ട്രാന്‍സ്ഫര്‍ തര്‍ക്കം; ക്രിസ്റ്റ്യാനോയ്ക്ക് മഞ്ഞ കാര്‍ഡ് കാണിച്ച് സൗദി പ്രോ ലീഗ്

തന്റെ മുന്‍ സഹതാരം കരീം ബെന്‍സെമയെ അല്‍-ഇത്തിഹാദില്‍ നിന്നും ചിരവൈരികളായ അല്‍-ഹിലാല്‍ സ്വന്തമാക്കിയതാണ് റൊണാള്‍ഡോയെ ചൊടിപ്പിച്ചത്

cristiano ronaldo saudi league

ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ തന്റെ ക്ലബ്ബായ അല്‍-നസ്ര് പുതിയ താരങ്ങളെ വാങ്ങാത്തതിലുള്ള അതൃപ്തി പ്രകടമാക്കിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സൗദി പ്രോ ലീഗ് അധികൃതരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. വ്യാഴാഴ്ച തന്റെ 41-ാം ജന്മദിനം ആഘോഷിച്ച റൊണാള്‍ഡോ സൗദി ടീമില്‍ നിന്ന് പുറത്തേക്കു പോകുമെന്ന വാര്‍ത്തകളും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്.

തന്റെ മുന്‍ സഹതാരം കരീം ബെന്‍സെമയെ അല്‍-ഇത്തിഹാദില്‍ നിന്നും ചിരവൈരികളായ അല്‍-ഹിലാല്‍ സ്വന്തമാക്കിയതാണ് റൊണാള്‍ഡോയെ ചൊടിപ്പിച്ചത്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് അല്‍-ഹിലാലിന് വേണ്ടി പണം ചെലവഴിക്കുമ്പോള്‍ അല്‍-നസറിനെ അവഗണിക്കുന്നു എന്നാണ് താരത്തിന്റെ പരാതി.

കഴിഞ്ഞ തിങ്കളാഴ്ച അല്‍-റിയാദിനെതിരായ മത്സരത്തില്‍ റൊണാള്‍ഡോ കളിച്ചിരുന്നില്ല. ഇതിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ച അല്‍-ഇത്തിഹാദിനെതിരെ നടക്കാനിരിക്കുന്ന നിര്‍ണ്ണായക മത്സരത്തിലും താരം വിട്ടുനിന്നേക്കുമെന്ന് സൂചനയുണ്ട്.

തന്റെ അതൃപ്തി റൊണാള്‍ഡോ പരസ്യമാക്കിയതോടെ സൗദി പ്രോ ലീഗ് കടുത്ത ഭാഷയില്‍ തന്നെ താരത്തോട് പ്രതികരിച്ചു. എത്ര വലിയ വ്യക്തിയായാലും, സ്വന്തം ക്ലബ്ബിന് പുറത്തുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ ആര്‍ക്കും അധികാരമില്ല എന്നായിരുന്നു ലീഗ് വക്താവ് വ്യക്തമാക്കിയത്.

എല്ലാ ക്ലബ്ബുകള്‍ക്കും സ്വന്തമായ ഭരണസമിതിയും എക്‌സിക്യൂട്ടീവുകളും ഉണ്ട്. താരങ്ങളെ വാങ്ങുന്നതും പണം ചെലവാക്കുന്നതും ഓരോ ക്ലബ്ബിന്റെയും സ്വതന്ത്രമായ തീരുമാനമാണ് എന്നും ലീഗ് അറിയിച്ചു. സാമ്പത്തിക അച്ചടക്കം പാലിച്ച് എല്ലാ ക്ലബ്ബുകള്‍ക്കും തുല്യമായ നിയമങ്ങളാണ് നിലവിലുള്ളത്.

ക്ലബ്ബുകള്‍ക്ക് പണം നല്‍കുന്നത് നേരിട്ട് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് വഴിയല്ല, മറിച്ച് ലീഗ് കേന്ദ്രീകൃതമായി നടത്തുന്ന ഒരു ‘പ്ലെയര്‍ അക്വിസിഷന്‍ ഫണ്ട്’ വഴിയാണ്.

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ജോവോ ഫെലിക്‌സ്, കിംഗ്സ്ലി കോമാന്‍ തുടങ്ങിയ വമ്പന്‍ താരങ്ങളെ വാങ്ങിയതോടെ അല്‍-നസറിന്റെ ഫണ്ട് ഏകദേശം തീര്‍ന്നിരിക്കുകയാണ്. ഇനി 2026 സമ്മര്‍ വിന്‍ഡോയ്ക്ക് മുന്‍പേ മാത്രമേ അവര്‍ക്ക് പുതിയ ഫണ്ട് ലഭിക്കൂ.

കരീം ബെന്‍സെമയെ അല്‍-ഹിലാല്‍ വാങ്ങിയത് ഒരു സ്വകാര്യ നിക്ഷേപകന്റെ പണം ഉപയോഗിച്ചാണ്, അല്ലാതെ ലീഗ് ഫണ്ട് വഴിയല്ല.

തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കിലും തങ്ങളുടെ സ്റ്റാര്‍ പ്ലെയര്‍ക്ക് ജന്മദിനാശംസകള്‍ നേരാന്‍ അല്‍-നസ്ര് മറന്നില്ല. ‘ഇതിഹാസം വളര്‍ന്നുകൊണ്ടേയിരിക്കുന്നു. നിങ്ങളുടെ പ്രതിബദ്ധതയും നേതൃത്വവുമാണ് ഞങ്ങളുടെ സ്വപ്നങ്ങളെ മുന്നോട്ട് നയിക്കുന്നത്’ എന്ന് ക്ലബ്ബ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

സൗദി ലീഗിലെ ആദ്യ നാല് സ്ഥാനക്കാര്‍ തമ്മില്‍ ഏതാനും പോയിന്റുകളുടെ വ്യത്യാസം മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍ റൊണാള്‍ഡോയുടെ പിന്മാറ്റം അല്‍-നസറിന്റെ കിരീട മോഹങ്ങള്‍ക്ക് വലിയ തിരിച്ചടിയായേക്കും.

Content Summary; Saudi Pro League warned Cristiano Ronaldo amid transfer spending dispute

This post was last modified on February 6, 2026 8:18 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment