July 09, 2025 |

കേരളത്തിൻ്റെ സീപ്ലെയ്ൻ യാത്രയ്ക്ക് ഭീഷണിയാകുന്ന രാഷ്ട്രീയ ചുഴലികൾ

കേരളത്തിന്റെ ടൂറിസം മേഖലയില്‍ കുതിച്ച് ചാട്ടമുണ്ടാക്കാന്‍ പോകുന്ന ഒരു പദ്ധതിയാണ് സീപ്ലെയിന്‍

കേരളത്തിന്റെ ടൂറിസം മേഖലയില്‍ കുതിച്ച് ചാട്ടമുണ്ടാക്കാന്‍ പോകുന്ന ഒരു പദ്ധതിയാണ് സീപ്ലെയിന്‍. നവംബര്‍ പതിനൊന്നിനായിരുന്നു പരീക്ഷണ പറക്കല്‍. കൊച്ചിയിലെ ബോള്‍ഗാട്ടി മറീനയില്‍ നിന്നും ഇടുക്കിയിലെ മാട്ടുപ്പെട്ടി ഡാമിലേക്കാണ് പരീക്ഷണ പറക്കല്‍ നടന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ റീജിയണല്‍ കണക്ടിവിറ്റി സ്‌കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസ് ആണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി കൂടി വര്‍ധിപ്പിക്കുന്നതാണ് പദ്ധതി. seaplane milestone in the tourism sector of Kerala

ജലത്തിലും കരയിലും ഒരുപോലെ സഞ്ചരിക്കാന്‍ കഴിയുന്നതരം ഗതാഗത സംവിധാനമാണ് സീപ്ലെയിനുകള്‍ എന്ന് അറിയപ്പെടുന്ന ജലവിമാനങ്ങള്‍. ഇവ ഹൈഡ്രോ പ്ലെയിന്‍സ് എന്നും അറിയപ്പെടുന്നു. സാങ്കേതിക സൗകര്യങ്ങളെ അടിസ്ഥാനപ്പെടുത്തി ഇവയെ ഫ്ളോട്ട് പ്ലെയിനുകള്‍, ഫ്ളൈയിംഗ് പ്ലെയിനുകള്‍ എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. റണ്‍വേയ്ക്ക് പകരം ജലത്തിലൂടെ നീങ്ങി ടേക് ഓഫ് നടത്തുകയും ജലത്തില്‍ തന്നെ ലാന്‍ഡിങ് നടത്തുകയുമാണ് ഈ വിമാനം ചെയ്യുന്നത്. ഒരുതവണ ഇന്ധനം നിറച്ചാല്‍ നാനൂറ് കിലോമീറ്റര്‍ പറക്കാനാകും. രാത്രിയാത്ര അനുവദനീയമല്ല.

സീപ്ലെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിലൂടെ ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിലെ കൂടുതല്‍ ഡെസ്റ്റിനേഷനുകള്‍ സന്ദര്‍ശിക്കാമെന്ന സാധ്യത വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാകും. കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ തമ്മിലുള്ള കണക്ടിവിറ്റിയും വാട്ടര്‍ ഡ്രോമുകളും വിമാനത്താവളങ്ങളും തമ്മിലുള്ള കണക്ടിവിറ്റിയും വര്‍ധിപ്പിക്കാന്‍ അവസരമൊരുക്കുന്നതാണ് സീപ്ലെയിന്‍.

ഉഡാന്‍ വ്യവസ്ഥകള്‍

രാജ്യത്ത് സീപ്ലെയ്ന്‍ സര്‍വീസുകള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച പദ്ധതിയാണ് ഉഡാന്‍. ഇത് യാത്രക്കാര്‍ക്ക് ലാഭവും ഗുണപ്രദവുമെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കനത്ത ബാധ്യതയാകാനാണ് സാധ്യത. യാത്രാ സൗകര്യം കുറഞ്ഞ മേഖലകളെ ചെറുവിമാനങ്ങളും ഹെലികോപ്റ്ററുകളും സീപ്ലെയിനുകളും ഉപയോഗിച്ച് ബന്ധിപ്പിക്കാനും കുറഞ്ഞ ചെലവില്‍ ആകാശയാത്ര സാധ്യമാക്കാനും ലക്ഷ്യമിട്ടാണ് ഉഡാനിലെ ആര്‍സിഎസ്എസ്എഎസ് (റീജനല്‍ കണക്ടിവിറ്റി സ്‌കീം സ്മോള്‍ എയര്‍ക്രാഫ്റ്റ് സര്‍വീസസ്) പദ്ധതികള്‍ നടപ്പാക്കുന്നത്.

9 മുതല്‍ 15 സീറ്റുകള്‍ മാത്രമുള്ള ചെറുവിമാനങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സീറ്റ് കുറവായതുകൊണ്ട് ചെറിയ ദൂരം സഞ്ചരിക്കുന്നതിന് പോലും വലിയ ചെലവുവരും ഇത് മറികടക്കാന്‍ ഓരോ റൂട്ടിലെയും പരമാവധി നിരക്ക് (എയര്‍ഫെയര്‍ ക്യാപ്) നേരത്തേ നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്. ഈ നിരക്ക് വളരെ കുറവാണെന്നതാണ് യാത്രക്കാരുടെ നേട്ടം. കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്നതുകൊണ്ട് എയര്‍ലൈന്‍ കമ്പനിക്ക് ഉണ്ടാകുന്ന നഷ്ടം വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) വഴി നികത്തും. ടിക്കറ്റ് നിരക്കിന്റെ മൂന്നിരട്ടിയോളം ഉയര്‍ന്ന തുകയാണ് വിജിഎഫ് ആയി എയര്‍ലൈന്‍ കമ്പനിക്ക് നല്‍കേണ്ടത്. ഈ തുക മുഴുവനായും വഹിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 10% തുക കേന്ദ്രം നല്‍കുമെന്നാണ് വ്യവസ്ഥ. വിജിഎഫ് തുകയുടെ 80% കേന്ദ്രം വഹിക്കുമെന്നായിരുന്നു ഉഡാന്‍ പദ്ധതിയുടെ തുടക്കത്തിലെ തീരുമാനം. 20% മാത്രമേ സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കേണ്ടതുള്ളൂ. എന്നാല്‍ സീപ്ലെയ്നടക്കം ചെറു ആകാശ വാഹനങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ പദ്ധതിയില്‍ വിജിഎഫ് 100 ശതമാനവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ടതുണ്ട്. വാട്ടര്‍ എയ്റോഡ്രോമുകളുടെ നിര്‍മാണം, പരിപാലനം, സുരക്ഷ, ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം, ടിക്കറ്റ് കൗണ്ടറുകള്‍, കാത്തിരിക്കാനുള്ള സൗകര്യം, ശുദ്ധജലം എന്നിവയെല്ലാം ഒരുക്കേണ്ടതും സംസ്ഥാനത്തിന്റെ കടമയാണ്.

വാട്ടര്‍ എയര്‍ഡ്രോമിന് സഹായമില്ല

എന്നാല്‍ ഉഡാന്‍ പദ്ധതിയിലേക്ക് ആവശ്യമായ സീപ്ലെയിന്‍ എയര്‍ഡ്രോമുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അഞ്ച് വര്‍ഷമായി ധനസഹായം നല്‍കി വരികയാണ്. എന്നാല്‍ കേരളം ഇതിലേക്കായി അപേക്ഷ സമര്‍പ്പിക്കാത്തതിനാല്‍ മുഴുവന്‍ ചിലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ കേരളം താല്‍പര്യം അറിയിക്കാത്തതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായ പട്ടികയിലും കേരളമില്ല. ആദ്യഘട്ടത്തില്‍ തന്നെ താല്‍പര്യമറിയിച്ച സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 14 വാട്ടര്‍ എയര്‍ഡ്രോമുകളുടെ ചിലവ് 287 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ ലക്ഷദ്വീപിലെ അഞ്ച് എയ്റോഡ്രോമുകള്‍ക്ക് 100 കോടിയും അനുവദിച്ചു. ഉഡാന്‍ എസ്എഎസ് പദ്ധതിയില്‍തന്നെ കേരളം താല്‍പര്യമറിയിച്ച് കത്ത് നല്‍കിയത് കഴിഞ്ഞമാസം മാത്രമാണ്.

ആന്‍ഡമാന്‍ നിക്കോബാറിലെ സ്വരാജ് ദ്വീപ്, ഷഹീദ് ദ്വീപ്, നീല്‍ പോര്‍ട്ട്, പോര്‍ട്‌ബ്ലെയര്‍, ലക്ഷദ്വീപിലെ അഗത്തി, മിനിക്കോയ്, കവരത്തി, തെലങ്കാനയിലെ നാഗാര്‍ജുന്‍ സാഗര്‍, ആന്ധ്രപ്രദേശിലെ പ്രകാശം ബാര്‍ജ്, അസമിലെ ഗുവാഹത്തി നദി, ഉമ്രഗ്‌സോ ഡാം, ഗുജറാത്തിലെ സബര്‍മതി നദി, ശത്രുഞ്ജയ് ഡാം, സര്‍ദാര്‍ സരോവര്‍ ഡാം (സ്റ്റാച്യു ഓഫ് യൂണിറ്റി) എന്നിവയാണ് ആദ്യഘട്ടത്തില്‍ അനുമതി ലഭിച്ച സ്ഥലങ്ങള്‍. ഇതില്‍ സര്‍ദാര്‍ സരോവര്‍, സബര്‍മതി എന്നിവിടങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ലക്ഷദ്വീപിലെ ബംഗാരം, ബിത്ര, കടമത്ത്, കല്‍പേനി, കില്‍ത്താന്‍ എന്നിവിടങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ അനുമതി നല്‍കിയത്.

മാലിദ്വീപുമായുണ്ടായ നയതന്ത്ര പ്രശ്നങ്ങളുടെ പേരില്‍ ലക്ഷദ്വീപ് ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി നേരിട്ട് രംഗത്തിറങ്ങിയിരുന്നു. ഇതോടെ ലക്ഷദ്വീപിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയ സീപ്ലെയിന്‍ റൂട്ടിലാണ് കൊച്ചി- അഗത്തി ഉള്‍പ്പെട്ടത്. കൊച്ചിയില്‍ ബോള്‍ഗാട്ടിയിലാണ് എയ്‌റോഡ്രോം ഒരുക്കേണ്ടത്. ഇതിനുള്ള തുക കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല.

സീപ്ലെയിനെതിരെ വനം വകുപ്പ്

മാട്ടുപ്പെട്ടിയില്‍ സീപ്ലെയിന്‍ ഇറക്കുന്നതിനെതിരെ വനം വകുപ്പ് രംഗത്തുവന്നിട്ടുണ്ട്. സീപ്ലെയിന്‍ പദ്ധതിക്കായി ഒരുക്കിയ സ്ഥലം വന്യജീവികളുടെ ആധിക്യമുള്ള സ്ഥലമായതിനാല്‍ സീപ്ലെയിന്‍ കൊണ്ടുവരുന്നത് വന്യജീവികളെ ബാധിക്കുമെന്നാണ് മൂന്നാര്‍ ഡി എഫ് ഒ ഇന്‍ ചാര്‍ജ് ജോബ് ജെ നേര്യംപറമ്പില്‍ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. നേരത്തെ സംയുക്ത പരിശോധന നടക്കുന്ന സമയത്ത് തന്നെ വന്യജീവികളെപ്പറ്റിയുള്ള ആശങ്ക വനം വകുപ്പ് അറിയിച്ചിരുന്നു. സീപ്ലെയിന്‍ പദ്ധതി പ്ലാന്‍ ചെയ്യുന്ന മാട്ടുപ്പെട്ടി ജലാശയം വനമേഖലയ്ക്ക് സമീപമാണ് എന്നത് വന്യജീവികളുടെ സൈ്വര്യ വിഹാരത്തെ ബാധിക്കുമെന്ന് വനം വകുപ്പ് വ്യക്തമാക്കുന്നു. seaplane milestone in the tourism sector of Kerala

content summary; Seaplane is a project that is going to make milestone in the tourism sector of Kerala

Leave a Reply

Your email address will not be published. Required fields are marked *

×