June 04, 2026 |
Share on

‘അണ്ണന്‍ ചുരുണ്ട് വീട്ടിലിരിക്കും..’; മോഹന്‍ലാലിന് സംഘപരിവാറിന്റെ സൈബര്‍ ഭീഷണി

എമ്പുരാനിൽ കലിയടങ്ങാതെ സംഘപരിവാർ

മലയാള ചിത്രം എമ്പുരാന്റെ റിലീസിന് പിന്നാലെ നടൻ മോഹൻലാലിനെതിരെ കടുത്ത സൈബർ ആക്രമണമാണ് സംഘപരിവാർ അനുകൂലികൾ നടത്തുന്നത്. സിനിമ ബഹിഷ്കരിക്കണമെന്ന് സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്യുകയും സംവിധായകൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അസഭ്യ കമന്റുകളും അധിക്ഷേപ പരാമർശങ്ങളും നടത്തുകയും ചെയ്യുകയാണ്. 2002 ലെ ​ഗുജറാത്ത് കലാപത്തെയും തുടർന്നുണ്ടായ സംഭവങ്ങളെയും കുറിച്ച് പരാമർശിക്കുന്ന സീനുകൾ സിനിമയിൽ ഉൾപ്പെടുത്തിയതാണ് സംഘപരിവാർ അനുകൂലികളെ ചൊടിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ചിത്രം കോൺ​ഗ്രസിനെയും മുസ്ലീങ്ങളെയും വെള്ളപൂശാനുള്ളതാണെന്നും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്.

ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണ് സിനിമയെന്നും അതിന് മോഹൻലാൽ കൂട്ടുനിന്നു എന്ന തരത്തിലുള്ള നിരവധി കമന്റുകളാണ് വരുന്നത്. എമ്പുരാൻ ടിക്കറ്റ് കാൻസൽ ചെയ്ത സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചും പ്രതിഷേധം നടത്തുന്നുണ്ട്. ഗുജറാത്ത് കലാപത്തെക്കുറിച്ച് പറയുന്ന ചിത്രത്തിൽ മോഹൻലാൽ നായകനായെത്തിയത് സംഘപരിവാരിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

മനപൂർവ്വമാണ് മോഹൻലാൽ കുംഭമേളയിലും അയോധ്യരാമക്ഷേത്രത്തിലും പോകാതിരുന്നതെന്നും കാശ് കിട്ടിയാൽ ഏത് പണിക്കും പോകുമെന്നുമെല്ലാമുള്ള ആക്ഷേപങ്ങളാണ് മോഹൻലാലിനെതിരെ ഉയരുന്നത്. മോഹൻലാലിന്റെ ലഫ്റ്റനന്റ് പദവി എടുത്ത് മാറ്റണം എന്ന തരത്തിലുള്ള ആവശ്യങ്ങൾ വരെ സംഘപരിവാർ അനുകൂലികൾ പോസ്റ്റ് ചെയ്യുന്നുണ്ട്.

‘എങ്കിലും ജിഹാദികളുടെ കൂട്ടികൊടുപ്പുകാരനായി നിങ്ങൾ അധപതിച്ചല്ലോ. അഭിമാനം ആയിരുന്നു Mr മോഹൻലാൽ നിങ്ങൾ ഞങ്ങൾക്ക്. പക്ഷേ ഇന്ന് പുച്ഛം’, എന്നാണ് എമ്പുരാനെ കുറിച്ചുള്ള അവസാന പോസ്റ്റിൽ ബിജെപി പ്രവർത്തക ലസിത പാലക്കൽ കുറിച്ചിരിക്കുന്നത്. ‘എമ്പുരാൻ’ അങ്ങനെ പറഞ്ഞെങ്കിൽ അതിനെ ധൈര്യം എന്നല്ല വിശേഷിപ്പിക്കേണ്ടത്; തന്തയില്ലായ്മ എന്നാണ്… എമ്പുരാനല്ല, ഏത് തമ്പുരാനായാലും. അഭിനന്ദന പ്രവാഹമാണത്രെ… ! എങ്കിൽ ആ ‘പ്രവാഹം’ ഗോധ്രയിൽ തീവണ്ടി മുറിയിൽ പത്തറുപത് രാമഭക്തരെ ചുട്ടുകൊന്ന ജിഹാദി ഭീകരൻമാർക്കുള്ള നാണംകെട്ട കൂട്ടിക്കൊടുപ്പാണ്, എന്നാണ് ഒരാൾ കുറിച്ചത്.

‘മിസ്റ്റർ മോഹൻലാൽ, അണ്ണാ അണ്ണാ എന്നു തന്നെ അല്ലേ ഞങ്ങൾ വിളിച്ചത്. അല്ലാതെ താങ്കളുടെ എമ്പുരാനിൽ ഹിന്ദു പാർട്ടി പ്രവർത്തകനെ അവതരിപ്പിച്ച സുരാജ് പറഞ്ഞ പോലെ അക്ഷരം മാറ്റി ഒന്നും അല്ലല്ലോ വിളിച്ചത്. അപ്പോൾ കുറച്ച് മര്യാദ ഒക്കെ കാണിക്കാം.. ഇല്ലെങ്കിൽ അണ്ണൻ ചുരുണ്ട് വീട്ടിൽ ഇരിക്കും. സഹിക്കുന്നതിനും പൊറുക്കുന്നതിനും ഒക്കെ ഒരു പരിധി ഉണ്ട്. ഞങ്ങളെ ചതിക്കാൻ താങ്കൾക്ക് പരിധി ഇല്ല എന്നറിയാം.. ബട്ട്‌ ഞങ്ങക്ക് വ്യക്തമായ പരിധി ഉണ്ട്. അത് മറക്കരുത്. കേരളത്തിൽ കാവി രാഷ്ട്രീയം വരാതെ ഇരിക്കാൻ രായപ്പന് കാരണങ്ങൾ ഉണ്ട്. താങ്കൾക്ക് എന്ത് ഉപദ്രവം ആണ് കാവി രാഷ്ട്രീയം ഉണ്ടാക്കിയത് എന്നൂടെ പറഞ്ഞാൽ ഞങ്ങൾ സുല്ലും പറഞ്ഞ് ഒതുങ്ങി പോകാമായിരുന്നു’, എന്നാണ് മറ്റൊരു ഭീഷണി കമന്റ്.

പൃഥ്വിരാജിനും തിരക്കഥാകൃത്ത് മുരളീ​ഗോപിക്കുമെതിരെയും ഭീഷണി കമന്റുകൾ വരുന്നുണ്ട്. ‘ജിഹാദികളുടെ പണത്തിന് കീഴെ പറക്കുന്ന കടലാസ് പരുന്തായി മോഹൻലാൽ എങ്ങനെ മാറി എന്നത് ചിന്തിക്കേണ്ട വിഷയമാണ്, ജിഹാദികളേ ഓർക്കുക; നിങ്ങൾ നരകത്തിലെ വിറക് കൊള്ളി കൊണ്ടാണ് തല ചൊറിഞ്ഞിരിക്കുന്നത്’, ഒരു കമന്റിൽ പറയുന്നതിങ്ങനെയാണ്.

പൃഥ്വിരാജിന് നേരെയുള്ള സംഘപരിവാറിൻ്റെ സൈബർ ആക്രമണം ഇതാദ്യമായല്ല. 2021ൽ ലക്ഷദ്വീപ് അ​ഡ്മി​നി​സ്ട്രേ​റ്റർ നടപ്പാക്കിയ ജനവിരുദ്ധ നടപടികൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ പ്ര​തി​ഷേ​ധം അറിയിച്ചതിന് പൃഥ്വിരാജിനെതിരെ സംഘപരിവാർ ഗ്രൂപ്പുകൾ രംഗത്തെത്തിയിരുന്നു.

അതേസമയം, ഇത്തരം കമന്റുകൾക്ക് മറുപടിയുമായി സിനിമ, രാഷ്ട്രീയ മേഖലയിലുള്ള നിരവധി പേർ രം​ഗത്തെത്തി. ഭരണകൂടത്തിന്റെ തെറ്റുകൾക്കെതിരെ ശബ്ദിക്കാൻ മുഖ്യധാര മാധ്യമങ്ങൾപോലും മടിക്കുമ്പോൾ “എമ്പുരാൻ” എന്ന മെഗാപ്രോജെക്ടിലൂടെ കടുത്ത രാഷ്ട്രീയവിമർശനവും നാം മറക്കുന്ന ചരിത്രവും ഉൾക്കൊള്ളിച്ച അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ നേരുന്നുവെന്ന് കോൺ​ഗ്രസ് നേതാവ് ശബരീനാഥ് പറഞ്ഞു. അപ്പൊ ചരിത്രവും ശവക്കല്ലറയും മാത്രമല്ല പേടി ഒരു സിനിമയെ പോലും ചാണക സംഘികൾക്ക് പേടിയാണെന്ന് സംവിധായിക അയിഷ സുൽത്താന ഫെയ്സ്ബുക്കിൽ കുറിച്ചു.

2019ൽ റിലീസ് ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാ​ഗമാണ് എമ്പുരാൻ. കേരളത്തിൽ മാത്രം 750 സ്ക്രീനുകളിലാണ് എമ്പുരാൻ പ്രദർശിപ്പിക്കുന്നത്.

Content Summary: Sangh Parivar Groups Launch Cyber Attack Against Mohanlal and ‘Empuraan’
Empuraan Mohanlal 

Leave a Reply

Your email address will not be published. Required fields are marked *

×