ആഭ്യന്തര കലാപത്തെ തുടർന്ന് ഷേഖ് ഹസീനയുടെ സർക്കാർ നിലംപതിച്ചതിന്റെ ഫലമായി ബംഗ്ലാദേശിൽ രാഷ്ട്രീയ സ്തംഭനം നേരിടാൻ തുടങ്ങിയിട്ട് ഒരു വർഷം പിന്നിട്ടു. ഹസീന സ്ഥാനഭ്രഷ്ടയാക്കപ്പെട്ട് ഇന്ത്യയിലേക്ക് കടന്നെങ്കിലും ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് സംഘർഷത്തിൽ നിന്ന് പിന്മാറിയിരുന്നില്ല.
ആഭ്യന്തര കലാപം കൊണ്ട് ബംഗ്ലാദേശ് ലോക ശ്രദ്ധയാകർഷിക്കുമ്പോൾ മനുഷ്യത്വരഹിതമായ ഇടപെടലുകളിലൂടെ ഒരു കലാപത്തിന് ആഹ്വാനം ചെയ്ത ഷേഖ് ഹസീനയുടെ വധശിക്ഷാ വിധി ബംഗ്ലാദേശിന്റെ രാഷ്ട്രീയ ഭാവിയിൽ എങ്ങനെ പ്രതിഫലിക്കുമെന്ന ചോദ്യം ശക്തമാവുകയാണ്.
വധശിക്ഷാ വിധിയുടെ തത്സമയം സംപ്രേക്ഷണം മാത്രമാണ് ഇക്കഴിഞ്ഞ ദിവസം ബംഗ്ലാദേശിലാകെ മുഴങ്ങിക്കേട്ടിരുന്നത്. സംഘർഷത്തിൽ ബന്ധുക്കൾ നഷ്ടപ്പെട്ടവരും പരിക്കേറ്റ ചില വിദ്യാർത്ഥികളും ഈ വിചാരണ സെഷനിൽ പങ്കെടുത്തിരുന്നു. തങ്ങൾക്ക് നീതി ലഭിച്ചതിലുള്ള സന്തോഷവും കൃതജ്ഞതയും അവരുടെ മുഖത്ത് പ്രതിഫലിച്ചിരുന്നതായി ബംഗ്ലാദേശ്-ഇന്ത്യൻ പൗര ഡോ രേണുക അഴിമുഖത്തോട് പറഞ്ഞു.
ഹസീനയും ആസാദുസമാനും ഇന്ത്യയിലായതിനാൽ, വിധി നടപ്പാക്കുമോ എന്നതാണ് അവരുടെ ഏക ആശങ്ക. ബംഗ്ലാദേശ് സർക്കാർ ഇതിനകം ഇന്ത്യൻ സർക്കാരിന് കത്തെഴുതിയിട്ടുണ്ട്. നിരപരാധികളെ കൊല്ലുന്നത് ഏറ്റവും ഹീനമായ പ്രവർത്തിയാണെന്നും, ഉത്തരവ് നൽകിയ വ്യക്തിയെന്ന നിലയ്ക്ക് ഷേഖ് ഹസീനയ്ക്ക് തക്കതായ ശിക്ഷ ലഭിക്കണം എന്നുമാണ് മിക്ക സാധാരണക്കാരും ആഗ്രഹിക്കുന്നത്. എൻസിപിയുടെ കടുത്ത പ്രതിഷേധങ്ങളുടെ ഭാഗമായി ധാക്ക യൂണിവേഴ്സിറ്റിക്ക് അടുത്ത് ഒരു പ്രതീകാത്മക തൂക്കിക്കൊല്ലൽ പ്രതിഷേധം നടത്താൻ പദ്ധതിയിടുന്നതായി രേണുക വ്യക്തമാക്കി.
ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം വളരെ സംഘർഷഭരിതമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം, ബംഗ്ലാദേശിലെ മൂന്ന് പ്രധാന പാർട്ടികൾക്കിടയിൽ ശക്തമാ ഒരു പോരാട്ടം നടക്കുന്നുണ്ട്. പ്രബല പാർട്ടികളിൽ ഒന്നായ ബിഎൻപി ആവശ്യപ്പെടുന്നത് തിരഞ്ഞെടുപ്പും റഫറണ്ടവും ഒരേ ദിവസം നടത്തണം എന്നാണ്. എന്നാൽ ഇതിന് വിപരീതമായി റഫറണ്ടം തിരഞ്ഞെടുപ്പിന് മുൻപ് നടത്തണം എന്നാണ് ജമാഅത്തും എൻസിപിയും ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനും പാർട്ടികളും തമ്മിൽ സ്ഥിരമായ യോഗങ്ങൾ നടക്കുന്നുണ്ട്. തങ്ങളുടെ ലക്ഷ്യം നേടുന്നതിനും ഭരണം കൈപ്പിടിയിലൊതുക്കുന്നതിനും റാലികളും മാർച്ചുകളും സംഘടിപ്പിച്ചുകൊണ്ട് ജമാഅത്ത് വളരെ സജീവമാണ്.
മിക്ക പാർട്ടികളും 300 സീറ്റുകളിലേക്കുള്ള തങ്ങളുടെ സ്ഥാനാർത്ഥികളെ ഇതിനകം തിരഞ്ഞെടുക്കുകയും മാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രചാരണം ആരംഭിക്കുകയും ചെയ്തു. വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതിനാൽ അവാമി ലീഗിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല. കൂടാതെ, ഷെയ്ഖ് ഹസീനയുടെ നിർദ്ദേശമനുസരിച്ച് അവർ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനും സാധ്യതയുണ്ട്. എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. ഷേഖ് ഹസീനയുടെ വധശിക്ഷാ വിധി തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ സാധ്യതയില്ല.
അവാമി ലീഗിന് വിലക്കുണ്ടെങ്കിലും, അവർക്ക് പിന്തുണ നൽകുന്ന ധാരാളം ആളുകൾ ഇപ്പോഴുമുണ്ട്. ഇന്ത്യ, യൂറോപ്യൻ യൂണിയൻ പോലുള്ള ചില രാജ്യങ്ങൾ അവാമി ലീഗിന് തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ അവർക്ക് മത്സരിക്കാൻ കഴിയില്ല.
കൂടാതെ, അവരുടെ ഭൂരിഭാഗം നേതാക്കളും ഇപ്പോഴും ജയിലിലോ വിദേശത്തോ ആണ്. കഴിഞ്ഞ ദിവസം ഗോപാൽഗഞ്ച് പോലുള്ള ചില പ്രദേശങ്ങളിൽ ഷെയ്ഖ് ഹസീനയുടെ വധശിക്ഷാ വിധിയ്ക്കെതിരെ ഇവർ റാലികൾ സംഘടിപ്പിച്ചു. അവാമി ലീഗിന്റെ പിന്തുണയുള്ള ചില സ്ഥാനാർത്ഥികൾ പാർട്ടിയുടെ പേര് പരാമർശിക്കാതെ തിരഞ്ഞെടുപ്പിനെ നേരിട്ടേക്കും. എന്നാൽ ഈ പ്രതിസന്ധി അവാമി ലീഗ് വേഗം മറികടക്കും. കൂടാതെ, നിലവിൽ ഒരു പുതിയ നേതൃത്വത്തിന്റെ അഭാവം പാർട്ടി നേരിടുന്നുണ്ട്.
ധാക്ക, ചിറ്റഗോങ്ങ്, രാജ്ഷാഹി, ജഹാംഗീർ നഗർ തുടങ്ങിയ യൂണിവേഴ്സിറ്റികളിൽ കഴിഞ്ഞ മാസം നടന്ന യൂണിയൻ തിരഞ്ഞെടുപ്പുകളിൽ ജമാഅത്താണ് ഭൂരിഭാഗം സീറ്റുകളും വിജയം കൈവരിച്ചത്. എന്നാൽ എൻസിപിക്ക് വെറും 2 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. എന്നാൽ, ഇരുപാർട്ടികൾക്കും യുവാക്കൾക്കിടയിൽ ജനസമ്മിതിയുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. ഒരു സർക്കാർ രൂപീകരിക്കാൻ കഴിയുമോ എന്നുള്ള കാര്യത്തിൽ സംശയമാണ്. ഒരുപക്ഷേ ജമാഅത്തുമായി ഒരു സഖ്യം ഉണ്ടാക്കിയെടുക്കാൻ സാധ്യതയുണ്ട്. ഇന്ത്യ ഹസീനയെ തിരിച്ചയച്ചില്ലെങ്കിൽ ഇരു സർക്കാരുകൾക്കും ഇടയിലുള്ള ബന്ധം കൂടുൽ വഷളായേക്കാം. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലുള്ള വ്യാപാരം കുറഞ്ഞിട്ടുണ്ട്. ചില ആളുകൾക്ക് ഇന്ത്യാ വിരുദ്ധ വികാരം വളരെ കൂടുതലാണ്. എന്നാൽ മറ്റു ചിലർ കരുതുന്നത് ഹസീനയോടുള്ള ഇന്ത്യയുടെ നയം പക്ഷപാതപരവും ഏകപക്ഷീയവുമാണെന്ന് രേണുക വ്യക്തമാക്കുന്നു.
content summary: Sheikh Hasina’s execution will not jeopardize Bangladesh’s political future, We are waiting for the elections says Dr. Renuka, a Malayali residing in Bangladesh