July 01, 2026 |
മുസാഫിര്‍
മുസാഫിര്‍
Share on

കമ്യൂണിസ്റ്റ് തോല്‍വിക്കാലത്ത് ‘ഡാങ്കെ പ്രവചനങ്ങളുടെ’ പ്രസക്തി

ഡാങ്കെയുടെ പ്രവചനാത്മകമായ പ്രഖ്യാപനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഓര്‍മദിവസത്തില്‍ കൂടുതല്‍ പ്രസക്തി കൈവന്നിരിക്കുന്നു

ഇന്ത്യയിലാകെ ഇടതുപക്ഷം പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് ഇല്ലായ്മ ചെയ്യപ്പെട്ട വര്‍ത്തമാനകാലത്ത്,രാജ്യത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്തവരില്‍ പ്രമുഖനായ ശ്രീപാദ അമൃത് ഡാങ്കെയുടെ പ്രവചനാത്മകമായ പ്രഖ്യാപനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഓര്‍മദിവസത്തില്‍ കൂടുതല്‍ പ്രസക്തി കൈവന്നിരിക്കുന്നു. ഇടത്പക്ഷ ഐക്യം എന്ന മോഹവലയത്തില്‍ കുരുങ്ങി, ദേശീയ ജനാധിപത്യ വിപ്ലവത്തിന്റെ ആശയങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതിനും കോണ്‍ഗ്രസ് പാര്‍ട്ടിയോട് അയിത്തം കല്പിക്കുന്നതിനും തീരുമാനമെടുത്ത 1978 ലെ ഭട്ടിന്‍ഡ പാര്‍ട്ടി കോണ്‍ഗ്രസ് നയം സി. പി. ഐ യുടെ വളര്‍ച്ചയ്ക്ക് എങ്ങനെ വിഘാതം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഡാങ്കെയെ പാര്‍ട്ടി നേതൃത്വം പുറത്ത് നിര്‍ത്തി. കോണ്‍ഗ്രസുമായി ഐക്യവും സമരവും എന്ന നയം പൊളിച്ചെഴുതി. ആ പാര്‍ട്ടിയെ, സി. പി. എമ്മിന്റെ കല്പനകള്‍ക്ക് വഴങ്ങി മുഖ്യശത്രുവാക്കി. അതിന്റെ പേരില്‍ മുഖ്യമന്ത്രിപദം ബലി കൊടുത്തു. ദേശീയ പാര്‍ട്ടി എന്ന പദവി പോലും നഷ്ടപ്പെടുന്ന പതനത്തിലേക്ക്, ഒരു കാലത്ത് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിലെ ഏറ്റവും തിളങ്ങുന്ന അധ്യായങ്ങള്‍ സൃഷ്ടിച്ച നേതാക്കളുടെ ആ പാര്‍ട്ടി തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തി. ഡാങ്കേയെ ശിക്ഷിച്ചവരോട് കാലം കണക്ക് തീര്‍ക്കുന്ന കാവ്യനീതി.

ഇന്ത്യയില്‍ മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മുന്‍കയ്യെടുത്ത ഏറ്റവും പ്രധാനപ്പെട്ട നേതാവാണ് ഡാങ്കെ. അദ്ദേഹത്തിന്റെ ഗാന്ധി വെഴ്‌സസ് ലെനിന്‍ എന്ന ഗ്രന്ഥം ഒരു ചിന്താവിപ്ലവത്തിനുതന്നെ തിരികൊളുത്തി. കൗമാരം പിന്നിടുംമുമ്പ് ബോംബേയില്‍ തുണിമില്‍തൊഴിലാളികളെയും മറ്റു ഫാക്ടറി തൊഴിലാളികളെയും സംഘടിപ്പിച്ചുകൊണ്ട് അതിശക്തമായ തൊഴിലാളി പ്രസ്ഥാനത്തിന് രൂപം നല്‍കിയ ഡാങ്കെ 1920ല്‍ എ.ഐ.ടി.യു.സി പിറവി കൊണ്ട നാള്‍ മുതല്‍ അതിന്റെ ഏറ്റവും പ്രമുഖ നേതാവാണ്.

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കത്തിലും വളര്‍ച്ചയിലും സുപ്രധാന സ്ഥാനമുള്ള കാണ്‍പൂര്‍, മീററ്റ് ഗൂഢാലോചന കേസുകളിലെ മുഖ്യപ്രതിയായിരുന്നു ഡാങ്കെ. ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തെ നിരന്തരം വേട്ടയാടി. പലപ്പോഴായി 13 വര്‍ഷക്കാലം വിവിധ തടവറകളില്‍ കഴിയേണ്ടിവന്ന അദ്ദേഹത്തിന്റെ വിപ്ലവവീര്യത്തിനു മുമ്പില്‍ ഭരണകൂടത്തിന് മുട്ടുമടക്കേണ്ടിവന്നു.

1957 ലും 1967 ലും സൗത്ത് സെന്‍ട്രല്‍ ബോംബേയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡാങ്കെ രാജ്യം കണ്ട ഏറ്റവും മികച്ച പാര്‍ലമെന്റേറിയന്‍മാരില്‍ ഒരാളായിരുന്നു. ആദ്യ ലോക്‌സഭയില്‍ പാര്‍ട്ടി ഗ്രൂപ്പ് നേതാവായിരുന്ന എ.കെ.ജിയായിരുന്നു രണ്ടാം ലോക്‌സഭയില്‍ പാര്‍ട്ടി ഗ്രൂപ്പിന്റെ ഉപനേതാവ്. ലോക്‌സഭയില്‍ ഡാങ്കേയുടെയും രാജ്യസഭയില്‍ ഭൂപേഷ് ഗുപ്തയുടെയും നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പാര്‍ലമെന്റില്‍ അതിശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിച്ചു

സഖാവ് എസ്. എ ഡാങ്കേയെ നേരില്‍ കാണാനും സംസാരിക്കാനും കിട്ടിയ ഒരു സ്മരണ മനസ്സില്‍ നിറയുന്നുണ്ട്. എഴുപതുകളുടെ അവസാന പാതി. ഡല്‍ഹി ഫിറോസ് ഷാ കോട്‌ലാ മാര്‍ഗ്. ഉയരെ ചെങ്കൊടി പറക്കുന്ന അജോയ് ഭവന്‍. ഒരു രാഷ്ട്രീയപാര്‍ട്ടിക്കും അക്കാലത്ത് അത്രയും വലിയ കേന്ദ്ര ആസ്ഥാനം ഡല്‍ഹിയില്‍ ഇല്ലായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അജോയ്ഘോഷിന്റെ പേരിലുള്ള ഓഫീസ് എല്ലാ ആധുനിക സൗകര്യങ്ങളും സജ്ജീകരിച്ചതായിരുന്നു.

സി.പി.ഐ സെന്‍ട്രല്‍ പാര്‍ട്ടി സ്‌കൂള്‍ വിദ്യാര്‍ഥിയായാണ് ഞാനെത്തിയിട്ടുള്ളത്. ഇതിന്റെ ചാര്‍ജ് പ്രമുഖ കമ്യൂണിസ്റ്റ് താത്വികന്‍ മോഹിത്സെനാണ്. ഞാന്‍ പാര്‍ട്ടി മലപ്പുറം ജില്ലാ സെക്രട്ടറിയുടെ കത്ത് മോഹിത് സെന് കൈമാറി. അദ്ദേഹം എന്നെ രണ്ടാം നിലയിലേക്ക് നയിച്ചു.

സ്നേഹത്തിന്റെ നിറകുടമായിരുന്നു സഖാവ് മോഹിത്സെന്‍. ഒരു കമ്യൂണിസ്റ്റുകാരന്‍ എങ്ങനെയാകണമെന്നതിന്റെ ഉജ്വല മാതൃക. ഓരോ സംസ്ഥാനത്ത് നിന്നും രണ്ടു വീതം വിദ്യാര്‍ഥികളാണ് പാര്‍ട്ടി സ്‌കൂളിന്റെ 90 ദിവസത്തെ കോഴ്സില്‍ പങ്കെടുക്കുന്നത്. ഞങ്ങളുടെ താമസവും ഭക്ഷണവും ക്ലാസുമൊക്കെ അജോയ് ഭവനില്‍. കേരളത്തില്‍ നിന്ന് എന്നെക്കൂടാതെ കോഴിക്കോട്ടുകാരനായ വി.എം. ഉണ്ണിക്കൃഷ്ണന്‍ രണ്ടുനാള്‍ മുമ്പ് തന്നെ ഡല്‍ഹിയിലെത്തിയിരുന്നു. (സഖാവ് പി. കൃഷ്ണപിള്ളയുടെ പുഞ്ചിരി തൂകുന്ന പ്രസിദ്ധമായ പടമെടുത്തിട്ടുള്ള ഫോട്ടോഗ്രാഫര്‍ സി.എം.വി നമ്പീശന്റെ പുത്രനായ ഉണ്ണിക്കൃഷ്ണന്‍ ബാംഗ്ലൂരില്‍ ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജരാണ്. കൃഷ്ണപിള്ള പോസ് ചെയ്ത ഈയൊരൊറ്റ പടം മാത്രമേ ലഭ്യമായുള്ളുവെന്നത് കൊണ്ട് കൃഷ്ണപിള്ള സഖാവിനെപ്പോലെ ഫോട്ടോഗ്രാഫര്‍ സഖാവും ചരിത്രത്തില്‍ ഇടം നേടി. രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും കേരളത്തിലെ ഓഫീസുകളില്‍ ഉയര്‍ന്നത് സി. എം. വി നമ്പീശന്‍ എടുത്ത കൃഷ്ണപിള്ളയുടെ പുഞ്ചിരി തൂകുന്ന പടങ്ങള്‍). സംഘത്തിലെ ‘ബേബി’ ഞാനായത് കൊണ്ടാവണം, ഓരോ പ്രഭാതങ്ങളിലും സഖാവ് മോഹിത് സെന്‍ നേരിട്ട് വന്ന് തട്ടിയുണര്‍ത്തുകയും ക്ഷേമമന്വേഷിക്കുകയും ചെയ്തു.

ഷെയ്ക് മുജീബ് റഹ്‌മാൻ, എസ്. എ ഡാങ്കെ

ഉണ്ണിയും ഞാനും ഒരു മുറിയിലായിരുന്നു താമസം. എല്ലാ സൗകര്യങ്ങളുമുള്ള ഓഫീസില്‍ വിശാലമായ ലൈബ്രറിയും ഗവേഷണ കേന്ദ്രവും. ഓരോ നിലയിലും ഭംഗിയായി ഫര്‍ണിഷ് ചെയ്ത കമനീയമായ മുറികളും. സി. രാജേശ്വര റാവു ഉള്‍പ്പെടെ ഒമ്പത് കേന്ദ്ര സെക്രട്ടറിയേറ്റംഗങ്ങള്‍ക്കും പ്രത്യേകം മുറികള്‍. പാര്‍ട്ടി ചെയര്‍മാന്‍ എസ്.എ. ഡാങ്കെ സദാസമയവും ലൈബ്രറിയില്‍. ഏറ്റവും മുകളിലെ വിശാലമായ ഹാളില്‍ കാലത്ത് മുതല്‍ ക്ലാസുകള്‍. ഞായറാഴ്ചകളില്‍ അവധി. താത്ത്വിക വിഷയങ്ങളില്‍ എസ്.എ. ഡാങ്കെ, ഹിരണ്‍ മുഖര്‍ജി, മോഹിത്സെന്‍, ഭൂപേഷ് ഗുപ്ത തുടങ്ങിയവരും സംഘടനാ വിഷയങ്ങളില്‍ സി. രാജേശ്വര റാവു, എന്‍.ഇ. ബാലറാം, ലിറ്റോ ഘോഷ് (അജോയ്ഘോഷിന്റെ പത്നി), വിമലാ ഫാറൂഖി തുടങ്ങിയവരുടേതുമായിരുന്നു പ്രൗഢമായ ക്ലാസുകള്‍. സരസവും സജീവവുമെന്ന പോലെ ഏറെ പഠനാര്‍ഹവുമായിരുന്നു എല്ലാ ക്ലാസുകളും. കശ്മീരിലെ അബ്ദുല്‍ സത്താര്‍ മഖ്ബൂല്‍ മുതല്‍ തമിഴ്നാട്ടിലെ എസ്. ഗുണാളന്‍ വരെയുള്ള അമ്പതോളം വിദ്യാര്‍ഥികളുടെ കൂട്ടായ്മ ജീവിതത്തിലെ അവിസ്മരണീയമായ അനുഭവമായി. അന്നത്തെ വിദ്യാര്‍ഥികളില്‍ ചിലര്‍ പിന്നീട് പാര്‍ട്ടിയുടെ ഉന്നതസ്ഥാനങ്ങളിലെത്തി. മറ്റു ചിലര്‍ ജീവിതത്തിന്റെ മറ്റു പല മേഖലകളിലേക്കും ചേക്കേറി. രാഹുല്‍ അമോലക് ശാസ്ത്രിയെന്ന ഹൈദരബാദുകാരന്‍ ചങ്ങാതി അമേരിക്കയില്‍ സ്പേസ് ശാസ്ത്രജ്ഞനായി.

അജോയ് ഭവനിലെ കാന്റിന്‍ നടത്തിപ്പുകാരന്‍ ചെങ്ങന്നൂര്‍ സ്വദേശി രാജനായിരുന്നു. എനിക്കും ഉണ്ണിക്കും കാന്റീനില്‍ പ്രത്യേക പരിഗണന കിട്ടി. എസ്.എ. ഡാങ്കെയുടെ ഭക്ഷണം ചപ്പാത്തിയും ദാലും മാത്രം. തൈര് അദ്ദേഹത്തിന്റെ മെനുവിലെ സ്ഥിരം ഇനം. ഭക്ഷണം കഴിക്കുമ്പോഴും തടിച്ച പുസ്തകം വായിക്കുന്ന ഡാങ്കെ ഞങ്ങള്‍ക്ക് അത്ഭുതമായിരുന്നു. ഇന്ത്യയിലാദ്യമായി ചെങ്കൊടി പിടിച്ച ഡാങ്കെ, ലെനിനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയ ഡാങ്കെ. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം പില്‍ക്കാലത്ത് ഡാങ്കെയെയും മോഹിത്സെന്നെയും പുറത്താക്കി. (ഇരുവരുടേയും മരണവാര്‍ത്തയെക്കാള്‍ എന്റെ മനസ്സിനെ മുറിപ്പെടുത്തുന്നതായിരുന്നു ആയിടയ്ക്ക് അവരെ സി.പി.ഐ നിഷ്‌കരുണം പുറത്താക്കിയ വാര്‍ത്ത). ഡാങ്കെ മരിക്കുമ്പോള്‍ ഓള്‍ ഇന്ത്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും മോഹിത് സെന്‍ മരിക്കുമ്പോള്‍ യുനൈറ്റഡ് കമ്യുണിസ്റ്റ് പാര്‍ട്ടിയുടെയും ചെയര്‍മാന്മാര്‍ ആയിരുന്നു.

Content Summary: A comprehensive tribute to S.A. Dange, the legendary pioneer of the Indian communist movement, trade union leader, and veteran parliamentarian

മുസാഫിര്‍

മുസാഫിര്‍

സൗദി അറേബ്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×