UPDATES

ട്രെന്‍ഡിങ്ങ്

ബാലണ്‍ ദ്യോര്‍; മെസിയും റൊണാള്‍ഡോയും പുറത്ത്

2003 ന് ശേഷം ആദ്യമായി ഇരുവരുമില്ലാത്ത ചുരുക്കപ്പട്ടിക

                       

2003 ന് ശേഷം ഇതാദ്യമായി ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബാലണ്‍ ദ്യോര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്ത്. പുരുഷ ബാലണ്‍ ദ്യോര്‍ സ്വന്തമാക്കാനുള്ളവരുടെ പട്ടികയില്‍ ഇടം നേടിയ ആറ് ഇംഗ്ലണ്ട് താരങ്ങളില്‍ നിന്ന് ജൂഡ് ബെല്ലിംഗ്ഹാം, ഹാരി കെയ്ന്‍ എന്നിവരാണ് മുന്നില്‍ നില്‍ക്കുന്നത്. ലയണ്‍ ത്രയങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലൂസി ബ്രോണ്‍സ്, ലോറന്‍ ജെയിംസ്, ലോറണ്‍ ഹെംബ് എന്നിവരാണ് വനിത താരങ്ങളിലെ മുന്‍നിരക്കാര്‍. ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത്, ആര് നേടുമെന്നതിനെക്കാള്‍, മെസിയും റൊണാള്‍ഡോയും ഇത്തവണ ഇല്ലെന്നതാണ്.

ബുധനാഴ്ച്ച രാത്രിയാണ് ബാലണ്‍ ദ്യോര്‍ പുരസ്‌കാരത്തിനുള്ളവരുടെ ചുരുക്കപ്പട്ടിക ഫ്രാന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്തു വിട്ടത്.

ഈ വര്‍ഷം നടന്ന യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ ഫൈനലില്‍ എത്താന്‍ സഹായിച്ച താരമാണ് ജൂഡ് ബെല്ലിംഗ്ഹാം. റയല്‍ മാഡ്രിഡിലിലൂടെ സ്വപ്‌നതുല്യമായ അരങ്ങേറ്റം കുറിച്ച ബെല്ലിംഗ്ഹാമിന്റെ യൂറോ പ്രകടനമാണ് താരത്തെ ഫുട്‌ബോള്‍ ലോകത്തെ അഭിമാനകരമായ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യാന്‍ കാരണമായിരിക്കുന്നത്. സ്വന്തം നാട്ടുകാരായ ഡെക്ലാന്‍ റൈസ്, കോള്‍ പാമര്‍, ഫില്‍ ഫോഡന്‍, ബുകായോ സാകാ, ഹാരി കെയ്ന്‍ എന്നിവര്‍ ഉള്‍പ്പെടെ 30 കളിക്കാരാണ് അവസാന പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരില്‍ കെയ്ന്‍ ആയിരിക്കും ബെല്ലിംഗ്ഹാമിന് വെല്ലുവിളിയാകുന്നത്. ബയേണ്‍ മ്യൂണിച്ചിനു വേണ്ടി തന്റെ അരങ്ങേറ്റ സീസണില്‍ 44 ഗോളുകളാണ് കെയ്ന്‍ അടിച്ചിരിക്കുന്നത്.

റിയല്‍ മാഡ്രിഡിന്റെ വിനേഷ്യസ് ജൂനിയര്‍, മാഞ്ചസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍ റോഡ്രി എന്നിവരും പുരസ്‌കാര വിജയികളാകാന്‍ മുന്നില്‍ തന്നെയുണ്ട്. യൂറോ ചാമ്പ്യന്മാരായ സ്‌പെയ്‌ന്റെ താരങ്ങളും ഇത്തവണത്തെ ബാലണ്‍ ദ്യോര്‍ സ്വന്തമാക്കാനുള്ള മത്സരത്തില്‍ ശക്തമായ മുന്നേറ്റം നടത്തുന്നുണ്ട്. റോഡ്രിയെ കൂടാതെ, ലോകത്തെ അമ്പരപ്പിപ്പിച്ച കൗമാരതാരം ലാമിന്‍ യമാല്‍, അത്‌ലെറ്റിക് ബില്‍ബാവോയുടെ നിക്കോ വില്യംസ്, റിയല്‍ മാഡ്രിഡ് നായകന്‍ ഡാനി കര്‍വഹാള്‍, ബാഴ്‌സലോണയിലേക്ക് പുതിയതായി എത്തിയ ഡാനി ഒല്‍മോ, ബയേര്‍ ലെവര്‍കുസെന്റെ ലെഫ്റ്റ് ബാക്ക് അലജാന്‍ഡ്രോ ഗ്രിമാല്‍ഡോ എന്നീ സ്പാനിഷ് താരങ്ങളും കളത്തിലുണ്ട്.

പട്ടികയിലെ മറ്റൊരു സുപ്രധാന താരം ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയാണ്. അര്‍സനലിന്റെ വില്യം സാലിബ, മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് എന്നിവരും മാഞ്ചസ്റ്റര്‍ സിറ്റിയുടെ റൂബന്‍ ഡയസ്, എര്‍ലിംഗ് ഹാളണ്ട് എന്നിവരും ഇത്തവണത്തെ പുരസ്‌കാരം ആഗ്രഹിക്കുന്നുണ്ട്.

അര്‍ജന്റീനയുടെ സൂപ്പര്‍ ഗോള്‍ കീപ്പറും ആസ്റ്റണ്‍ വില്ല താരവുമായ എമിലിയാനോ മാര്‍ട്ടിനസ് വീണ്ടും ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. യൂറോപ്പ ലീഗില്‍ അറ്റ്‌ലാന്റയ്ക്കു വേണ്ടി മികച്ച കളി പുറത്തെടുത്ത അഡെമോള ലുക്മാനും ചുരുക്കപ്പട്ടികയിലെ താരമാണ്.

മെസിയെയും റൊണാള്‍ഡോയെയും കൂടാതെ കരീം ബെന്‍സിമയും ലൂക്കാ മോഡ്രിച്ചും ഇത്തവണത്തെ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്തായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ പുരുഷ ബാലണ്‍ ദ്യോര്‍ നേടുന്നവര്‍ ആരായാലും അതവരുടെ ആദ്യത്തെ ബാലണ്‍ ദ്യോര്‍ ആയിരിക്കും.

മാഞ്ചര്‍ സിറ്റി, ചെല്‍സിയ, ബാഴ്‌സലോണ എന്നീ ക്ലബ്ബുകള്‍ക്കായി ഈ സീസണില്‍ നടത്തിയ മികച്ച പ്രകടനങ്ങളാണ് ലയണ്‍ ത്രയങ്ങള്‍ എന്നറിയപ്പെടുന്ന ബ്രോണ്‍സ്, ജെയിംസ്, ഹെംപ് എന്നിവരെ വനിത ബാലണ്‍ ദ്യോര്‍ പുരസ്‌കാര ചുരുക്കപ്പട്ടികയില്‍ ഇടം നേടാന്‍ സഹായിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്നേറ്റ നിര താരം ഖദീജ ഷായുടെ ഇത്തവണ ചുരുക്കപ്പട്ടികയിലുണ്ട്. ആര്‍സണല്‍ താരം മരിയോന കാല്‍ഡെന്റി, ചെല്‍സിയയുടെ ജൊക്കെ നുസ്‌കെന്‍, മയ്ര റമിറേസ് എന്നിവരും 30 അംഗ ചുരുക്കപ്പട്ടികയിലുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാര ജേതാവ് ബാഴ്സലോണ മിഡ്ഫീല്‍ഡര്‍ ഐറ്റാന ബോണ്‍മാറ്റിയും, ബാഴ്‌സലോണ താരവും രണ്ട് തവണ ജേതാവുമായ അലക്‌സിയ പുറ്റെല്ലസും, 2018 ല്‍ പുരസ്‌കാരം സ്വന്തമാക്കിയ അഡാ ഹെഗര്‍ബര്‍ഗും ഇത്തവണയും ചുരുക്കപ്പട്ടികയില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്.

യുഎസ്എ വനിത ടീം പരിശീലക എമ്മ ഹയെസ്, ഇംഗ്ലണ്ടിന്റെ സറീന വെയ്ഗ്മാന്‍, ചെല്‍സിയയുടെ സോണിയ ബോംപാസ്റ്റര്‍ എന്നിവര്‍ വനിത പരിശീലക പുരസ്‌കാരത്തിന് വേണ്ടി ഇത്തവണ കളത്തിലുണ്ട്.

മികച്ച യുവതാരത്തിന് നല്‍കുന്ന കോപ ട്രോഫിക്കു വേണ്ടിയുള്ള മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കോബി മയിനോ, അലജാന്‍ഡ്രോ ഗര്‍ണാഷോ എന്നിവര്‍ നാമിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ ഈ പുരസ്‌കാരം ജൂഡ് ബെല്ലിംഗ്ഹാം ആയിരുന്നു നേടിയത്. കോബി മയ്‌നോയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത് സ്പാനീഷ് താരം യമാലും മാഞ്ചസ്റ്റര്‍ സറ്റി താരം സാവിയോയും ആണ്.

മികച്ച ഗോള്‍കീപ്പര്‍ക്കുള്ള യാഷിന്‍ പുരസ്‌കാരം തുടര്‍ച്ചയായി നേടാനാണ് മാര്‍ട്ടിനസ് ആഗ്രഹിക്കുന്നത്. ഇത്തവണത്തെ കോപ്പ വിജയം അര്‍ജന്റീനിയന്‍ താരത്തിന് മുന്‍തൂക്കം നല്‍കുന്നുണ്ട്. എന്നാല്‍ ലിവര്‍പൂളിലേക്ക് ചേക്കേറാന്‍ തയ്യാറെടുക്കുന്ന, വലന്‍സിയ ഗോള്‍കീപ്പര്‍ ജിയോര്‍ജി മമര്‍ദാഷ്‌വിലി വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതേസമയം പ്രീമിയര്‍ ലീഗിലെ ഗോള്‍ഡന്‍ ഗ്ലൗസ് ജേതാവായ ഡേവിഡ് റയ ചുരുക്കപ്പട്ടികയില്‍ ഇടം നേടാതെ പോയി.

പെപ് ഗാര്‍ഡിയോള, ലൂയിസ് ഡി ലാ ഫ്യുന്റെ, ബയേര്‍ ലെവര്‍കുസന്റെ സാബി അലോന്‍സോ, റയല്‍ മാഡ്രിഡിന്റെ കാര്‍ലോ ആന്‍സലോട്ടി എന്നിവരാണ് പുരുഷ പരിശീലക പുരസ്‌കാരത്തിനായി പ്രധാനമായും ഏറ്റുമുട്ടുന്നത്.  Ballon d’Or shortlist lionel messi and cristiano ronaldo out for the first time since 2003

Content Summary; Ballon d’Or shortlist lionel messi and cristiano ronaldo out for the first time since 2003

Share on

മറ്റുവാര്‍ത്തകള്‍