തന്റെ മകൾ സുഹൃത്തിനോടൊപ്പം മനുഷ്യകടത്തിൽ ഏർപ്പെട്ടുവെന്ന് സംശയത്തിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥ കിരൺ ബേദി മകളെ നിരീക്ഷിക്കാൻ ഡൽഹി പൊലീസിനെ നിയമിച്ച വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ച് കേരളത്തിലെ ഐപിഎസ് ഉദ്യോഗസ്ഥർ. 2003 മുതലായിരുന്നു തന്റെ മകളെയും സുഹൃത്തിനെയും നിരീക്ഷിക്കാനായി കിരൺ ബേദി നിയമലംഘനം നടത്തുന്നത്. ഈ വിഷയത്തിലെ പ്രതികരണം രേഖപ്പെടുത്താനായി കേരളത്തിലെ ഒമ്പതോളം ഐപിഎസ് ഉദ്യോഗസ്ഥരെ അഴിമുഖം ബന്ധപ്പെട്ടെങ്കിലും ആരും തന്നെ ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറാവാത്തത് ഉയർന്ന റാങ്കിലുള്ള തങ്ങളുടെ സഹപ്രവർത്തകയുടെ മുഖം രക്ഷിക്കാൻ ആണെന്നുള്ള കാര്യം വ്യക്തമാണ്. ന്യൂസ് മിനിറ്റ്, അഴിമുഖം ഉൾപ്പെടെയുള്ള മാധ്യമങ്ങൾ നൽകിയ അന്വേഷണാത്മക റിപ്പോർട്ടുകളും ചേർത്ത് വാട്സാപ്പിൽ മെസേജ് അയച്ചതിന് ശേഷമാണ് അഴിമുഖം അലക്സാണ്ടർ ജേക്കബ്, ടി പി സെൻകുമാർ, ജേക്കബ് പുന്നൂസ്, കെ ജി സൈമൺ, ജോർജ് ജോസഫ്, ഹേമചന്ദ്രൻ, ശ്രീലേഖ, ലോക്നാഥ് ബെഹ്റ എന്നിങ്ങനെ 9ഓളം ഐപിഎസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടത്.
ഇന്ത്യയുടെ ആദ്യത്തെ വനിത ഐപിഎസ് ഉദ്യോഗസ്ഥ കൂടിയായ കിരൺ ബേദി മകളുടെ ചലനങ്ങൾ അറിയാൻ ഡൽഹി പൊലീസിനെ സ്വാധീനിച്ച് രഹസ്യമായി വിവരങ്ങൾ ചോർത്തുകയായിരുന്നു. നൂറ് കണക്കിന് ഇമെയിലുകൾ, 36 മണിക്കൂർ റെക്കോർഡുകൾ എന്നിങ്ങനെ പരിശോധിച്ചാണ് ദേശീയ ഓൺലൈൻ മാധ്യമമായ ന്യൂസ് മിനിറ്റ് 2003 ലെ രഹസ്യ നീക്കങ്ങൾ കണ്ടെത്തിയത്. നിയമവ്യവസ്ഥയെ തനിക്കാവശ്യാനുസരണം ഉപയോഗിച്ചായിരുന്നു അവരുടെ പിന്നീടുള്ള നീക്കം. ഔദ്യോഗികമായാണോ കിരൺ ബേദി ഇത്തരം ഒരു പ്രവൃത്തി ചെയ്‌തതെന്ന അഴിമുഖത്തിന്റെ ചോദ്യത്തിന് ഐപിഎസ് ഉദ്യോഗസ്ഥർ ആരും മറുപടി നൽകിയിട്ടില്ല.
വിസ തട്ടിപ്പ് കേസിൽ മകൾക്ക് ബന്ധമുണ്ടെന്ന് മനസിലായതോടെ നിരീക്ഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ച കിരൺ ബേദിയുടെ നടപടിയെ എങ്ങനെ നോക്കി കാണുന്ന എന്ന ചോദ്യത്തിന് ഇങ്ങനെയൊരു വാർത്ത കേട്ടിരുന്നില്ല എന്ന മറുപടിയാണ് അലക്സാണ്ടർ ജേക്കബ് അഴിമുഖത്തിന് നൽകിയത്. ന്യൂസ് മിനിറ്റ് അഴിമുഖം ന്യൂസ് ലോൺട്രി ഉൾപ്പെടെ നൽകിയ ഈ വാർത്ത വിശദീകരിച്ച് നൽകിയതിന് ശേഷം, കിരൺ ബേദിയുമായുള്ള തന്റെ വ്യക്തിബന്ധത്തിന് കോട്ടം തട്ടുന്ന രീതിയുള്ള പ്രതികരണങ്ങളൊന്നും തന്റെ ഭാഗത്ത് നിന്നുണ്ടാവില്ല എന്നായിരുന്നു അലക്സാണ്ടർ ജേക്കബ്ബ് കൂട്ടിച്ചേർത്തത്. കേരളത്തിലും ഇന്ത്യയിലും നിലവിൽ ചർച്ച ചെയ്യുന്ന കാതലായ പ്രശ്നങ്ങൾക്കുള്ള റിപ്പോർട്ടിംഗ് നടത്തൂ അതിനുള്ള മറുപടി താൻ നൽകാമെന്നും അലക്സാണ്ടർ ജേക്കബ് പറഞ്ഞു.
‘ഈ വിഷയത്തെക്കുറിച്ച് കേട്ടിരുന്നില്ല മറുപടി നൽകാൻ കഴിയില്ല’ എന്ന് മാത്രമായിരുന്നു കേരള സംസ്ഥാന പൊലീസ് മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ടി പി സെൻകുമാർ ഈ വിഷയത്തിൽ നൽകിയ മറുപടി. 32 വർഷത്തോളം പൊലീസ് ഉദ്യോഗസ്ഥനായി സേവനം അനുഷ്ഠിച്ച സെൻകുമാർ നിലവിൽ ബിജെപി അംഗം കൂടിയാണ്
വസ്തുതാപരമല്ലാത്ത വാർത്തകളാണ് ഇന്ത്യയിലെ മാധ്യമളെല്ലാം നൽകുന്നതെന്നായിരുന്നു കേരളത്തിലെ ആദ്യ വനിത ഐപിഎസ്
ഉദ്യോഗസ്ഥയും ബിജെപി അംഗവുമായ ശ്രീലേഖ അഴിമുഖത്തിന് നൽകിയ മറുപടി. ഈ സമീപനത്തിലൂടെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടർത്താനും ശ്രമിക്കുന്നതായി ശ്രീലേഖ പറഞ്ഞു. ഇന്ത്യയിലെ മഞ്ഞപത്രങ്ങളാണ് ഇത്തരത്തിലുള്ള വാർത്തകൾ നൽകുന്നതെന്നും ശ്രീലേഖ പറഞ്ഞു.
‘കിരൺ ബേദി മാം ഇങ്ങനെയൊരു വിഷയത്തിൽ ഉൾപ്പെട്ടിരുന്നതായി കരുതുന്നില്ല, ഞാൻ അറിഞ്ഞിരുന്നില്ല, ഇത്തരത്തിലുള്ള വിഷയങ്ങളിൽ പ്രതികരിക്കാൻ ഞാൻ തയ്യാറല്ല’ എന്ന് മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ ലോക്നാഥ് ബഹ്റ അഴിമുഖത്തോട് പറഞ്ഞു. കേരള സംസ്ഥാന പോലീസിന്റെ സംസ്ഥാന പോലീസ് മേധാവിയും ഡയറക്ടർ ജനറലുമായും ലോക്നാഥ് ബഹ്റ പ്രവർത്തിച്ചിട്ടുണ്ട്.
നിയമപരമായി എസ്പിയുടെ അനുമതിയോടെ ചില കേസുകളിൽ ഫോൺ കോൾ ടാപ്പ് ചെയ്ത് വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുമെന്ന് മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ കെ ജി സൈമൺ അഴിമുഖത്തോട് പറഞ്ഞു. എന്നാൽ ഇപ്പോൾ ചീഫ് സെക്രട്ടറി ഹോം സെക്രട്ടറി എന്നിവരുടെ അനുമതിയോടെ മാത്രമേ സാധ്യമാകൂ. വ്യക്തിപരമായ കാര്യങ്ങൾക്ക് ഇത്തരത്തിലുള്ള സംവിധാനങ്ങൾ ഉപയോഗിക്കാൻ അനുമതിയില്ല. ഏതൊക്കെ നമ്പറുകൾ എന്നത് ഉൾപ്പെടുന്ന കണക്കുകളും മറ്റും നൽകേണ്ടതായുണ്ടെന്നും സൈമൺ വ്യക്തമാക്കി. എസ് പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഫോണുകൾക്ക് കോളുകൾ ഇന്റർസെപ്റ്റ് ചെയ്യാനും സാധിച്ചിരുന്നു മുമ്പ്. ഈ രീതിയാവാം ഇവിടെ ഉപയോഗിച്ചതെന്നും കെ ജി സൈമൺ പറഞ്ഞു. എന്നാൽ ഈ സംവിധാനം ഉപയോഗിക്കണമെങ്കിൽ ഒരുപാട് നിയമനടപടികൾ നേരിടേണ്ടതുണ്ടതെന്നും സൈമൺ കൂട്ടിച്ചേർത്തു.
ഇതിന് പുറമേ ജേക്കബ് പുന്നൂസ്, ജോർജ് ജോസഫ്, ഹേമ ചന്ദ്രൻ എന്നീ ഉദ്യോഗസ്ഥരുടെയും പ്രതികരണത്തിനായി അഴിമുഖം ശ്രമിച്ചിരുന്നു. വിഷയത്തെക്കുറിച്ച് അറിയില്ലെന്നും നിലവിൽ കേരളത്തിൽ ഇല്ലെന്നും ഹേമചന്ദ്രൻ മറുപടി പറഞ്ഞു. ജോർജ് ജോസഫിനെ രണ്ട് ദിവസങ്ങളിലായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും തിരത്തിലാണെന്ന മറുപടിയാണ് ലഭിച്ചത്.
ഒരു പ്രശസ്‌ത പോലീസ് ഉദ്യോഗസ്ഥ അവരുടെ അധികാരവും സ്വാധീനവും ഉപയോഗിച്ച് സ്വകാര്യ കുടുംബകാര്യങ്ങൾ പരിഹരിക്കാൻ ശ്രമിച്ചു എന്ന കാര്യം അടിവരയിട്ട് ഉറപ്പിക്കുന്നതായിരുന്നു ഇമെയിലുകളും ശബ്ദ രേഖകളും. ഈ പ്രവൃത്തിയിലൂടെ കിരൺ ബേദി തന്റെ മകളുടെയും പങ്കാളിയുടെയും സ്വകാര്യത ലംഘിക്കുക മാത്രമായിരുന്നില്ല, അവർ നടത്തുന്ന വിസ കച്ചവടം കടുത്ത നിയമലംഘനമാണ് എന്ന് ബോധ്യപ്പെട്ടിട്ടും സൈനയെ അവളുടെ പ്രവർത്തികൾ മൂലമുണ്ടാകാൻ ഇടയുള്ള നിയമപരമായ പ്രത്യാഘാതങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിക്കുക കൂടിയായിരുന്നു എത്ര സാധൂകരിക്കാൻ ശ്രമിച്ചാലും കടുത്ത നിയമലംഘനം തന്നെയാണിത്.
content summary: responses of retired IPS officers in Kiran Bedi’s unauthorised surveillance for protecting her daughter