എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാട്: ‘പണം വാങ്ങിയത്‌ സേവനങ്ങള്‍ നല്‍കാതെ’; വീണയ്‌ക്കെതിരായ അന്വേഷണം മുറുകുന്നു

സിഎംആര്‍എല്ലുമായുള്ള തന്റെ ഇടപാടുകളെല്ലാം സുതാര്യവും നിയമപരവുമാണെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച കൗണ്ടര്‍ അഫിഡവിറ്റില്‍ വീണ പറയുന്നത്

Veena T Exalogic Solutions SFIO report

കേരള മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ വീണ ടി.യുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷന്‍സും കരിമണല്‍ കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡും (സിഎംആര്‍എല്‍) തമ്മിലുള്ള സാമ്പത്തിക ഇടപാടുകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതായി കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട്. സ്‌കൂള്‍-കോളേജ് മാനേജ്‌മെന്റ് സോഫ്റ്റ്വെയര്‍ മാത്രം മുന്‍പ് പരിചയമുള്ള ഒരു ഐടി കമ്പനി, ഒരു കരിമണല്‍ കമ്പനിക്ക് ഐടി കണ്‍സള്‍ട്ടന്‍സി നല്‍കിയെന്ന പേരില്‍ പ്രതിമാസം 8 ലക്ഷം രൂപ വീതം വാങ്ങിയെന്നും എന്നാല്‍ ഇതിന്റെ യാതൊരു തെളിവുകളും അവശേഷിപ്പിച്ചിട്ടില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. കമ്പനീസ് ആക്ട് പ്രകാരമുള്ള പ്രോസിക്യൂഷന്‍ നടപടികളുടെ ഭാഗമായി കഴിഞ്ഞവര്‍ഷം എറണാകുളത്തെ കോടതിയില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഈ വിവരങ്ങള്‍ ഉദ്ധരിച്ച് ‘ദി ഇന്ത്യന്‍ എക്‌സ്പ്രസ്’ ആണ് ഈ വാര്‍ത്ത വിശദമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വീണയും സിഎംആര്‍എല്ലിനും എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തില്‍ ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളാണ് പ്രധാന അടിസ്ഥാനം. കഴിഞ്ഞ ദിവസം ഇഡി ഡയറക്ടര്‍ രാഹുല്‍ നവീന്‍ നേരിട്ട് കേരളത്തിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. ഇതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ പിണറായി വിജയന്റെയും വീണയുടെയും വസതികളിലും സ്ഥാപനങ്ങളിലും ഇഡി വ്യാപകമായ റെയ്ഡുകള്‍ നടത്തിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച വീണ, സിഎംആര്‍എല്ലുമായുള്ള തന്റെ ഇടപാടുകളെല്ലാം സുതാര്യവും നിയമപരവുമാണെന്ന് കോടതിയില്‍ സമര്‍പ്പിച്ച കൗണ്ടര്‍ അഫിഡവിറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ബിജെപി സര്‍ക്കാര്‍ രാജ്യത്തെ മുന്‍നിര പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് നടത്തുന്ന രാഷ്ട്രീയ വേട്ടയാടലാണ് ഈ ഇഡി റെയ്ഡുകളെന്നും സിപഐഎമ്മിനെയോ പിണറായി വിജയനെയോ ഇത്തരം ഭീഷണികള്‍ കൊണ്ട് തളര്‍ത്താനാകില്ലെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ ബേബി പ്രതികരിച്ചു.

സേവനം നല്‍കാതെയുള്ള 2.78 കോടിയുടെ പണമിടപാട്

എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് പ്രകാരം, 2014-15 കാലഘട്ടത്തില്‍ വെറും ഒരു ലക്ഷം രൂപയുടെ പെയ്ഡ്-അപ്പ് മൂലധനവുമായാണ് വീണ ഡയറക്ടറായി എക്‌സാലോജിക് സൊല്യൂഷന്‍സ് ആരംഭിക്കുന്നത്. ‘ഇന്‍മെഗ്’ എന്ന സ്‌കൂള്‍-കോളേജ് മാനേജ്‌മെന്റ് ആപ്ലിക്കേഷനായിരുന്നു ഇവരുടെ പ്രധാന സോഫ്റ്റ്വെയര്‍ ഉല്‍പ്പന്നം. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റമൂല്യം മൈനസ് 66 ലക്ഷം രൂപയായി തകര്‍ന്നു നില്‍ക്കുമ്പോഴും, കമ്പനിയുടെ വരുമാനത്തിന്റെ വലിയൊരു പങ്ക് ലഭിച്ചിരുന്നത് സിഎംആര്‍എല്ലില്‍ നിന്നുള്ള കരാറുകള്‍ വഴിയായിരുന്നു. പ്രത്യേകിച്ച് 2017-18, 2018-19 വര്‍ഷങ്ങളില്‍.

ഐടി കണ്‍സള്‍ട്ടന്‍സി സേവനങ്ങളുടെ മറവില്‍ സിഎംആര്‍എല്ലില്‍ നിന്ന് 2.78 കോടി രൂപ കൈപ്പറ്റുന്നതില്‍ വീണ പ്രധാന പങ്കുവഹിച്ചതായി എസ്എഫ്‌ഐഒ വ്യക്തമാക്കുന്നു. സിഎംആര്‍എല്ലിന്റെ ഐടി-മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റായി വീണയെ നേരിട്ട് നിയമിച്ചതിലൂടെ പ്രതിമാസം 5 ലക്ഷം രൂപയും, എക്‌സാലോജിക് കമ്പനിക്ക് പ്രതിമാസം 3 ലക്ഷം രൂപയും വീതം ലഭിക്കുന്ന ഇരട്ട കരാറാണ് നിലവിലുണ്ടായിരുന്നത്. എന്നാല്‍, എക്‌സാലോജിക്കിലെ ജീവനക്കാര്‍, സിഎംആര്‍എല്ലിന്റെ ഐടി വിഭാഗം മേധാവി, വീണ ടി എന്നിവരില്‍ നിന്ന് ശേഖരിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍, കമ്പനിക്ക് വേണ്ടി യാതൊരുവിധ കണ്‍സള്‍ട്ടന്‍സി ജോലികളും ഇവര്‍ ചെയ്തിട്ടില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. യാതൊരുവിധ സേവനങ്ങളോ ഉല്‍പ്പന്നങ്ങളോ നല്‍കാതെ നടത്തിയ ഈ പണമിടപാടുകള്‍ പൂര്‍ണ്ണമായും വ്യാജമാണെന്ന് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. പിന്നീട് ഇതേ ഐടി പഠനത്തിനായി സിഎംആര്‍എല്‍ നിയമിച്ച ‘ആറ്റ്‌ന ടെക്‌നോളജീസ്’ എന്ന കമ്പനി വളരെ കുറഞ്ഞ ചിലവില്‍ കൃത്യമായ ഔട്ട്പുട്ടുകള്‍ നല്‍കിയതുമായി താരതമ്യം ചെയ്താണ്, എക്‌സാലോജിക്കിന് നല്‍കിയ തുകയ്ക്ക് യാതൊരു ന്യായീകരണവുമില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നത്.

50 ലക്ഷത്തിന്റെ വായ്പാ ചതിക്കുഴികള്‍

വീണ ടിയും സിഎംആര്‍എല്‍ അന്നത്തെ മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്തയും തമ്മിലുള്ള കൂട്ടുകെട്ടിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ശശിധരന്‍ കര്‍ത്തയും ഭാര്യ ജയ കര്‍ത്തയും ചേര്‍ന്ന് നടത്തുന്ന ‘എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ്’ (ഇഐസിപിഎല്‍)എന്ന നോണ്‍-ബാങ്കിങ് ഫിനാന്‍സ് കമ്പനി വഴി 2015 ഓഗസ്റ്റില്‍ എക്‌സാലോജിക്കിന് 12% പലിശനിരക്കില്‍ 25 ലക്ഷം രൂപ വായ്പ നല്‍കിയിരുന്നു. 2016 ഓഗസ്റ്റ് മുതല്‍ 24 മാസ ഗഡുക്കളായി ഇത് തിരിച്ചടയ്ക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഒരു രൂപ പോലും തിരിച്ചടയ്ക്കാതിരുന്നിട്ടും, തൊട്ടടുത്ത ദിവസം തന്നെ (2016 ഓഗസ്റ്റ് 29-ന്) എംപവര്‍ ഇന്ത്യ എക്‌സാലോജിക്കിന് വീണ്ടും 25 ലക്ഷം രൂപ കൂടി വായ്പ അനുവദിച്ചു. ഈ രണ്ടാമത്തെ വായ്പ കിട്ടിയതിന് ശേഷമാണ് എക്‌സാലോജിക് ആദ്യമായി 4 ലക്ഷം രൂപ തിരിച്ചടച്ചത്.

ബാങ്ക് രേഖകള്‍ പരിശോധിച്ചതില്‍ നിന്നും, സിഎംആര്‍എല്‍ എക്‌സാലോജിക്കിന് നല്‍കിയ പണം ഭൂരിഭാഗവും ഈ വായ്പകള്‍ തിരിച്ചടയ്ക്കാനാണ് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. അതായത്, കര്‍ത്തയുടെ സ്വന്തം സ്വകാര്യ കമ്പനിയായ എംപവര്‍ ഇന്ത്യയോടുള്ള 50 ലക്ഷത്തിന്റെ ബാധ്യത തീര്‍ക്കാന്‍, സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസിക്ക് 13% ഓഹരിയുള്ള പൊതുലിമിറ്റഡ് കമ്പനിയായ സിഎംആര്‍എല്ലിന്റെ ഫണ്ട് ദുരുപയോഗം ചെയ്തു. ഇത് സിഎംആര്‍എല്ലിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

ഇമെയിലുകളിലെ കള്ളത്തരവും 182 കോടിയുടെ അഴിമതിയും

അന്വേഷണത്തിനിടയില്‍ കണ്ടെടുത്ത ഇമെയിലുകള്‍ പരിശോധിച്ചപ്പോള്‍, അവയിലൊന്നും സേവനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്ലെന്നും, പകരം ഇന്‍വോയ്സുകള്‍ നിര്‍മ്മിക്കുന്നതിലും പണം റിലീസ് ചെയ്യുന്നതിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും വ്യക്തമായി. സാമ്പത്തിക നേട്ടത്തിനായി കണ്‍സള്‍ട്ടന്‍സി കരാറുകള്‍ ബോധപൂര്‍വ്വം ദുരുപയോഗം ചെയ്തതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

സിഎംആര്‍എല്ലിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നടത്തിയ വിപുലമായ അന്വേഷണത്തിലാണ് എക്‌സാലോജിക്കിന്റെ പങ്ക് പുറത്തുവരുന്നത്. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ സ്ലഡ്ജ് കൈകാര്യം ചെയ്യുന്നതിന്റെയും ഗതാഗതത്തിന്റെയും പേരില്‍ 139 കോടി രൂപയുടെ വ്യാജ ക്യാഷ് ചെലവുകളും, തിരിച്ചറിയാത്ത വെണ്ടര്‍മാരെ ഉള്‍പ്പെടുത്തി ഓവര്‍-ഇന്‍വോയ്സിംഗ് നടത്തി 43 കോടി രൂപയും ഉള്‍പ്പെടെ ആകെ 182 കോടി രൂപ കമ്പനിയില്‍ നിന്ന് വകമാറ്റി ചെലവഴിച്ചതായി എസ്എഫ്‌ഐഒ കണ്ടെത്തി. 2019-ല്‍ ഇന്‍കം ടാക്‌സ് വകുപ്പ് സിഎംആര്‍എല്ലില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലുകള്‍. ഈ രേഖകളില്‍ കമ്പനിയുടെ എംഡിക്കും ബന്ധുക്കള്‍ക്കും നല്‍കിയ പണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും, ഇവയ്ക്ക് കമ്പനിയുടെ പ്രവര്‍ത്തനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും എസ്എഫ്‌ഐഒ കോടതിയെ ബോധിപ്പിച്ചു.

കടപ്പാട്; ദി ഇന്ത്യന്‍ എക്‌സ്പ്രസ്‌

Content Summary; According to the SFIO report, Exalogic Solutions received ₹2.78 crore from CMRL without providing any actual IT services, triggering an ED money laundering probe against Veena T

This post was last modified on June 8, 2026 9:58 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment