അവധിക്കാലം ആഘോഷിക്കാനായി കശ്മീരിലെത്തിയ അരവിന്ദ് അഗർവാളും കുടുംബവും പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ആ രക്ഷപ്പെടലിന് കാരണമായതാകട്ടെ പഹൽഗാമിലെ പ്രാദേശിക ഗൈഡായ നസാകത്ത് അഹമ്മദ് ഷായും.
25ഓളം വിനോദ സഞ്ചാരികളുടെയും ഒരു പ്രദേശവാസിയുടെയും മരണത്തിന് കാരണമായ ഭീകരാക്രമണത്തിൽ നസാകത്തിന് തന്റെ അടുത്ത ബന്ധുവിനെ നഷ്ടമായി. വിനോദസഞ്ചാരികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ തീവ്രവാദികളുടെ തോക്കിനിരയായ കശ്മീർ സ്വദേശി മുപ്പതുകാരനായ സയ്യിദ് ആദിൽ ഹുസൈൻ ഷാ നസാകത്തിന്റെ അടുത്ത ബന്ധുവാണ്.
അപ്രതീക്ഷിതമായ ആക്രമണുണ്ടാവുന്ന സമയത്ത് കൂടെയുണ്ടായിരുന്നവർ എന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെങ്കിലും, കുറച്ച് ദൂരെ മാറിയായിരുന്നു ഭാര്യ പൂജയും നാലു വയസുള്ള മകളും ഉണ്ടായിരുന്നത്. അരവിന്ദിന്റെ വാക്കുകളിൽ ആക്രണത്തിന്റെ ഭീതി നിഴലിച്ചു. വളരെ സന്തോഷത്തിലായിരുന്നു ഞങ്ങൾ. പഹൽഗാമിന്റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് ഞാൻ ചിത്രങ്ങൾ പകർത്തുകയായിരുന്നു, എനിക്കൽപ്പം പിന്നിലായിരുന്നു ഭാര്യയും മകളും. നസാകത്ത് അവർക്കൊപ്പമാണ് നടന്നിരുന്നത്. പെട്ടെന്നാണ് വെടിയൊച്ച കേട്ടത്. വെടിവെയ്പ്പ് തുടങ്ങിയപ്പോൾ നസാകത്ത് എല്ലാവരോടും കിടക്കാൻ ആവശ്യപ്പെട്ടു. എന്റെ മകളെയും എന്റെ സുഹൃത്തിന്റെ മകനെയും കെട്ടിപ്പിടിച്ചാണ് നസാകത്ത് നിലത്ത് കിടന്നത്. ആദ്യം കുട്ടികളെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. പിന്നീട് എന്റെ ഭാര്യയെയും സുരക്ഷിത സ്ഥാനത്ത് എത്തിച്ചു അരവിന്ദ് ആ ദൃശ്യങ്ങൾ ഓർത്തെടുത്തു.
അവിടെ നിന്ന് രക്ഷപ്പെട്ടതിന് ഒരു മണിക്കൂർ ശേഷമാണ് ഭാര്യയും മകളും സുരക്ഷിതരായിരിക്കുന്നുവെന്ന വിവരം പോലും അരവിന്ദ് അറിയുന്നത്. അവിടെ നിന്ന് രക്ഷപ്പെട്ടതിന് ശേഷം ആശുപത്രിയിൽ വെച്ചാണ് അരവിന്ദ് ഭാര്യയെയും മകളെയും കാണുന്നത്. നസാകത്ത് അവിടെ ഇല്ലായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നുവെന്ന് എനിക്ക് അറിയില്ല. എന്റെ ഭാര്യയുടെ വസ്ത്രങ്ങൾ കീറി പോയിരുന്നു പക്ഷേ നാട്ടുകാർ അവർക്ക് ധരിക്കാൻ വസ്ത്രങ്ങൾ നൽകി. സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ചു അരവിന്ദിന്റെ വാക്കുകളിൽ നസാകത്തിനോടും നാട്ടുകാരോടുമുള്ള കടപ്പാട് നിറഞ്ഞു നിന്നു.
നസാകത്തും സഞ്ചാരി സംഘവും നിന്ന സ്ഥലത്ത് നിന്ന് ഏകദേശം 20 മീറ്റർ മാറി സിപ്ലൈനിന് സമീപമാണ് വെടിവയ്പ്പ് നടന്നത്. വെടിവയ്പ്പിന്റെ ആദ്യ ശബ്ദം കേൾക്കുന്ന സമയത്ത് നസാകത്ത് എല്ലാവരോടുമായി നിലത്ത് കിടക്കാൻ ആവശ്യപ്പെട്ടു. പിന്നീട് വേലിയിലെ ഒരു വിടവ് കണ്ടെത്തി കുട്ടികളെ അതിലൂടെ രക്ഷിച്ചു. തീവ്രവാദികൾ അവർക്ക് അരികിലേക്ക് എത്തുന്നതിന് മുൻപ് കുട്ടികളെ സുരക്ഷിത സ്ഥലത്താക്കുകയും ചെയ്തു. വെടിവയ്പ്പുണ്ടായ സമയത്ത് അരവിന്ദിന്റെ ഭാര്യ മറ്റൊരു ദിശയിലേക്കാണ് ഓടിയത് അവിടെ നിന്ന് ഒന്നരക്കിലോമീറ്റർ അകലെ നിന്നാണ് നസാകത്ത് പൂജയെ കണ്ടെത്തുന്നത്. പിന്നീട് തന്റെ കാറിൽ സുരക്ഷിതമായി ശ്രീനഗറിൽ എത്തിക്കുകയും ചെയ്തു.
അരവിന്ദിനെയും കുടുംബത്തെയും സുരക്ഷിത സ്ഥാനത്ത് എത്തിച്ച് മടങ്ങുന്ന സമയത്താണ് നസാകത്തിനെ തേടി ബന്ധുവായ ആദിലിന്റെ മരണവാർത്തയെത്തുന്നത്. വിനോദസഞ്ചാരമാണ് കശ്മീർ ജനതയുടെ അന്നമെന്നും അത് ഇല്ലാതാക്കാൻ ശ്രമിക്കരുതെന്നും നസാകത്ത് പറയുന്നു. ടൂറിസം ഞങ്ങളുടെ അന്നമാണ്. അതല്ലാതെ, വേറൊരു തൊഴിലും ഞങ്ങൾക്കില്ല. ഞങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം ഇതിനെ ആശ്രയിച്ചിരിക്കുന്നു.ഭീകരാക്രമണം ഞങ്ങൾക്ക് നേരെയുള്ള ആക്രമണമാണ്”-നസാകത്തിന്റെ വാക്കുകൾ.
content summary: Pahalgam Guide Turns Guardian Angel for BJP Worker from Chhattisgarh