June 06, 2026 |
Share on

‘പലസ്തീനികളുടെ രക്തത്തില്‍ ആഘോഷിക്കുന്നവര്‍’, സത്യ നദെല്ലയ്ക്കും ബില്‍ ഗേറ്റ്‌സിനും നേരെ ഉയര്‍ന്ന ചോദ്യം

മൈക്രോസോഫ്റ്റില്‍ നിന്നും രാജിവച്ച് ഇന്ത്യന്‍ വംശജ

ഗാസക്കെതിരെയുള്ള ഇസ്രയേലിന്റെ യുദ്ധത്തിന് പിന്തുണ അറിയിച്ച ടെക് ഭീമൻ മൈക്രോസോഫ്റ്റിനെതിരെ രൂക്ഷ വിമർശനമുയർത്തി മൈക്രോസോഫ്റ്റ് ജീവനക്കാരി. മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, മുൻ സിഇഒ ആയ ബിൽ ​ഗേറ്റ്സ്, സ്റ്റീവ് ബാൾമർ എന്നിവർക്കെതിരെയാണ് ഇന്ത്യൻ വംശജയായ സോഫ്റ്റ് വെയർ എഞ്ചിനീയർ വാനിയ അ​ഗ്രവാൾ ആഞ്ഞടിച്ചത്.

മൈക്രോസോഫ്റ്റിനെ ഡിജിറ്റൽ ആയുധ നിർമാതാവെന്ന് വിളിച്ച വാനിയ അ​ഗ്രവാൾ, കമ്പനി അവരുടെ സാങ്കേതികവിദ്യയിലൂടെ ആക്രമണത്തിന് സഹായിക്കുകയാണെന്ന് ആരോപിച്ചു. മൈക്രോസോഫ്റ്റിന്റെ അൻപതാം വാർഷികാഘോഷങ്ങൾക്കിടെയാണ് വേദിയിലിരുന്ന മൈക്രോസോഫ്റ്റ് മേധാവികൾക്കെതിരെ വാനിയ അ​ഗ്രവാൾ ആരോപണമുന്നയിച്ചത്. സംഭവത്തിന് പിന്നാലെ വാനിയ മൈക്രോസോഫ്റ്റിൽ നിന്ന് രാജി വെക്കുകയും ചെയ്തു.

‘മൈക്രോസോഫ്റ്റ് സാങ്കേതികവിദ്യയുടെ സഹായത്തോടെ 50,000 പലസ്തീനികൾ ​ഗാസയിൽ കൊല്ലപ്പെട്ടു. നിങ്ങൾക്കെങ്ങനെയാണ് അതിന് ധൈര്യം വന്നത്. അവരുടെ രക്തത്തിൽ ആഘോഷിക്കുന്ന നിങ്ങളെയോർത്ത് ലജ്ജിക്കുന്നു’, വാനിയ അ​ഗ്രവാൾ വിമർശിച്ചു. സംഭവിത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കമ്പനിക്കെതിരെ ശബ്ദമുയർത്തുന്ന വാനിയയെ മറ്റൊരു സ്ത്രീ വേദിയിൽ നിന്ന് പുറത്താക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്. പുറത്താക്കുന്നതിനിടെ ഇസ്രയേലുമായുള്ള ബന്ധം വിച്ഛേദിക്കാൻ കമ്പനിയോട് വാനിയ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം.

എന്നാൽ കമ്പനി മേധാവികൾ വാനിയയുടെ വിമർശനത്തോട് പ്രതികരിച്ചില്ലെന്ന് മാത്രമല്ല, പുറത്താക്കിയതിന് ശേഷം അവരുടെ പാനൽ ചർച്ച തുടരുകയും ചെയ്തു.

ഇസ്രയേലിന്റെ പ്രതിരോധ മന്ത്രാലയവുമായി 133 മില്ല്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചതിനും പലസ്തീനികൾക്കെതിരായ സൈനിക നടപടികളിൽ എഐ, അസൂർ സാങ്കേതികവിദ്യ ഉപയോ​ഗിച്ചതിനുമെതിരെയാണ് വാനിയ വിമർശനം ഉയർത്തിയത്. കമ്പനി മനുഷ്യാവകാശ ലംഘനങ്ങളിൽ പങ്കാളിയാണെന്ന് ചൂണ്ടിക്കാട്ടി സഹപ്രവർത്തകരോട് പ്രതിഷേധിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

അനീതിയിൽ പങ്കാളിയാകുന്ന ഒരു കമ്പനിയുടെ ഭാ​ഗമായി പ്രവർത്തിക്കാൻ താൻ ഒരുക്കമെല്ലെന്ന് തന്റെ രാജി കത്തിൽ വാനിയ കുറിച്ചു. മൈക്രോസോഫ്റ്റിൽ തുടർന്നും ജോലി ചെയ്യാൻ അവിടെയുള്ളവർ ആ​ഗ്രഹിക്കുന്നുവെങ്കിൽ, മൈക്രോസോഫ്റ്റിനെ അതിന്റെ മൂല്യങ്ങളിലും ദൗത്യത്തിലും ഉത്തരവാദിത്തം കാണിക്കാൻ പ്രേരിപ്പിക്കണമെന്നും അതിനായി നിങ്ങളുടെ സ്ഥാനം, അധികാരം, പദവി എന്നിവ ഉപയോഗിക്കണെമെന്നും അഭ്യർത്ഥിക്കുന്നുവെന്നും വാനിയ രാജി കത്തിൽ പറയുന്നു.

മൈക്രോസോഫ്റ്റിന്റെ ഇസ്രയേൽ ചായ്വിനെതിരെ ഇതിന് മുൻപും ജീവനക്കാർ ശബ്ദമുയർത്തിയിട്ടുണ്ട്. കമ്പനിയിലെ മുൻ ജീവനക്കാരനായിരുന്ന ഇബ്തിഹാൽ അബൗസാദ്, മൈക്രോസോഫ്റ്റിന്റെ എഐ സിഇഒ മുസ്തഫ സുലൈമാന്റെ അവതരണം തടസപ്പെടുത്തുകയും അയാൾ യുദ്ധലാഭം നേടുന്നവനാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. വംശഹത്യ നടത്താൻ സാങ്കേതികവിദ്യ ദുരുപയോ​ഗം ചെയ്യുന്നുവെന്നായിരുന്നു അന്ന് ഇബ്തിഹാൽ അബൗസാദ് ആരോപിച്ചത്. ഫെബ്രുവരിയിൽ ഇസ്രയേലുമായുള്ള കരാറിൽ പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് നദെല്ലയുമായുള്ള കൂടിക്കാഴ്ചക്ക് അനുവദിക്കാതെ അഞ്ച് മൈക്രോസോഫ്റ്റ് ജീവനക്കാരെ പുറത്താക്കിയിരുന്നു.

Content Summary: Satya Nadella and Bill Gates Criticized for Support of Israel, Indian-origin employee resigns from Microsoft
Satya Nadella Bill Gates 

Leave a Reply

Your email address will not be published. Required fields are marked *

×