2024 ലെ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട സിനിമകളായ മഞ്ഞുമ്മൽ ബോയ്സിന്റെയും ആവേശത്തിന്റെയും സംവിധായകർ ഒന്നിക്കുന്നു. കെ വി എൻ പ്രൊഡക്ഷസും തെസ്പിയാൻ ഫിലിംസും ചേർന്ന് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചിദംബരമാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ജിത്തു മാധവനും. മലയാള സിനിമയെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്തിയ ഒരു പിടി ചിത്രങ്ങളിൽ ഉൾപ്പെടുന്ന സിനിമകളുടെ സംവിധായകർ ഒന്നിക്കുന്നുവെന്ന വാർത്ത വലിയ പ്രതീക്ഷയാണ് ആരാധകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. ഷൈലജ ദേശായി ഫെൻ ആണ് ചിത്രം അവതരിപ്പിക്കുന്നത്.
കെ വി എൻ പ്രൊഡക്ഷൻസ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ചിദംബരത്തിന്റേയും ജിത്തു മാധവന്റേയും പേരുകൾ മാത്രമല്ല സിനിമാപ്രേമികളെ ഈ പ്രോജക്ടിൽ ആകർഷിക്കുന്നത്. അജയൻ ചാലിശേരി, ഷൈജു ഖാലിദ്, സുഷിൻ ശ്യാം, വിവേക് ഹർഷൻ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഷൈജു ഖാലിദാണ്.
മഞ്ഞുമ്മൽ ബോയ്സിന്റെയും ആവേശത്തിന്റെയും മ്യൂസിക് ഡയറക്ടറായിരുന്ന സുഷിൻ ശ്യാമാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളുടെ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് റിപ്പോർട്ട്. ദീപക് പരമേശ്വരൻ, പൂജാ ഷാ, കസാൻ അഹമ്മദ്, ധവൽ ജതനിയ, ഗണപതി എന്നിവരാണ് മറ്റുള്ള അണിയറ പ്രവർത്തകർ. യാഷ് നായകനാകുന്ന ടോക്സിക്, ദളപതി 69 തുടങ്ങി വലിയ പ്രോജക്ടുകളാണ് നിലവിൽ കെ വി എൻ പ്രൊഡക്ഷൻ നിലവിൽ നിർമിക്കുന്നത്.
മലയാള സിനിമക്ക് പ്രശംസനീയർഹമായ പേര് നേടിക്കൊടുത്ത സംവിധായകരും പ്രമുഖരായ അണിയറപ്രവർത്തകും ഒന്നിക്കുന്ന ചിത്രത്തിന്റെ കാത്തിരിപ്പിലാണ് ഇപ്പോൾ എല്ലാവരും. തങ്ങളുടെ ഒത്തുചേരലിൽ വലിയ പ്രതീക്ഷയുണ്ടെന്ന് ചിദംബരവും ജിത്തു മാധവനും പറഞ്ഞു. നല്ല കഥകൾ സിനിമയാക്കുന്ന ഇത്രയും വലിയൊരു ടീമിനൊപ്പം പ്രവർത്തിക്കാൻ പോകുന്നതിന്റെ ത്രില്ലിലാണ് താനെന്ന് ചിദംബരം പറഞ്ഞു. ഈ സ്‌ക്രിപ്റ്റ് തൻ്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണെന്നും ഇത്തരമൊരു മികച്ച ടീമിൻ്റെ പിന്തുണയോടെ ചെയ്യുന്ന സിനിമ മികച്ചതായിരിക്കുമെന്നും ജിത്തു മാധവനും കൂട്ടിച്ചേർത്തു.
Content Summary: chidambarams new film scripted by jithu madhavan
chidambaram jithu madhavan mollywood manjummel boys