January 21, 2025 |
Share on

പ്രായം 25 വയസ്സില്‍ താഴെയും വിദ്യാര്‍ത്ഥിനിയുമാണോ? പ്രസവത്തിന് ആനുകൂല്യവുമായി റഷ്യ

1,00,000 റൂബിള്‍സ് പാരിതോഷികമാണ് റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്

ജനസംഖ്യാ നിരക്ക് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി റഷ്യ പുത്തന്‍ വഴികള്‍ തേടുന്നു. ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന 25 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് 1,00,000 റൂബിള്‍സ് (ഏകദേശം 81,000) രൂപ പാരിതോഷികമാണ് റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. കരേലിയയില്‍ താമസിക്കുന്ന 25 വയസ്സിന് താഴെയുള്ള വിദ്യാര്‍ത്ഥിനികളെ ലക്ഷ്യമിട്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. 2025 ജനുവരി ഒന്നിന് ശേഷമുള്ള പ്രസവങ്ങള്‍ക്കാണ് നിയമം ബാധകമാക്കുക.russian female students to get over rupees 80000 for delivering healthy baby

കുഞ്ഞിന് ജന്മം നല്‍കുന്ന പെണ്‍കുട്ടികള്‍ ആനുകൂല്യത്തിന് അര്‍ഹരാകണമെങ്കില്‍ ഏതെങ്കിലും കോളേജിലോ യൂണിവേഴ്‌സിറ്റിയിലോ പഠിക്കുന്ന മുഴുവന്‍ സമയ വിദ്യാര്‍ത്ഥികളായിരിക്കണം. പ്രസവാനന്തരം കുട്ടി മരിക്കുകയോ, വൈകല്യങ്ങളുള്ള കുഞ്ഞിന് ജന്മം നല്‍കുകയോ ചെയ്യുന്നവര്‍ക്ക് ധനസഹായ ആനുകൂല്യം ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ലെന്ന് മോസ്‌കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ഇതിനോടകം 11 പ്രവിശ്യകളില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന 25 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥിനികളായ അമ്മാര്‍ക്കുള്ള പാരിതോഷിക പദ്ധതി റഷ്യ ആവിഷ്‌കരിച്ചിട്ടുണ്ട്.

ജനസംഖ്യാപരമായ വെല്ലുവിളികള്‍ നേരിടുന്നതിനിടെയാണ് റഷ്യ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. യുക്രൈനിലെ സൈനിക നഷ്ടവും വ്യാപകമായ കുടിയേറ്റവും ജനസംഖ്യാ നിരക്കിനെ ബാധിച്ചിട്ടുണ്ട്. ജനസംഖ്യാ നിരക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഗര്‍ഭനിരോധന സംവിധാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും ശിശുരഹിത ജീവിതരീതികളോടുള്ള എതിര്‍പ്പും റഷ്യന്‍ സര്‍ക്കാര്‍ ഇതിനോടകം പ്രകടമാക്കിയിട്ടുണ്ട്.

2024 ന്റെ ആദ്യ പകുതിയില്‍ 25 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കായിരുന്നു റഷ്യയില്‍ രേഖപ്പെടുത്തിയത്. ആകെ 5,99,600 കുട്ടികളാണ് റഷ്യയില്‍ കഴിഞ്ഞവര്‍ഷം ജനിച്ചത്. 2023 നെ അപേക്ഷിച്ച് 16,000 കുഞ്ഞുങ്ങളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത് രാജ്യത്തിന്റെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നാണ് റഷ്യന്‍ ഭരണവിഭാഗത്തിന്റെ വിലയിരുത്തല്‍.

ജനസംഖ്യയെ പ്രോത്സാഹിപ്പിക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സ്ത്രീകളുടെ ക്ഷേമത്തിനും പ്രത്യുത്പാദന സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി വേണ്ടത്ര പ്രതിജ്ഞാബദ്ധമല്ലെന്ന ആരോപണവും വ്യാപകമാണ്. 2011 നും 2019 നും ഇടയില്‍ ഗാര്‍ഹിക പീഡനം മൂലം 10,000 സ്ത്രീകളാണ് റഷ്യയില്‍ മരിച്ചത്.

എന്നാല്‍ സാമ്പത്തിക പ്രയാസങ്ങളും ജനനനിരക്കിനെ പ്രതികൂലമായി ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ട് തന്നെ പുതിയ പദ്ധതി സാമ്പത്തികപരമായി പിന്നോക്കം നില്‍ക്കുന്നവരെയാകും ആകര്‍ഷിക്കപ്പെടുകയെന്നും വിലയിരുത്തലുകളുണ്ട്. രാജ്യത്ത് പ്രസവിക്കുന്ന യുവതികള്‍ക്ക് ആവശ്യമായ സംരക്ഷണവും സാമ്പത്തിക സഹായവും ലഭ്യമല്ലാത്തതിനാല്‍ നിലവിലെ പദ്ധതി അപര്യാപ്തമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.russian female students to get over rupees 80000 for delivering healthy baby

Content Summary: russian female students to get over rupees 80000 for delivering healthy baby

×