ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നാടകീയമായി മുന്നേറുകയാണ്. ഓണ്‍ ഫീല്‍ഡില്‍ അതിന്റെ തീവ്രത കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും കണ്ടതാണ്. എന്നാല്‍ ഓഫ് ഫീല്‍ഡിലും ചില കാര്യങ്ങള്‍ നാടകീയ സ്വഭാവം കൈവരിച്ചിരിക്കുന്നു. ഇന്ത്യന്‍ ടീമാണ് വാര്‍ത്തയില്‍ വന്നിരിക്കുന്നത്. ടീമിലെ രണ്ട് പ്രധാന താരങ്ങള്‍ക്കിടയിലാണ് പ്രശ്‌നം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും, സ്റ്റാര്‍ ബൗളര്‍ മുഹമ്മദ് ഷമിയ്ക്കും ഇടയില്‍. ഷമിയുടെ ശാരീരികക്ഷമതയുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമിടയില്‍ ചൂടേറിയ വാഗ്‌വാദങ്ങള്‍ നടന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പലവിധ ഊഹാപോഹങ്ങള്‍ക്കും കാരണമായിരിക്കുന്നത്. ടീമിനുള്ളില്‍ ഭിന്നതയുണ്ടെന്ന തരത്തിലാണ് സംസാരം.Rift Between Rohit Sharma and Mohammed Shami: Is There Tension in the Indian Camp?
ഷമിയുടെ ആരോഗ്യം
ഈ വര്‍ഷം ആദ്യം കണങ്കാലിന് നടത്തിയ ശസ്ത്രക്രിയയില്‍ നിന്ന് സുഖം പ്രാപിച്ചു വരികയാണ് ഇന്ത്യന്‍ പേസ് ബൗളര്‍. ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ബൗളിംഗിന്റെ കുന്തമുനയായിരുന്ന ഷമിക്ക്, പരിക്കിനെ തുടര്‍ന്ന് ടി-20 ലോകകപ്പും കഴിഞ്ഞ ഐപിഎല്‍ സീണണും നഷ്ടമായിരുന്നു. കളത്തിലേക്ക് തിരിച്ചു വരാന്‍ കഠിനമായി പ്രയത്‌നിക്കുകയാണ് ഷമി. ആഭ്യന്തര മത്സരങ്ങളില്‍ ഷമി തന്റെ കഴിവ് പ്രകടിപ്പിക്കുന്നുണ്ട്. രഞ്ജി ട്രോഫിലും സയിദ് മുഷ്താഖ് അലി ട്രോഫിയിലും അദ്ദേഹം ബോളുകൊണ്ട് തന്റെ പ്രതാപത്തിന് മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ്. ദേശീയ ടീമിലേക്ക് തിരിച്ചു വരാന്‍ താന്‍ തയ്യാറായിരിക്കുന്നു എന്നാണ് ആഭ്യന്തര പ്രകടനത്തിലൂടെ ഷമി വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, ഓസ്‌ട്രേലിയയില്‍ നടന്നുവരുന്ന ടെസ്റ്റ് പരമ്പരയില്‍ ഷമിയെ എന്തുകൊണ്ട് ഉള്‍പ്പെടുത്തുന്നില്ല എന്ന ചോദ്യമാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചകളും വിവാദങ്ങളും തുടങ്ങിവച്ചിരിക്കുന്നത്.
രോഹിത്-ഷമി തര്‍ക്കം
വിവാദങ്ങളുടെ ബൗണ്‍സര്‍ ഉയരുന്നത്, ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടയിലായിരുന്നു. ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി(എന്‍സിഎ)യില്‍ വച്ച് ഷമി ക്യാപ്റ്റന്‍ രോഹിതുമായി നടത്തിയ സംസാരം തര്‍ക്കത്തിലേക്ക് എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഷമിയുടെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് രോഹിത് നടത്തിയ പരസ്യ പ്രതികരണങ്ങളാണ് ഇന്ത്യന്‍ പേസറെ ചൊടിപ്പിച്ചത്. ഷമിയുടെ തിരിച്ചു വരവില്‍ രോഹിത് ചില ആശങ്കകള്‍ പങ്കുവച്ചിരുന്നു, ഇതാണ് ഷമിയെ പ്രകോപിപ്പിച്ചതെന്നു പറയുന്നു. തന്റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് പറയുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും, താന്‍ ആരോഗ്യം വീണ്ടെടുത്തുമെന്നുമാണ് ഷമി പറയുന്നത്.
രോഹിതിന്റെ നിലപാട്
പിങ്ക് ബോള്‍ ടെസ്റ്റിലെ കനത്ത തോല്‍വിക്ക് പിന്നാലെ മാധ്യമങ്ങളുമായി സംസാരിക്കവെ ഈ വിഷയം രോഹിതിന് മുന്നില്‍ വന്നിരുന്നു. എന്നാല്‍ തികഞ്ഞ ജാഗ്രതയോടെയാണ് ക്യാപ്റ്റന്‍ സാഹചര്യത്തെ നേരിട്ടത്. ഇന്ത്യന്‍ ഫാസ്റ്റ് ബൗളറുടെ ഫിറ്റ്‌നസില്‍ 100 ശതമാനത്തിലധികം ഉറപ്പ് വരുമ്പോള്‍ മാത്രമാണ് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുകയെന്നാണ് ശര്‍മ വ്യക്തമാക്കിയത്. ഷമിയുടെ കാല്‍മുട്ടിന് അടുത്തിടെ ഉണ്ടായ നീര്‍ക്കെട്ട് രോഹിത് എടുത്തു പറഞ്ഞിരുന്നു. ഷമിയുടെ മടങ്ങിവരവ് അനിശ്ചിതത്വത്തില്‍ ആക്കുന്ന കാര്യമാണത്. നയപരമായാണ് രോഹിത് ഈ വിഷയം സംസാരിച്ചതെങ്കിലും, സ്വന്തം ആരോഗ്യകാര്യത്തില്‍ ഷമി നടത്തുന്ന അവകാശവാദങ്ങളുമായി പൊരുത്തപ്പെടുന്നതല്ല ക്യാപ്റ്റന്റെ പ്രതികരണമെന്ന് വ്യക്തമാണ്. ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന ഊഹാപോഹങ്ങളെ ഇത് ബലപ്പെടുത്തുകയും ചെയ്യുന്നു.
മുനപോയ പേസ് ആക്രമണം
ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ പേസ് ആക്രമണത്തിന് അത്ര മൂര്‍ച്ച പോരെന്നാണ് വിമര്‍ശനം. ഷമിയുടെ അസാന്നിധ്യം അവിടെയാണ് ചര്‍ച്ചയാകുന്നത്. അഡ്‌ലെയ്ഡിലും ബുംറ തന്റെ കര്‍ത്തവ്യം ഭംഗിയായി തന്നെ നിര്‍വഹിച്ചു. എന്നാല്‍ ഹര്‍ഷിത് റാണയ്ക്കും സിറാജിനും വേണ്ട രീതിയില്‍ ബുറയെ പിന്തുണയ്ക്കാന്‍ കഴിഞ്ഞില്ല. 20 വിക്കറ്റ് എടുക്കാന്‍ ഇന്ത്യന്‍ ബൗളിംഗ് നിരയ്ക്ക് ശക്തി പോരാതെ വന്നതുകൊണ്ടാണ് ഒസ്‌ട്രേലിയ 10 വിക്കറ്റിന്റെ വിജയം സ്വന്തമാക്കി പരമ്പര സമനിലയില്‍ എത്തിച്ചത്. ഇതോടെ ഷമി വീണ്ടും ചര്‍ച്ചയായി. മെല്‍ബണില്‍ നടക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിന് ഷമിയെ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം.
ഷമിയുടെ സാധ്യത
ഷമി ഓസ്‌ട്രേലിയയിലേക്ക് പറക്കാനുള്ള സാധ്യത കാണുന്നുണ്ട്. അദ്ദേഹത്തിന്റെ ക്രിക്കറ്റ് കിറ്റ് ബിസിസിഐ അയച്ചിട്ടുണ്ട്. പക്ഷേ, എന്‍സിഎയില്‍ നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഈയൊരു നീക്കം രോഹിത്-ഷമി പിണക്കം പരിഹരിക്കാന്‍ ഉതകുമോയെന്നറിയില്ല. പക്ഷേ, ഷമിയെപോലെ പരിചയസമ്പന്നനായൊരു പേസറുടെ സാന്നിധ്യം പരമ്പര നിലനിര്‍ത്തുക എന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വളരെയേറെ ആവശ്യമാണ്.
ഷമിയുടെ ഫിറ്റ്‌നസ് സംബന്ധിച്ച് ക്യാപ്റ്റന്‍ ശര്‍മയുടെ പ്രതികരണങ്ങള്‍ എരിതീയില്‍ എണ്ണ പകര്‍ന്ന കണക്കാണെങ്കിലും, ഈ വിവാദങ്ങളും ചര്‍ച്ചകളുമല്ല ഇപ്പോള്‍ ആവശ്യം. ഓസ്‌ട്രേലിയയിലെ ഇന്ത്യ പേസ് ആക്രമണം മുനയൊടിഞ്ഞ അവസ്ഥയിലാണെന്നതാണ് യാഥാര്‍ത്ഥ്യം. ഷമിയെ പോലൊരു ബൗളര്‍ അവിടെ ഉണ്ടാകുന്നത് ടീമിന് ഗുണം ചെയ്യും. ഷമിക്കും ക്യാപ്റ്റനുമിടയില്‍ വ്യക്തിപരമായ തര്‍ക്കമുണ്ടോയെന്നത് ഇപ്പോഴും സ്ഥിരീകരിക്കാത്ത കാര്യമാണ്. എന്നാല്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഇരുവര്‍ക്കുമിടയിലെ അഭിപ്രായവ്യത്യാസം നിഷേധിക്കാനാകില്ല. ഒരു കാര്യം ഉറപ്പിച്ച് പറയാം, ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ഇന്ത്യയുടെ ഭാവി ഈ ആഭ്യന്തര പ്രശ്‌നം പരിഹരിക്കുന്നതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും നിര്‍ണയിക്കപ്പെടുക. Rift Between Rohit Sharma and Mohammed Shami: Is There Tension in the Indian Camp?
Content Summary; Rift Between Rohit Sharma and Mohammed Shami: Is There Tension in the Indian Camp?
boarder gavaskar trophy cricket tournament mohammed shami latest news sports news