ബാന്ദ്രയിൽ വച്ച് 27 വയസ്സുകാരിയായ ഫ്രഞ്ച് യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം. പ്രതിയെ അറസ്റ്റ് ചെയ്ത് ഖാർ പോലീസ്. ധാരാവിയിൽ നിന്നുള്ള സുനിൽ വാഘേല എന്ന ആക്രിക്കച്ചവടക്കാരനാണ് അറസ്റ്റിലായ പ്രതി. അധ്യാപന ജോലിയ്ക്കായി ഒരു മാസം മുമ്പ് ഇന്ത്യയിലെത്തിയതായിരുന്നു ഫ്രഞ്ച് യുവതി. നിലവിൽ രാജ്യത്ത് അധ്യാപികയായി ജോലി നോക്കുകയാണ്. നവംബർ 7ന് രാത്രിയിൽ വീട്ടിലേക്ക് നടന്നുപോകുമ്പോഴായിരുന്നു യുവതി്ക്ക് നേരെ ആക്രമണമുണ്ടാവുന്നത്.
താമസസ്ഥലത്തുനിന്ന് ഏകദേശം 200 മീറ്റർ അകലെ വെച്ചായിരുന്നു സംഭവം. യുവതിയെ തനിച്ചു കണ്ട വാഘേല മോട്ടോർ സൈക്കിളിൽ അടുത്തെത്തി. അയാൾ അടുത്ത് നിർത്തി യുവതിയെ മോശമായി സ്പർശിച്ചുവെന്നാണ് ആരോപണം. യുവതി സഹായത്തിനായി നിലവിളിച്ചപ്പോൾ ഇയാൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.
സംഭവത്തെത്തുടർന്ന് യുവതി മാനസികമായി ആഘാതത്തിലാവുകയും രണ്ട് ദിവസത്തേക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കുകയും ചെയ്തതായി പൊലീസ് റിപ്പോർട്ട്. പിന്നീട് ഒരു സുഹൃത്തിനെ വിവരമറിയിച്ച യുവതി, അദ്ദേഹത്തിന്റെ സഹായത്തോടെയാണ് പോലീസിനെ സമീപിച്ചത്. തുടർന്ന്, ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം വെള്ളിയാഴ്ച കേസ് രജിസ്റ്റർ ചെയ്തു.
അന്വേഷണ ഉദ്യോഗസ്ഥർ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതി ഖാർ ദണ്ഡയിലേക്ക് നീങ്ങുന്നതായി കണ്ടെത്തിയത്. സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ, പോലീസ് വാഘേലയെ തിരിച്ചറിയുകയും ധാരാവിയിലെ താമസസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. അയാളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോൾ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായി ഉദ്യോഗസ്ഥൻ അറിയിച്ചു. തുടർന്ന്, വാഘേലയെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
കോടതി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അത്ര വൈകിയ സമയത്ത് അയാൾ എന്തിനാണ് ബാന്ദ്രയിൽ എത്തിയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് ഫ്രഞ്ച് കോൺസുലേറ്റ് നവംബർ 14-നാണ് പോലീസിൽ പരാതി നൽകിയത്. പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ പോലീസ് വാഹനം കേന്ദ്രീകരിച്ച് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.
content summary: A Bandra-based French woman was sexually assaulted, leading to the arrest of a scrap dealer
–