ഐപിഎല്‍ പത്താം എഡിഷന്‍ ആരംഭിച്ചത് തന്നെ വിവാദങ്ങളുമായാണ്. അതില്‍ ഏറ്റവും പ്രധാനം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ റൈസിംഗ് പൂനെ സൂപ്പര്‍ജിയാന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കിയതായിരുന്നു.
ഇതിന് പിന്നാലെ പുതിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ ബാറ്റിംഗിനെ പുകഴ്ത്തിയും ധോണിയെ പരിഹസിച്ചും ടീം സഹ ഉടമ ഹര്‍ഷ ഗോയന്‍ക ട്വീറ്റ് ചെയ്തതും വിവാദത്തിലായി. മുംബൈയ്ക്കിതെരായ മത്സരത്തില്‍ പൂനെ സ്മിതിന്റെ മികവില്‍ ജയിച്ചതിന് പിന്നാലെയായിരുന്നു ഗോയന്‍കയുടെ ട്വീറ്റ്. ‘കാട്ടിലെ സിംഹം ആരാണെന്ന് സ്മിത്ത് തെളിയിച്ചു. ഒരു നായകന്റെ ഇന്നിംഗ്‌സിലൂടെ അദ്ദേഹം പൂര്‍ണമായും ധോണിയെ പിന്തള്ളിയിരിക്കുന്നു. അദ്ദേഹത്തെ ക്യാപ്റ്റനാക്കിയ നീക്കം നന്നായി’ എന്നായിരുന്നു ഗോയന്‍കയുടെ ട്വീറ്റ്. ധോണി ഇതിന് മറുപടിയൊന്നും നല്‍കിയില്ലെങ്കിലും ട്വീറ്റ് വിവാദമായതോടെ അദ്ദേഹം അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
എന്നാല്‍ ഗോയെന്‍കയ്ക്ക് മറുപടി നല്‍കാതിരിക്കാന്‍ ധോണിയുടെ ഭാര്യ സാക്ഷിയ്ക്ക് സാധിക്കുമായിരുന്നില്ല. ഇന്നലെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സാക്ഷി ഗോയെന്‍കെയ്ക്കുള്ള മറുപടി നല്‍കിയത്. ഗീതോപദേശത്തിലെ ഒരുഭാഗത്തെ പേജിന്റെ ചിത്രമാണ് സാക്ഷി പോസ്റ്റ് ചെയ്തത്. ‘പക്ഷി ജീവിച്ചിരിക്കുമ്പോള്‍ അത് ഉറുമ്പിനെ തിന്നും അത് ചത്തുപോകുമ്പോള്‍ ഉറുമ്പ് അതിനെ തിന്നും. സമയവും സാഹചര്യവും ഏത് നിമിഷവും മാറാം. നിങ്ങള്‍ ഇപ്പോള്‍ കരുത്തനായിരിക്കാം. എന്നാല്‍ കാലം നിങ്ങളേക്കാള്‍ കരുത്തനാണെന്ന് ഓര്‍ക്കുക. ഒരു മരത്തില്‍ നിന്ന് ദശലക്ഷം തീപ്പെട്ടിക്കൊള്ളികള്‍ നിര്‍മ്മിക്കാം. എന്നാല്‍ ഒരു തീപ്പെട്ടിക്കൊള്ളി മാത്രം മതി ദശലക്ഷം മരങ്ങളെ കത്തിച്ച് ചാമ്പലാക്കാന്‍. അതുകൊണ്ട് നല്ലവനായിരിക്കുക, നല്ലതുമാത്രം ചെയ്യുക’. എന്നാണ് സാക്ഷിയുടെ പോസ്റ്റ്.
തിങ്കളാഴ്ച സാക്ഷി ധോണിയുടെ പഴയ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ യൂണിഫോമും ഹെല്‍മറ്റും ധരിച്ച് നില്‍ക്കുന്ന ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. throwback (എറിഞ്ഞുകൊടുക്കുക) എന്ന ഹാഷ് ടാഗോടെയായിരുന്നു ചിത്രം. സാഹചര്യം രൂക്ഷമാക്കാന്‍ സാക്ഷി ആഗ്രഹിക്കുന്നില്ലെങ്കിലും തന്റെ ഭര്‍ത്താവിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും നീക്കിയത് മറക്കാന്‍ സാക്ഷിയ്ക്കാകില്ലെന്ന് വ്യക്തം.