January 21, 2025 |

സംഭാൽ വിഷയം; തൽസ്ഥിതി തുടരാൻ ഉത്തരവിട്ട് സുപ്രീം കോടതി

”ഞങ്ങൾ പണ്ടുമുതലേ ഈ കിണറിൽ നിന്നും വെള്ളമെടുക്കുന്നവരാണ്”

സംഭാലിലെ ജുമാമസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ സുപ്രീം കോടതി കഴിഞ്ഞ ദിവസം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പള്ളിയുടെ കവാടത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന കിണറിന്റെ കാര്യത്തിൽ തൽസ്ഥിതി തുടരാൻ കോടതി ഉത്തരവിട്ടു.

കിണർ സംബന്ധിച്ച് അനുവാദമൊന്നുമില്ലാതെ നടപടിയൊന്നുമെടുക്കരുതെന്നും രണ്ടാഴ്ച്ചയ്ക്കകം തൽസ്ഥിതി എന്താണെന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും, സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

2024 നവംബർ 19ന് സംഭാൽ സീനിയർ ഡിവിഷൻ സിവിൽ ജഡ്ജിയുടെ സർവ്വേ നടത്തുന്നതിനായി അഭിഭാഷക കമ്മീഷണറെ നിയമിക്കുന്നതിനുള്ള ഉത്തരവിനെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു ഷാഹി ജുമാ മസ്ജിദിന്റെ മാനേജ്‌മെന്റ് കമ്മിറ്റി സമർപ്പിച്ച ഹർജി.

ഈ സർവ്വേ അതിക്രമത്തിലേക്കും ജീവഹാനിയിലേക്കും നയിച്ചുവെന്നും കോടതിയുടെ അടിയന്തര ഇടപെടൽ ആവിശ്യമാണെന്നും വാദമുയർന്നിരുന്നു.

”ഞങ്ങൾ പണ്ടുമുതലേ ഈ കിണറിൽ നിന്നും വെള്ളമെടുക്കുന്നവരാണ്” കിണറിന്റെ ചരിത്രപരമായ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് മാനേജ്‌മെന്റ് കമ്മിറ്റി പ്രതിനിധിയും അഭിഭാഷകനുമായ ഹുസേഫ അഹമ്മദി പറഞ്ഞു.

സ്ഥലത്തെ ”ഹരി മന്ദിർ” എന്ന് വിശേഷിപ്പിക്കുന്ന നോട്ടീസ് അവിടെ മതപരമായ പ്രവർത്തനങ്ങൾ ആരംഭിക്കുന്നുവെന്നതിലേക്ക് വിരൽചൂണ്ടുന്നതാണോ എന്ന ആശങ്ക വ്യക്തമാക്കുകയാണ് അഹമ്മദി. എന്നാൽ അവിടെ അത്തരം പ്രവർത്തനങ്ങളൊന്നും ഉണ്ടാകില്ല ദയവായി ഒരു സ്റ്റാറ്റസ് ഫയൽ റിപ്പോർട്ട് ചെയ്യുക എന്നാണ് സിജെഐ പറയുന്നത്.

കിണറിന്റെ കാര്യത്തിൽ തൽസ്ഥിതി തുടരണമെന്നും, ഇതുമായി ബന്ധപ്പെട്ട മറ്റ് അറിയിപ്പുകളൊന്നും തന്നെ പ്രാബല്യത്തിൽ വരില്ലെന്നുമാണ് ബെഞ്ച് വ്യക്തമാക്കുന്നത്.

”കിണർ പള്ളിയുടെ പരിധിക്ക് പുറത്താണ്, ചരിത്രപരമായി നോക്കുകയാണെങ്കിൽ ഇത് ആരാധനയ്ക്ക് ഉപയോഗിച്ചിരുന്നു.” ഹിന്ദുപക്ഷത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ വിഷ്ണു ശങ്കർ പറഞ്ഞു.

കിണർ ഭാഗീകമായി മസ്ജിദ് വളപ്പിനകത്തും ഭാഗീകമായി പുറത്തുമാണെന്ന് പറയുകയാണ് അഹമ്മദി, തന്റെ വാദത്തെ പിന്തുണയ്ക്കുന്നതിനായി ഗൂഗിൾ മാപ്പിലെ ചിത്രവും ഉപയോഗിച്ചു.

പള്ളിയുടെ കവാടത്തിന് സമീപം സ്ഥിതി ചെയ്യുന്ന സ്വകാര്യ കിണർ സംബന്ധിച്ച് തൽസ്ഥിതി നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കാൻ ജില്ലാ മജിസ്‌ട്രേറ്റിന് നിർദേശം നൽകണമെന്ന് ഹർജിയിൽ ആവിശ്യപ്പെടുന്നു.

2024 നവംബർ 19ന് ചന്ദൗസിയിലെ സംഭാലിലെ സീനിയർ ഡിവിഷൻ സിവിൽ ജഡ്ജിയുടെ ഉത്രവിനെതിരെയാണ് തങ്ങൾ ഹർജി നൽകിയത് എന്നാണ് മസ്ജിദ് കമ്മിറ്റി വ്യക്തമാക്കിയത്.

ഷാഹി ജുമാ മസ്ജിദിന്റെ സർവ്വേക്കായി അഡ്വക്കേറ്റ് കമ്മീഷണറെ നിയമിക്കണമെന്ന അപേക്ഷ പ്രാദേശിക കോടതി അനുവദിച്ചു.

ഹർജി നൽകിയ അതേ ദിവസം തന്നെ വാദം കേൾക്കാതെ അനുമതി നൽകുകയായിരുന്നുവെന്നും മസ്ജിദ് കമ്മിറ്റി അറിയിച്ചു.

content summary; SC issues notice in Sambhal Shahi Jama Masjid well dispute, orders status quo

×