January 18, 2025 |

വാർത്തകൾ കെട്ടുകാഴ്ചകളാകുന്നു; മാറിയ മാധ്യമരീതിയെ വിമർശിച്ച് മുതിർന്ന മാധ്യമപ്രവർത്തകർ

സ്പൈസി കണ്ടന്റുകൾ നൽകുന്ന ഇവർ മാധ്യമപ്രവർത്തകർ എന്ന ലേബലിന് അർഹരല്ല

കലോത്സവ റിപ്പോർട്ടിങ്ങുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്ത വിഷയവും, 24 ന്യൂസ് ചാനൽ സീനിയർ എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിമിനെതിരെയുള്ള കേസും മാധ്യമരം​ഗത്തെ മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകളിലേക്ക് നയിച്ചിരിക്കുകയാണ്. മാധ്യമങ്ങളിലൂടെ എന്തും വിളിച്ചുപറയാമെന്ന അവസ്ഥയിലേക്ക് മാധ്യമപ്രവര്‍ത്തർ എത്തിയിരിക്കുന്നു. മാറിയ മാധ്യമരീതിയെക്കുറിച്ചും ആത്മാർത്ഥതയില്ലാത്ത മാധ്യമപ്രവർത്തനത്തെക്കുറിച്ചും മുതിർ മാധ്യമപ്രവർത്തകർ അഴിമുഖത്തോട് പ്രതികരിക്കുന്നു. media

വാർത്തകൾ കെട്ടുകാഴ്ചകളായി മാറിയെന്നും എഡിറ്റർ എന്ന ഇൻസ്റ്റിറ്റ്യൂഷൻ ഇല്ലാതായെന്നും കെ. ജെ ജേക്കബ് അഴിമുഖത്തോട് പറഞ്ഞു. ‘എല്ലാ മാധ്യമങ്ങൾക്കും എഡിറ്റർ എന്നൊരു ഇൻസ്റ്റിറ്റ്യൂഷനുണ്ട്. നമ്മുടെ സമൂഹത്തിൽ പല രീതിയിലുള്ള സംഭാഷണങ്ങൾ നടക്കാറുണ്ട്. മാധ്യമത്തെ വ്യത്യസ്തമാക്കുന്നത് എഡിറ്റർ എന്നൊരു ഇൻസ്റ്റിറ്റ്യൂഷനാണ്. ജനാധിപത്യത്തിന്റെ നാലാം തൂണ് എന്നാണ് മാധ്യമങ്ങളെ അറിയപ്പെടുന്നത്. അതിനൊരു കാരണമുണ്ട്. പൗരന് മാധ്യമങ്ങളിലൂടെ വിവരങ്ങൾ ലഭിക്കുകയും ആ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൗരൻ എടുക്കുന്ന തീരുമാനങ്ങളിലൂടെയാണ് ഒരു രാജ്യം മുന്നോട്ട് പോകുന്നത്. പൗരന്മാർക്ക് ശരിയായ വിവരങ്ങൾ എത്തിക്കുക എന്നതാണ് മാധ്യമങ്ങളുടെ ഉത്തരവാദിത്തം.’

‘അതിൽ വീഴ്ച സംഭവിച്ചാൽ പൗരന്മാർ സ്വീകരിക്കുന്ന നിലപാടുകളിൽ തെറ്റ് വരികയും രാജ്യത്തിന്റെ ജനാധിപത്യത്തെ അത് ബാധിക്കുകയും ചെയ്യും. വിവരങ്ങൾ കൃത്യതയുള്ളതാണോയെന്ന് പരിശോധിക്കുന്നതിന് എഡിറ്റർ എന്നൊരു ഇൻസ്റ്റിറ്റ്യൂഷന് വലിയൊരു പങ്കുണ്ട്. എന്നാൽ കാലക്രമേണ ഈയൊരു ഇൻസ്റ്റിറ്റ്യൂഷൻ ഇല്ലാതായി. ഓരോരുത്തർ അവർക്ക് തോന്നുന്ന രീതിയിൽ കാര്യങ്ങൾ വിളിച്ചുപറയുന്ന ഒരു അവസ്ഥ വന്നു. എഡിറ്റർമാർ ഉള്ള ഒരു സ്ഥാപനത്തിൽ അത് നടക്കില്ല. ഒരു അടിസ്ഥാന പോളിസി സൃഷ്ടിക്കുകയും അതിൽ നിന്ന് വ്യതിചലിച്ചാൽ അത് തിരുത്തുകയും ചെയ്യുന്ന ഒരു രീതി പണ്ട് മാധ്യമസ്ഥാപനങ്ങളിലുണ്ടായിരുന്നു. എന്നാൽ മാധ്യമത്തിന് തന്നെ ഒരു പ്രത്യേക പോളിസി ഇല്ലാതാകുന്ന ഒരു അവസ്ഥയുണ്ടായി. അതാണ് പ്രധാന കാരണം.’

‘വാർത്തകൾ ഇപ്പോൾ കെട്ടുകാഴ്ചകളായി മാറിയിരിക്കുകയാണ്. കലോത്സവം റിപ്പോർട്ട് ചെയ്യാൻ പോയിട്ട് കുട്ടികളുടെ കലാപരിപാടികളൊന്നുമല്ല വാർത്തയായി നൽകുന്നത്. മറിച്ച് വാർത്താ അവതാരകർ തന്നെ എന്തൊക്കെയോ കാട്ടിക്കൂട്ടുകയാണ്. സിനിമയും സീരിയലുകളും നാടകങ്ങളും പോലെ വാർത്തയെ കെട്ടുകാഴ്ചയാക്കി മാറ്റുകയാണ് ഇവിടത്തെ ചില മാധ്യമപ്രവർത്തകർ. എന്തും എവിടെവെച്ചും പറയാം എന്നുള്ള അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി. ഇത് വളരെ നേരത്തെ തന്നെ ചെറുക്കേണ്ടതായിരുന്നു. ഇതിനെതിരെ ആരെങ്കിലും കേസുമായ മുന്നോട്ട് പോയതിൽ എനിക്ക് സന്തോഷമുണ്ട്. സമൂഹത്തിനോട് വളരെ ഉത്തരവാദിത്തമുള്ള ഒരു ജോലിയാണ് മാധ്യമപ്രവർത്തനം. വളരെ അച്ചടക്കത്തോടെ മികച്ച രീതിയിൽ അതിനെ സമീപിക്കണം’, മാധ്യമപ്രവർത്തകൻ കെ. ജെ ജേക്കബ് പറഞ്ഞു.

മാധ്യമപ്രവർത്തനം ഒരു രാഷ്ട്രീയ പ്രവർത്തനമായി മാറിയിരിക്കുകയാണെന്നും മാധ്യമപ്രവർത്തകനെന്ന പേരിന് പലരും അർഹരല്ലെന്നും മാധ്യമപ്രവർത്തകൻ എൻ. പത്മനാഭൻ അഴിമുഖത്തോട് പറഞ്ഞു. ‘രണ്ട് രീതിയിലാണ് ഞാൻ ഇതിനെ കാണുന്നത്. ഒന്ന് ഈ സമൂഹത്തിൽ ജീവിക്കുന്ന ഒരു സാധാരണ മനുഷ്യനെന്ന നിലയിൽ ചിലത് കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ നമുക്ക് അറപ്പ് തോന്നും. മറ്റൊന്ന് 35 വർഷം മാധ്യമ രം​ഗത്ത് പ്രവർത്തിച്ച ആളെന്ന് നിലക്ക് ആ ജോലിയോട് ആത്മാർത്ഥത കാണിക്കേണ്ടത് നമ്മുടെ കടമയാണ്. ആ ആത്മാർത്ഥതയില്ലായ്മയാണ് ഞാൻ ഇവിടെ കാണുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാധ്യമപ്രവർത്തനം ഒരു രാഷ്ട്രീയ പ്രവർത്തനമായി മാറിയിരിക്കുകയാണ്. പലതിനെയും വാർത്തയെന്ന് പറയാൻ കഴിയാത്ത അവസ്ഥയാണ്. ടെലിവിഷൻ ജേർണലിസം വലിയ ഒരു വ്യവസായമാണ്. ഈ വ്യവസായത്തിന് ഔട്ട്പുട്ട് ഉണ്ടാക്കുന്നതിന് വേണ്ടി ഏത് തരത്തിലുള്ള ഡേർട്ടി റോമെറ്റീരിയലും ഉപയോ​ഗിക്കാമെന്ന രീതിയിലേക്ക് ഇത് മാറിക്കഴിഞ്ഞു.’

Post Thumbnail
മലയാള സാഹിത്യത്തെ കറന്റടിപ്പിച്ച തോമസ് മുണ്ടശ്ശേരിവായിക്കുക

‘പത്രങ്ങൾ മാത്രമുള്ള കാലത്തും ടെലിവിഷൻ ജേർണലിസത്തിന്റെ തുടക്കകാലത്തും ലാഭം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ക്വാളിറ്റി മെറ്റീരിയൽസ് എന്നത് ഒരു മാനദണ്ഡമായിരുന്നു. യാതൊരു ജീവിതാനുഭവങ്ങളോ സാമൂഹിക ബോധമോ ഇല്ലാത്ത ആളുകൾ ഈ തൊഴിലിലേക്ക് പ്രവേശിക്കുന്നതും ഒരു പ്രശ്നമാണ്. സാമൂഹ്യ-രാഷ്ട്രീയവത്കരണ പ്രക്രിയയിലൂടെയാണ് ഒരു പത്രപ്രവർത്തകനുണ്ടാകുന്നത്. ഈ സാമൂഹ്യ-രാഷ്ട്രീയവത്കരണ പ്രക്രിയക്ക് വിധേയരാകാത്തവരാണ് ഇന്ന് ടെലിവിഷൻ വ്യവസായത്തിൽ നിൽക്കുന്ന 80 ശതമാനം പേരും. സ്പൈസി കണ്ടന്റുകൾ നൽകുന്ന ഇവർ മാധ്യമപ്രവർത്തകർ എന്ന ലേബലിന് അർഹരല്ല.’

‘അതിന് ഉദാഹരണങ്ങളാണ് അരുൺ കുമാർ എന്ന വ്യക്തിയും ഷാബാസ് എന്ന റിപ്പോർട്ടറും. അരുൺ കുമാർ ഒരു അധ്യാപകനായിരുന്നു എന്നത് കൂടി ഓർക്കണം. അപ്പോൾ അയാൾ കുട്ടികളോട് പെരുമാറുന്ന രീതി എന്തായിരിക്കും. ഈ സംഭവത്തെക്കുറിച്ച് വാർത്താ ചാനലിൽ ഇരുന്ന് പറഞ്ഞിട്ട് അരുൺ കുമാറിനൊരു വെകിളച്ചിരിയുണ്ട്, അതാണ് എന്നെ ഞെട്ടിച്ചുകളഞ്ഞത്. ബോബി ചെമ്മണ്ണൂരിന്റെ ഇരട്ടപെറ്റ ജീവിയാണ് അരുൺ കുമാർ. ഒരു ജേർണലിസ്റ്റ് ഡീൽ ചെയ്യുന്നത് സമൂഹത്തിലെ പ്രശ്നങ്ങളുമായിട്ടാണ്. എന്നാൽ ടെലിവിഷൻ വ്യവസായത്തിൽ നടക്കുന്നത് അതല്ല, മുതലാളിമാരെ സുഖിപ്പിച്ച് റേറ്റിങ്ങ് കൂട്ടുകയാണ് അവരുടെ ലക്ഷ്യം’, എൻ. പത്മനാഭൻ പറഞ്ഞു.

ചാനലിൻ്റെ റേറ്റിങ്ങിനുവേണ്ടി എന്തും ചെയ്യുന്ന രീതിയിലേക്ക് മാധ്യമപ്രവർത്തകർ മാറിയിരിക്കുന്നുവെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ ജേക്കബ് ജോർജ് അഴിമുഖത്തോട് പ്രതികരിച്ചു. ‘ചാനൽ റേറ്റിങ്ങാണ് ടെലിവിഷൻ മാധ്യമപ്രവർത്തനത്തിന്റെ പ്രധാന ഘടകം. ചാനലിന്റെ റേറ്റിങ്ങ് കൂടേണ്ടത് ഓരോ ചാനലിലെയും മാധ്യമപ്രവർത്തകരുടെ അടിസ്ഥാന ആവശ്യമായി മാറിയിരിക്കുകയാണ്. എന്ത് പറഞ്ഞും എന്ത് കാണിച്ചും വാർത്തയാണെന്ന് പറഞ്ഞ് അവതരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നതും അതുകൊണ്ട് തന്നെയാണ്’, ജേക്കബ് ജോർജ് പറഞ്ഞു. media

Content summary: Senior journalists criticize the changed media style

arun kumar k j jacob media television journalism

×