ലോക ചെസ് ചാമ്പ്യനായ ഡി. ഗുകേഷിനെക്കുറിച്ചാണ് ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത്. കുട്ടിക്കാലം മുതൽ തന്നെ ചെസിനോട് താൽപര്യം കാണിച്ചിരുന്ന ഗുകേഷ് ഏഴ് വയസ് മുതലാണ് ചെസ് പഠനം തുടങ്ങുന്നത്. പാഠ്യേതര പ്രവർത്തനങ്ങളിൽ ഗുകേഷിൻ്റെ പരിശീലകനായ ഭാസ്‌കറാണ് ഗുകേഷിൻ്റെ കഴിവ് ആദ്യം തിരിച്ചറിഞ്ഞത്. വിജയാനന്ദ് ചെസ് അക്കാദമിയിലെ കോച്ചായിരുന്നു ഭാസ്കർ. ഗുകേഷിനെ വിജയാനന്ദിന് പരിചയപ്പെടുത്തുന്നതും ഭാസ്കറാണ്.Vishwanathan Anand to Paddy Upton: who all helped Gukesh to become world champion
ആദ്യനാളുകളിൽ ദിവസവും 70 ചെസ് പസിലുകൾ ഗുകേഷിന് സോൾവ് ചെയ്യാൻ നൽകുമായിരുന്നു. അങ്ങനെ ചെസ് ബോർഡിന്റെ കരുക്കളുടെ സ്ഥാനവും കളിയിലെ തന്ത്രവുമെല്ലാം ഗുകേഷ് മനസിലാക്കി. പിന്നീട് ചെസ് തിയറിയെക്കുറിച്ചും അവൻ പഠിച്ചു. ചെസ് ബോർഡിലെ ഗുകേഷിന്റെ പ്രകടനം മെച്ചപ്പെട്ടതോടെ ഗ്രാൻഡ് മാസ്റ്റർ വിഷ്ണു പ്രസന്നയുടെ കീഴിലായി ഗുകേഷിന്റെ തുടർപഠനം. ഒരു നിശ്ചിത റേറ്റിംഗ് പരിധിയിലെത്തുന്നത് വരെ മറ്റ് കളിക്കാർ ഉപയോഗിക്കുന്ന ചെസ് എഞ്ചിനുകൾ ഉപയോഗിക്കരുതെന്ന് വിഷ്ണു 11കാരനായ ഗുകേഷിനോട് നിർദ്ദേശിച്ചു. വിഷ്ണുവിന്റെ ആ തീരുമാനം ഗുകേഷ് എന്ന കളിക്കാരന് വളരെയധികം ഉപയോഗം ചെയ്തു. ‘എന്ത് പ്രവർത്തിക്കണം, എന്ത് പ്രവർത്തിക്കരുത് എന്ന് കൃത്യമായ ബോധം ഗുകേഷിനുണ്ട്. കളിയിൽ അവൻ കൃത്യതയുള്ളവനായി’, ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വിഷ്ണു പ്രസന്ന പറഞ്ഞു.
ചരിത്രം തിരുത്തിക്കുറിക്കുന്നത് ഗുകേഷിന് പുതിയ കാര്യമല്ല. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അഞ്ച് തവണ ലോക ചാമ്പ്യനായ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഗുകേഷ് FIDE റാങ്കിംഗിൽ ഇന്ത്യയുടെ ഒന്നാം സ്ഥാനക്കാരനായി. 36 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ താരം വിശ്വനാഥൻ ആനന്ദിനെ മറികടക്കുന്നത്. 2015ൽ FIDE മാസ്റ്റർ പട്ടവും 2018 മാർച്ചിൽ ഇൻ്റർനാഷണൽ മാസ്റ്റർ പട്ടവും ഗുകേഷ് നേടി.
2019ൽ 12 വയസ്സും ഏഴ് മാസവും 17 ദിവസവും പ്രായമുള്ളപ്പോൾ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്ററെന്ന റെക്കോർഡ് സ്വന്തമാക്കി. ഈ വർഷം ആദ്യം 17-ാം വയസ്സിൽ കാൻഡിഡേറ്റ്സ് ടൂർണമെൻ്റിലെ ഏറ്റവും പ്രായം കുറഞ്ഞ വിജയിയായി.
ആദ്യകാലം മുതൽ തന്നെ ഗുകേഷിന്റെ മെന്ററായിരുന്ന വിശ്വനാഥൻ ആനന്ദാണ് പോളണ്ടിൻ്റെ ഗ്രെഗോർസ് ഗജെവ്‌സ്‌കിക്കൊപ്പം പ്രവർത്തിക്കാൻ ഗുകേഷിനോട് പറയുന്നത്. വിശ്വനാഥൻ സാറിന് ശേഷം ലോക ചാമ്പ്യൻഷിപ്പിൽ കളിക്കുക എന്നത് വളരെ പ്രത്യേകതയുള്ള കാര്യമാണ്. സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അടുത്ത തലമുറയെ മുന്നോട്ട് നയിക്കാനുള്ള പ്രയത്നം സാർ സ്വയം ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യയിൽ ചെസ്സ് ഇത്ര വലുതായതിൻ്റെ ഏറ്റവും വലിയ കാരണം അദ്ദേഹമാണ്, അടുത്തിടെ നടന്ന പത്രസമ്മേളനത്തിൽ വിശ്വനാഥൻ ആനന്ദിനെക്കുറിച്ചുള്ള ചോദ്യത്തിന് ഗുകേഷ് നൽകി മറുപടി ഇതായിരുന്നു.
ലോക ചെസ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി, പാഡി അപ്ടണുമായി ചേർന്ന് ഗുകേഷ് പ്രവർത്തിച്ചിരുന്നു. 2011 ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ലോകകപ്പ് നേടുന്നതിനും പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനെ വെങ്കലം നേടുന്നതിനും സഹായിച്ച പ്രശസ്തനായ കോച്ചാണ് പാഡി അപ്ടൺ. ’ഗുകേഷുമായി പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായാണ് ഞാൻ കാണുന്നത്. അവന്റെ ആത്മബോധവും പക്വകയും എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അവൻ എപ്പോഴും ചോദ്യങ്ങൾ ചോദിച്ചിരുന്നു. പഠിക്കാനുള്ള വ്യഗ്രത എപ്പോഴും അവൻ കാട്ടിയിരുന്നു’, ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പാഡി അപ്ടൺ പറഞ്ഞു.Vishwanathan Anand to Paddy Upton: who all helped Gukesh to become world champion
content summary; Vishwanathan Anand to Paddy Upton: who all helped Gukesh to become world champion