മകളുടെ മരണാനന്തര ചടങ്ങുകൾ കൃത്യമായി നടക്കുന്നതിന് വേണ്ടി കൈക്കൂലി നൽകേണ്ടി വന്ന ഒരച്ഛൻ്റെ പോസ്റ്റിന് പിന്നാലെ ബെംഗളൂരുവിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. റിട്ടയേർഡ് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ശിവകുമാർ കെ. ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച ഹൃദയഭേദകമായ കുറിപ്പ് വലിയ ചർച്ചയായതിനെ തുടർന്നാണ് നടപടി.
34 വയസ്സുള്ള മകളുടെ മരണാനന്തര ചടങ്ങുകൾക്കായി ആംബുലൻസ് ഡ്രൈവർമാർക്കും പോലീസിനും മുനിസിപ്പൽ അധികാരികൾക്കും കൈക്കൂലി നൽകേണ്ടി വന്ന ദുരനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്. പോസ്റ്റ് പിന്നീട് നീക്കം ചെയ്യുകയായിരുന്നു. സെപ്റ്റംബറിലാണ് ഐഐഎം അഹമ്മദാബാദ് ബിരുദധാരിയായിരുന്ന ശിവകുമാറിൻ്റെ മകൾ അക്ഷയ ശിവകുമാർ മരിച്ചത്. മകളുടെ മരണാനന്തരം തനിക്ക് നേരിടേണ്ടി വന്ന ദുരിതങ്ങളെക്കുറിച്ച് ശിവകുമാർ പോസ്റ്റിൽ വിവരിച്ച കാര്യങ്ങൾ വലിയ ചർച്ചയായിരുന്നു.
കാസവനഹള്ളി ആശുപത്രിയിൽ നിന്ന് കൊറമംഗലയിലെ സെന്റ് ജോൺസ് ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസ് ഡ്രൈവർ 3000 ആവശ്യപ്പെട്ടുവെന്നും പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ഇൻസ്പെക്ടർ വളരെ മോശമായി പെരുമാറിയെന്നും കുറിപ്പിൽ ശിവശങ്കർ പറഞ്ഞു.
ശ്മശാനത്തിൽ പോലും അധികം പണം കൊടുക്കേണ്ടി വന്നെന്നും പിന്നീട് എഫ്.ഐ.ആർ. പകർപ്പിനും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനുമായി പൊലീസ് സ്റ്റേഷനിൽ പോയപ്പോൾ അധികം പണം ആവശ്യപ്പെട്ടതായും ശിവകുമാർ പറഞ്ഞു. പണം വാങ്ങുന്ന ഭാഗത്ത് സിസിടിവി ഉണ്ടായിരുന്നില്ലെന്നും കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ബി.ബി.എം.പി. ഓഫീസിൽ തനിക്ക് അഞ്ച് ദിവസത്തോളം കയറിയിറങ്ങേണ്ടി വന്നെന്നും ശിവകുമാർ പറയുന്നു. ജാതി സർവേ കാരണം ഓഫിസിൽ ആരുമില്ല എന്ന മറുപടിയാണ് ആദ്യം ലഭിച്ചിരുന്നതെന്നും ശേഷം പണം കൊടുത്തശേഷമാണ് ഡെത്ത് സർട്ടിഫിക്കറ്റ് നൽകിയതെന്നും ശിവകുമാർ കുറിച്ചു.
തനിക്ക് പണമുണ്ടായിരുന്നത് കൊണ്ട് കൊടുക്കാൻ സാധിച്ചുവെന്നും പക്ഷേ ദരിദ്രർ എന്ത് ചെയ്യുമെന്നും കുറിപ്പിൽ ശിവകുമാർ വ്യക്തമാക്കി. പോസ്റ്റ് വൈറലായതിനെ തുടർന്ന് ജനങ്ങളിൽ നിന്ന് വ്യാപക പ്രതിഷേധമാണുയർന്നത്. തുടർന്ന് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സന്തോഷിനെയും കോൺസ്റ്റബിൾ ഗോറഖ്‌നാഥിനെയും സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ശിവകുമാർ നേരിട്ടത് അഴിമതിയല്ല, മറിച്ച് ക്രൂരതയാണെന്നായിരുന്നു രാഷ്ട്രീയ നേതാക്കൾ നടത്തിയ പ്രതികരണം.
‘തൻ്റെ മകളെ നഷ്ടപ്പെട്ട വേദയിലിരുന്ന ശിവകുമാറിന് മറ്റുള്ളവർക്ക് പണം നൽകി അന്ത്യകർമ്മങ്ങൾ നിർവ്വഹിക്കേണ്ടി വന്നു. ആംബുലൻസ് ഡ്രൈവർ മുതൽ പൊലീസ്, ബി.ബി.എം.പി., ശ്മശാനം വരെ എല്ലായിടത്തും ലഞ്ചം കൊടുക്കേണ്ടി വന്നു. ഇത് അഴിമതി മാത്രമല്ല, ക്രൂരതയാണ്. ഇതിൽ പങ്കുണ്ടായ എല്ലാ ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുക്കണം. ഒരു മുതിർന്ന ഉദ്യോഗസ്ഥൻ തന്നെ ഇത്രയും അനുഭവിച്ചുവെങ്കിൽ, ദരിദ്രർ പ്രതിദിനം എന്താണ് സഹിക്കേണ്ടത് എന്ന് ചിന്തിക്കുക’, ജെഡി(എസ്) നേതാവ് നിഖിൽ കുമാരസ്വാമി എക്സിൽ കുറിച്ചു.
Content Summary: Retired BPCL CFO’s viral post detailing bribery ordeal after daughter’s death leads to suspension of two Bengaluru police officers.