ഓപ്പണ്‍ എ ഐ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ സാം ആള്‍ട്ട്മാനെതിരേ ഗുരുതരമായ ലൈംഗികാരോപണങ്ങളുമായി സ്വന്തം സഹോദരി. പ്രായപൂര്‍ത്തിയാകാത്ത സമയത്ത് സാം തന്നെ ലൈംഗികമായി ദുര്യുപയോഗം ചെയ്തിട്ടുണ്ടെന്നു കാണിച്ചു സഹോദരി ആന്‍ അള്‍ട്ട്മാന്‍ കോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണ്.
1997 മുതല്‍ 2006 വരെ, സെന്റ് ലൂയിസിനു പുറത്തുള്ള ആള്‍ട്ട്മാന്റെ കുടുംബവീട്ടില്‍ വച്ച് തനിക്ക് പീഡനം നേരിടേണ്ടി വന്നുവെന്നാണ് ആന്‍ ഹര്‍ജിയില്‍ പറയുന്നത്. ആന്‍ ആള്‍ട്ട്മാന് മൂന്നു വയസ്സുള്ളപ്പോള്‍ മുതല്‍ പീഡനം തുടങ്ങിയെന്നും മിസോറിയിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റിലുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിക്കുന്നു.
സാമില്‍ നിന്നേല്‍ക്കേണ്ടി വന്ന പീഡനങ്ങള്‍ ആന്‍ ആള്‍ട്ട്മാനെ ശാരീരികമായും മാനസികമായും തകര്‍ത്തു. ശാരീരികാക്രമണത്തിന്റെ ഫലമായി പരിക്കുകള്‍ ഏല്‍ക്കേണ്ടി വന്നു. പിടിഎസ്ഡിയുടെ ഇരയകേണ്ടി വന്നു. കടുത്ത മാനസിക ക്ലേശം അനുഭവിക്കേണ്ടി വന്നു. വിഷാദത്തിന് അടിമയായി എന്നൊക്കെ പരാതിയില്‍ പറയുന്നുണ്ട്.
ഇതാദ്യമായല്ല, സഹോദരനെതിരേ ആന്‍ ലൈംഗികാരോപണം ഉന്നയിക്കുന്നത്. എക്‌സ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ നേരത്തെയും പരാതികള്‍ സാമിനെതിരേ നടത്തിയിട്ടുണ്ട്. ലൈംഗികാതിക്രമങ്ങളും പീഡനക്കേസുകളും കൈകാര്യം ചെയ്യുന്ന, ഇല്ലിനോയിസ് ആസ്ഥാനമായുള്ള നിയമ സ്ഥാപനമാണ് കേസില്‍ ആനിനെ പ്രതിനിധീകരിക്കുന്നത്.
ചൊവ്വാഴ്ച്ച എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ സാം ആള്‍ട്ട്മാനും അദ്ദേഹത്തിന്റെ അമ്മയും രണ്ടു സഹോദരങ്ങളും ആനിന്റെ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. സാമിനെ കുറിച്ചും, തങ്ങളുടെ കുടുംബത്തെക്കുറിച്ചും തീര്‍ത്തും അസത്യമായതും, വേദനിപ്പിക്കുന്നതുമായ കാര്യങ്ങളാണ് ആനി ആരോപിച്ചിരിക്കുന്നത്. കുടുംബത്തെ ഒന്നാകെ വേദനിപ്പിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും പ്രസ്താവനയില്‍ ആള്‍ട്ട്മാന്‍ കുടുംബം പറയുന്നു.
ആനിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും, അതിനവള്‍ ശരിയായ ചികിത്സ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നുമാണ് കുടുംബം പ്രസ്താവനയില്‍ പറയുന്നത്. ആത്മാര്‍ത്ഥതയോടെ അവളെ സഹായിക്കാന്‍ ശ്രമിക്കുന്ന കുടുംബാംഗങ്ങളെപ്പോലും അകറ്റി നിര്‍ത്തുകയാണ് ആന്‍ ചെയ്യുന്നതെന്നും കുടുംബം പറയുന്നു.
ഈ വിഷയത്തില്‍ ഇതുവരെ സാം ആള്‍ട്ടാമാനോ, സഹോദരിയോ പ്രത്യേകമായി പ്രതികരണമൊന്നും നടത്തിയിട്ടില്ലെന്നാണ് ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
2022ന്റെ അവസാനത്തില്‍ ഓപ്പണ്‍ എഐ ഓണ്‍ലൈന്‍ ചാറ്റ്‌ബോട്ട് ആയ ചാറ്റ് ജിപിടി അവതരിപ്പിച്ചതു മുതലാണ് സാമിന്റെ ജീവിതം മാറുന്നത്. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കുന്നതു മുതല്‍ കവിതകള്‍ എഴുതാനോ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ സൃഷ്ടിക്കാനോ എല്ലാം കഴിയുന്ന ചാറ്റ്‌ബോട്ടിന്റെ കൃത്രിമബുദ്ധിയുടെ മുഖമെന്ന നിലയില്‍ സാം ആള്‍ട്ട്മാന്‍ ആഗോള പ്രശസ്തിയിലേക്ക് ഉയര്‍ന്നു. ഒക്ടോബറില്‍ പൂര്‍ത്തിയാക്കിയ പുതിയ ഫണ്ടിംഗ് കരാറോടെ, കമ്പനിയുടെ മൂല്യം 157 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.
തന്റെ കേസ് ഒരു ജൂറി കൈകാര്യം ചെയ്യണമെന്നും, തനിക്കുണ്ടായ നഷ്ടങ്ങള്‍ക്കും അപകടങ്ങള്‍ക്കും നഷ്ടപരിഹാരമായി 75,000 ഡോളറില്‍ കുറയാതെയുള്ള തുക ലഭിക്കണമെന്നുമാണ് ആന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തിലുള്ളൊരു ഫെഡറല്‍ നിയമവ്യാവഹാരത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ തുകയാണിതെന്നാണ് ആനിന്റെ അഭിഭാഷകനായ റയാന്‍ മഹോണി ദ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാണിച്ചത്. കേസ് ജൂറിയുടെ വിചാരണയിലേക്ക് മാറുകയാണെങ്കില്‍, അപ്പോള്‍, തന്റെ കക്ഷിക്ക് സംഭവിച്ച എല്ലാ നഷ്ടങ്ങളും കണക്കാക്കിയുള്ള ഒരു തുക ആവശ്യപ്പെടുമെന്നും അഭിഭാഷകന്‍ പറയുന്നു. സാം ആള്‍ട്ട്മാന്റെ മൊത്തം ആസ്തിയെ അടിസ്ഥാനമാക്കി, നിയമപ്രകാരമുള്ള തുക ആവശ്യപ്പെടുമെന്നാണ് അഭിഭാഷകന്‍ വ്യക്തമാക്കുന്നത്.
കുട്ടിക്കാലത്തെ ലൈംഗികാതിക്രമത്തിന്റെ അതിജീവിതര്‍ക്ക്, അവരുടെ 21-ാം ജന്മദിനം കഴിഞ്ഞ് 10 വര്‍ഷം വരെ കേസ് നല്‍കാന്‍ മിസോറി നിയമം അനുവദിക്കുന്നുണ്ട്. ആ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച കേസ് ഫയല്‍ ചെയ്തതെന്നും അഭിഭാഷകന്‍ റയാന്‍ മഹോണി പറയുന്നു. ആന്‍ ആള്‍ട്ട്മാന് കഴിഞ്ഞ ബുധനാഴ്ച 31 വയസ് തികഞ്ഞിരുന്നു. Sexual abuse, sister files lawsuit against Open AI founder Sam Altman
Content Summary; Sexual abuse, sister files lawsuit against Open AI founder Sam Altman