March 21, 2025 |
എ സജീവന്‍
എ സജീവന്‍
Share on

അധികാര രാഷ്ട്രീയവും തരൂരിന്റെ രാഷ്ട്രീയവും

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദം കൊതിക്കുന്നവര്‍ക്ക് ക്ഷമിക്കാന്‍ കഴിയുന്നതല്ല തരൂരിന്റെ ‘അപരാധം’

സ്വാതന്ത്ര്യം കൈപ്പിടിയില്‍ എത്തുന്നതിന് മുമ്പ് തന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രണ്ടുതരം രാഷ്ട്രീയങ്ങള്‍ തമ്മിലുള്ള പോര് അതിരൂക്ഷമായി നടന്നിരുന്നു. അതില്‍ ഒന്നാമത്തേത് മഹാത്മാഗാന്ധിയുടെ ആദര്‍ശ രാഷ്ട്രീയമാണ്. പാര്‍ട്ടിയുടെ പേരും കൊടിയുടെ നിറവും പരിഗണിക്കാതെ സ്വന്തം ബോധ്യത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ വിഷയാധിഷ്ഠിതമായി പ്രതികരിക്കുക എന്നതാണത്.shashi tharoor criticise congress; power of politics and tharoor’s politics

രണ്ടാമത്തേത് അധികാരരാഷ്ട്രീയമാണ്. ഇത് അധികാരത്തിലിരുന്ന് അധികാരം കൈവിട്ടു പോകാതിരിക്കാന്‍ ബദ്ധപ്പെടുന്നവരും എന്തുവില കൊടുത്തും അധികാരം നേടിയെടുക്കാന്‍ പരക്കം പായുന്നവരും പയറ്റുന്ന രാഷ്ട്രീയമാണ്. ഇതില്‍ അവിഭക്ത ഭാരതത്തിലെ മഹാഭൂരിപക്ഷം നേതാക്കളും പെടും. കോണ്‍ഗ്രസ്സിന്റെ കാര്യം മാത്രമെടുത്താല്‍ നെഹ്‌റുവും പട്ടേലും മുതല്‍ നേതാക്കള്‍ നിരവധിയാണ്.

ഇന്ത്യയുടെ ഭരണാധികാരം നേടിയെടുക്കാന്‍ പറയാവുന്നതും ചെയ്യാവുന്നതും മാത്രമേ പറയാനും ചെയ്യാനും പാടുള്ളൂ എന്നതായിരുന്നു അവരുടെ നിലപാട്. അതിന് വിലങ്ങുതടിയാവുന്നത് ആരായാലും അവഗണിക്കും, തള്ളിപ്പറയും. മൗണ്ട് ബാറ്റന്‍ അവതരിപ്പിച്ച വിഭജനപദ്ധതി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇരുകൈയും നീട്ടി സ്വീകരിച്ചപ്പോള്‍ ഗാന്ധി പ്രതികരിച്ചതിങ്ങനെ: ”അധികാര ആര്‍ത്തി നമ്മുടെ രാഷ്ട്രീയമര്യാദ കെടുത്തിയിരിക്കുന്നു.’

ഗാന്ധിക്ക് ശേഷം ആദര്‍ശ രാഷ്ട്രീയം ഒരു പരിധിവരെയെങ്കിലും പിന്തുടര്‍ന്നവരാണ്. നെഹ്‌റുവിനോടുള്ള സൗഹൃദവും സ്‌നേഹവും നിലനിര്‍ത്തിക്കൊണ്ടു തന്നെ നെഹ്‌റുവിന്റെ സര്‍ക്കാരിലെ ഓരോ പാളിച്ചയും തുറന്നെതിര്‍ത്ത നേതാവായിരുന്നു രാജാജി. നെഹ്‌റു ഏറ്റവും വിശ്വാസത്തിലെടുത്ത നേതാവായിരുന്നു ജെ.പി. അദ്ദേഹമാണ് ഇന്ദിരാഗാന്ധിയോട് വ്യക്തിപരമായി ഒരു വിരോധവുമില്ലെങ്കിലും അടിയന്തരാവസ്ഥയ്‌ക്കെതിരേ ശക്തമായ നിലപാടെടുത്തത്.

അധികാരനേട്ടത്തിനായി ഈ രണ്ടു നേതാക്കളും ആദര്‍ശം ബലികഴിച്ചില്ല. താനും രാഷ്ട്രീയതാല്പര്യം നോക്കാതെ വിഷയാധിഷ്ഠിതമായി മാത്രം പ്രതികരിക്കുന്നയാളാണെന്നാണ് ശശി തരൂര്‍ ഇതുവരെ പറഞ്ഞിട്ടുള്ളതും ഇപ്പോള്‍ പറയുന്നതും. പിണറായി പ്രകീര്‍ത്തനമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്ന താന്‍ എഴുതിയ ലേഖനത്തെയും മോദി സ്തുതിയെന്ന് കുറ്റപ്പെടുത്തപ്പെട്ട ട്രംപ്-മോദി ചര്‍ച്ചയെക്കുറിച്ചുള്ള പ്രതികരണത്തെയും കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഇവിടെ പരിഗണിക്കേണ്ടതുണ്ട്:

‘കഴിഞ്ഞ 16 വര്‍ഷമായി ഞാന്‍ കേരളത്തിലെ തൊഴിലില്ലായ്മയെക്കുറിച്ചു പറയുകയും എഴുതുകയും ചെയ്യുന്നുണ്ട്. ഇതില്‍ ഇടതുപക്ഷത്തിന്റെ പങ്കിനെയും വിമര്‍ശിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഗ്ലോബല്‍ സ്റ്റാര്‍ട്ട് അപ് ഇക്കോസിസ്റ്റത്തിന്റെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെടുന്നത്. ഇത്തരം മുന്നേറ്റം ഏത് പാര്‍ട്ടിയാണെങ്കിലും സ്വാഗതം ചെയ്യലാണ് മര്യാദ. അതിനര്‍ത്ഥം പിണറായി സര്‍ക്കാരിന്റെ വീഴ്ചകള്‍ ന്യായീകരിക്കുന്നുവെന്നല്ല.

മോദി-ട്രംപ് ചര്‍ച്ചയെക്കുറിച്ചുള്ള പ്രതികരണവും ഇങ്ങനെയാണ്. അമേരിക്ക ഇന്ത്യയ്ക്ക് നേരേ കര്‍ക്കശമായ സാമ്പത്തികവ്യവസ്ഥകള്‍ കൊണ്ടുവരുമെന്ന് ഭയന്ന ഘട്ടത്തില്‍ മോദി-ട്രംപ് ചര്‍ച്ചയില്‍ ആശാവഹമായ നിലപാടുണ്ടായതിനെയാണ് താന്‍ അനുകൂലിച്ചതെന്നാണ് തരൂര്‍ പറയുന്നത്.

ഇത് ഗാന്ധിയന്‍ ആദര്‍ശ രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ്. പക്ഷേ, അധികാരകേന്ദ്രീകൃതമായ പ്രായോഗിക രാഷ്ട്രീയത്തില്‍ ഒരിക്കലും അംഗീകരിക്കപ്പെടാത്ത നിലപാടുമാണ്. മൂന്നുതവണ കേന്ദ്രത്തിലും രണ്ടുതവണ കേരളത്തിലും അധികാരം നഷ്ടമുണ്ടായ കോണ്‍ഗ്രസ്സിന് താങ്ങാനാവുന്നതല്ല ആ നിലപാട്. അടുത്ത തവണ എന്തുവില കൊടുത്തും കേരളത്തില്‍ അധികാരം നേടിയെടുക്കണമെന്നാഗ്രഹിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക്, പ്രത്യേകിച്ച് മുഖ്യമന്ത്രി പദം കൊതിക്കുന്നവര്‍ക്ക് ക്ഷമിക്കാന്‍ കഴിയുന്നതല്ല തരൂരിന്റെ ‘അപരാധം’. അതുകൊണ്ട്, അവര്‍ക്ക് തരൂരിനെ തള്ളിപ്പറഞ്ഞേ മതിയാകൂ. പക്ഷേ, പൊതുജനം തള്ളിപ്പറയുമോ എന്നത് ഉത്തരം കിട്ടേണ്ട ചോദ്യമാണ്.shashi tharoor criticise congress; power of politics and tharoor’s politics

Content Summary: shashi tharoor criticize congress; power of politics and tharoor’s politics

എ സജീവന്‍

എ സജീവന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

×