ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം, സംഘപരിവാറിന്റെ ക്രൈസ്തവ വിരുദ്ധത അതിന്റെ മൂര്‍ദ്ധന്യതയില്‍ എത്തി നില്‍ക്കുന്നതിന്റെ തെളിവാണെന്ന് സിറോ മലബാര്‍ സഭയിലെ വിശ്വാസി സംഘടനയായ അല്‍മായ മുന്നേറ്റം. സിറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള അസീസി സിസ്‌റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീകളായ പ്രീതി മേരി വന്ദന ഫ്രാന്‍സീസ് എന്നിവരെയാണ് ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്.
ആഗ്രയിലെ ഫാത്തിമ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കന്യാസ്ത്രീകള്‍, ജോലി ആവശ്യത്തിനായി മൂന്നു പെണ്‍കുട്ടികളുമായി മടങ്ങാനായി ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു, ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് തടഞ്ഞത്. തുടര്‍ന്ന്, ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വച്ച് സി. പ്രീതി മേരി, സി. വന്ദന ഫ്രാന്‍സിസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യയില്‍ ക്രൈസ്തവ വിരുദ്ധത അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുകയാണെന്നാണ് ഈ സംഭവത്തെ അപലപിച്ചുകൊണ്ട് അല്‍മായ മുന്നേറ്റം ആരോപിക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ വടക്കേയിന്ത്യയില്‍ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണ്. സന്യസ്തര്‍ക്ക് അവരുടെ സഭാ വസ്ത്രം ധരിച്ചു യാത്ര ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നും അല്‍മായ മുന്നേറ്റത്തിന്റെ വക്താവ് റിജു കാഞ്ഞൂക്കാരന്‍ അഴിമുഖത്തോട് പറയുന്നു.
പലരും കടന്നു ചെല്ലാത്ത ഉള്‍പ്രദേശങ്ങളിലാണ് മിഷണറിമാരായ കന്യാസ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നത്. ആദിവാസി വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ പല പ്രവര്‍ത്തനങ്ങളും ഇവര്‍ ഏകോപിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതിന് തടയിടുന്ന തരത്തിലാണ് സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങളെന്നാണ് റിജു പരാതിപ്പെടുന്നത്.
ഒരു മുസ്ലീം സ്ത്രീ പര്‍ദ്ദ ധരിച്ചു യാത്ര ചെയ്യുമ്പോള്‍ അവരെ കല്ലും ചാണകവും വച്ചെറിയുന്ന ഒരു വീഡിയോയുണ്ട്. അതേറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അതേ സ്ഥാനത്ത് പൂര്‍ണ്ണ നഗ്നരായി നടക്കുന്ന ദിഗംബര സന്യാസികള്‍ക്ക് സംരക്ഷണം നല്‍കുന്ന ഒരു ഭരണസംവിധാനമാണ് നമുക്കുള്ളത്. പതിനഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ ഇത്തരത്തില്‍ മാറിയിട്ടുണ്ടെങ്കില്‍ അത് സംഘപരിവാര്‍ അജണ്ട തന്നെയാണ്. ഓരോ സ്ഥലത്തും അവരീ അജണ്ട നടപ്പിലാക്കുന്നത് ഓരോ രീതിയിലാണ്. ഉത്തരേന്ത്യയില്‍ അവര്‍ അടിച്ചമര്‍ത്തല്‍ ശൈലി കൊണ്ടുവരുമ്പോള്‍ ലക്ഷ്യം ഒന്നു മാത്രമാണ്. ബ്രാഹ്‌മണ വിഭാഗത്തിന് എന്നും അടിമകളായി ഇത്തരത്തിലുള്ള പാവപ്പെട്ടവരെയും ആദിവാസികളെയും അവര്‍ക്ക് ആവശ്യമുണ്ട്. അതല്ലെങ്കില്‍, കന്യാസ്ത്രീകള്‍ ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങള്‍ അവര്‍ ചെയ്തു കാണിക്കണം. എന്തു കൊണ്ട് അവര്‍ക്ക് അതിന് സാധിക്കുന്നില്ല?, റിജു ചോദിക്കുന്നു
കഴിഞ്ഞ നാലു നൂറ്റാണ്ടുകളായി മിഷണറിമാര്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതായത് ഏകദേശം നാനൂറില്‍ അധികം വര്‍ഷങ്ങള്‍. ഇത്തരം സന്നദ്ധ സേവനങ്ങള്‍ ചെയ്യുന്നതിന് പിന്നിലെ ഉദ്ദേശം മതപരിവര്‍ത്തനം ആയിരുന്നുവെങ്കില്‍ ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ എണ്ണം ഇപ്പോഴും രണ്ട് ശതമാനത്തില്‍ ഒതുങ്ങുമായിരുന്നോ? സ്വാതന്ത്രാനന്തര ഇന്ത്യയിലെ ക്രൈസ്തവരുടെ എണ്ണം നാലു ശതമാനമായിരുന്നു. ഇപ്പോഴത് 2.7 ശതമാനമായി ചുരുങ്ങിയിട്ടുണ്ട്. പാവപ്പെട്ട ജനങ്ങളെ പൊതുധാരയിലേക്ക് കൊണ്ടുവരിക മാത്രമാണ് ഇവിടെ ക്രൈസ്തവ മിഷണറിമാരുടെയും സന്ന്യാസിനിമാരുടെയും ലക്ഷ്യം. എന്നാല്‍ അതിനെതിരെ കൃത്യമായ അജണ്ട നടപ്പാക്കി കൊണ്ട് ഇനിയുള്ള കാലങ്ങളിലും ഇപ്പോള്‍ കഴിഞ്ഞു കൂടുന്ന അവസ്ഥയില്‍ തുടരാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെടുകയാണ്, അല്‍മായ മുന്നേറ്റം വക്താവ് ചൂണ്ടിക്കാണിക്കുന്നു.
അറസ്റ്റിലായ കന്യാസ്ത്രീകളും കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികളും ആഗ്രയിലേക്ക് വരാനാണ് റെയില്‍വേ സ്റ്റേഷനിലെത്തുന്നത്. അവരുടെ കൈവശം ടിക്കറ്റുകളും, ആധാര്‍ കാര്‍ഡും, വീട്ടുകാരുടെ സമ്മതപത്രവുമുണ്ട്. എല്ലാമുണ്ടായിരിക്കെയാണ് ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ എത്തുന്നതും ഭീഷണിപ്പെടുത്തുന്നതും. പ്രവര്‍ത്തകരുടെ ഭീഷണി ഭയന്ന് ഒരു പെണ്‍കുട്ടി ഇപ്പോള്‍ മൊഴി മാറ്റി പറഞ്ഞിട്ടുണ്ട്. ആ കുട്ടി മൊഴി മാറ്റിയത് പേടികൊണ്ടാണ്. അവളെ സ്വന്തം നാട്ടിലേക്ക് തന്നെ മടക്കി അയച്ചാല്‍ സംഘപരിവാറുകാരെ പേടിച്ച് ജീവിക്കേണ്ടി വരാതിരിക്കാനാകും അവള്‍ തന്റെ നിലപാട് മാറ്റിയത്, റിജു പറയുന്നു.
കേരളത്തിലേക്ക് വരുമ്പോള്‍ ക്രൈസ്തവരെ കൂട്ടുപിടിച്ചുകൊണ്ട് മുസ്ലീം വിഭാഗത്തിനെതിരെ പ്രവര്‍ത്തിക്കാനും കടന്നു കയറാനുമുള്ള ശ്രമങ്ങള്‍ സംഘപരിവാരം നടത്തുന്നുണ്ട്. എന്നാല്‍ ക്രൈസ്തവ സഭയുടെ നേതാക്കന്മാര്‍ അതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. അടിക്കടി വര്‍ധിച്ചു വരുന്ന ക്രൈസ്തവ വേട്ടക്കെതിരെ ഫലപ്രദമായ ഇടപെടലുകള്‍ നടത്താനോ, നിയമപോരാട്ടം നടത്താനോ മെത്രാന്‍ സംഘങ്ങള്‍ക്കാവുന്നില്ല. അതിനെതിരെയും ഞങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. മറ്റു തീവ്രവാദ സംഘടനകളെക്കുറിച്ച് പലപ്പോഴായി ചര്‍ച്ച ചെയ്യുമ്പോള്‍ അതേ പോലെ തന്നെ പ്രാധാന്യം കൊടുത്ത് ചര്‍ച്ച ചെയ്യേണ്ടുന്നവയാണ് സംഘപരിവാര്‍ തീവ്രവാദ സംഘടനകളെന്നും റിജു കാഞ്ഞൂക്കാരന്‍ പറഞ്ഞു.
content summary: Almaya Munnetta Sabha responds to the RSS’s attempt to spread hatred through false claims of religious conversion by nuns
Leave a Comment