പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി ശശി തരൂര്‍ ഒരു കൂടിക്കാഴ്ച ചോദിച്ചിട്ട് മൂന്നുവര്‍ഷമായി. ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ ദിനപ്പത്രത്തില്‍ വന്ന ശശി തരൂരിന്റെ ലേഖനം വലിയ വിവാദമായതിനെ തുടര്‍ന്ന് കുറെ ദിവസം മുമ്പ് മാത്രമാണ് തരൂരിന് ആ അഭിമുഖം കിട്ടിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കൂടിയാണ് ലോക്‌സഭാംഗമായ ശശി തരൂര്‍.shasi tharoor – congress issue; how will congress escape?
കെപിസിസി ആസ്ഥാനമായ ‘ഇന്ദിരാഭവനില്‍’ ഇരിക്കാന്‍ ഒരു കസേര ചോദിച്ചിട്ട് പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇതുവരെ അനങ്ങിയിട്ടില്ല. കെപിസിസി ഓഫീസില്‍ വന്നിരുന്ന് തരൂര്‍ അങ്ങനെ വെട്ടിത്തിളങ്ങണ്ട എന്നാണ് പാര്‍ട്ടി നേതൃത്വത്തിലെ ചിലരുടെ തീരുമാനം.
ലോക്‌സഭാംഗമാണെങ്കിലും സഭയില്‍ പ്രസംഗിക്കാന്‍ തരൂരിന് അവസരം കിട്ടുന്നത് മൂന്നോ നാലോ ആഴ്ച കൂടുമ്പോള്‍ മാത്രം. തരൂരിന് അത്രയൊക്കെ മതിയെന്ന് ആരോ ചിലരൊക്കെ ചേര്‍ന്ന് തീരുമാനിക്കുന്നു.
ശശി തരൂരിന്റെ ഗ്ലാമറും ഇംഗ്ലീഷും പ്രസംഗരീതിയുമൊന്നും കോണ്‍ഗ്രസില്‍ ആര്‍ക്കും അത്ര പിടിക്കുന്നില്ലെന്നര്‍ത്ഥം. നേതാക്കളുടെ പ്രശ്‌നം അതുതന്നെയാണ്. കെപിസിസി ഓഫീസില്‍ ഒരു കസേര കൊടുത്താല്‍ തരൂര്‍ അവിടെ വന്നിരുന്നാലോ? തരൂരിനെ കാണാന്‍ ആളുകള്‍ കൂട്ടമായി എത്തിയാലോ? തരൂര്‍ എവിടെ ചെന്നാലും ആളുകൂടും. ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളില്‍ ശശി തരൂരിനെ പോലെ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാക്കള്‍ വളരെ ചുരുക്കം തന്നെയാണ്.
ലോക്‌സഭയില്‍ തരൂര്‍ പ്രസംഗിച്ചാല്‍ അതു വലിയ വാര്‍ത്തയാവും. തരൂര്‍ എന്തെങ്കിലും എഴുതിയാല്‍ അതും വാര്‍ത്തയാവും. കേരളത്തില്‍ എവിടെ ചെന്നാലും തരൂരിന് ചുറ്റും ആളുകളേറെ കൂടും. തരൂര്‍ എവിടെ പ്രസംഗിച്ചാലും ആളുകൂടും. എവിടെയെങ്കിലും ഒരു കോളേജില്‍ പ്രസംഗിക്കാനെത്തിയാല്‍ വിദ്യാര്‍ത്ഥികളും അദ്ദേഹത്തെ വളയും.
യുവാക്കളെയും പ്രായമായവരെയും വിദ്യാര്‍ത്ഥികളെയുമെല്ലാം തന്നിലേക്ക് ആകര്‍ഷിക്കാനുള്ള കഴിവ് ശശി തരൂരിന്റെ മുഖമുദ്ര തന്നെയാണ്. രാഷ്ട്രീയത്തില്‍ ഇതിനെ താരപദവി എന്നോ കാരിസ്മ എന്നോ പറയും. എല്ലാവര്‍ക്കുമൊന്നും കിട്ടുന്ന ഒന്നല്ല ഇത്. അത് ശശി തരൂരിന് എന്നും വിനയാവുന്നു.
തരൂരിന് ചുറ്റും ആള് കൂടുന്നതും അദ്ദേഹത്തെ കേള്‍ക്കാന്‍ ജനങ്ങള്‍ ഓടിയെത്തുന്നതുമൊന്നും സാധാരണ കോണ്‍ഗ്രസ് നേതാക്കള്‍ക്കിഷ്ടപ്പെടുന്നില്ല. ഇങ്ങ് കേരളത്തിലായാലും അങ്ങ് ഡല്‍ഹിയിലായാലും. കെപിസിസി ഓഫീസില്‍ കസേര നിഷേധിച്ചും ലോക്‌സഭയില്‍ പ്രസംഗിക്കാനുള്ള അവസരം വെട്ടിക്കുറച്ചും കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിനെ കൊച്ചാക്കാന്‍ നോക്കുകയാണ്.
അങ്ങനെയങ്ങ് വിട്ടുകൊടുക്കാന്‍ താന്‍ ഒരുക്കമല്ലെന്ന് തുറന്ന് പറയുകയാണ് ശശി തരൂര്‍. പക്ഷേ, തരൂരിന് എവിടെ വരെ പോകാനാവും? ഡല്‍ഹിയിലും ഉത്തരേന്ത്യയിലുമെല്ലാം മുഖമടിച്ച് വീണിട്ടും അതിന് കാരണക്കാരായവരെല്ലാം കോണ്‍ഗ്രസ് നേതൃത്വത്തില്‍ തുടരുകയാണ്. അതത് സ്ഥാനങ്ങളില്‍ തന്നെ. അതേ നേതാക്കള്‍ അതേ സ്ഥാനത്ത് പിന്നെയും തുടര്‍ന്നാല്‍ അതേ വീഴ്ച്ച തന്നെയാകും ഫലം എന്ന കാര്യം അറിയാത്തവരല്ല ഈ നേതാക്കള്‍.
ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഒന്നൊന്നായി പിന്നെയും പിന്നെയും കൈവിടുമ്പോഴും കേന്ദ്രഭരണം മൂന്നാം തവണയും മരീചികയായി നില്‍ക്കുമ്പോഴും അതിന് കാരണക്കാരായ നേതാക്കള്‍ തുടരുന്നു. അവരെല്ലാം ഒന്നിച്ച് നിന്ന്് തരൂരിന് വിലക്ക് കല്‍പിക്കുന്നു.
കോണ്‍ഗ്രസ് തോറ്റാലും വേണ്ടില്ല, തരൂരിന് ഒരു സ്ഥാനവും കൊടുക്കരുതെന്ന ചിന്ത ഇവരിലെല്ലാം പതഞ്ഞുപൊന്തുന്നു. പരസ്പര വൈരാഗ്യമെല്ലാം മറന്ന് ഇവര്‍ തരൂരിനെതിരെ ഒന്നിച്ചുനിന്ന് കൈകോര്‍ക്കുന്നു. തരൂര്‍ ഒരിക്കലും തലപൊക്കിക്കൂടാ എന്ന ചിന്ത ഇവരെ ഐക്യപ്പെടുത്തുന്നു. കോണ്‍ഗ്രസ് എങ്ങനെ രക്ഷപ്പെടും?shasi tharoor – congress issue; how will congress escape?
Content Summary: shasi tharoor – congress issue; how will congress escape?