കാസറഗോഡ് മദ്രസ അധ്യാപകന്‍ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി വിധി കേരളത്തെ ഞെട്ടിച്ചു. പ്രതികള്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ടെങ്കിലും, കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണു കോടതി പറഞ്ഞത്. സാഹചര്യ തെളിവുകളൊന്നും കുറ്റം സ്ഥാപിക്കുന്നതിന് പര്യാപ്തമല്ലെന്ന കോടതി നിരീക്ഷണം വേദനാജനകമാണെന്നാണ് അഭിഭാഷകനായ ഷുക്കൂര്‍ വക്കീല്‍ പറയുന്നത്. കേസില്‍ റിയാസ് മൗലവിയുടെ ഭാര്യയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത് ഷുക്കൂര്‍ വക്കീലായിരുന്നു. കോടതി വിധിയുമായി ബന്ധപ്പെട്ട് ഷുക്കൂര്‍ വക്കീല്‍ അഴിമുഖവുമായി സംസാരിക്കുന്നു.
”മത വിദ്വേഷത്തിന്റെ പേരിലുള്ള കൊലപാതകം ഇന്ത്യ പോലൊരു മതേതര രാജ്യത്ത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. മതം അടിസ്ഥാനപ്പെടുത്തി ജീവനെടുക്കുന്നത് അങ്ങേയറ്റം അപകടകരമാണ്. റിയാസ് മൗലവി കേസിലെ വിധി ദൗര്‍ഭാഗ്യകാരവും, നിരാശാജനകവുമാണ്. ഈ വിധിയായിരുന്നില്ല പ്രതീക്ഷിച്ചിരുന്നത്. കാസറഗോഡിന്റെ ചരിത്രത്തില്‍ 2008 മുതല്‍ 2016 വരെയുള്ള കാലഘട്ടം പരിശോധിക്കുമ്പോള്‍ മതവിദ്വേഷത്തിന്റെ പേരില്‍ 11 ഓളം കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. ഹിന്ദു സമുദായത്തില്‍ നിന്ന് മൂന്ന് ആളുകളും, മുസ്ലിം സമുദായത്തില്‍ നിന്ന് ആറു പേരും കൊല്ലപ്പെട്ടു. റിയാസ് മൗലവിയുടെ കൊലപാതകം ഈ പരമ്പരയില്‍ ഏറ്റവും അവസാനത്തേതാവണമെന്ന പൊതുവികാരം ശക്തമായിരുന്നു. കൊലപാതകം നടന്ന രണ്ടാം ദിവസം മുതല്‍, കൃത്യമായി പറഞ്ഞാല്‍ ഏഴ് വര്‍ഷക്കാലത്തോളമായി കേസിനു വേണ്ടി ഞാന്‍ അടക്കം നിരവധി ആളുകള്‍ നടത്തിയ പരിശ്രമം കൂടിയാണ് ഫലം കാണാതെ പോയത്. കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളും, രേഖകളും വിശ്വാസയോഗ്യമല്ലെന്ന നിരീക്ഷണത്തിലാണ് റിയാസ് മൗലവി കേസിലെ പ്രതികളെ വെറുതെ വിട്ടിരിക്കുന്നത്.
കാസറഗോഡ് മതത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ആവശ്യത്തിലൂന്നി കൂടിയാണ് നീതിക്ക് വേണ്ടി പോരാടിയത്. കൊലപാതകത്തിന്റെ മൂന്നാം ദിവസം പോലീസ് പ്രതികളെ പിടികൂടി. കാസറഗോഡ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ കോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. സുധാകരന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സാധാരണഗതിയില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ മാത്രമാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കുക. ഈ നിയമങ്ങളില്‍ ജാമ്യം നിഷേധിക്കാനുള്ള വകുപ്പുകളുണ്ട്. എന്നാല്‍ സിആര്‍പിസി പ്രകാരം ഐപിസി ചുമത്തിയ കേസുകളില്‍ ഏഴുകൊല്ലത്തോളം ജയിലില്‍ കഴിയേണ്ടി വന്ന സംഭവം കേരളത്തിന്റ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. കൂടാതെ ഏഴു തവണയാണ് പ്രതികളായ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. സാധാരണഗതിയില്‍ കുറ്റക്കാരാണെന്ന് കോടതിക്ക് ബോധ്യപ്പെടുന്ന സാഹചര്യങ്ങളിലാണ് ജാമ്യം നിഷേധിക്കുക. ‘ബെയ്ല്‍ ഈസ് ദി റൂള്‍, ജയില്‍ ഈസ് എക്‌സപ്ഷന്‍’ എന്നാണ് പൊതുവില്‍ പറയാറുള്ളത്. ഈ കേസ് എക്‌സപ്ഷന്‍ ആവാനുള്ള കാരണം പോലീസ് ശേഖരിച്ച തെളിവുകള്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിയിക്കാന്‍ പര്യപ്തമാണെന്ന് ജാമ്യം പരിഗണിച്ച കോടതിക്ക് കൂടി ബോധ്യപ്പെട്ടത് കൊണ്ടാണ്. ജാമ്യത്തിനു വേണ്ടി പ്രതികള്‍ നടത്തിയ ഈ ശ്രമങ്ങള്‍ തടയാന്‍ പ്രോസിക്യൂഷനും ജനങ്ങള്‍ക്കും ഒരേപോലെ സാധിച്ചിരുന്നു. കേസ് തെളിയുമെന്ന പ്രതീക്ഷയായിരുന്നു നീതിന്യായ കോടതിയോട് ജനങ്ങള്‍ക്കുണ്ടായിരുന്നത്.
റിയാസ് മൗലവിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി ഒന്നാം പ്രതി പൊലീസിന് കണ്ടെടുത്തു നല്‍കിയിരുന്നു. കൂടാതെ മൗലവിയുടെ രക്തം പുരണ്ട പ്രതികളുടെ വസ്ത്രവും പ്രതിയുടെ വീട്ടില്‍ നിന്ന് രണ്ട് തഹസില്‍ദാര്‍മാരുടെ സാന്നിധ്യത്തിലാണ് പോലീസ് ശേഖരിച്ചത്. സീല്‍ ചെയ്ത കവറില്‍ ശേഖരിച്ച തെളിവുകള്‍ ഫോറന്‍സിക്കിനും കൈമാറിയിരുന്നു. രക്തക്കറയും മുണ്ടില്‍ നിന്ന് ലഭിച്ച ഡിഎന്‍എയും റിയാസ് മൗലവിയുടേതാണെന്ന് തെളിഞ്ഞിരുന്നു. എന്നാല്‍ ലുങ്കി പ്രതിയുടേതെന്ന് തെളിയിക്കാന്‍ കഴിയാത്തത് വീഴ്ച്ചയായി കോടതി ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യത്തില്‍ ഇതിലും വലിയ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയില്ല. ഇത്രയും വലിയ തെളിവുകളാണ് നിസാരമായി തള്ളിക്കളയപെട്ടത്. കോടതിയില്‍ തെളിവ് എങ്ങനെ പരിശോധിക്കണമെന്ന് അധികാരം കേസ് പരിഗണിക്കുന്ന ജഡ്ജിയില്‍ നിക്ഷിപ്തമാണ്.
ഈ വിധിയായിരുന്നില്ല സമൂഹം പ്രതീക്ഷിച്ചിരുന്നത്. കേസിന്റെ വാദവും, സാക്ഷികള്‍ കൂറുമാറാതെ വാദി ഭാഗത്തിനൊപ്പം നിന്നതും തുടങ്ങി എല്ലാ കാര്യങ്ങളും ജനങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തിയിരുന്നു. അതുകൊണ്ട് തന്നെ പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന പ്രത്യാശ ജനങ്ങള്‍ക്കുണ്ടായിരുന്നു. വിധിക്കെതിരേ അപ്പീല്‍ പോകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. റിയാസ് മൗലവിയുടെ ഭാര്യയും പ്രത്യേകം അപ്പീല്‍ നല്‍കിയിട്ടുണ്ട്. നിയമത്തിന് സാധ്യമാകുന്ന എല്ലാ വഴിയിലൂടെയും നീതിക്കു വേണ്ടിയുള്ള പോരട്ടം തുടരും. ഭരണഘടന അനുശാസിക്കുന്ന ആര്‍ട്ടിക്കിള്‍ 21 ജീവിക്കാനുള്ള അവകാശമാണ്. ആ മൗലിക അവകാശം മറ്റെല്ലാ മനുഷ്യരെ പോലെ റിയാസ് മൗലവിക്കും ഉണ്ടായിരുന്നു. ജീവിക്കാനുള്ള അവകാശം റിയാസ് മൗലവിയില്‍ നിന്ന് പറിച്ചെടുത്ത ആളുകള്‍ ശിക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു. ശിക്ഷ ഉറപ്പു വരുത്തേണ്ട ബാധ്യത സമൂഹത്തിനുമുണ്ട്”- ഷുക്കൂര്‍ വക്കീല്‍ അര്‍ത്ഥശങ്കയില്ലാത്തവിധം പറയുന്നു.
2017 മാര്‍ച്ച് 20-ന് അര്‍ധരാത്രിയോടെ മൂന്നംഗസംഘം പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്തുകയറി റിയാസ് മൗലവിയെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തിന് രണ്ടു ദിവസം മുമ്പ് മീപ്പുഗിരിയില്‍നടന്ന ഷട്ടില്‍ ടൂര്‍ണമെന്റിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് കൊലപാതകമെന്നാണ് കുറ്റപത്രത്തില്‍ പഞ്ഞിരുന്നത്.