി നേതാവ് റിപ്പോർട്ടറെ വിചാരണ ചെയ്തിരുന്നു.

ഓഗസ്റ്റ് 30ന് മണിപ്പൂരിലെ സേനാപതി ജില്ലയിലെ ഒരു നാഗ ഗ്രാമത്തിൽ വെച്ച് സൈകിയക്ക് വെടിയേറ്റു. ഒരു പൂ പ്രദർശനം റിപ്പോർട്ട് ചെയ്യുകയായിരുന്നു അദ്ദേഹം. റിപ്പോർട്ടറുടെ കാലിലും കൈക്കുഴയിലും വെടിയുതിർത്ത യുവാവിനെ ഗ്രാമവാസികൾ പിടികൂടി പോലീസിൽ ഏൽപ്പിച്ചതായി പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു. ഈസ്റ്റേൺ മിറർ റിപ്പോർട്ട് ചെയ്തതനുസരിച്ച് ടുംഗ്ജോയ് പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് തിമോത്തി റോണമായി എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി സ്ഥിരീകരിച്ചു.

കൈയിൽ വെടിയുണ്ട തങ്ങിനിൽക്കുന്നുണ്ടെങ്കിലും സൈകിയയുടെ നില തൃപ്തികരമാണെന്ന് ടുംഗ്ജോയ് പോലീസ് സ്റ്റേഷൻ ഓഫീസർ അറിയിച്ചു. സൈകിയക്ക് നേരെയുണ്ടായ ആക്രമണത്തെ ഹോൺബിൽ ടിവി ശക്തമായി അപലപിച്ചു. ഇത് പത്രസ്വാതന്ത്ര്യത്തിനു നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്നും മാധ്യമപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾ പൊറുക്കാനാകുന്നതല്ലെന്നും ഹോൺബിൽ ടിവിയുടെ എഡിറ്റർ ദ്സൂതോനോ മെക്രോ പ്രസ്താവനയിൽ പറഞ്ഞു. നാ​ഗാലാന്റിലെ കോഹിമ പ്രസ് ക്ലബ്ബും മോകോക്ചുങ് പ്രസ് ക്ലബ്ബും നേരത്തെ പാറ്റണിന്റെ ഭീഷണികളെ അപലപിച്ചിരുന്നു. ഓഗസ്റ്റ് 31ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യയും പാറ്റണിനെതിരെ പ്രസ്താവന ഇറക്കിയിരുന്നു.

Content Summary: Reporter shot days after threat by Nagaland Deputy CM Y. Patton

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×