June 03, 2026 |
Share on

സ്‌കൂള്‍ ‘ഫിറ്റ’ല്ലെങ്കില്‍ കാര്യങ്ങള്‍ കടുപ്പം; പാലിക്കണം നിര്‍ദേശങ്ങളും ചട്ടങ്ങളും

എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് സ്‌കൂളുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുക

ഓരോ അധ്യയന വര്‍ഷവും ക്ലാസുകള്‍ തുടങ്ങുന്നതിന് മുമ്പ് സ്‌കൂളുകള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നതാണ് ചട്ടം. കെട്ടിടത്തിന്റെ അടിത്തറ മുതല്‍ മേല്‍ക്കൂര വരെ ഫിറ്റാണെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടാല്‍ മാത്രമേ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാവൂ. കെട്ടിടത്തിന്റെ ബലം, അടിത്തറ, മേല്‍ക്കൂര, കതക്, ജനല്‍, തടിപ്പണികള്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി തുടങ്ങി സകല കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ട്. മധ്യവേനലവധിക്കായി സ്‌കൂള്‍ അടയ്ക്കുന്ന വേളയിലാണ് അറ്റകുറ്റപ്പണികള്‍ നടത്തി പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

എല്ലാ അധ്യയന വര്‍ഷവും ആരംഭിക്കുന്നതിന് മുമ്പ് സ്‌കൂളുകള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത്. അതുകൊണ്ട് തന്നെ അറ്റകുറ്റപ്പണികളും പരിശോധനകളും വേഗത്തില്‍ പൂര്‍ത്തിയായാല്‍ മാത്രമേ ആവശ്യമായ മാറ്റങ്ങള്‍ വേണമെങ്കില്‍ അവ കൂടി പൂര്‍ത്തിയാക്കി സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനാകൂ.

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍

തദ്ദേശ സ്ഥാപനങ്ങളാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷനിലെ എല്‍എസ്ഇഡി (ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്) വിഭാഗത്തിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് ഫിറ്റ്‌നസിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്.
മേല്‍ക്കൂരയായി ആസ്ബസ്റ്റോസ് ഷീറ്റുകള്‍ പാടില്ല. കെട്ടിടം, ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, കിണറുകളിലെ സുരക്ഷാഭിത്തികള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍, സ്‌കൂളും പരിസരവും വൃത്തിയാക്കല്‍, കുടിവെള്ള സ്രോതസുകള്‍ വൃത്തിയാക്കല്‍, ശുചിമുറികളുടെ അവസ്ഥ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചാണ് ഫിറ്റ്‌നസ് നല്‍കുക.

അപേക്ഷ കിട്ടിയ പ്രകാരം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നേരിട്ട് പോയി പരിശോധനകള്‍ നടത്തിയ ശേഷമാണ് സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. എന്തെങ്കിലും പോരായ്മ തോന്നിയാല്‍ സംബന്ധിച്ച് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ചൂണ്ടിക്കാണിച്ച് അവ പരിഹരിച്ച ശേഷം മാത്രം സര്‍ട്ടിഫിക്കറ്റ് നല്‍കാവുന്നതാണ്. സ്‌കൂള്‍ കെട്ടിടത്തിനോട് ചേര്‍ന്ന് അനധികൃതവും അപകടകരവുമായ നിര്‍മാണങ്ങള്‍ ഉണ്ടെങ്കിലും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ചൂണ്ടിക്കാട്ടാവുന്നതാണ്. ഒപ്പം കെട്ടിടത്തിന്റെ ബലവും ബലക്ഷയവും പരിശോധിക്കുന്നതും എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ചുമതലയാണ്.

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്‍ കെട്ടിടങ്ങളുടെ ഉയരം, നീളം, വീതി കൃത്യമായി രേഖപ്പെടുത്തണം. ഇക്കാര്യത്തില്‍ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കേണ്ടത് പ്രധാനധ്യാപകരുടെ ചുമതലയാണ്.

സ്‌കൂളുകള്‍ ചെയ്യേണ്ടത്

സംസ്ഥാനത്തെ ഒട്ടുമിക്ക സ്‌കൂളുകളും സ്‌കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് ബന്ധപ്പെട്ട ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കുന്നുണ്ട്. എന്നാല്‍ മറ്റു ചില സ്‌കൂളുകള്‍ മധ്യവേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്നതിനു ശേഷം ജൂണിലോ ജൂലൈയിലോ ഒക്കെയാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നത്.

കെ.ഇ.ആര്‍ അധ്യായം IV, ചട്ടം 8 പ്രകാരം സ്‌കൂള്‍ കെട്ടിടങ്ങളുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ മെയ് 10 നു മുമ്പാണ് പൂര്‍ത്തിയാക്കേണ്ടത്. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കുകയും വേണം. സ്‌കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷിതത്വത്തിന് വിദ്യാഭ്യാസ ഏജന്‍സി/മാനേജര്‍/വിദ്യാഭ്യാസ ഓഫീസര്‍ എന്നിവര്‍ക്കാണ് ഉത്തരവാദിത്തമെന്നും ചട്ടം നിഷ്‌കര്‍ഷിക്കുന്നു. സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വിദ്യാഭ്യാസ ഓഫീസില്‍ എത്തിയെന്ന് എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും പ്രത്യേകം ഉറപ്പുവരുത്തേണ്ടതാണ്.

സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചാല്‍ സ്‌കൂള്‍ മാനേജര്‍മാരും പ്രധാനധ്യാപകരും കുറ്റക്കാരാകും. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സ്‌കൂളിന് ഉണ്ടെങ്കില്‍ മാത്രമേ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പോലും ലഭ്യമാകൂ.

അറ്റകുറ്റപ്പണി നടത്തുന്നതിന് ആവശ്യമായ ഫണ്ട് സ്‌കൂളുകള്‍ക്ക് യഥാസമയം നല്‍കാത്തത് സ്‌കൂളുകള്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്. എയ്ഡഡ് സ്‌കൂളുകളില്‍ മാനേജര്‍മാര്‍ക്കും ഗവ. എല്‍.പി, യു.പി സ്‌കൂളുകളില്‍ ഗ്രാമപഞ്ചായത്തിനും ഹൈസ്‌കൂളുകളില്‍ ജില്ലാ പഞ്ചായത്തിനുമാണ് അറ്റകുറ്റപ്പണികളുടെ ചുമതല. ഏതെങ്കിലും സ്‌കൂള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവര്‍ത്തിക്കാനിടയായാല്‍ അതിന്റെ ഉത്തരവാദിത്തം പ്രധാനധ്യാപകനും വിദ്യാഭ്യാസ ഓഫീസര്‍ക്കും മാനേജര്‍ക്കും ആയിരിക്കുമെന്നും ചട്ടത്തില്‍ വ്യക്തമാക്കുന്നു.

വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന നിര്‍ദേശം

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌കൂളുകളില്‍ വാടക കെട്ടിടത്തിലോ മറ്റ് സ്ഥാപനങ്ങളിലോ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഈ കെട്ടിടങ്ങള്‍ കൂടി പരിശോധിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം. പിടിഎയുടെ നേതൃത്വത്തില്‍ ജനകീയ സന്നദ്ധ പ്രവര്‍ത്തനം നടത്തി സ്‌കൂള്‍ ശുചീകരിക്കണം. സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, റസിഡ്ന്റ്‌സ് അസോസിയേഷനുകള്‍, അധ്യാപക-വിദ്യാര്‍ത്ഥി-ബഹുജന സംഘടനകള്‍ മുതലായവയെ സഹകരിപ്പിക്കണം

സ്‌കൂളിനടുത്തുള്ള വെള്ളക്കെട്ടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവയ്ക്ക് സുരക്ഷാഭിത്തികള്‍ നിര്‍മിക്കണം. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇത് ശ്രദ്ധിക്കണം. സ്‌കൂള്‍ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗ്‌സ് എന്നിവ നീക്കം ചെയ്യണം. സ്‌കൂളിലേക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൈദ്യുത പോസ്റ്റുകള്‍, വൈദ്യുത കമ്പികള്‍ എന്നിവ ഒഴിവാക്കണം.

കുടിവെള്ള സ്രോതസ്സുകള്‍ വൃത്തിയാക്കി ക്ലോറിനേഷന്‍ അടക്കമുള്ള ജല ശുചീകരണ നടപടി പൂര്‍ത്തിയാക്കണം. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം. ദുരന്ത ലഘൂകരണത്തിന് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പരിശീലനം ലഭ്യമാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍.

നിര്‍ദേശങ്ങളില്‍ പലതും പാലിക്കപ്പെടാതെ തട്ടിക്കൂട്ടി സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുന്ന സ്‌കൂളുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പലപ്പോഴും അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് വേണ്ടത്ര നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടല്ല സ്‌കൂള്‍ പ്രവര്‍ത്തിച്ചതെന്ന് തിരിച്ചറിയുന്നത്. School fitness Certificate; instructions and rules to be followed

Content Summary: School fitness Certificate; instructions and rules to be followed

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×