March 17, 2025 |

‘പാവം, രാഷ്ട്രപതി വായിച്ച് തളര്‍ന്നു’; സോണിയയുടെ പരാമര്‍ശം വിവാദത്തില്‍

അഭിസംബോധനയില്‍ നിറയെ വ്യാജ വാഗ്ദാനങ്ങളാണെന്നും വായിച്ച് കഴിഞ്ഞപ്പോഴേക്കും പാവം തളര്‍ന്നുപോയി എന്നുമായിരുന്നു സോണിയ പ്രതികരിച്ചത്

ബജറ്റ് സമ്മേളനത്തിലെ രാഷ്ട്രപതിയുടെ അഭിസംബോധനയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗോന്ധി നടത്തിയ പരാമര്‍ശം വിവാദമായി. അഭിസംബോധനയില്‍ നിറയെ വ്യാജ വാഗ്ദാനങ്ങളാണെന്നും വായിച്ച് കഴിഞ്ഞപ്പോഴേക്കും പാവം തളര്‍ന്നുപോയി എന്നുമായിരുന്നു സോണിയ പ്രതികരിച്ചത്. രാഷ്ട്രപതിയുടെ പ്രസംഗത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിലായിരുന്നു സോണിയയുടെ വിവാദ മറുപടി. ഇതിനിടെ രാഷ്ട്രപതിയുടെ പദവിയെ ബഹുമാനിക്കാതെയാണ് സോണിയയുടെ പരാമര്‍ശമെന്ന് ബിജെപി ആരോപിച്ചു.

പ്രസംഗത്തിന്റെ അവസാനമായതോടെ ‘രാഷ്ട്രപതി ക്ഷീണിക്കുകയും, സംസാരിക്കാന്‍ പറ്റാത്ത നിലയില്‍ എത്തുകയും ചെയ്തു. പാവം’ എന്നായിരുന്നു സോണിയ പറഞ്ഞത്. ഗോത്രവര്‍ഗത്തില്‍ നിന്നുള്ള ഒരാള്‍ രാഷ്ട്രപതി സ്ഥാനത്തെത്തിയത് കോണ്‍ഗ്രസിന്റെ ഫ്യൂഡല്‍ ചിന്താഗതിക്ക് ദഹിക്കുന്നതല്ലെന്നാണ് ഈ പ്രസ്ഥാവനയോട് ബിജെപി എം.പി സുകാന്ത മജുംദാര്‍ പ്രതികരിച്ചത്.

”സോണിയ നടത്തിയത് അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശമായിരുന്നു. സോണിയയെ പോലുള്ള മുതിര്‍ന്ന നേതാവ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്താന്‍ പാടില്ല, പ്രത്യേകിച്ച് രാഷ്ട്രപതിയെക്കുറിച്ച്. ആദിവാസി സ്ത്രീയായ ദ്രൗപുതി മുര്‍മു ഇന്ന് രാജ്യത്തിന്റെ പ്രഥമ പൗരയാണ്. കോണ്‍ഗ്രസിന് ഇത് അംഗീകരിക്കാന്‍ പറ്റുന്നില്ല. അതുകൊണ്ടാണ് അവര്‍ രാഷ്ട്രപതിയുടെ പ്രസംഗത്തെ എതിര്‍ക്കുന്നത്” മജുംദാര്‍ കൂട്ടിച്ചേര്‍ത്തു.

സോണിയയുടെ പരാമര്‍ശത്തെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ കൊഴുക്കുമ്പോഴും ബിജെപിയുടെ ആരോപണത്തോട് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല.

 

content summary; row over sonia gandhis remarks on president Droupadi Murmu speech

×