പാലക്കാട് നഗരസഭയില്‍ ഭിന്നശേഷിക്കാര്‍ക്കായി നിര്‍മിക്കുന്ന കെട്ടിടത്തിന് ആര്‍എസ്എസ് സ്ഥാപകന്റെ പേര് നല്‍കുന്നതില്‍ യുവജന സംഘടനകളുടെ പ്രതിഷേധം. നഗരസഭയുടെ കീഴിലുള്ള നൈപുണ്യ കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ആര്‍എസ്എസ് സ്ഥാപകനും ആദ്യ സര്‍സംഘചാലകനുമായ ഗുരുജി എന്നറിയപ്പെടുന്ന ഡോ. കേശവ് ബലിറാം ഹെഡ്ഗേവറിന്റെ പേരാണ് നൈപുണ്യ വികസന കേന്ദ്രത്തിന് ഇട്ടത്.
‘സ്വാതന്ത്ര്യസമര സേനാനിയോ രാജ്യത്തിന്റെ പ്രധാനമന്ത്രിയോ ഒന്നുമല്ലാത്ത, ഒരു പദവിയിലും വഹിക്കാത്ത ഒരു ആര്‍എസ്എസ് നേതാവിന്റെ പേര് കേരളത്തിലെ ഒരു സ്ഥാപനത്തിന് നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയുകയില്ല. വിഭജനത്തിന്റെ രാഷ്ട്രീയം മാത്രം പറഞ്ഞ ഒരാളുടെ പേര് ഇതുപോലൊരു പദ്ധതിക്ക് ഇടാന്‍ അനുവദിക്കില്ലെന്ന്’ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ അഴിമുഖത്തോട് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍
‘രാജ്യത്തിന് വേണ്ടി എന്ത് നൈപുണ്യമാണ് ഹെഡ്‌ഗേവാര്‍ വികസിപ്പിച്ചത്. കൊള്ളാവുന്ന ഒരുത്തന്റെ പേര് പോലും ആര്‍എസ്എസിന് ഉയര്‍ത്തിക്കാണിക്കാനില്ല. നഗരസഭയുടെ ഭൂമിയില്‍ ഇങ്ങനെ ഒരു പേര് അനുവദിക്കില്ലെന്നും നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും’ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലായിരുന്നു നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. തറക്കല്ലിനായി എടുത്ത കുഴിയില്‍ ഇറങ്ങി നിന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് കുഴിയില്‍ വാഴ നട്ട് പ്രതിഷേധിച്ചു. കല്ലെടുത്ത് മാറ്റാന്‍ ആവശ്യപ്പെട്ടതോടെ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തിയിരുന്നു. കുത്തിയിരുന്ന് പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ‘നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം റോഡുകളുടെയും സ്മാരകങ്ങളുടെയും പേരുകള്‍ മാറ്റുന്നുണ്ട്. പുതിയതായി നിര്‍മിക്കുന്നവയ്ക്ക് ആര്‍എസ്എസ് നേതാക്കളുടെ പേരുകളും നല്‍കുന്നു. പാര്‍ലമെന്റില്‍ ഉള്‍പ്പെടെ ഗാന്ധിജിയുടെ ഫോട്ടോ മാറ്റി സവര്‍ക്കരുടെ വയ്ക്കുന്നു. ഇത് രാജ്യത്താകമാനം ആര്‍എസ്എസ് വല്‍ക്കരണം നടക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന് ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ജയദേവന്‍ അഴിമുഖത്തോട് പറഞ്ഞു.
ജയദേവന്‍
‘കേരളത്തിനകത്ത് ഇതിനെ ഒരുപരിധിവരെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ആര്‍എസ്എസ് വത്ക്കരണത്തിന്റെ ഭാഗമായാണ് പാലക്കാട് നഗരസഭയില്‍ ബിജെപി, ഭരണം ഉപയോഗിച്ച് പുതിയതായി നിര്‍മിക്കുന്ന കെട്ടിടത്തിന് ആര്‍എസ്എസ് നേതാവിന്റെ പേര് നല്‍കുന്നത്. പൊതുവെ മുഖ്യമന്ത്രിമാരുടെയോ രാജ്യത്തെ നയിച്ചിട്ടുള്ളവരുടെതോ പേരുകള്‍ കൊടുക്കുന്നതാണ് നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷേ ഹെഡ്‌ഗേവാര്‍ ഈ രാജ്യത്തിന് ആരായിരുന്നു? ആര്‍എസ്എസിന് വലിയ ആളായിരുന്നിരിക്കാം അദ്ദേഹം. പക്ഷേ പൊതുജനമധ്യത്തില്‍ വിലമതിക്കേണ്ട ആളോ, രാജ്യത്തിന് വലിയ സംഭാവന നല്‍കിയ ആളോ അല്ല. അങ്ങനെയിരിക്കെ ഒരാളുടെ പേര് നല്‍കുന്നത് മതനിരപേക്ഷയെ വെല്ലുവിളിക്കുന്നത് കൂടിയാണ്. കേരളത്തില്‍ ഇത് അനുവദിക്കാന്‍ കഴിയുന്നതല്ല. ഡിവൈഎഫ്‌ഐ ഇത് കൈയും കെട്ടി നോക്കി നിന്ന് കാണില്ലെന്നും’ ജയദേവന്‍ അഴിമുഖത്തോട് വ്യക്തമാക്കി.
നൈപുണ്യ കേന്ദ്രത്തിന് നല്‍കിയിരിക്കുന്ന പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇരുസംഘടനകളും നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധം നടത്തിയത്. പ്രദേശത്ത് മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ തുടര്‍ന്നിരുന്നു. പ്രതിഷേധക്കാര്‍ ശിലാഫലകം എറിഞ്ഞുടച്ചു. ഒരു കാരണവശാലും കെബി ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. എന്നാല്‍ നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്‌ഗേവാറിന്റെ പേര് തന്നെ നല്‍കുമെന്ന് പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ അഴിമുഖത്തോട് പറഞ്ഞു.
‘കേരളത്തിലെ എല്ലാ നഗരസഭകളിലും മുന്നില്‍ പാലക്കാടാണ്. സംസ്ഥാന സര്‍ക്കാര്‍ ഒന്നാം സ്ഥാനം ബിജെപി ഭരിക്കുന്ന ഒരു നഗരസഭയ്ക്ക് തന്നതിലുള്ള വിറളിയാണ് ഈ പ്രതിഷേധത്തിന് പിന്നിലെന്നും കെട്ടിടം അവിടെ വരിക തന്നെ ചെയ്യുമെന്നും ഡോ. ഹെഡ്‌ഗേവാറിന്റെ പേര് തന്നെ ഇടുമെന്നും അക്കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും’ പ്രമീള ശശിധരന്‍ പറഞ്ഞു.
പ്രമീള ശശിധരന്‍
‘ഒരു പേരില്‍ എന്താണ് പ്രശ്‌നം. പ്രതിഷേധിക്കേണ്ടവര്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് വിയോജിപ്പ് അറിയിക്കേണ്ടത്. അല്ലാതെ ഭിന്നശേഷിക്കാരായ കുട്ടികളും മാതാപിതാക്കളും പങ്കെടുത്ത ഒരു പരിപാടിയില്‍ വന്നല്ല പ്രതിഷേധം നടത്തേണ്ടിയിരുന്നത്. ഓഷ്യനസിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് പാലക്കാട് നഗരസഭയുടെ സ്ഥലത്ത് ഭിന്നശേഷിക്കാര്‍ക്കായി കെട്ടിടം പണിത് തരുന്നത്. കോണ്‍ഗ്രസും എല്‍ഡിഎഫും ഭരിക്കുമ്പോള്‍ അവര്‍ പണിയുന്ന കെട്ടിടങ്ങള്‍ക്ക് അവരുടെ നേതാക്കളുടെ പേരുകള്‍ ഇടുന്നുണ്ടല്ലോ. ഭിന്നശേഷിക്കാര്‍ക്കായി നിരവധി സഹായങ്ങള്‍ ചെയ്ത വ്യക്തിയാണ് ഹെഡ്‌ഗേവാര്‍. അതുകൊണ്ടാണ് ഭിന്നശേഷിക്കാര്‍ക്കായുള്ള കെട്ടിടത്തിന് അദ്ദേഹത്തിന്റെ പേര് ഞങ്ങള്‍ നല്‍കിയതെന്നും’ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ അഴിമുഖത്തോട് പറഞ്ഞു.
ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പരിശീലനം ഉള്‍പ്പെടെ ലഭ്യമാക്കുന്നതിനായി ഒന്നേകാല്‍ കോടി രൂപ ചെലവില്‍ നിര്‍മിക്കുന്നതാണ് കെട്ടിടം. ബിജെപി ഭരിക്കുന്ന നഗരസഭയാണ് പാലക്കാട്. ശിലാസ്ഥാപനം നടത്തിയ അധ്യക്ഷ പ്രമീളാ ശശിധരന്‍, അധ്യക്ഷന്‍ ഇ കൃഷ്ണദാസ് എന്നിവര്‍ വേദിയിലിരിക്കെയാണ് സംഘടനകള്‍ മാര്‍ച്ച് നടത്തിയത്.
ഇതിന് മുമ്പും പാലക്കാട് നഗരസഭ ഇത്തരം വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. 2020 ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതിയ ഫ്‌ളക്‌സ് തൂക്കിയിരുന്നു. തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തി മറുപടി നല്‍കുകയായിരുന്നു.rss founder name for palakkad bud school; youth congress and dyfi protest
Content Summary: rss founder name for palakkad bud school; youth congress and dyfi protest