ഭിന്നശേഷിക്കാരെ പരിഹസിച്ച പ്രശസ്ത സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ സമയ് റെയ്‌നയെ വിമർശിച്ച് സുപ്രീം കോടതി. കോമഡി ഷോയിൽ ഭിന്നശേഷിക്കാരെ പരിഹസിക്കുന്ന തരത്തിൽ നടത്തിയ പരാമർശത്തിൽ ക്ഷമാപണം നടത്തമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. സമയ് റെയ്ന, വിപുൻ ഗോയൽ, ബൽരാജ് പരംജിത് സിംഗ് ഘായ്, സോണാലി തക്കർ, നിഷാന്ത് ജഗദീഷ് തൻവാർ എന്നിവരോട് കോടതിയുടെ നിർദേശം.തങ്ങളുടെ യൂട്യൂബ് ചാനലുകളിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും മാപ്പ് പ്രദർശിപ്പിക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു.
ഇവർ ഭിന്നശേഷിക്കാരെ പരിഹസിച്ചുകൊണ്ടുള്ള തമാശകൾ ഒരു കോമഡി ഷോയിൽ അവതരിപ്പിച്ചതായും, ഇവ യൂട്യൂബ് വീഡിയോ വഴി പ്രചരിക്കുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടി ഡോ. എസ്.എൻ.വി.എൽ. നരസിംഹ റാവു സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് കോടതി ഈ ഉത്തരവിട്ടത്. മറ്റുള്ളവരെ പരിഹസിക്കുന്ന തരത്തിലുള്ള ഇത്തരം സംഭാഷണങ്ങളെ അഭിപ്രായ സ്വാതന്ത്രത്തിന്റെ കീഴിൽ പരിഗണിക്കാൻ പറ്റില്ലെന്ന് കോടതി വ്യക്തമാക്കി. ഭിന്നശേഷിക്കാർ, സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരെ അപമാനിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്ന പ്രസംഗങ്ങൾ തടയുന്നതിനായി സോഷ്യൽ മീഡിയക്ക് മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കാനും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
സമൂഹ മാധ്യമങ്ങൾക്ക് ആവശ്യമായ മാർഗ നിർദേശങ്ങൾ പട്ടികപ്പെടുത്തുന്നത് തിടുക്കത്തിലാവരുത് എന്നും എല്ലാവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും ഉൾക്കൊള്ളുന്ന വിശാലമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
വീഡിയോ പ്രസിദ്ധീകരിച്ച എല്ലാ പ്ലാറ്റ്‌ഫോമുകളിലും ചാനലിന്റെ ഹോംപേജിലും ഒരാഴ്ചത്തേക്ക് മാപ്പ് പ്രദർശിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചത്.
content summary: SC orders Samay Raina and others to display an apology on their channels for mocking persons with disabilities
Leave a Comment