16 നോമിനേഷനുകള്‍; ഓസ്‌കറില്‍ ചരിത്രം കുറിച്ച് സിന്നേഴ്‌സ്

ഓള്‍ എബൗട്ട് ഈവ്, ടൈറ്റാനിക്, ലാ ലാ ലാന്‍ഡ് എന്നീ ചിത്രങ്ങള്‍ പങ്കിട്ടിരുന്ന 14 നോമിനേഷനുകള്‍ എന്ന റെക്കോര്‍ഡാണ് സിന്നേഴ്‌സ് തകര്‍ത്തത്

Sinners movie Oscar nominations

റയാന്‍ കൂഗ്ലര്‍ സംവിധാനം ചെയ്ത, മികച്ച നിരൂപക പ്രശംസയും വാണിജ്യ വിജയവും നേടിയ സൂപ്പര്‍നാച്ചുറല്‍ ത്രില്ലര്‍ ‘സിന്നേഴ്സ്’ 16 നാമനിര്‍ദേശങ്ങളുമായി ഒസ്‌കറില്‍ ചരിത്രം കുറിച്ചിരിക്കുന്നു. ഇത്രയും പുരസ്‌കാര നിര്‍ദേശങ്ങള്‍ നേടുന്ന ആദ്യ ചിത്രമാണിത്.

1930-കളിലെ മിസിസിപ്പിയില്‍ ബ്ലൂസ് ക്ലബ് തുടങ്ങാന്‍ ശ്രമിക്കുന്ന ഇരട്ട സഹോദരങ്ങളായി മൈക്കല്‍ ബി. ജോര്‍ദാന്‍ വേഷമിടുന്ന ഈ ചിത്രം, വര്‍ണ്ണവിവേചനത്തോടും വാമ്പയറുകളോടും ഒരേസമയം പോരാടുന്ന കഥയാണ് പറയുന്നത്. ഇതുവരെ 368 മില്യണ്‍ ഡോളറാണ് ചിത്രം ആഗോളതലത്തില്‍ നേടിയത്. മികച്ച ചിത്രം, സംവിധായകന്‍, മികച്ച നടന്‍, സഹനടന്‍ (ബ്രിട്ടീഷ് താരം ഡെല്‍റോയ് ലിന്‍ഡോ), സഹനടി (ബ്രിട്ടീഷ്-നൈജീരിയന്‍ താരം വുന്‍മി മൊസാകു), കൂടാതെ പുതുതായി ഏര്‍പ്പെടുത്തിയ കാസ്റ്റിംഗ് പ്രൈസ് എന്നിവയുള്‍പ്പെടെയുള്ള വിഭാഗങ്ങളിലാണ് നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരിക്കുന്നത്.

കോസ്റ്റ്യൂം ഡിസൈനിനുള്ള നാമനിര്‍ദ്ദേശം ലഭിച്ചതോടെ റൂത്ത് ഇ. കാര്‍ട്ടര്‍, 97 വര്‍ഷത്തെ ഓസ്‌കര്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നാമനിര്‍ദ്ദേശങ്ങള്‍ (ആകെ 5 എണ്ണം) ലഭിക്കുന്ന കറുത്തവര്‍ഗ്ഗക്കാരിയായ വനിതയായി മാറി. സിനിമാറ്റോഗ്രഫി വിഭാഗത്തില്‍ ഓട്ടം ഡുറാള്‍ഡ് അര്‍ക്കപാവ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതും ശ്രദ്ധേയമാണ്. ഈ വിഭാഗത്തില്‍ ഒരു വനിത നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നത് ഇത് നാലാമത്തെ തവണ മാത്രമാണ്.

നാമനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഡെഡ്ലൈനിനോട് സംസാരിക്കവേ, പുലര്‍ച്ചെ 5 മണിക്ക് തന്റെ വീട്ടുപടിക്കല്‍ കുടുംബാംഗങ്ങളെ കണ്ട് താന്‍ അത്ഭുതപ്പെട്ടതായി കൂഗ്ലര്‍ പറയുന്നുണ്ട്. ‘എന്റെ അച്ഛന്‍ അടുത്തിരുന്ന് എണ്ണുന്നുണ്ടായിരുന്നു. 16 എണ്ണമുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ‘അച്ഛന് തെറ്റിയതാണ്, അത്രയൊന്നും ഉണ്ടാകാന്‍ വഴിയില്ല’ എന്നാണ് ഞാന്‍ കരുതിയത്,’ കൂഗ്ലര്‍ പറഞ്ഞു. വാര്‍ത്തകള്‍ വന്നതോടെ തന്റെ എണ്ണത്തെ അവിശ്വസിച്ച മകനെ അച്ഛന്‍ പരിഹസിക്കുകയും ചെയ്തു.

‘സിന്നേഴ്സ്’ നേടിയ ഈ നേട്ടം ‘ഓള്‍ എബൗട്ട് ഈവ്’ (1950), ‘ടൈറ്റാനിക്’ (1997), ‘ലാ ലാ ലാന്‍ഡ്’ (2016) എന്നീ ചിത്രങ്ങള്‍ പങ്കിട്ടിരുന്ന 14 നോമിനേഷനുകള്‍ എന്ന റെക്കോര്‍ഡാണ് തകര്‍ത്തത്. എങ്കിലും, മുന്‍ഗാമികളെപ്പോലെ വലിയൊരു അവാര്‍ഡ് വേട്ട സിന്നേഴ്സ് നടത്താന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

ഈ അവാര്‍ഡ് സീസണില്‍ ആധിപത്യം പുലര്‍ത്തുന്ന പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ ചിത്രം ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍’ 13 നോമിനേഷനുകളുമായി സിന്നേഴ്സിന് തൊട്ടുപിന്നാലെയുണ്ട്. 11 തവണ നോമിനേഷന്‍ ലഭിച്ചിട്ടും ഇതുവരെ അവാര്‍ഡ് ലഭിക്കാത്ത ആന്‍ഡേഴ്‌സണ്‍ ഇത്തവണ മികച്ച ചിത്രത്തിനും സംവിധായകനുമുള്ള അവാര്‍ഡുകള്‍ നേടുമെന്നാണ് പ്രവചനം. ചിത്രത്തിലെ താരങ്ങളായ ലിയോനാര്‍ഡോ ഡികാപ്രിയോ, സീന്‍ പെന്‍, ബെനിസിയോ ഡെല്‍ ടോറോ എന്നിവര്‍ക്കും നോമിനേഷനുകള്‍ ലഭിച്ചു.

ക്ലോയി ഷാവോയുടെ ‘ഹാംനെറ്റ്’ എട്ട് നോമിനേഷനുകള്‍ നേടി. ഇതില്‍ മികച്ച നടിക്കുള്ള വിഭാഗത്തില്‍ ജെസ്സി ബക്ക്‌ലി മുന്‍പന്തിയിലുണ്ട്. എന്നാല്‍ ചിത്രത്തിലെ സഹനടന്‍ പോള്‍ മെസ്‌കലിന് നോമിനേഷന്‍ ലഭിക്കാത്തതില്‍ ബക്ക്‌ലി നിരാശ പ്രകടിപ്പിച്ചു. സംവിധായക വിഭാഗത്തിലുള്ള ഏക വനിതയും ക്ലോയി ഷാവോയാണ്. റയാന്‍ കൂഗ്ലര്‍, പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍, ജോക്കിം ട്രയര്‍ (സെന്റിമെന്റല്‍ വാല്യൂ), ജോഷ് സാഫ്ഡി (മാര്‍ട്ടി സുപ്രീം) എന്നിവരാണ് മറ്റ് സംവിധായകര്‍.

‘മാര്‍ട്ടി സുപ്രീം’ എന്ന ചിത്രത്തിലെ അഭിനയത്തിന് തിമോത്തി ചാലമേ മികച്ച നടനുള്ള അവാര്‍ഡ് നേടുമെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ മാസം 30 വയസ്സ് തികഞ്ഞ ചാലമേ അവാര്‍ഡ് നേടിയാല്‍, ഈ നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ നടനാകും അദ്ദേഹം. എന്നാല്‍ ഇതേ ചിത്രത്തിലെ താരമായ ഗ്വിനെത്ത് പാല്‍ട്രോയ്ക്കും, ദ്വെയ്ന്‍ ജോണ്‍സണ്‍, സിഡ്നി സ്വീനി തുടങ്ങിയവര്‍ക്കും നോമിനേഷന്‍ ലഭിച്ചില്ല. അരിയാന ഗ്രാന്‍ഡെ അഭിനയിച്ച ‘വിക്കഡ്: ഫോര്‍ ഗുഡ്’, ജോര്‍ജ്ജ് ക്ലൂണി ചിത്രം ‘ജയ് കെല്ലി’ എന്നിവയും തഴയപ്പെട്ടു.

ഇത്തവണത്തെ നാമനിര്‍ദ്ദേശങ്ങളില്‍ അന്താരാഷ്ട്ര ചിത്രങ്ങളുടെ വലിയ സ്വാധീനം കാണാം. ‘സെന്റിമെന്റല്‍ വാല്യൂ’ ഒന്‍പത് നോമിനേഷനുകള്‍ നേടി. ‘ദ സീക്രട്ട് ഏജന്റ്’ എന്ന ചിത്രത്തിലൂടെ വാഗ്നര്‍ മൗറ മികച്ച നടനുള്ള നോമിനേഷന്‍ നേടുന്ന ആദ്യ ബ്രസീലിയന്‍ താരമായി.

ഓസ്‌കര്‍ വോട്ടര്‍മാരുടെ ഘടനയിലും വലിയ മാറ്റം വന്നിട്ടുണ്ട്. 10 വര്‍ഷം മുന്‍പ് വോട്ടര്‍മാരില്‍ 94% വെള്ളക്കാരും 76% പുരുഷന്മാരുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വോട്ടര്‍മാരില്‍ 35% സ്ത്രീകളും 25% വംശീയ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരുമാണ്.

സ്റ്റുഡിയോകളില്‍ വാര്‍ണര്‍ ബ്രദേഴ്‌സ് 30 നോമിനേഷനുകളുമായി മുന്നിലെത്തി. നെറ്റ്ഫ്‌ലിക്‌സ്, നിയോണ്‍ എന്നിവര്‍ക്ക് 18 വീതം നോമിനേഷനുകള്‍ ലഭിച്ചു. മാര്‍ച്ച് 15-നാണ് അവാര്‍ഡ് ചടങ്ങ് നടക്കുന്നത്. കോനന്‍ ഒബ്രിയാനാണ് ചടങ്ങിന്റെ അവതാരകന്‍.

Content Summary; Ryan Coogler directed supernatural thriller Sinners has become the first film to be nominated for 16 Academy Awards.

This post was last modified on January 23, 2026 8:35 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment