ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ ഇനി കോണ്‍ഗ്രസില്‍. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചേര്‍ന്ന് ഷാള്‍ അണിയിച്ചാണ് സന്ദീപ് വാര്യരെ സ്വീകരിച്ചത്. അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയാണെന്ന് കെ സുധാകരനാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറേക്കാലമായി ബിജെപിയുടെ ശബ്ദവും മുഖവുമായിരുന്നു സന്ദീപ് വാര്യര്‍. sandeep warrier switched to congress
ബിജെപിയുമായി ഇടഞ്ഞതോടെ സന്ദീപ് വാര്യര്‍ സിപിഎമ്മിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. മുന്‍കാലങ്ങളില്‍ നടത്തിയ ന്യൂനപക്ഷ പ്രസ്താവനകളില്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്ന് സന്ദീപ് വാര്യരോട് സിപിഎം നേതൃത്വം ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ നയം മാറ്റിയെത്തിയാല്‍ സ്വീകരിക്കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ.കെ. ബാലനും പറഞ്ഞത് ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തികൂട്ടിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് എത്തിയിരിക്കുന്നത്. നിലവില്‍ ബിജെപി സംസ്ഥാന സെക്രറട്ടിമാരില്‍ ഒരാളാണ് സന്ദീപ് വാര്യര്‍.
‘ബിജെപി വെറുപ്പ് ഉത്പ്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറിയെന്നും ആ സാഹചര്യമാണ് സ്‌നേഹത്തിന്റെ കടയില്‍ അംഗത്വം എടുക്കുന്ന നിലയിലേക്ക് എത്തിച്ചതെന്നും സന്ദീപ് വാര്യര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താന്‍ ത്രിവര്‍ണ ഷാള്‍ അണിഞ്ഞ് ഇവിടെ ഇരിക്കുന്നുണ്ടെങ്കില്‍ അതിന് ഉത്തരവാദി കെ സുരേന്ദ്രനും സംഘവും മാത്രമാണ്. ജനാധിപത്യം മാനിക്കാത്ത, ഏകാധിപത്യം മാത്രം കാത്തുസൂക്ഷിക്കുന്ന പാര്‍ട്ടിയില്‍ വീര്‍പ്പുമുട്ടി കഴിയുകയായിരുന്നുവെന്ന് സന്ദീപ് കൂട്ടിച്ചേര്‍ത്തു
മതേതരത്വം പറഞ്ഞതിന്റെ പേരില്‍ ബിജെപി നേതൃത്വം തനിക്ക് വിലക്ക് കല്‍പ്പിച്ചു. ബിജെപിയില്‍ നിന്ന് താന്‍ പറഞ്ഞതെല്ലാം ആ സംഘടനയ്ക്ക് വേണ്ടി മാത്രമായിരുന്നു. വ്യക്തിപരമായ അഭിപ്രായങ്ങളായിരുന്നില്ല ഒന്നും. മുഖ്യമന്ത്രിയുമായും സിപിഎമ്മുമായും സുരേന്ദ്രന്‍ നടത്തുന്ന അഡ്ജസ്റ്റ്‌മെന്റുകളെ എതിര്‍ത്തു എന്നതാണ് താന്‍ ചെയ്ത കുറ്റം. കരുവന്നൂരും കൊടകരയും തമ്മില്‍ പരസ്പരം വച്ചുമാറുന്നത് എതിര്‍ത്തതും കുറ്റമായി. ധര്‍മ്മരാജന്റെ കോള്‍ ലിസ്റ്റില്‍ പേരില്ലാതെ പോയി എന്നതും താന്‍ ചെയ്ത കുറ്റമാണ്. ഇതൊക്കെ ഒരു കുറവാണെങ്കില്‍ അത് അംഗീകരിച്ചുകൊണ്ട് ഇനി സ്നേഹത്തിന്റെ കടയില്‍ അംഗത്വമെടുക്കുകയാണെന്നാണ്’ കോണ്‍ഗ്രസിനെ വിശേഷിപ്പിച്ചുകൊണ്ട് സന്ദീപ് വ്യക്തമാക്കിയത്.
‘കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇന്ന് ഏറെ സന്തോഷമുള്ള ദിവസമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. കുറേക്കാലമായി ബിജെപിയുടെ മുഖവും ശബ്ദവുമായിരുന്നു സന്ദീപ് വാര്യര്‍. പക്ഷേ, മതേതരത്വ – ജനാധിപത്യ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം കൊണ്ടാണ് കോണ്‍ഗ്രസിനെ തിരഞ്ഞെടുത്തത്. സന്ദീപ് വാര്യരെ നെഞ്ചോട് ചേര്‍ത്ത് സ്വാഗതം ചെയ്യുകയാണ്. അദ്ദേഹത്തില്‍ വളരെ പ്രതീക്ഷയുണ്ട്.’- സുധാകരന്‍ പറഞ്ഞു.
‘ഒരു കാലഘട്ടത്തില്‍ സന്ദീപ് വാര്യര്‍ കേരളത്തിലെ ബിജെപിയുടെ മുഖവും ശബ്ദവുമായിരുന്നു. അദ്ദേഹം വര്‍ഗീയതയുടെ, വെറുപ്പിന്റെ, വിദ്വേഷത്തിന്റെ രാഷ്ട്രീയത്തോട് വിടപറഞ്ഞ് സനേഹത്തിന്റെയും ചേര്‍ത്തുനിര്‍ത്തലിന്റെയും രാഷ്ട്രീയത്തിലേക്ക് വരികയാണ്. ഞാന്‍ ഹൃദയപൂര്‍വം അദ്ദേഹത്തെ സ്വാഗതം ചെയ്യുകയാണ്.’- വി ഡി സതീശന്‍ പറഞ്ഞു.
ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെയെന്ന് ആശംസിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പരിഹസിച്ചു. കോണ്‍ഗ്രസില്‍ ചേരാന്‍ സന്ദീപ് തിരഞ്ഞെടുത്ത ദിവസം വളരെ പ്രധാനപ്പെട്ടതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ആഴം എത്രമാത്രമുണ്ട് എന്നതിന്റെ തെളിവാണ് സന്ദീപിനെ സ്വീകരിച്ചതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ശ്രീനിവാസന്റെയും സഞ്ജിത്തിന്റെയും കൊലയാളികളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിറ്റേ ദിവസമാണ് സന്ദീപിനെ കോണ്‍ഗ്രസില്‍ ചേര്‍ത്തതെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാലക്കാട്ടെ വോട്ടര്‍മാര്‍ക്ക് ഇക്കാര്യം ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയട്ടെ. ബലിദാനികളുടെ കാര്യത്തില്‍ അവരെ വഞ്ചിക്കുന്ന സമീപനമാണ് ഉണ്ടായത്. സന്ദീപ് വാര്യരുടെ ഈ പോക്ക് കേരളത്തിലോ ബിജെപിക്ക് അകത്തോ ഒരു ചലനവും ഉണ്ടാക്കില്ലെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വേദിയില്‍ ഇരിപ്പിടം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഇറങ്ങിപ്പോയതോടെയാണ് സന്ദീപ് വാര്യര്‍ ബിജെപി വിടുന്നു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമായത്. തന്റെ വിഷമങ്ങള്‍ അറിയിച്ചപ്പോള്‍ അത് കണക്കിലെടുക്കാന്‍ പോലും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തയ്യാറായില്ലെന്നും സന്ദീപ് വാര്യര്‍ പരസ്യമായി അതൃപ്തി പ്രഖ്യാപിച്ചിരുന്നു.
തന്റെ അമ്മ മരിച്ചപ്പോള്‍ പോലും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ വീട്ടില്‍ വന്നിട്ടില്ല. ഫോണില്‍ പോലും വിളിച്ചിട്ടില്ലെന്നും, സന്ദീപ് വാര്യരുമായി യുവമോര്‍ച്ചകാലം മുതല്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു എന്ന കൃഷ്ണകുമാറിന്റെ വാദങ്ങളും തള്ളിക്കളഞ്ഞിരുന്നു.
പാലക്കാട് ബി.ജെ.പി സ്ഥാനാര്‍ത്ഥികളായി പരിഗണിക്കപ്പെട്ടവരില്‍ ശോഭാ സുരേന്ദ്രനൊപ്പം സന്ദീപ് വാര്യരും ഉണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ നറുക്ക് വീണത് സി.കൃഷ്ണകുമാറിനാണ്. ബി.ജെ.പിയില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ ഉണ്ടായിരുന്നത് പരിഹരിച്ച് മുന്നോട്ട് പോകുകയാണെന്ന് ബി.ജെ.പി നേതൃത്വം തന്നെ തുറന്നുപറഞ്ഞ ഘട്ടത്തിലായിരുന്നു സന്ദീപ് വാര്യര്‍ ബിജെപി ക്കെതിരെ പരസ്യ പ്രസ്താവനയുമായി സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടത്.
2021-ല്‍ നിസാര വോട്ടുകള്‍ക്ക് നഷ്ടപ്പെട്ട പാലക്കാട് പിടിച്ചെടുക്കാന്‍ ബി.ജെ.പി ഇത്തവണ പഠിച്ച പണി പതിനെട്ടും നോക്കുന്നതിനിടെയാണ് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസിലേക്കുള്ള ചുവടുമാറ്റം. പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ സന്ദീപ് വാര്യരുടെ ഈ കൂടുമാറ്റം ബിജെപിയെ എങ്ങനെ സ്വാധീനിക്കുമെന്നാണ് ഇനി അറിയേണ്ട കാര്യം. sandeep warrier switched to congress
content summary; sandeep warrier switched to congress