ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമ വിവാദത്തിൽ സെൻസർ ബോർഡിന്റെ കൈവശമുള്ള ആൺ – പെൺ ദൈവങ്ങളുടെ പട്ടിക ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരിക്കുകയാണ് കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ അഡ്വ. ഹരീഷ് വാസുദേവൻ. തുടങ്ങാനിരിക്കുന്ന തന്റെ സിനിമയിൽ കഥാപാത്രങ്ങൾക്ക് പേര് നൽകുമ്പോൾ ശ്രദ്ധിക്കാനാണ് വിവരം അന്വേഷിക്കുന്നതെന്ന് ഹരീഷ് വാസുദേവൻ അപേക്ഷയിൽ പറയുന്നു.
സിനിമയിൽ കത്രിക വെയ്ക്കാനുള്ള അധികാരം സെൻസർ ബോർഡിനില്ലെന്നും ഏതൊക്കെ പേരുകൾക്കാണ് പ്രശ്നമെന്ന് സെൻസർ ബോർഡ് അറിയിക്കട്ടേയെന്നും അഡ്വ. ഹരീഷ് വാസുദേവൻ അഴിമുഖത്തോട് പ്രതികരിച്ചു.
‘അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണം കൊണ്ടുവരണമെങ്കിൽ നിയമം വേണം എന്നാണ് ആർട്ടിക്കിൾ 19 പറയുന്നത്. ഉദ്യോഗസ്ഥ ഉത്തരവ് കൊണ്ടോ കാബിനറ്റ് തീരുമാനങ്ങൾ കൊണ്ടോ അത് സർക്കാരിന്റെ നടപടികൾ കൊണ്ടോ ആർട്ടിക്കിൾ 19(1) നിയന്ത്രിക്കാൻ കഴിയില്ല. സിനിമ അത്തരമൊരു ആവിഷ്കാര സ്വാതന്ത്ര്യമാണ്. അതിനെ നിയന്ത്രിക്കുന്നതാണ് സർട്ടിഫിക്കേഷൻ ബോർഡ് പറഞ്ഞിരിക്കുന്നത്. സിനിമാറ്റോഗ്രാഫ് ആക്ടിൽ ബോർഡിന് അധികാരം നൽകിയിട്ടുണ്ട്. ബോർഡിന് രണ്ട് തരം അധികാരങ്ങളാണുള്ളത്. ഒന്ന് സർട്ടിഫിക്കേഷൻ നൽകുക എന്നതാണ്. എ, യു അല്ലെങ്കിൽ എയു എന്ന രീതിയിലാണ് സർട്ടിഫിക്കേഷൻ നൽകുന്നത്. രണ്ടാമത്തെ അധികാരം സർട്ടിഫിക്കേഷൻ നിരസിക്കുക എന്നതാണ്. ഇത് രണ്ടും മാത്രമാണ് സെൻസർ ബോർഡിനുള്ള അധികാരങ്ങൾ. അല്ലാതെ സിനിമയിൽ കത്രിക വെയ്ക്കാനുള്ള അധികാരം അവർക്കില്ല. അവർ ആവശ്യപ്പെടുന്ന കാര്യം നടത്തിയാൽ മാത്രമേ സിനിമയ്ക്ക് പ്രദർശനാനുമതി നൽകൂവെന്ന് പറയാനുള്ള അധികാരവും അവർക്കില്ല. ആക്ടിലും നിയമത്തിലും പറയാത്ത ഒന്നാണ് അവർ അഫിഡവിറ്റിൽ പറഞ്ഞിരിക്കുന്നത്. അഫിഡവിറ്റിൽ പറഞ്ഞ കാരണം യുക്തിസഹമല്ലാത്തത് കൊണ്ടാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. ദൈവങ്ങളുടെ പേര്, സെൻസിറ്റീവ് ആയിട്ടുള്ള പേരുകൾ തുടങ്ങിയവ സിനിമയിൽ ഉപയോഗിക്കാൻ പാടില്ലെന്ന പുതിയൊരു കാര്യമാണല്ലോ സെൻസർ ബോർഡ് പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കിൽ ഏതൊക്കെ പേരുകളാണ് ഉപയോഗിക്കാൻ പാടില്ലായെന്ന പട്ടിക അവരുടെ കൈവശം ഉണ്ടായിരിക്കണം. ആ പേരുകൾ പുറത്തു വിടട്ടെ. എന്തിന്റെ അടിസ്ഥാനത്തിലാണ് പേര് മാറ്റണമെന്ന നിർദേശം മുന്നോട്ടുവെച്ചതെന്ന് മനസിലാക്കാൻ സാധിക്കും.
പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെയാണ് അഫിഡവിറ്റ് ഫയൽ ചെയ്തതെങ്കിൽ അത് ചെയ്തയാൾക്കെതിരെ നടപടി ആവശ്യപ്പെടാവുന്നതാണ്. ഇന്ത്യയിലാദ്യമായിട്ടാണ് ഒരു സിനിമയിൽ പ്രതിയെ വിസ്തരിക്കുന്ന അഭിഭാഷകന്റെ മതമേതാണെന്ന് അന്വേഷിക്കുന്നത്. അത്തരം നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്താൻ സെൻസർ ബോർഡിന് കഴിയില്ല. അവയൊന്നും നിലനിൽക്കുകയുമില്ല. കേരള ഹൈക്കോടതി ഇത് ശരിയാണോ തെറ്റാണോയെന്ന് വിധിക്കാനും പോകുന്നില്ല. പരാതിക്കാരൻ തന്ന സെൻസർ ബോർഡ് പറയുന്നതനുസരിച്ച് പൊയ്ക്കോളാമെന്ന നിലയിലാണല്ലോ പോകുന്നത്. സെൻസർ ബോർഡിന്റെ നടപടി നിയമവിരുദ്ധമാണ് എന്ന കാര്യത്തിൽ തർക്കമില്ല.
ഇനി സിനിമ ചെയ്യുന്നവർക്ക് രണ്ട് മാർഗങ്ങളാണുള്ളത്. ഒന്നുകിൽ തങ്ങളുടെ മൗലികാവകാശങ്ങൾ മുറുകെ പിടിച്ചുകൊണ്ട് പൊരുതാം. അല്ലെങ്കിൽ സെൻസർ ബോർഡ് പറയുന്ന കാര്യങ്ങൾ അനുസരിച്ച് സിനിമ ചെയ്യാം. നാളെ ആര് സിനിമയെടുത്താലും ഉപയോഗിക്കാൻ കഴിയാത്ത പേരുകളുണ്ടെങ്കിൽ അവർക്കത് നേരത്തെ അറിയണമല്ലോ. മറ്റൊരു കാര്യമെന്തെന്നാൽ ഈ ചിത്രം യൂട്യൂബിലിടാൻ ഇവരുടെ ആരുടേയും സർട്ടിഫിക്കേഷൻ ആവശ്യമില്ല എന്നതാണ്. യൂട്യൂബ് വന്നതിന് ശേഷം സിനിമാറ്റോഗ്രഫി ആക്ടിൽ സിനിമയുടെ സർട്ടിഫിക്കേഷൻ എന്നത് അർത്ഥമില്ലാത്തതാണ്. യൂട്യൂബിലുള്ള ചിത്രം പ്രൊജക്ട് ചെയ്ത് തീയറ്ററിലും കാണിക്കാൻ സാധിക്കും,’ അഡ്വ. ഹരീഷ് വാസുദേവൻ അഴിമുഖത്തോട് പറഞ്ഞു.
സിനിമയിൽ ജാനകിയെന്ന പേര് ഉപയോഗിച്ചത് മനപൂർവ്വമാണെന്നും അതൊരു മതവിഭാഗത്തെ വ്രണപ്പെടുത്തുമെന്നുമാണ് സെൻസർ ബോർഡ് ഉന്നയിച്ച വാദം. തുടർന്ന് സിനിമയുടെ പേര് വി. ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള എന്നാക്കി മാറ്റാമെന്ന് നിർമാതാക്കൾ അറിയിക്കുകയായിരുന്നു.
Content Summary: right to information act filed for janaki vs state of kerala, seeking list of named barred in films
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.