ബിഹാറിലെ മിക്കവാറും എല്ലാ വികസന സൂചികകളിലും ഏറ്റവും താഴ്ന്ന സ്ഥാനത്തുള്ളവയാണ്, പൂർണിയ, കതിഹാർ, കിഷൻഗഞ്ച്, സുപോൾ, അരാരിയ ജില്ലകൾ ഉൾപ്പെടുന്ന മുസ്ലീം ഭൂരിപക്ഷ പ്രദേശമായ സീമാഞ്ചൽ മേഖല. മൺസൂൺ കാലം ഇവിടുത്തെ ജനങ്ങൾക്ക് ദുരിതകാലമാണ്. മഴ കനക്കുമ്പോൾ പ്രദേശത്തുണ്ടാകുന്ന വെള്ളപ്പൊക്കമാണ് അവരുടെ പ്രധാന ആശങ്ക. എന്നാൽ ഇക്കുറി, സീമാഞ്ചലിനെ അലട്ടുന്ന മറ്റൊരു ആശങ്ക കൂടിയുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണം. ഇവിടെ ചുരുക്കം ചിലർക്ക് മാത്രമാണ്, ഇതിനാവശ്യമായ രേഖകളുള്ളതും, അവയെക്കുറിച്ച് അറിവുള്ളതും.
സമൂഹത്തിലെ ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ആളുകളെയായിരിക്കും ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളത്. കാരണം അവരിൽ ഭൂരിഭാഗവും കൈവശം വച്ചിരിക്കുന്ന ഏക ഔദ്യോഗിക രേഖകൾ എൻറോൾമെന്റിന് സാധുതയുള്ളതല്ല. സീമാഞ്ചൽ ആസ്ഥാനമായുള്ള രാഷ്ട്രീയ പാർട്ടികൾ ഇതിനോടകം തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്ത് വന്നു കഴിഞ്ഞു. പൂർണിയ എംപിയും സ്വതന്ത്രനുമായ രാജേഷ് രഞ്ജൻ എന്ന പപ്പു യാദവ്, പുനഃപരിശോധന നടത്തുന്ന ബൂത്ത് ലെവൽ ഓഫീസർമാരായ ബിഎൽഒമാരുമായി സഹകരിക്കരുതെന്ന് ജനങ്ങൾക്ക് ആഹ്വാനം നൽകിക്കഴിഞ്ഞു. കതിഹാറിൽ, ബർസോയിയിൽ നിന്നുള്ള സിപിഐ (എംഎൽ-ലിബറേഷൻ) എംഎൽഎ മെഹബൂബ് ആലം തന്റെ മണ്ഡലത്തിലെ വോട്ടർമാർക്കും ഇതേ നിർദ്ദേശം തന്നെയാണ് നൽകിയിരിക്കുന്നത്. പപ്പു യാദവും സിപിഐ (എംഎൽ-ലിബറേഷൻ) സഖ്യകക്ഷികളായ ആർജെഡിയും, അവരുടെ ദേശീയ വൈസ് പ്രസിഡന്റ് ശിവാനന്ദ് തിവാരിയും നടപടിയെ ശക്തിയുക്തം എതിർക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
നാല് ജില്ലകളിലായി ജനസംഖ്യയുടെ 40% ത്തിലധികം വരുന്ന സീമാഞ്ചലിനെ (കിഷൻഗഞ്ചിൽ അവരുടെ ജനസംഖ്യ 70% ത്തിലധികം) തിവാരി, നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഈ നീക്കത്തെക്കുറിച്ചുള്ള ചർച്ചയുടെ കേന്ദ്രബിന്ദുവായി കണക്കാക്കുന്നു. പശ്ചിമ ബംഗാളും നേപ്പാളും അതിർത്തി പങ്കിടുന്ന സീമാഞ്ചൽ ബംഗ്ലാദേശുമായി അടുത്താണ് എന്ന വസ്തുത, അനധികൃത കുടിയേറ്റം സംബന്ധിച്ച ആരോപണങ്ങൾക്കും കാരണമാകുന്നു. ഇത് നടപടികൾക്ക് മറ്റൊരു മാനം നൽകുന്നുവെന്ന് ആർജെഡി നേതാവ് കൂട്ടിച്ചേർക്കുന്നു.
ആർഎസ്‌എസ് അജണ്ട നടപ്പിലാക്കാനുള്ള ഒരു ദുഷ്ട പദ്ധതിയുടെ ഭാഗമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കമെന്ന് തിവാരി കുറ്റപ്പെടുത്തി. അനധികൃത കുടിയേറ്റക്കാരെ ഇല്ലാതാക്കാൻ ഇത് ഉപയോഗിക്കാൻ കഴിയില്ല. അതിനാവശ്യമായ ഡാറ്റയോ ഉപകരണങ്ങളോ കേന്ദ്രത്തിന് ഇല്ല.
2003 ലെ വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവരിൽ നിന്ന് (അവസാനമായി പ്രത്യേക തീവ്രമായ പുനരവലോകനം നടത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുമ്പോൾ) തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെടുന്ന 11 രേഖകൾ പൗരത്വം തെളിയിക്കുന്നതിന് തുല്യമാണ്.
അങ്ങനെ സ്വന്തം പൗരത്വം തെളിയിക്കേണ്ടി വരുന്ന നിരവധി ആളുകളിൽ ഒരാളാണ് 37 വയസ്സുള്ള പ്രാനുഫിനിസ ഖാത്തൂൺ എന്ന യുവതിയും. പൂർണ്ണിയയിലെ റാംപൂർ കോത്തി ഘട്ട് ഗ്രാമത്തിലെ വാടക വീട്ടിൽ താമസിക്കുന്ന അവർ വീട്ടുടമസ്ഥന്റെ വയലിൽ ജോലി ചെയ്താണ് കുടുംബം പോറ്റുന്നത്. താൻ കഴിഞ്ഞ 15 വർഷമായി, ബിഹാറിലെ രജിസ്റ്റർ ചെയ്ത വോട്ടറാണെന്ന് പ്രാനുഫിനിസ പറയുന്നു. 2003 ലെ വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തതിനാൽ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നിയമം അറിഞ്ഞയുടൻ അവർ ഡൊമിസൈൽ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചു. തന്റെ കൈവശമുള്ള ആധാർ കാർഡ് മാത്രമേ അതിന് ആവശ്യമുള്ളൂ എന്ന് അവർ കേട്ടിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു ബിഎൽഒയും റാംപൂർ കോത്തി ഘട്ടിലേക്ക് എത്തിയിട്ടില്ലാത്തതിനാൽ, അത് മാത്രം മതിയോ എന്ന കാര്യത്തിലും അവർക്ക് ഉറപ്പില്ല. പുതിയ നിയമത്തെക്കുറിച്ച് ഇതുപോലും അറിയാത്ത നിരവധി മനുഷ്യർ അവിടെ വേറെയുമുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്രമങ്ങൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ വേഗത്തിൽ വിതരണം ചെയ്യാൻ വകുപ്പുകൾക്ക് നിർദ്ദേശമുണ്ടെങ്കിലും, പ്രക്രിയ പൂർത്തിയാക്കുന്നതിന് കൃത്യസമയത്ത് സർട്ടിഫിക്കറ്റുകൾ ലഭിക്കുമോ എന്ന് ഖത്തൂണിനും അവരെപ്പോലുള്ള ഗ്രാമത്തിലെ 20 ഓളം കുടുംബങ്ങളിലെ അംഗങ്ങൾക്കും ഉറപ്പില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമയപരിധി പ്രകാരം, പുതിയ എണ്ണൽ ഫോമുകളെ അടിസ്ഥാനമാക്കിയുള്ള ഒരു കരട് വോട്ടർ പട്ടിക ഓഗസ്റ്റ് 1 നകം തയ്യാറാക്കണം.
“എൻറോൾമെന്റിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെടുന്ന 11 രേഖകളിൽ ആധാർ, പാൻ, എംഎൻആർഇജിഎസ് കാർഡുകൾ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ, പിന്നെ എന്തു കൊണ്ടാണ് അവ ആദ്യം നൽകിയത്,” പൂർണിയയുടെ മറ്റൊരു ഭാഗത്തുള്ള ധംദഹയിലെ ദിവസവേതനക്കാരനായ മുഹമ്മദ് അഫ്സർ അലി ചോദിക്കുന്നു.
” 2003 ലെ വോട്ടർ പട്ടികയിൽ തന്റെ പേര് ഉണ്ട്, എന്നാൽ 1987 ന് ശേഷം ജനിച്ച തന്റെ രണ്ട് സഹോദരന്മാരുടെ ഡൊമിസൈൽ സർട്ടിഫിക്കറ്റിനായി അപേക്ഷിക്കേണ്ടതുണ്ട്. സാധാരണയായി ഇത് ലഭിക്കാൻ 15 ദിവസം വരെ കാലതാമസമെടുക്കാറുണ്ട്, എന്നാൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇതുവരെ ബിഎൽഒമാർ ഞങ്ങളോട് ഒന്നും പറഞ്ഞിട്ടില്ല. ഇത് പിൻവാതിലിലൂടെയുള്ള ദേശീയ പൗരത്വ രജിസ്‌ട്രേഷൻ ആണ്. കേന്ദ്രത്തിനുവേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നു” കിഷൻഗഞ്ചിലെ ജമുനിഗരി ഗ്രാമത്തിൽ, ദിവസവേതനക്കാരനായ 42 കാരൻ ഷാരിഖ് പറയുന്നു. “വോട്ടർ പട്ടികയിൽ നിന്ന് ഞങ്ങളുടെ പേരുകൾ നീക്കം ചെയ്യപ്പെട്ടാൽ ഞങ്ങൾ എന്തുചെയ്യും?” പ്രദേശവാസികൾ ചോദിക്കുന്നു.
“ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ബിഎൽഒമാരില്ല. ഞങ്ങൾ തെരുവിലിറങ്ങുകയാണ്. സുതാര്യതയില്ലാത്ത ഈ പരിഷ്കരണം പിൻവലിക്കണം,” കിഷൻഗഞ്ച് ജില്ലാ കോൺഗ്രസ് പ്രസിഡന്റ് അലി ഇമാം ചിന്തു പറഞ്ഞു. കിഷൻഗഞ്ച് ജില്ലയിലെ ബഹാദൂർഗഞ്ചിലെ നഗർ പഞ്ചായത്തിലെ നാലാം വാർഡിൽ എൻറോൾമെന്റ് ഫോമുകൾ ശേഖരിക്കുന്ന തിരക്കിലാണ് ബിഎൽഒ ആയ നൗഷാദ് അഹമ്മദ്. തനിക്ക് ചുറ്റും ആധാർ കാർഡുകളുമായി നിൽക്കുന്നവരോട് അവ സാധുതയുള്ളതല്ല, വേഗം ഒരു ഡൊമിസൈൽ സർട്ടിഫിക്കറ്റ് വാങ്ങൂ എന്ന് ആവർത്തിക്കുകയാണ് നൗഷാദ്.
“പരിമിതമായ സമയമാണ് ഉള്ളത്, ഈ ബൂത്തിലെ 1,456 വോട്ടർമാരിൽ, പൂരിപ്പിച്ച 20 ഫോമുകൾ മാത്രമേ എനിക്ക് അപ്‌ലോഡ് ചെയ്യാൻ കഴിഞ്ഞുള്ളൂ, കാരണം തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് വൈകിയാണ് എത്തിയത്. കൂടാതെ ഈ പ്രക്രിയയുടെ പ്രാധാന്യം ആളുകൾ ഇതുവരെ മനസ്സിലാക്കിയിട്ടില്ല. വോട്ടർമാരുടെ, ഗ്രാമത്തിനു പുറത്തുള്ള 20% ത്തിലധികം വരുന്ന ബന്ധുക്കൾ ചുരുങ്ങിയ സമയത്തിനുള്ളിൽ അവർ എങ്ങനെ വോട്ടർ പട്ടികയിൽ ചേരുമെന്ന കാര്യത്തിൽ ആശങ്കയിലാണ്” നൗഷാദ് പറഞ്ഞു.
60 കിലോമീറ്ററിലധികം അകലെയുള്ള അരാരിയയിലെ ഹർദാർ ഗ്രാമത്തിൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഷ്കരണ വാർത്ത പലരും അറിഞ്ഞു തുടങ്ങിയതേയുള്ളു. അന്തരിച്ച ആർജെഡി നേതാവ് മുഹമ്മദ് തസ്ലിമുദ്ദീന്റെ മണ്ഡലമായിരുന്നതിനാൽ ഒരുകാലത്ത് അരാരിയ ബീഹാർ രാഷ്ട്രീയത്തിൽ ഏറെ പ്രാധാന്യം നേടിയ പ്രദേശമായിരുന്നു, എന്നാൽ ഇപ്പോൾ മുൻഗണനാ പട്ടികയിൽ ഏറ്റവും താഴ്ന്ന സ്ഥാനത്താണ് അരാരിയ.
“ഇതുവരെ ഒരു ബിഎൽഒയും തനിക്ക് പരിചയമുള്ള ആരെയും സമീപിച്ചിട്ടില്ല, എന്തുചെയ്യണമെന്ന് ഞങ്ങൾക്ക് അറിയില്ല. ഞങ്ങൾക്ക് ആധാർ കാർഡുകൾ മാത്രമേ ഉള്ളൂ.”മദ്രസ അധ്യാപകനായ 40 കാരനായ മുഹമ്മദ് ഷമീം ആശങ്കപ്പെട്ടു. സർക്കാരിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് പലരും തങ്ങളുടെ ആശങ്ക പങ്കുവെക്കുന്നുണ്ട്.
അനധികൃത വോട്ടർമാരെ നീക്കം ചെയ്യുന്നതിനുള്ള നടപടി ആണെങ്കിൽ പോലും, വളരെ കുറച്ച് ആസൂത്രണം മാത്രമേ അതിൽ നടന്നിട്ടുള്ളൂ എന്ന് പൂർണിയ, അരാരിയ, കിഷൻഗഞ്ച് ജില്ലകളിലെ ബിഎൽഒമാർ സാക്ഷ്യപ്പെടുത്തുന്നു. “പുനർപരിശോധന പ്രക്രിയയിൽ യഥാർത്ഥ വോട്ടർമാരും അല്ലാത്തവരും ഒഴിവാക്കപ്പെടും,” അവർ പറയുന്നു. വിഷയത്തിൽ മഹാഗത്ബന്ധൻ ജൂലൈ 9 ന് ബീഹാർ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ തങ്ങളുടെ വോട്ടർമാർ വോട്ട് ചെയ്യാൻ കഴിയാത്ത അവസ്ഥയിലാകുമോ എന്ന ഭയം എൻഡിഎ അണികളിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.
ജെഡിയു, ലോക് ജനശക്തി പാർട്ടി പ്രവർത്തകർ സ്വകാര്യമായി സംഭവിക്കാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം) മേധാവി ഉപേന്ദ്ര കുശ്‌വാഹ ജനങ്ങളുടെ ആശങ്കകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഹരിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ബംഗാൾ അതിർത്തിയോട് ചേർന്നുള്ള പൂർണിയ ജില്ലയിലെ കസ്ബ, ധംദഹ ബ്ലോക്കുകളിൽ, പ്രാദേശിക സുർജാപുരി ഭാഷയ്ക്ക് പുറമേ, ബംഗാളിയും സംസാരിക്കാറുണ്ട്. ബംഗ്ലാദേശിലേക്ക് തങ്ങളെ നാടുകടത്തുമോ എന്ന ഭയവും ജനങ്ങളിലുണ്ട്.
“തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം രാഷ്ട്രീയ ചർച്ചകളെ മാറ്റിമറിച്ചു. ഇത്രയും ദിവസമായി ആളുകൾ നിതീഷ് കുമാറിനെനും ലാലു പ്രസാദ് നെനും പ്രശാന്ത് കിഷോറിനെനും
കുറിച്ചാണ് ചർച്ച ചെയ്യുന്നത്. എന്നാൽ ഇപ്പോൾ നമ്മൾ വോട്ടർമാരാണോ അല്ലയോ എന്ന് ചർച്ച ചെയ്യുകയാണ്.” മുഹമ്മദ് യൂസഫ് എന്ന യുവാവും തന്റെ പ്രതിഷേധം രേഖപ്പെടുത്തി. Seemanchal concerned over voter list revision
Content Summary: Seemanchal concerned over voter list revision
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.