April 28, 2025 |

‘രോഹിത് തടിയനും മോശം ക്യാപ്റ്റനും’ ഹിറ്റ് വിക്കറ്റ് ആയി ഷമ മുഹമ്മദ്

എക്സ് പോസ്റ്റിലായിരുന്നു ഷമയുടെ വിവാദ പരാമർശം

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെതിരെ വിവാദ പരാമർശവുമായി കോൺ​ഗ്രസ് നേതാവ് ഷമ മുഹമ്മദ്. രോഹിത് കായിക താരത്തിന് ചേരാത്ത തരത്തിൽ തടിയനാണെന്നും ഇന്ത്യ കണ്ട മോശം ക്യാപ്റ്റന്മാരിൽ ഒരാൾ ആണെന്നും ഷമ വിമർശിച്ചു. എക്സ് പോസ്റ്റിലായിരുന്നു ഷമയുടെ വിവാദ പരാമർശം. രോഹിത് ശർമ ശരീരഭാരം കുറയ്ക്കേണ്ടതുണ്ടെന്നും എക്സ് പോസ്റ്റിൽ ഷമ പറയുന്നു.
ഇന്നലെ നടന്ന ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ 44 റൺസിന് വിജയിച്ചിരുന്നു. ഈ മത്സരത്തിൽ രോഹിത് 17 പന്തിൽ 15 റൺസിന് പുറത്തായതിന് ശേഷമായിരുന്നു ഷമയുടെ പരാമർശം. വിവാദ പരാമർശം സാമൂഹ്യ മാധ്യമങ്ങളിൽ ചൂട് പിടിച്ച ചർച്ചകൾക്ക് വഴി വച്ചിട്ടുണ്ട്. ഷമയെ വിമർശിച്ച് നിരവധി പേർ രം​ഗത്തെത്തിയിരുന്നു. പരാമർശം വിവാദമായതോടെ ഷമ പോസ്റ്റ് നീക്കം ചെയ്തു.

രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ 90 തിരഞ്ഞെടുപ്പുകൾക്കും തോറ്റവർക്ക് രോഹിത് ശർമയെ പരിഹസിക്കാൻ എന്താണ് യോ​ഗ്യതയെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്. കോണ്‍ഗ്രസുമായുള്ള ബന്ധം വേര്‍പെടുത്തി ബിജെപിയില്‍ ചേര്‍ന്ന ബിജെപി നേതാവ് രാധിക ഖേര, തന്റെ മുന്‍ പാര്‍ട്ടി പതിറ്റാണ്ടുകളായി കായികതാരങ്ങളെ അപമാനിച്ചിട്ടുണ്ടെന്ന് ആരോപിച്ചു. താന്‍ ഉദ്ദേശിച്ചത് താരങ്ങളുടെ ഫിറ്റ്‌നസിനെ കുറിച്ചാണെന്നും ബോഡി ഷെയ്മിംഗ് അല്ലെന്നും ഷമ പറഞ്ഞു. കളിക്കാര്‍ ഫിറ്റ് ആവണമെന്നാണ് തന്റെ നിലപാട്, രോഹിത് ശര്‍മ്മ അല്‍പം തടി കൂടുതലാണെന്ന് എനിക്ക് തോന്നി. അത് തുറന്നു പറഞ്ഞതിന് ഒരു കാരണവുമില്ലാതെയാണ് എന്നെ ആക്രമിക്കുന്നത്, മറ്റു ക്യാപ്റ്റന്‍മാരുമായി താരതമ്യപ്പെടുത്തുന്നത് ജനാധിപത്യമാണെന്നും ഷമ പറഞ്ഞു.

ഒരിക്കൽ രാജ്യത്തെ ലക്ഷ്യം വച്ച് സംസാരിച്ചവർ, ഇന്നിതാ ഇന്ത്യയിലെ ക്രിക്കറ്റ് ടീമിനെ ലക്ഷ്യം വച്ച് സംസാരിക്കുന്നു. സ്നേഹത്തിന്റെ സന്ദേശവാഹകരെന്ന് സ്വയം വിശേഷിപ്പിക്കുന്ന കോൺഗ്രസ് യഥാർത്ഥത്തിൽ വെറുപ്പിന്റെ കടയാണെന്ന് ബിജെപി വക്താവ് ഷെഹസാദ് പൂനെവാല പറഞ്ഞു. രോഹിത് ശർമയെ ലോകോത്തര കളിക്കാരൻ എന്ന് വിശേഷിപ്പിച്ച കമന്റിന് കടുത്ത ഭാഷയിൽ ഷമ മറുപടി നൽകിയിരുന്നു. ‘അദേഹത്തിൻ്റെ മുൻഗാമികളുമായി താരതമ്യപ്പെടുത്തുമ്പോൾ ലോകോത്തര നിലവാരം എന്താണ്? അദേഹം ഒരു ശരാശരി ക്യാപ്റ്റനും അതുപോലെ തന്നെ ഇന്ത്യയുടെ ക്യാപ്റ്റനാകാൻ ഭാഗ്യം ലഭിച്ച ഒരു ശരാശരി കളിക്കാരനുമാണ്’ എന്നായിരുന്നു ഷമയുടെ മറുപടി. 2023ലാണ് രോഹിത് ശ‌‍ർമ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി ചുമതലയേൽക്കുന്നത്. രോഹിതിന്റെ ക്യാപ്റ്റൻസിയിൽ ആണ് ഇന്ത്യ കഴിഞ്ഞ ടി20 ലോകകപ്പ് നേടിയത്. രണ്ട് ഏഷ്യാ കപ്പ് ട്രോഫികളും ഇന്ത്യ നേടിയിട്ടുണ്ട്. മുംബൈ ഇന്ത്യൻസിന്‍റെ ക്യാപ്റ്റനെന്ന നിലയില്‍ അഞ്ച് ഐപിഎൽ കിരീടങ്ങളും രോഹിതിന് സ്വന്തമാണ്. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തിന്റെ കണക്കുകൾ നിരത്തിക്കൊണ്ടുള്ള ക്രിക്കറ്റ് പ്രേമികളുടെ നിരവധി കമന്റുകളും ഷമയുടെ പോസ്റ്റിനടിയിൽ വന്നിട്ടുണ്ട്.

content summary: Shama Mohamed shared a post calling Rohit Sharma “fat” and an “unimpressive captain.” She deleted the post following the outrage.

Leave a Reply

Your email address will not be published. Required fields are marked *

×