UPDATES

കുറച്ച് വെറയ്റ്റിയല്ലേ ഈ അമ്മ!

കഥ പറയാതെ തിരിച്ചു പോയ സംവിധായകന്‍, പ്രായം മറന്ന് ചെയ്ത രാജലക്ഷ്മി; സരിത കുക്കു/ അഭിമുഖം

                       

വിനോദ് ലീല സംവിധാനം ചെയ്ത മന്ദാകിനി കഴിഞ്ഞ ആഴ്ച്ചയാണ് റിലീസ് ആയത്. ചിത്രം മികച്ച അഭിപ്രായം നേടി മുന്നോട്ടു കുതിക്കുകയാണ്. മന്ദാകിനിയിലെ മിക്ക കഥാപത്രങ്ങളും മലയാളി കണ്ടു ശീലിച്ചവരാണ്. എന്നാല്‍ രാജലക്ഷ്മി എന്ന വീട്ടമ്മയെ മലയാളിയുടെ പൊതുബോധ്യത്തിന് അത്ര കണ്ട് പരിചയം കാണില്ല. ഡ്രൈവിംഗ് സ്‌കൂള്‍ അധ്യാപിക രാജലക്ഷ്മി ഉറച്ച ശബ്ദത്തില്‍ നിലപാടുകള്‍ പറയുന്ന, മദ്യപിക്കുന്ന, പ്രതികരണ ശേഷിയുളള, മരുമകള്‍ക്ക് വേണ്ടി പ്രതികാരം ചെയ്യാന്‍ ആക്സിലേറ്റര്‍ അമര്‍ത്തുന്ന, കുറ്റബോധം ലവലേശം തൊട്ടു തീണ്ടാത്ത സുജിത്ത് വാസുവിനെ ചവിട്ടി പറപ്പിക്കുന്ന ‘കുടുംബിനി’. പക്ഷെ രാജലക്ഷ്മിയെ ചെയ്തു വച്ച സരിത മലയാളികള്‍ക്ക് സുപരിചിതയാണ്. പാപ്പിലിയോ ബുദ്ധ തുടങ്ങി ഒട്ടനവധി സിനിമകളിലൂടെ പ്രേക്ഷര്‍ക്കു മുന്നിലെത്തിയിട്ടുള്ള, സംസ്ഥാന പുരസ്‌കാര ജേതാവായ സരിത കുക്കുവാണ് രാജലക്ഷ്മിയുടെ വേഷം ചെയ്തിരിക്കുന്നത്. സരിത കുക്കു അഴിമുഖവുമായി സംസാരിക്കുന്നു.

മഞ്ജു പിള്ളയ്ക്ക് പകരം

അപ്രതീക്ഷിതമായി മന്ദാകിനിയില്‍ കാസറ്റ് ചെയ്യപ്പെട്ട ആളാണ് ഞാന്‍. വളരെയധികം പ്രത്യേകതകളുള്ള വ്യക്തിയാണ് രാജലക്ഷ്മി. സാധാരണ കണ്ടുവരുന്ന രീതിയില്‍ നിന്ന് മാറി ഒരു വെറൈറ്റി വീട്ടമ്മ. കഥാപാത്രത്തിന്റെ ആ സവിശേഷതയാണ് എന്നെ ഈ സിനിമയിലേക്ക് അടുപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ മഞ്ജു പിള്ള ആയിരുന്നു രാജലക്ഷ്മി ആയി എത്തേണ്ടിയിരുന്നത്. പക്ഷെ അവര്‍ക്ക് എത്താന്‍ കഴിയാഞ്ഞതോടെ ചിത്രത്തിന്റെ നിര്‍മാതാവ് സഞ്ജു എസ്. ഉണ്ണിത്താന്‍ എന്നെ സമീപിക്കുകയായിരുന്നു. സഞ്ജുവും ഞാനും വളരെക്കാലമായി സുഹൃത്തുക്കളാണ്.

പ്രായം കണ്ടിട്ട് കഥ പറയാതെ പോയ സംവിധായകന്‍

എന്നേക്കാള്‍ മുതിര്‍ന്ന വ്യക്തിയുടെ റോള്‍ ആണെന്ന ധാരണ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ കിട്ടിയിരുന്നു. പക്ഷെ അതെങ്ങനെ അഭിനയിച്ച് ഫലിപ്പിക്കുമെന്ന ആശങ്ക ഉണ്ടായിരുന്നു. രാജലക്ഷ്മിയുടെ പല സവിശേഷതകളും ഒരു അഭിനേതാവിനെ സംബന്ധിച്ച് നല്ലൊരു അവസരമായി എനിക്ക് തോന്നി. സിനിമ ചെയ്യാനായി എന്നെ ആകര്‍ഷിച്ച ഘടകവും ഇത് തന്നെയായിരുന്നു. അങ്ങനെയാണ് സിനിമ ചെയ്യാമെന്ന തീരുമാനത്തിലെത്തുന്നത്. പിന്നീട് സംവിധായകന്‍ കഥ പറയാനായി എന്നെ കാണാന്‍ വന്നിരുന്നു, അദ്ദേഹം പ്രതീക്ഷിച്ചതിനേക്കാള്‍ പ്രായ കുറവുണ്ടായിരുന്നു എനിക്ക്, ഈ കഥാപാത്രത്തിന് ഞാന്‍ യോജിക്കില്ലെന്ന് തോന്നിയത് കൊണ്ട് കഥ പറയാതെയാണ് സംവിധായകന്‍ തിരികെ പോയത്. അദ്ദേഹമുള്‍പ്പെടെ ആശയ കുഴപ്പത്തിലായിരുന്നു. അതോടെ നിര്‍മാതാവാണ് ലുക്ക് ടെസ്റ്റ് ചെയ്യാമെന്ന് നിര്‍ദേശിക്കുന്നത്. ലുക്ക് ടെസ്റ്റ് ശരിയായതോടെയാണ് ഡ്രൈവിംഗ് സ്‌കൂള്‍ നടത്തുന്ന രാജലക്ഷ്മിയായി ഞാന്‍ സിനിമയില്‍ എത്തുന്നത്.

ചില ആശങ്കകള്‍

ഞാന്‍ കൂടുതലും അഭിനയിച്ചിരിക്കുന്നത് കൊമേഴ്‌സ്യല്‍ സ്വഭാവമില്ലത്ത ചിത്രങ്ങളിലാണ്. റാണി പത്മിനി, ഇയോബിയന്റെ പുസ്തകം തുടങ്ങിയ ചുരുക്കം കൊമേഴ്‌സ്യല്‍ ചിത്രങ്ങളാണ് ഞാന്‍ ചെയ്തിരിക്കുന്നത്. ഈ പറിച്ചു നടലില്‍ അതിന്റെതായ ആശങ്കകള്‍ ധാരാളമുണ്ടായിരുന്നു. ആദ്യ മുഴുനീള കൊമേഴ്‌സ്യല്‍ സിനിമ എന്നതിലുപരി ഇത്രയും സംഭാഷണങ്ങള്‍ കൈകാര്യം ചെയ്യുന്നതും ആദ്യമായാണ്. കഥാപാത്രത്തെ എത്രമാത്രം അഭിനയിച്ച് ഫലിപ്പിക്കാനാവുമോ, പതിവ് സ്റ്റീരിയോ ടൈപ്പ് രീതിയിലേക്ക് പോകുമോ തുടങ്ങി മറ്റു പല വെല്ലുവിളികളും മറുവശത്തുണ്ടായിരുന്നു. ഇക്കാലയളവില്‍ കഥാപത്രത്തിന് വേണ്ടി ശരീര ഭാരം വര്‍ദ്ധിപ്പിച്ചു. കൂടാതെ സിനിമയിലെ അമ്മ കഥാപത്രം മാത്രമായി ചുരുങ്ങുമോ എന്ന പേടിയും കൂട്ടത്തിലുണ്ടായിരുന്നു. പക്ഷെ സ്‌ക്രിപ്റ്റ് വായിച്ചതോടെ ഈ ആശങ്കകളൊക്കെ വിട്ടൊഴിഞ്ഞു. വെല്ലുവിളികള്‍ നിറഞ്ഞ കഥാപത്രം അഭിനയിക്കിച്ചെടുക്കുകയാണ് ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് ലഭിക്കാവുന്ന ഏറ്റവും വലിയ നേട്ടം. ആ തോന്നലിലാണ് മന്ദാകിനിയുടെ ജീപ്പില്‍ കയറുന്നത്.

saritha kukku mandakini movie

ദുര്‍ബലരായ സ്ത്രീകളെയല്ല വേണ്ടത്

മലയാള സിനിമയില്‍ സ്ത്രീ കഥാപത്രങ്ങള്‍ എവിടെയെന്ന ചോദ്യങ്ങള്‍ ഉയരുന്ന സമയം കൂടിയാണിത്. സ്ത്രീകഥാപത്രങ്ങളുടെ അഭാവത്തിനപ്പുറം അവരെ അവതരിപ്പിക്കുന്ന ശൈലിയില്‍ ഒരു പൊതുബോധ്യമുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. മലയാള സിനിമയിലടക്കം അമ്മ കഥാപത്രങ്ങള്‍ പലപ്പോഴും കരഞ്ഞു കൊണ്ടിരിക്കുന്ന ദുര്‍ബലരായ സ്ത്രീകളാണ്. പക്ഷെ യഥാര്‍ത്ഥത്തില്‍ കുടുബങ്ങളിലെ മറ്റ് അംഗങ്ങളെ വച്ചുനോക്കുമ്പോള്‍ താരതമ്യേന മനോധൈര്യമുണ്ടാവുക അമ്മമാര്‍ക്കായിരിക്കും. ഒരു ദിവസത്തിനിടക്ക് പല റോളുകളും ഓടി തീര്‍ത്ത്, പ്രശ്‌നങ്ങളെ നിസ്സരമായി നേരിടുന്നുണ്ട്. ഏറ്റവും ഒടുവില്‍’ എന്ത് ജോലിയാണ് നിനക്കീ വീട്ടിലുള്ളത്” എന്ന ഒറ്റ ചോദ്യത്തിലേക്കായിരിക്കും കറങ്ങിത്തിരിഞ്ഞ് എത്തുക. ആ ഒരു കോണില്‍ നിന്ന് നോക്കുമ്പോള്‍ ഇതുവരെ ആരും പൊതുമധ്യത്തിലേക്ക് എത്തിക്കാത്ത ഒരു സ്ത്രീകഥാപത്രമാണ് രാജലക്ഷ്മി. സാധാരണ ഗതിയില്‍ നിന്ന് മാറി വീട്ടമ്മമാരെയും, സ്ത്രീകളെയും ഇങ്ങനയേയും അവതരിപ്പിക്കാമെന്ന ആശയം കൂടി ഇതിലുണ്ട്. ആ ഒരു മാറ്റമാണ് ഞാന്‍ രാജലക്ഷ്മിയില്‍ കണ്ട ഏറ്റവും വലിയ സവിശേഷത.

ഉറക്കം പോയാലും എന്‍ജോയ് ചെയ്തു

വളരെയധികം എന്‍ജോയ് ചെയ്താണ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്, ഞാന്‍ ചെയ്തതില്‍ വച്ച് അങ്ങനെയുള്ള സിനിമകള്‍ വിരളമാണ്. ഇത് ആ ക്രൂവിന്റെകൂടി പ്രത്യേകതയാണ് തോന്നിയിട്ടുള്ളത്. ഒരു സീനില്‍ എന്തെങ്കിലും പിഴവുകളുണ്ടായാല്‍ അടുത്ത ടേക്കിന് പോകുന്നത് യാതൊരു മുഷിച്ചിലുമില്ലതെയാണ്. ആ രീതിയില്‍ കൂടെയുള്ളവര്‍ പിന്തുണക്കുമ്പോള്‍ നമുക്ക് കിട്ടുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ലല്ലോ. രാത്രിയിലാണ് ഭൂരിഭാഗം ഷൂട്ടുകളും നടന്നത്, ഒന്നരമാസത്തോളം രാത്രി ഉറക്കം ഇല്ലാതെയാണ് ഷൂട്ടിങ്ങിന് എത്തുക. അതിന്റെതായ യാതൊരു ബുദ്ധിമുട്ടുകളും പ്രകടിപ്പിക്കാതെ അത്യധികം ക്ഷമയോടെ എല്ലാവരും കൂടെ നിന്നിട്ടുണ്ട്. കൂള്‍ ആയിരുന്നു എല്ലാവരും.

ഒരടി പതിവായി

സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങള്‍ മൂന്നു ദിവസത്തോളം അടുപ്പിച്ചായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. സിനിമയുടെ മറ്റു രംഗങ്ങളെക്കാള്‍ ഞാന്‍ ഒരുപാട് എന്‍ജോയ് ചെയ്തതും ഈ സീനുകളായിരുന്നു. ഇവിടെയാണ് ഗണപതി ചെയ്ത കഥാപാത്രത്തിനെ ചവിട്ടുന്ന രംഗമുള്ളത്. സാരി ഉടുത്ത് ചവിട്ടുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷെ ഫൈറ്റ് മാസ്റ്റര്‍ വലിയ പിന്തുണയാണ് നല്‍കിയത്. ഞാന്‍ ചെയ്ത ഒട്ടുമിക്ക സിനിമകളിലും അത്തരമൊരു അടി സീന്‍ പതിവാണെന്ന് തോന്നിയിട്ടുണ്ട്. ആ ഷോട്ടുകള്‍ ഇരുകൂട്ടരും സ്വീകരിച്ചിട്ടുണ്ട്. പക്ഷെ ഈ സീനിലും എനിക്ക് ഇതുപോലെ കുറെ അഭിപ്രായങ്ങള്‍ ലഭിച്ചിരുന്നു. ആ കഥാപാത്രത്തെ കുറച്ചു കൂടി സ്‌ട്രോങ്ങ് ആക്കാന്‍ ആ രംഗം സഹായിച്ചിയിട്ടുണ്ടെന്ന് എനിക്ക് തോന്നി. ഫണ്‍, എന്റര്‍ടൈന്‍മെന്റ് എന്നതിനപ്പുറം സിനിമ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയം സംസാരിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല.

Content summary; interview with saritha kukku mandakini actress

 

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍