കഥയുടെ അര്‍ധഭാഗം ചൂഴ്ന്ന് നോക്കിയാല്‍ കാണുക രഹസ്യങ്ങളുടെ കലവറയാണെങ്കില്‍ ശേഷിപ്പില്‍ ഒളിഞ്ഞിരിക്കുന്നത് അതിസങ്കീര്‍ണ മനശാസ്ത്രമാണ്. പ്രതികാരം, ഭ്രാന്തന്‍ ചിന്തകള്‍, അന്യവല്‍ക്കരണം, വയലന്‍സിന്റെ അതിപ്രസരം എന്നിങ്ങനെ ബഹുമുഖമുള്ള കഥ, അതിനെ നിയോ-നോയര്‍ സിനിമ ശൈലിയില്‍ അവതരിപ്പിച്ച സിനിമ. ലോക ക്ലാസിക് എന്നറിയപ്പെടുന്ന ചൈന ടൗണ്‍. ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തും ലോകകഥകളുടെ തമ്പുരനെന്ന് അറിയപ്പെടുന്ന റോബര്‍ട്ട് ടൗണിനാണ് ഇന്ന് ഹോളിവുഡ് ഇന്ന് വി
ട നല്‍കിയത്.
1974ല്‍ ഇറങ്ങിയ ചൈന ടൗണിന് 50 വയസ് പൂര്‍ത്തിയാവുന്ന വേളയില്‍ കൂടിയാണ് ആ വിടവാങ്ങല്‍.
പങ്കാളികളുടെ വഞ്ചന അന്വേഷിച്ച് കണ്ടെത്തി കൊടുക്കുന്ന സ്വകാര്യ ഡിറ്റക്ടീവായിരുന്ന ഗിറ്റ്‌സിനെ തേടിയെത്തിയ ഒരു കേസ്. അതിന് പിന്നാലെ പോവുന്ന ഗിറ്റ്‌സ് ചെന്നെത്തുന്ന അഴിമതികളുടെയും ചതികളുടെയും ഉള്ളറകളാണ് ചൈന ടൗണ്‍ ചിത്രത്തിന്റെ പ്രമേയം. ചിത്രം അക്കാദമി പുരസ്‌കാരം നേടുകയും ചെയ്തിരുന്നു.
റോമന്‍ പോളാന്‍സ്‌കി സംവിധാനം ചെയ്ത് ചിത്രത്തില്‍ ജാക്ക് നിക്കോള്‍സണും ഫെയ് ഡണ്‍വെയുമാണ് പ്രധാന താരങ്ങള്‍. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തെക്കന്‍ കാലിഫോര്‍ണിയയില്‍ നിലനിന്നിരുന്ന ജലത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളുടെ പരമ്പരയില്‍ നിന്നാണ് കഥ പിറക്കുന്നത്. ക്രൈം ത്രില്ലറായ ചിത്രത്തിലെ ഉപകഥയായി വരുന്നത് സാമൂഹിക പ്രസക്തിയുള്ള ഈ വിഷയമാണ്. ഒപ്പം സ്ത്രീകള്‍ അക്കാലത്ത് അനുഭവിച്ചിരുന്ന ലൈംഗീക പീഡനത്തിന്റെ അധ്യായവും അതിലുണ്ട്. ചുരുക്കത്തില്‍ ലോകസിനിമയ്ക്ക് അന്ന് വരെ അപരിചിതമായൊരു തിരക്കഥയായിരുന്നു റോബര്‍ട്ട് ടൗണ്‍ ചൈന ടൗണിനായി ഒരുക്കിയത്. ഹോളിവുഡ് ചരിത്രത്തില്‍ ഇന്നും അത്രയും മഹത്തരമായ തിരക്കഥ ഉണ്ടായിട്ടില്ലെന്നാണ് സിനിമ നിരൂപകര്‍ പറയുന്നതും.
ഇത്തരത്തിലെ ഒരുപിടി സിനിമയിലൂടെ ലോകസിനിമാ പ്രേമികള്‍ പരിചയപ്പെട്ടത് ശക്തമായ തിരക്കഥകളൊരുക്കി പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുകയും ആരാധകരാക്കി മാറ്റുകയും ചെയ്ത അപൂര്‍വ പ്രതിഭയെയായിരുന്നു. വിവിധഭാവങ്ങളിലും വികാരതലങ്ങളിലുമുള്ള അനവധി കഥകള്‍ അതിസമര്‍ഥമായി പിന്നീടും അദ്ദേഹം ആവിഷ്‌കരിച്ചു. ലാസ്റ്റ് ഡീറ്റെയില്‍,
സ്‌ട്രോക്ക്, ഷാംമ്പു എന്നിവയാണ് അവയില്‍ പ്രസിദ്ധം. മനുഷ്യവികാരങ്ങളില്‍ ഏറ്റവും തീവ്രമെന്ന് വിശേഷിപ്പിക്കാവുന്ന ദുഃഖവും പ്രണയവും ആ കഥകളില്‍ ആവര്‍ത്തിക്കപ്പെട്ടിരുന്നു. പക്ഷെ ഒരു കഥയും മറ്റൊന്നിന്റെ ആവര്‍ത്തനമായിരുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ രചനാവൈഭവത്തെ കുറിച്ച് ഏറ്റവും വിസ്മയിപ്പിക്കുന്ന സംഗതി.
1997ല്‍, റൈറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്കയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും റോബര്‍ട്ടിനെ തേടിയെത്തിയിരുന്നു. ദി മാന്‍ ഫ്രം അങ്കിള്‍, ദ ലോയ്ഡ് ബ്രിഡ്ജസ് ഷോ എന്നിവയുള്‍പ്പെടെയുള്ള ടെലിവിഷന്‍ ഷോകളിലും സജീവമായിരുന്നു അദ്ദേഹം. ആകര്‍ഷകമായും ആവര്‍ത്തനവിരസതയില്ലാതെയും തിരക്കഥ തയ്യാറാക്കുന്ന അദ്ദേഹത്തെ സംവിധായകര്‍ക്കും പ്രേക്ഷകര്‍ക്കും ഏറെ പ്രിയമായിരുന്നു. തന്റെ സമര്‍ഥവും ശക്തവുമായ തിരക്കഥകളിലൂടെസിനിമാലോകത്ത് റോബര്‍ട്ട് നേടിയെടുത്ത സ്ഥാനത്തിന് മറ്റൊരവകാശി ഉണ്ടാകില്ലെന്ന് ഉറപ്പ് ഇതിനകം ഉണ്ടായികഴിഞ്ഞു. മാനുഷിക വികാരങ്ങളുടെ വ്യത്യസ്തതലങ്ങള്‍ കഥാപാത്രങ്ങളിലൂടെയും കഥാസന്ദര്‍ഭങ്ങളിലൂടെയും സൃഷ്ടിക്കാന്‍ അതിസമര്‍ഥനായിരുന്നു അദ്ദേഹമെന്നതിന് ചൈന ടൗണ്‍ തന്നെ മികച്ച ഉദാഹരണമാണ്. ലോകം ഒരിക്കലും മറക്കാത്ത നിരവധി കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ തിരക്കഥാകൃത്തിന് വിട.
English Summary: Robert Towne, Oscar-winning screenwriter of Chinatown, dies aged 89