പരിക്കില്‍ നിന്നും മോചിതയായി തിരിച്ചെത്തിയ സൈന നേവാളിന് ആശ്വാസമായി മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ഓപ്പണ്‍ കിരീടം

റിയോ ഒളിംമ്പിക്‌സിലെ മോശം പ്രകടനത്തിന്റെ പേരില്‍ സൈനയ്ക്ക് നാട്ടില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു

പരിക്കില്‍ നിന്നും മോചിതയായി കളിക്കളത്തില്‍ തിരിച്ചെത്തിയ സൈന നേവാളിന് ആശ്വാസമായി മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ഓപ്പണ്‍ കിരീടം. ഫൈനലില്‍ തായ്‌ലന്റില്‍ നിന്നുള്ള കൗമാര താരം പോണ്‍പാവീ ചോച്ചുവേങിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (22-20, 22-20) സൈന തോല്‍പിച്ചത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയ ശേഷം സൈന നേടുന്ന ആദ്യ അന്താരാഷ്ട്ര കിരീടമാണിത്. കരിയറിലെ 23-ാമത് അന്താരാഷ്ട്ര കിരീട നേട്ടവും.

കഴിഞ്ഞ സീസണിന്റെ തുടക്കത്തില്‍ തന്നെ പരിക്കിന്റെ പിടിയിലായ സൈന പക്ഷെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടി ഒരു തിരിച്ചുവരവിന് ശ്രമിച്ചിരുന്നു. പക്ഷെ മുട്ടുവേദന ലോക മുന്‍ ഒന്നാം നമ്പര്‍ താരത്തിന്റെ മുന്നോട്ടുള്ള യാത്ര ദുസ്സഹമാക്കി. റിയോ ഒളിംമ്പിക്‌സിലെ മോശം പ്രകടനത്തിന്റെ പേരില്‍ അവര്‍ നാട്ടില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ അവര്‍ മക്കാവ് ഓപ്പണിന്റെയും ഹോങ്കോംഗ് ഓപ്പണിന്റെയും ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ പ്രവേശിച്ചിരുന്നു. പ്രമുഖ താരങ്ങളുടെ അഭാവം പ്രകടമായിരുന്നെങ്കിലും കിരീട നേട്ടത്തോടെ പുതിയ സീസണ്‍ ആരംഭിക്കാന്‍ ശ്രമിച്ചത് താരത്തിന് വലിയ ആത്മവിശ്വാസം നല്‍കും. വേദനാജനകമായ ഒരു കാലഘട്ടത്തിലൂടെയാണ് താന്‍ കടന്നുപോയതെന്ന് വിജയത്തിന് ശേഷം അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

This post was last modified on January 23, 2017 10:34 am

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment