നടന്റെ 50ാം ചിത്രമെന്ന പ്രത്യേകതയുമുണ്ട്
മൂന്ന് സഹോദരന്‍മാര്‍, അവരുടെ രാജകുമാരിയായി ജനിച്ച് വീഴുന്ന നാലാമത്തെ പെണ്‍കുഞ്ഞ്. പെണ്‍കുഞ്ഞിന് പേരിടുന്നത് മൂത്തസഹോദരനായ കാത്തവരായന്‍ ആണ്. പേര് ദുര്‍ഗ. ദുര്‍ഗ കൈകുഞ്ഞായിരിക്കെ പട്ടണത്തില്‍ പോയി വരാമെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങുന്നതാണ് അവരുടെ മാതാപിതാക്കള്‍. അന്ന് രാത്രി അവര്‍ തിരിച്ച് എത്തിയിട്ടില്ല. പിറ്റേന്ന് കോരിചൊരിയുന്ന മഴയാണ്. വൈകുന്നേരം വരെ കാത്തിട്ടും അച്ഛനും അമ്മയും തിരിച്ചെത്തിയില്ല, ഇതോടെ സഹോദരങ്ങളെയും കൈ കുഞ്ഞായ ദുര്‍ഗയെയും കൂട്ടി അടുത്തുള്ള സ്വാമിയുടെ വീട്ടിലെത്തി സങ്കടം ബോധിപ്പിക്കുകയാണ് കാത്തവരായന്‍. അച്ഛനെയും അമ്മയെയും പുലര്‍ച്ചയായാല്‍ പട്ടണത്തില്‍ പോയി അന്വേഷിക്കാമെന്ന് സ്വാമി ഉറപ്പ് നല്‍കുന്നു. ഒപ്പം അവര്‍ക്ക് അവിടെ തങ്ങാനുള്ള സ്ഥലവും നല്‍കി. എന്നാല്‍ ദുര്‍ഗയെ പണം വാങ്ങി വില്‍ക്കാനാണ് സ്വാമിയുടെ പദ്ധതിയെന്ന് മനസിലാക്കുന്ന കാത്തവരായന്‍ അയാളെ കൊന്ന് സഹോദരങ്ങളുമായി നാടുവിടുന്നു. കാത്തവരായന്റെ സഹോദരന്‍മാര്‍ മുത്തുവേല്‍ രായന്‍, മാണിക്യരായന്‍ എന്നിവരാണ്. കാത്തവരായനായി എത്തുന്നത് ധനുഷ് ആണ്. ധനുഷിന്റെ സംവിധാനത്തിലും എഴുത്തിലും പിറന്ന ചിത്രമാണ് രായന്‍. നടന്റെ 50ാം ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ബ്ലാക്ക് ആന്‍ഡ് വൈറ്റും ചുവപ്പും രാശികളില്‍ മാത്രം തീര്‍ത്ത ചിത്രം പറയുന്നത് ദുര്‍ഗയെന്ന പെണ്ണിന്റെ കഥയാണ്. ഒപ്പം തങ്കച്ചി പാസവുമായി ജീവിക്കുന്ന രായന്റെയും. Review: Dhanush’s Raayan – Only for masses.
ചെന്നൈയിലെ ചേരിപ്രദേശത്തേക്ക് കുടിയേറിപ്പാര്‍ക്കുന്ന സഹോദരന്‍മാരിലൂടെയാണ് കഥ പുരോഗമിക്കുന്നത്. വിജയ് സേതുപതിയുടെ മഹാരാജ സിനിമ അച്ഛന്‍ മകള്‍ക്ക് വേണ്ടി നടത്തുന്ന പോരാട്ടമാണെങ്കില്‍ തങ്കച്ചിയ്ക്ക് വേണ്ടി സഹോദരന്‍ നടത്തുന്ന യുദ്ധമാണ് രായന്‍. സ്ത്രീപക്ഷ ചിന്തകളില്‍ നിന്ന് ഉരുത്തിരിയുന്ന ചിത്രങ്ങളാണ് തമിഴില്‍ നിന്ന് അടുത്തിടെയായി ഉണ്ടാവുന്നത്. അതിനൊരു തുടര്‍ച്ചയാണ് രായന്‍ എന്ന് പറയാം. അപ്രതീക്ഷിത ട്വിസ്റ്റുകള്‍ ഉണ്ടെങ്കിലും പ്രേക്ഷകനില്‍ അത് വലിയ ഞെട്ടലൊന്നും സമ്മാനിക്കുന്നുമില്ല.കഥ നടക്കുന്ന പശ്ചാത്തലത്തിലേക്ക് പ്രേക്ഷകരെ അടുപ്പിക്കുന്നതില്‍ പ്രമേയത്തിന് അനുയോജ്യമായ ഡാര്‍ക് തീമും ഏറെ പങ്കുവഹിക്കുന്നു.
പറ്റ വെട്ടിയ മുടി, തലതാഴ്ത്തി-മുഖം കാണിക്കാത്ത തരത്തിലുള്ള നടപ്പ്, അപൂര്‍ണമായ ചിരി ഇതാണ് ധനുഷിന്റെ കാത്തവരായന്‍. സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ഈ മാനറിസം കാത്ത് സൂക്ഷിക്കാന്‍ ധനുഷിന് കഴിഞ്ഞുവെന്നതാണ് ചിത്രത്തിന്റെ വിജയ ചേരുവകളിലൊന്ന്. മുള്ളിനെ മുള്ളുകൊണ്ട് എടുക്കുന്ന പോലീസ് ബുദ്ധിയാണ് പ്രകാശ് രാജിന്റെ കഥാപാത്രം സിനിമയില്‍ ചെയ്യുന്നത്. പലഭാഷകളിലെ പടങ്ങളില്‍ കണ്ട് പഴകിയ പ്രമേയം തന്നെയാണെങ്കിലും സ്‌ക്രിപ്റ്റിങിലെ മികവ് കൊണ്ട് മാത്രം പിടിച്ച് നിര്‍ത്തപ്പെട്ട കഥാപാത്രമാണ് അദ്ദേഹത്തിന്റേത്.
സന്ദീപ് കിഷനാണ് മുത്തുവേല്‍ രായനായി വേഷമിട്ടിരിക്കുന്നത്. അപര്‍ണ ബാലമുരളിയാണ് സന്ദീപ് കിഷന്റെ ജോഡി. മികച്ച സ്‌ക്രീന്‍ സ്‌പെയിസില്‍ നിറഞ്ഞാടുക തന്നെ അപര്‍ണ ചെയ്തിട്ടുണ്ട്. ഇളയവനായ മാണിക്യവേല്‍രായനായി എത്തുന്നത് കാളിദാസ് ജയറാമാണ്. തുഷാര വിജയനാണ് ദുര്‍ഗയായി എത്തുന്നത്. എസ്.ജെ സൂര്യയുടെ വില്ലന്‍ കഥാപാത്രവും ശ്രദ്ധേയമാണ്. എ ആര്‍ റഹ്മാന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും ചിത്രത്തിന്റെ ഗ്രാഫ് ഉയര്‍ത്തി നിര്‍ത്തുന്നു. സംവിധാനത്തില്‍ ധനുഷിന്റെ ഭാവി വ്യക്തമാക്കുന്ന ചിത്രം ഒറ്റ തവണ വാച്ചിങിന് അനുയോജ്യമാണ്.
English summary: Review: Dhanush’s Raayan – Only for masses