June 06, 2026 |
Share on

ജന്മാവകാശ പൗരത്വ നിയന്ത്രണം; ട്രംപിനെ തടഞ്ഞ് കോടതി

ഉത്തരവ് ഭരണഘടന വിരുദ്ധമാണെന്നു കോടതി

ജന്മാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിക്കത്തിന് തിരിച്ചടി. പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജി ജോണ്‍ കൗഗ്നൂര്‍ താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്. വ്യാഴാഴ്ച പുറപ്പെടുവിച്ച വിധി, 14 ദിവസത്തേക്ക് പുതിയ നയം നടപ്പിലാക്കുന്നത് തടഞ്ഞിരിക്കുകയാണ്.

അധികാരമേറ്റ ആദ്യ ദിവസം തന്നെ ട്രംപ് ഒപ്പുവെച്ച ഉത്തരവില്‍, മാതാപിതാക്കള്‍ നിയമപരമായ സ്ഥിര താമസക്കാര്‍ അല്ലാത്തപക്ഷം യുഎസില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം നിഷേധിക്കാന്‍ ഫെഡറല്‍ ഏജന്‍സികളോട് നിര്‍ദേശിക്കുന്നുണ്ടായിരുന്നു. അമേരിക്കന്‍ പൗരത്വ നിയമങ്ങള്‍ മാറ്റിയെഴുതാനുള്ള ട്രംപിന്റെ ‘നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്’ നിയമപരമായ കിട്ടുന്ന ആദ്യത്തെ തിരിച്ചടിയാണ് കോടതി വിധി.

റിപ്പബ്ലിക്കനായിരുന്ന മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ നിയമിച്ച ജഡ്ജിയാണ് ജോണ്‍ കൗഗ്നര്‍ എന്നതും ശ്രദ്ധേയമാണ്. ജന്മാവകാശ പൗരത്വം നിയന്ത്രിക്കുന്ന പ്രസിഡന്റ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവിനെതിരേ ശക്തമായി വിമര്‍ശനമാണ് ജഡ്ജി ഉയര്‍ത്തിയത്. ഭരണഘടനാ വിരുദ്ധം എന്നാണ് ജഡ്ജി ഉത്തരവിനെ കുറ്റപ്പെടുത്തിയത്. ട്രംപിന്റെ ഉത്തരവ് യുഎസ് ഭരണഘടനയെ വ്യക്തമായി ലംഘിക്കുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. പ്രത്യേകിച്ച് 14-ാം ഭേദഗതിയുടെ പൗരത്വ വ്യവസ്ഥയെ. ഇത് യുഎസിന്റെ മണ്ണില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും പൗരത്വം ഉറപ്പുനല്‍കുന്ന ഒന്നാണ്.

ഇത്തരമൊരു ഉത്തരവ് പ്രസിഡന്റില്‍ നിന്നുണ്ടായത് തന്നെ ഞെട്ടിച്ചുവെന്നാണ് ജഡ്ജി പറയുന്നത്. ഇങ്ങനെയൊരു ഉത്തരവ് ഭരണഘടനാപരമാണെന്ന് കരുതാന്‍ നീതിന്യായ വകുപ്പ് തയ്യാറാകുമെന്നു താന്‍ കരുതിയില്ലെന്നും കൗഗ്‌നര്‍ പറയുന്നു. ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്തുന്ന പ്രസിഡന്റ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാപരമാണെന്നാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ അഭിഭാഷകനായ ബ്രെറ്റ് ഷുമാറ്റ് വാദിച്ചത്. എങ്ങനെ ഇത്തരത്തില്‍ ആത്മവിശ്വാസത്തോടെ ഇക്കാര്യം അവകാശപ്പെടാന്‍ കഴിയുമെന്നാണ് അവിശ്വാസത്തോടെയും ഞെട്ടലോടെയും ജഡ്ജി ജോണ്‍ കൗഗ്നൂര്‍ പ്രതികരിച്ചത്. ‘ഇത് എന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്നു’ എന്നായിരുന്നു ജഡ്ജി പറഞ്ഞത്.

ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന നാല് സംസ്ഥാനങ്ങള്‍- വാഷിംഗ്ടണ്‍, അരിസോണ, ഇല്ലിനോയിസ്, ഒറിഗോണ്‍- ജന്മാവകാശ പൗരത്വത്തിനെതിരായ ഉത്തരവ് 14-ാം ഭേദഗതിയുടെ പൗരത്വ വ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ട്രംപ് ഭരണകൂടത്തിനെതിരേ കോടതി സമീപിച്ചിരുന്നു. യുഎസില്‍ ജനിക്കുന്ന ഒരാള്‍ക്ക്, അവരുടെ മാതാപിതാക്കള്‍ കുടിയേറ്റക്കാരാണെന്ന കാരണം പറഞ്ഞു പൗരത്വം നിഷേധിക്കാന്‍ ശ്രമിക്കുന്നതത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഡെമോക്രാറ്റിക് സംസ്ഥാനങ്ങള്‍ പറയുന്നത്. ‘ ഒരാള്‍ യുഎസിലാണ് ജനിച്ചതെങ്കില്‍, അയാള്‍ ഇവിടുത്തെ ഒരു പൗരനാണ്’ എന്ന് 14-ാം ഭേദഗതി വ്യക്തമാക്കുന്നുണ്ടെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്.

1868ലെ ആഭ്യന്തരയുദ്ധത്തിനുശേഷമാണ് 14-ാം ഭേദഗതി ഭരണഘടനയുടെ ഭാഗമാകുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ജനിച്ചവര്‍ സ്വയമേവ യുഎസ് പൗരന്മാരാണെന്നാണ് ഭേദഗതിയില്‍ പറയുന്നത്. അടിമകളായ കറുത്തവര്‍ഗ്ഗക്കാര്‍ക്കും അവരുടെ പിന്‍ഗാമികള്‍ക്കും പൗരത്വം നിഷേധിച്ച 1857-ലെ ഡ്രെഡ് സ്‌കോട്ട് തീരുമാനത്തിനെതിരായ പ്രതികരണമായിരുന്നു ഈ ഭേദഗതി. അതിനുശേഷം, യുഎസില്‍ ജനിച്ച എല്ലാ കുട്ടികളെയും, അവരുടെ മാതാപിതാക്കള്‍ അമേരിക്കന്‍ പൗരന്മാരല്ലെങ്കില്‍ പോലും, പൗരത്വം നല്‍കാമെന്ന് പൗരത്വ വ്യവസ്ഥയില്‍ വ്യാഖ്യാനിക്കുന്നുണ്ട്. 127 വര്‍ഷം മുമ്പ് സുപ്രിം കോടതി ഈ വ്യാഖ്യാനത്തെ അംഗീകരിച്ചിരുന്നു. പൗരന്മാരല്ലാത്ത മാതാപിതാക്കള്‍ക്ക് യുഎസില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വത്തിന് അര്‍ഹതയുണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് വേഴ്‌സസ് വോങ് കിം ആര്‍ക്ക് കേസില്‍ സുപ്രിം കോടതി വിധിച്ചു. ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് ഈ ദീര്‍ഘകാല കീഴ്വഴക്കത്തെ മറികടക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഈ നീക്കത്തിന് കാര്യമായ നിയമ വെല്ലുവിളികള്‍ നേരിടേണ്ടിവരുമൊന്നാണ് നിയമ പണ്ഡിതര്‍ പറയുന്നത്.

ട്രംപിന്റെ നയമനുസരിച്ച്, ‘ഇന്ന് ജനിക്കുന്ന കുഞ്ഞുങ്ങളെ യുഎസ് പൗരന്മാരായി കണക്കാക്കില്ല’ എന്ന അവസ്ഥയുണ്ടാകുമെന്നായിരുന്നു വാദം കേള്‍ക്കുന്നതിനിടയില്‍, വാഷിംഗ്ടണ്‍ അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ലെയ്ന്‍ പൊലോസോള കോടതിയെ ഓര്‍മിപ്പിച്ചത്. ഉത്തരവിന്റെ ഉടനടി സ്വാധീനത്തെക്കുറിച്ചായിരുന്നു പൊലോസോള കോടതിയില്‍ ഊന്നിപ്പറഞ്ഞത്. ഈ ഉത്തരവ് പ്രതിവര്‍ഷം 150,000 നവജാതശിശുക്കളില്‍ നിന്ന് അടിസ്ഥാന അവകാശങ്ങള്‍ ഇല്ലാതാക്കുമെന്നും അവര്‍ പ്രായമാകുമ്പോള്‍ അവര്‍ക്ക് സാമൂഹിക സുരക്ഷാ നമ്പറുകളോ സര്‍ക്കാര്‍ ആനുകൂല്യങ്ങളോ നിയമപരമായ തൊഴിലവസരങ്ങളോ ഇല്ലാതെയാക്കുമെന്നും പൊലോസോളയും മറ്റ് സംസ്ഥാന ഉദ്യോഗസ്ഥരും കോടതിയില്‍ വാദിച്ചു.

ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ ട്രംപ് വളരെക്കാലമായി ശ്രമിക്കുന്നുണ്ട്. 2016 ലെ തന്റെ ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അദ്ദേഹത്തിന്റെ കുടിയേറ്റ അജണ്ടയുടെ മൂലക്കല്ലായി മാറിയ നയമാണിത്. എന്നാല്‍ ആദ്യ ടേമില്‍, എക്‌സിക്യൂട്ടീവ് നടപടിയിലൂടെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുക എന്ന ആശയം ട്രംപ് അവതരിപ്പിച്ചുവെങ്കിലും, ഈ നിര്‍ദ്ദേശം ഒരിക്കലും നയമായി രൂപീകരിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ അദ്ദേഹം ലക്ഷ്യത്തിലേക്ക് കാര്യങ്ങള്‍ നീക്കുക തന്നെ ചെയ്തു. ജന്മാവകാശ പൗരത്വ നിയന്ത്രണത്തിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവ് അമേരിക്കന്‍ പൗരത്വത്തിന്റെ മാനദണ്ഡങ്ങള്‍ പുനര്‍നിര്‍വചിക്കാനുള്ള തീവ്രമായ ശ്രമങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഇത് ഇന്ത്യക്കാര്‍ അടക്കമുള്ള ലക്ഷക്കണക്കിന് കുടിയേറ്റക്കാരുടെ ഭാവി അവതാളത്തിലാക്കും.  Seattle court temporarily blocked an executive order by President Donald Trump Birthright citizenship

Content Summary; Seattle court temporarily blocked an executive order by President Donald Trump Birthright citizenship

Leave a Reply

Your email address will not be published. Required fields are marked *

×