June 26, 2026 |
Share on

ഭീഷണിപ്പെടുത്തി റഷ്യൻ സൈന്യത്തിൽ ചേർത്തെന്ന് ഏഴ് ഇന്ത്യൻ യുവാക്കൾ

‘എത്തിയത് നിർമ്മാണ ജോലിക്കായി’

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍, റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ശേഷം കാണാതായ നിരവധി ഇന്ത്യക്കാരെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുന്നതിനിടെ, മറ്റൊരു കൂട്ടം യുവാക്കളെക്കൂടി റഷ്യന്‍ സൈന്യം നിര്‍ബന്ധിച്ച് യുദ്ധമുന്നണിയിലേക്ക് അയച്ചതായി റിപ്പോര്‍ട്ട്. പഠനത്തിനും ബിസിനസ് വിസയിലുമായി മോസ്‌കോയിലെത്തിയ ഏഴ് യുവാക്കളാണ് തങ്ങളെ ഏജന്റ് കബളിപ്പിച്ച് റഷ്യന്‍ സൈനിക ക്യാമ്പിലെത്തിച്ചെന്ന് വെളിപ്പെടുത്തിയത്. 2025 ഓഗസ്റ്റ് 18-നാണ് ഇവരെ റഷ്യന്‍ സൈനിക ക്യാമ്പിലേക്ക് കൊണ്ടുപോകുകയും അവിടെ ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

മോസ്‌കോയ്ക്ക് പുറത്ത് നിര്‍മ്മാണത്തൊഴിലാളികളായി ജോലി ചെയ്താല്‍ മാസം 20 ലക്ഷം രൂപ ലഭിക്കുമെന്നും മൂന്ന് മാസത്തേക്ക് 80 ലക്ഷം രൂപ വരെ സമ്പാദിക്കാമെന്നും വാഗ്ദാനം നല്‍കിയാണ് ഇവരെ സൈന്യത്തിന്റെ ഭാഗമാക്കിയത്. എന്നാല്‍, ഈ കരാര്‍ റഷ്യന്‍ സൈന്യവുമായി ബന്ധിപ്പിക്കുന്ന ഒന്നാണെന്ന് പിന്നീടാണ് അവര്‍ മനസ്സിലാക്കിയത്. ക്യാമ്പില്‍ കുടുങ്ങിയ ഈ യുവാക്കള്‍ വാട്ട്സ്ആപ്പ് വഴി ‘ദി വയറി’ന് വീഡിയോകള്‍ അയച്ച്, തങ്ങളെ രക്ഷിക്കാന്‍ മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയോടും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറോടും അപേക്ഷിച്ചു.

പഞ്ചാബ്, ജമ്മു, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ളവരായ ഗുര്‍സേവാക്ക് സിങ്, സച്ചിന്‍ ഖജൂറിയ, സുമീത് ശര്‍മ്മ, ബൂട്ടാ സിങ്, ഗീതിക് കുമാര്‍, അങ്കിത്, വിജയ് സിങ് എന്നിവരാണ് നിലവില്‍ ഡോണെറ്റ്‌സ്‌ക് മേഖലയിലെ സെലിഡോവ് ക്യാമ്പില്‍ കഴിയുന്നത്.

Indian youths trapped in Russia's

പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലക്കാരനായ 26 കാരന്‍ ഗുര്‍സേവാക്ക് സിങ്ങിനെ ബുധനാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ യുദ്ധമുന്നണിയിലേക്ക് അയച്ചതായി അദ്ദേഹത്തിന്റെ ഭാര്യ സുമന്‍ പറഞ്ഞു. മോസ്‌കോയില്‍ വര്‍ക്ക് വിസയിലുള്ള സുമന്‍, സഹായത്തിനായി ഇന്ത്യന്‍ എംബസിയേയും വിദേശകാര്യ മന്ത്രാലയത്തേയും സമീപിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് കൂട്ടിച്ചേര്‍ത്തു.

ഗുര്‍സേവാക്ക് തന്റെ പഠന വിസയ്ക്കായി 3.5 ലക്ഷം രൂപയാണ് ചെലവഴിച്ചത്. തന്റെ വിസയുടെ കാലാവധി സെപ്റ്റംബര്‍ 19-ന് അവസാനിക്കുമെന്ന് അറിയിച്ചിട്ടും റഷ്യന്‍ സൈനികര്‍ അത് അവഗണിച്ചതായി ഗുര്‍സേവാക്ക് ‘ദി വയറി’നോട് പറഞ്ഞു.

ദുബായില്‍ രണ്ട് വര്‍ഷം ജോലി ചെയ്ത ശേഷമാണ് ഗുര്‍സേവാക്ക് 2024 സെപ്റ്റംബറില്‍ പഠന വിസയില്‍ റഷ്യയിലെത്തിയത്. അവിടെ മോസ്‌കോ സ്റ്റേറ്റ് ലിംഗ്വിസ്റ്റിക് യൂണിവേഴ്‌സിറ്റിയില്‍ ഒരു വര്‍ഷത്തെ റഷ്യന്‍ ഭാഷാ കോഴ്‌സിന് ചേര്‍ന്നു. പഠനത്തോടൊപ്പം ജോലി ചെയ്യാന്‍ അനുമതിയുള്ളതിനാല്‍, നല്ല വരുമാനം ലഭിക്കുന്ന നിര്‍മ്മാണ ജോലികളും ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു.

മോസ്‌കോയിലെ ഒരു നിര്‍മ്മാണ സൈറ്റില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഗുര്‍സേവാക്കും സുഹൃത്തുക്കളും ഒരു സ്ത്രീയുമായി പരിചയപ്പെടുന്നത്. മാസം 20 ലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്ത്, അവര്‍ അവരെ മോസ്‌കോയിലെ ഷെറെമെത്യേവോ വിമാനത്താവളത്തില്‍ നിന്ന് ചിലിമ്നി എന്ന സ്ഥലത്തേക്ക് കൊണ്ടുപോയി.

‘അത് റഷ്യന്‍ സര്‍ക്കാര്‍ സൈറ്റാണെന്നാണ് അവര്‍ ഞങ്ങളോട് പറഞ്ഞത്. ഉയര്‍ന്ന ശമ്പളം കേട്ട് ഞങ്ങള്‍ ആ വാഗ്ദാനത്തില്‍ വിശ്വസിച്ചു. സാധാരണ കുടുംബങ്ങളില്‍ നിന്നുള്ളവരായതുകൊണ്ട് കൂടുതല്‍ പണം സമ്പാദിക്കാന്‍ മോസ്‌കോയ്ക്ക് പുറത്തേക്ക് പോകുന്നത് നല്ല തീരുമാനമായി ഞങ്ങള്‍ക്ക് തോന്നി,’ ഗുര്‍സേവാക്ക് പറഞ്ഞു.

അവിടെ എത്തിയ ഉടനെ നേരെ റഷ്യന്‍ സൈനിക ക്യാമ്പിലേക്കാണ് കൊണ്ടുപോയത്. അവിടെ 15 ദിവസത്തെ അടിസ്ഥാന പരിശീലനത്തിന് ശേഷം യുദ്ധമുന്നണിയിലേക്ക് അയച്ചു. ”തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് റഷ്യന്‍ ഭാഷയിലുള്ള കരാറുകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചത്. വിസമ്മതിച്ചാല്‍ കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി,” ഗുര്‍സേവാക്ക് വെളിപ്പെടുത്തി.

ഗുര്‍സേവാക്കിന്റെ അഭിപ്രായത്തില്‍, അവരുടെ സംഘത്തില്‍ ആദ്യം 15 പേരുണ്ടായിരുന്നു. അതില്‍ അഞ്ച് പേര്‍ ഇതിനകം യുദ്ധമുന്നണിയില്‍ മരിച്ചു. മൂന്ന് പേരെ അടുത്തിടെയും ഗുര്‍സേവാക്കിനെ സെപ്റ്റംബര്‍ 10-നുമാണ് യുദ്ധഭൂമിയിലേക്ക് അയച്ചത്.

”എന്റെ ഭര്‍ത്താവിനെ യുദ്ധത്തിനായി അയച്ചപ്പോള്‍ ഞാന്‍ മോസ്‌കോയില്‍ ഒറ്റയ്ക്കായിരുന്നു. രണ്ട് ദിവസം മുന്‍പ് എന്റെ അമ്മായിയമ്മ മരിച്ചു. അവരുടെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് പോലും എനിക്ക് ഇന്ത്യയിലേക്ക് മടങ്ങാനായില്ല. പണമുണ്ടാക്കാനുള്ള ആഗ്രഹത്തിലാണ് ഞങ്ങള്‍ ഈ സാഹസത്തിന് മുതിര്‍ന്നത്, പക്ഷേ ഞങ്ങള്‍ ഒരു കെണിയില്‍ വീഴുമെന്ന് അറിഞ്ഞില്ല,’ ഗുര്‍സേവാക്കിന്റെ ഭാര്യ സുമന്‍ കണ്ണീരോടെ പറഞ്ഞു.

സംഘത്തിലെ മറ്റൊരംഗമായ, ജമ്മു സ്വദേശിയായ 22 കാരന്‍ സുമീതും പഠന വിസയിലാണ് റഷ്യയിലെത്തിയത്. പണവും സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് വനിതാ ഏജന്റ് തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് സുമീത് ‘ദി വയറിനോട്’ പറഞ്ഞു.

ആദ്യം റെസ്റ്റോറന്റുകളിലാണ് ജോലി ചെയ്തിരുന്നത്, പിന്നീട് നിര്‍മ്മാണ സൈറ്റിലേക്ക് മാറിയപ്പോഴാണ് ആ വനിതാ ഏജന്റിനെ കണ്ടുമുട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

മോസ്‌കോ സ്റ്റേറ്റ് ലിംഗ്വിസ്റ്റിക് യൂണിവേഴ്‌സിറ്റിയില്‍ എന്റോള്‍ ചെയ്ത ശര്‍മ്മ, ചിലിമ്‌നിയില്‍ എത്തിയപ്പോഴാണ് ബങ്കറുകള്‍ നിര്‍മ്മിക്കാനാണ് തങ്ങളെ കൊണ്ടുവന്നതെന്ന് മനസ്സിലാക്കിയത്. ”ആദ്യം ക്യാമ്പ് ഉദ്യോഗസ്ഥര്‍ ഞങ്ങളെ യുദ്ധഭൂമിയിലേക്ക് അയക്കില്ലെന്ന് ഉറപ്പ് നല്‍കി. എന്നാല്‍, പിന്നീട് സൈന്യത്തില്‍ ചേരാന്‍ നിര്‍ബന്ധിച്ചു. ഞങ്ങള്‍ വിസമ്മതിച്ചപ്പോള്‍, റഷ്യന്‍ ഭാഷയില്‍ ഒപ്പിട്ട കരാറുകള്‍ കാണിച്ചു. ഓടിപ്പോയാലോ വിസമ്മതിച്ചാലോ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മോസ്‌കോയിലെ ഞങ്ങളുടെ സുഹൃത്തുക്കള്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല,” അദ്ദേഹം പറഞ്ഞു.

ക്യാമ്പില്‍ 30 ലധികം ഇന്ത്യക്കാരെ കണ്ടതായും, അവരില്‍ പലരെയും യുദ്ധമുന്നണിയിലേക്ക് അയച്ചെങ്കിലും പിന്നീട് തിരിച്ചെത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ഇപ്പോള്‍ ഞങ്ങള്‍ ആറ് പേര്‍ മാത്രമാണ് ഇവിടെയുള്ളത്. നേപ്പാള്‍, വിയറ്റ്‌നാം, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ഇവിടെ കുടുങ്ങിക്കിടക്കുന്നത് ഞങ്ങള്‍ കണ്ടു.”

ശര്‍മ്മയുടെ ബന്ധുവും ജമ്മു സ്വദേശിയുമായ ഖജൂരിയയും കബളിപ്പിക്കപ്പെട്ടതായി പറഞ്ഞു. ‘ഞാന്‍ ഒരു റെസ്റ്റോറന്റിലാണ് ജോലി ചെയ്തിരുന്നത്, എന്നാല്‍ കൂടുതല്‍ വരുമാനത്തിനായി നിര്‍മ്മാണ ജോലിയിലേക്ക് മാറി. മുമ്പ് റഷ്യന്‍ സൈന്യം നേരിട്ട് വിദേശികളെ റിക്രൂട്ട് ചെയ്യുമായിരുന്നു. ഇപ്പോള്‍ മൂന്നാം കക്ഷി ഏജന്റുമാരാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പലര്‍ക്കും ശമ്പളം ലഭിച്ചിട്ടില്ലെന്ന് പിന്നീട് ഞങ്ങള്‍ മനസ്സിലാക്കി. എന്റെ മാതാപിതാക്കള്‍ക്ക് എന്റെ ഇപ്പോഴത്തെ അവസ്ഥ അറിയില്ല. അറിഞ്ഞാല്‍ അവര്‍ തകര്‍ന്നുപോകും,’ ഖജൂരിയ പറഞ്ഞു.

അതിനിടെ, ഹരിയാനയിലെ ഫത്തേഹാബാദില്‍ നിന്നുള്ള വിജയ് ശര്‍മ്മ (24), തന്റെ കുടുംബം സഹായത്തിനായി മുഖ്യമന്ത്രി നയബ് സിങ് സൈനിയെ സമീപിച്ചതായി അറിയിച്ചു. ”വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി സംസാരിക്കാമെന്ന് മുഖ്യമന്ത്രി എന്റെ മാതാപിതാക്കള്‍ക്ക് ഉറപ്പുനല്‍കി, പക്ഷേ ഇനി എന്ത് സംഭവിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല,” വിജയ് ‘ദി വയറി’നോട് പറഞ്ഞു.

വിജയ്‌യുടെ റഷ്യയിലേക്കുള്ള രണ്ടാമത്തെ സന്ദര്‍ശനമായിരുന്നു ഇത്. ഒരു വര്‍ഷത്തെ പഠന വിസയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം, ജൂലൈ 15-ന് ഒരു ബിസിനസ് വിസയിലാണ് വീണ്ടും റഷ്യയിലെത്തിയത്. ‘ഞാനിവിടെ സ്ഥിരതാമസമാക്കുന്നതിന് മുന്‍പ് തന്നെ സൈന്യത്തില്‍ ചേരാനായി എന്നെ കബളിപ്പിച്ചു. ഞങ്ങള്‍ ചിലിമ്‌നിയില്‍ എത്തിയ ഉടന്‍ ഏജന്റ് ഫോണ്‍ എടുക്കുന്നത് നിര്‍ത്തി. ഞങ്ങളുടെ അവസ്ഥയെക്കുറിച്ച് ചോദിക്കാന്‍ ആരുമില്ലാതെയായി,’ വിജയ് ദുഃഖത്തോടെ പറഞ്ഞു.

മോസ്‌കോയിലും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുമുള്ള ജീവിതം സാധാരണമായി തോന്നിയതുകൊണ്ട് റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ വ്യാപ്തിയെക്കുറിച്ച് തങ്ങള്‍ക്ക് ധാരണയില്ലായിരുന്നുവെന്ന് യുവാക്കള്‍ പറഞ്ഞു. ‘വിദ്യാഭ്യാസം കുറഞ്ഞവരെയും സാമ്പത്തികമായി ദുര്‍ബലരായവരെയുമാണ് ഏജന്റുമാര്‍ ലക്ഷ്യമിട്ടത്. ഗുര്‍സേവാക്കിന്റെ അമ്മ അവനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ എന്നെ തുടര്‍ച്ചയായി വിളിക്കുന്നു. അവനെ യുദ്ധമുന്നണിയിലേക്ക് അയച്ചെന്ന് എങ്ങനെ പറയണമെന്ന് എനിക്കറിയില്ല,’ യുവാക്കളിലൊരാള്‍ പറഞ്ഞു. എത്രയും പെട്ടെന്ന് തിരിച്ചെത്താന്‍ സഹായിക്കണമെന്നും അദ്ദേഹം അപേക്ഷിച്ചു.

Indian youths trapped in Russia's

ഈ വര്‍ഷം ആദ്യം, രണ്ട് വര്‍ഷമായി യുദ്ധത്തില്‍ കാണാതായ ജലന്ധറിലെ ജഗ്ദീപ് കുമാര്‍, ഉത്തര്‍പ്രദേശിലെ അജയ് യാദവ്, അസമുദ്ദീന്‍ ഖാന്‍ എന്നിവരുടെ കുടുംബങ്ങള്‍ ബന്ധുക്കളെ തേടി റഷ്യ സന്ദര്‍ശിച്ചിരുന്നു. സംഘര്‍ഷത്തില്‍ 18 ഇന്ത്യക്കാരെ ഇനിയും കണ്ടെത്താനുണ്ടെന്നും അവരെ കണ്ടെത്താന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ‘ദി വയറി’നോട് പറഞ്ഞു.

ഇന്ത്യന്‍ പൗരന്മാര്‍ റഷ്യന്‍ സൈന്യത്തില്‍ ചേരുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവന നേരത്തെ പുറത്തിറക്കിയിരുന്നു. ”ഇന്ത്യന്‍ പൗരന്മാരെ റഷ്യന്‍ സൈന്യത്തില്‍ റിക്രൂട്ട് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ഈ പ്രവൃത്തിയുടെ അപകടങ്ങളെക്കുറിച്ച് സര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷമായി പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ രീതി അവസാനിപ്പിക്കാനും ഞങ്ങളുടെ പൗരന്മാരെ വിട്ടയക്കാനും ഡല്‍ഹിയിലും മോസ്‌കോയിലുമുള്ള റഷ്യന്‍ അധികാരികളുമായി ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

”കബളിപ്പിക്കപ്പെട്ട ഇന്ത്യന്‍ പൗരന്മാരുടെ കുടുംബങ്ങളുമായി ഞങ്ങള്‍ ബന്ധപ്പെടുന്നുണ്ട്. റഷ്യന്‍ സൈന്യത്തില്‍ ചേരാനുള്ള വാഗ്ദാനങ്ങളില്‍ നിന്ന് എല്ലാ ഇന്ത്യന്‍ പൗരന്മാരും വിട്ടുനില്‍ക്കണമെന്ന് ഞങ്ങള്‍ വീണ്ടും അഭ്യര്‍ത്ഥിക്കുന്നു, കാരണം ഇത് വളരെ അപകടകരമാണ്,” പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. Seven Indian youths claim they were forced into the Russian army at gunpoint

(‘ദി വയര്‍’ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ)

Content Summary: Seven Indian youths trapped in Russia’s army

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×