April 26, 2025 |

സെല്‍ഫി കുരുക്കായി; ആക്രമണത്തെ കുറിച്ചുള്ള കെ.എസ്.യു വാദം പൊളിയുന്നു

മാധ്യമങ്ങള്‍ നുണ പറയുന്നുവെന്ന് ആരോപണം

കോഴിക്കോട് സര്‍വ്വകലാശാല ഡീ സോണ്‍ കലോത്സവവേദിയിലെ ആക്രമണത്തില്‍ എസ്.എഫ്.ഐ നേതാവ് ആശിഷ് കൃഷ്ണയ്ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ കെ.എസ്.യുവിന്റെ വാദം പൊളിയുന്നു. എസ്.എഫ്.ഐ ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ പോകുമ്പോള്‍ എസ്.എഫ്.ഐക്കാര്‍ ആക്രമണം അഴിച്ചുവിട്ടു എന്നായിരുന്നു കെ.എസ്.യുക്കാര്‍ പറഞ്ഞത്. എന്നാല്‍ ആംബുലന്‍സിനുള്ളില്‍ നിന്ന് വിനോദയാത്രയിലെന്ന പോലെ കെ.എസ്.യു നേതാക്കള്‍ എടുത്ത സെല്‍ഫി ‘നോം സേയ്ഫാണ്’ ക്യാപ്ഷനോടെ സോഷ്യല്‍ മീഡിയയില്‍ അവര്‍ തന്നെ പോസ്റ്റ് ചെയ്തതാണ് കുരുക്കായിരിക്കുന്നത്. ഈ ഫോട്ടോയില്‍ ആംബുലന്‍സിലുള്ള ആര്‍ക്കും പരുക്കില്ലെന്ന് വ്യക്തമാണ്.sfi-ksu kalothsavam conflict;ksu’s argument about the attack fall apart 

അതിനിടെ എസ്.എഫ്.ഐ നേതാവിനെ കെ.എസ്.യു ജില്ലാ നേതാവിന്റെ നേതൃത്വത്തില്‍ ക്രൂരമായി ആക്രമിച്ചത് ‘വിദ്യാര്‍ത്ഥി സംഘര്‍ഷ’മായും ആംബുലന്‍സ് തടയാന്‍ ശ്രമിച്ചതും തുടര്‍ന്നുള്ള പ്രതിഷേധവും എസ്.എഫ്.ഐയുടെ ആക്രമണങ്ങളായും മുഖ്യധാര മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നുവെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രതിഷേധവും അരങ്ങേറുന്നുണ്ട്.

‘വേണമെങ്കില്‍ അവരെ കൊന്നോ ഞാന്‍ ജയിലില്‍ പൊയ്ക്കോളം… എന്ന ആക്രോശത്തോടെയായിരുന്നു കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ ആക്രമണത്തിന് തുടക്കമിട്ടത്. കൈയും കാലും തല്ലിയൊടിക്ക് എന്ന് പറഞ്ഞതിന് പിന്നാലെ സ്റ്റേജിന് പിറകില്‍ ഒളിപ്പിച്ച് വച്ചിരുന്ന മാരകായുധങ്ങളുമായി കെ.എസ്.യുവിന്റെ ക്രിമിനല്‍ സംഘം പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന്’ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ അഴിമുഖത്തോട് പ്രതികരിച്ചു.

തൃശൂര്‍ മാള ഹോളി ഗ്രേസ് കോളേജിലെ ഡീ സോണ്‍ കലോത്സവ വേദിക്കരികില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ച ആശിഷ് കൃഷ്ണ തലയ്ക്കേറ്റ പരുക്കില്‍ ഇന്റേണല്‍ ബ്ലീഡിങിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഒബ്സര്‍വേഷനിലാണ്. ആക്രമണം തടയാന്‍ ശ്രമിച്ച പോലീസിനെ പോലും കെ.എസ്.യു പ്രവര്‍ത്തകര്‍ വെറുതെ വിട്ടില്ലെന്നും കലോത്സവ വേദിയില്‍ അക്ഷരാര്‍ത്ഥത്തില്‍ ഭീകരാവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടതെന്നും അനുശ്രീ വ്യക്തമാക്കി.

‘പല കോളേജുകളില്‍ നിന്നുള്ള കുട്ടികള്‍ കലോത്സവത്തിന്റെ തുടക്കം മുതലേ അപ്പീലുകളും പരാതികളും നല്‍കിയിരുന്നു. മണിക്കൂറുകളോളം മത്സരാര്‍ത്ഥികള്‍ കാത്തിരുന്നിട്ടും യാതൊരു നിയമവും പാലിക്കാതെയായിരുന്നു കലോത്സവം നടന്നത്. പൊതുവെ ജഡ്ജസ് ഇന്റിവിജ്വല്‍ ആയി മാര്‍ക്കിടുകയാണെങ്കില്‍ ഇവിടെ ചട്ടങ്ങള്‍ ലംഘിച്ച് സംഘാടകരുമായി ചര്‍ച്ച ചെയ്താണ് ജഡ്ജസ് മാര്‍ക്കിട്ടിരുന്നത്. ജഡ്ജസ് ആയി വന്നവരില്‍ പലരും മതിയായ യോഗ്യത ഇല്ലാത്തവരുമായിരുന്നു. ഡിബേറ്റ് നടക്കേണ്ടത് ഓപ്പണ്‍ റൂമില്‍ ആയിരിക്കണമെന്നിരിക്കെ ഇത്തവണ നടത്തിയത് അടച്ചിട്ട മുറിയില്‍ ആര്‍ക്കും കേള്‍ക്കാന്‍ കഴിയാത്ത രീതിയിലും.

ഏഴ് മണിക്ക് ആരംഭിക്കേണ്ട നാടക മത്സരം അടക്കമുള്ളവ രാത്രി 12മണി കഴിഞ്ഞിട്ടും തുടങ്ങാത്തതിന്റെ കാരണം അന്വേഷിച്ചതിന് പിന്നാലെയാണ് സംഘാടകര്‍ വിദ്യാര്‍ഥികളെ ആക്രമിച്ചത്. മത്സരങ്ങള്‍ പലതും മണിക്കൂറുകളോളം വൈകിയായിരുന്നു നടന്നത്. വൈകിട്ട് അഞ്ച് മണിക്ക് നടക്കേണ്ടിയിരുന്ന ഒപ്പന 12 മണിക്കൂര്‍ വൈകി പിറ്റേന്ന് പുലര്‍ച്ചെ അഞ്ചിനായിരുന്നു നടന്നത്. മേക്കപ്പും ഡ്രസ്സുമൊക്കെയിട്ട് നിന്ന പല മത്സരാര്‍ത്ഥികളും ഭക്ഷണം പോലും കഴിക്കാനാകാതെ തളര്‍ന്നവശരായിരുന്നു.

സംഘാടനത്തിലെ പിഴവ് സംബന്ധിച്ച് കുട്ടികള്‍ നിരവധി തവണ പരാതി പറഞ്ഞെങ്കിലും അത് പരിഹരിക്കുന്നതിന് പകരം അവരെയെല്ലാം വിരട്ടി വിടുന്ന നിലപാടാണ് ഉണ്ടായത്. എന്നാല്‍ മത്സരയിനങ്ങളുടെ ഫലപ്രഖ്യാപനം വന്നതോടെ പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി വന്നു. പക്ഷേ ഈ കുട്ടികളെ സ്റ്റേജില്‍ നിന്നുള്‍പ്പെടെ കസേരകളും ഇരുമ്പുവടിയും ഉപയോഗിച്ച് കെ.എസ്.യു – എംഎസ്എഫ് പ്രവര്‍ത്തകര്‍ അടിക്കുകയായിരുന്നു. എന്നാല്‍ പരുക്കേറ്റവരുമായി പോയ ആംബുലന്‍സിന് നേരെ കല്ലെറിഞ്ഞത് എസ്എഫ്ഐ പ്രവര്‍ത്തകരല്ലെന്നും തിരിച്ചാക്രമിക്കാന്‍ എസ്എഫ്ഐ ആഹ്വാനം നല്‍കിയിട്ടില്ലെന്നും അനുശ്രീ വ്യക്തമാക്കി.

കലോത്സവ വേദികളില്‍ കൊലക്കത്തിയും മാരകായുധങ്ങളുമായി വരുന്ന കെ.എസ്.യുവിന്റെ രാഷ്ട്രീയമാണ് മാളയിലും കണ്ടത്. 1992 ഫെബ്രുവരി 29 ന് തൃശൂര്‍ കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തിനിടയിലും സമാനമായ സംഭവമാണ് ഉണ്ടായത്. അന്ന് എസ്എഫ്ഐ പ്രവര്‍ത്തകനായ കൊച്ചനിയനെയായിരുന്നു കെ.എസ്.യു കുത്തിക്കൊന്നത്. മലപ്പുറത്തും സമാനമായി തന്നെ സംഭവം നടന്നിട്ടുണ്ട്. അന്ന് കുട്ടികള്‍ ഹൈക്കോടതിയില്‍ നിന്ന് ഓര്‍ഡര്‍ വാങ്ങി പോലീസ് പ്രൊട്ടക്ഷനോടെയാണ് മത്സരിച്ചത്. ഒരു കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോലും ഹൈക്കോടതിയില്‍ നിന്ന് പോലീസ് പ്രൊട്ടക്ഷന്‍ വാങ്ങി മത്സരിക്കേണ്ട തലത്തിലേക്കാണ് കെ.എസ്.യുവും എംഎസ്എഫ് പ്രവര്‍ത്തകരും കലോത്സവം നടത്തുന്നത്.

അതേസമയം, ആംബുലന്‍സില്‍ പോയവരില്‍ ഒരാള്‍ക്കും പരിക്കില്ലെന്നും അവര്‍ വളരെ സന്തോഷത്തോടുകൂടി സെല്‍ഫി എടുത്ത ഫോട്ടോയും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇത് കെ.എസ്.യുവിന്റെ കള്ളപ്രചരണത്തെയാണ് തുറന്നുകാട്ടുന്നതെന്നും’ അനുശ്രീ പറഞ്ഞു.

എന്നാല്‍ എസ്എഫ്ഐ നടത്തിയ ആക്രമണത്തെ ചെറുക്കുക മാത്രമായിരുന്നു കെ.എസ്.യു ചെയ്തതെന്നാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അഴിമുഖത്തോട് പ്രതികരിച്ചത്. ‘നോം സെയ്ഫ് ആണ്’ എന്ന ക്യാപ്ഷനില്‍ പ്രചരിക്കുന്ന സെല്‍ഫി സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കിയില്ല. ഉച്ചയ്ക്ക് ശേഷം ഇത് സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുമെന്നാണ് പ്രതികരിച്ചത്. പാല സെന്റ് തോമസ് കോളേജിലെ മുന്‍ ചെയര്‍മാന്‍ എല്‍വിനായിരുന്നു ചിത്രം വാട്സ് ആപ് സ്റ്റാറ്റസായി ഇട്ടത്.

കലോത്സവത്തിനിടെ അക്രമം അഴിച്ചുവിട്ട കെ എസ് യു നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കെഎസ്യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍, സുദേവ്, സച്ചിന്‍ എന്നിവരാണ് പിടിയിലായത്. ആലുവയില്‍ നിന്നാണ് ഇവരെ മാള പോലീസ് പിടികൂടിയത്. പരിക്കേറ്റ് ചികിത്സയിലുള്ള ആശിഷ് കൃഷ്ണ നല്‍കിയ പരാതിയിലാണ് മാള പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുത്തത്.sfi-ksu kalothsavam conflict;ksu’s argument about the attack fall apart 

Content Summary: sfi-ksu kalothsavam conflict; ksu’s argument about the attack fall apart

Leave a Reply

Your email address will not be published. Required fields are marked *

×