ഷിഗെല്ല(Shigella) എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന രോഗമാണ് ‘ഷിഗല്ലോസിസ്’. എങ്കിൽ തന്നെയും കേരളത്തിൽ ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടുകളിലൊക്കെ ഷിഗല്ലോസിസിന് പകരം ഷിഗെല്ല എന്നാണ് ഉപയോഗിച്ചുവരുന്നത്. ഈ ബാക്ടീരിയ വളരുകയും വിഭജിച്ച് പെരുകുകയും ചെയ്യുന്നത് മനുഷ്യന്റെ വൻകുടലിലാണ്. മനുഷ്യശരീരത്തിന് വെളിയിൽ കുറച്ചുകാലം ജീവിക്കാൻ കഴിയുമെങ്കിലും വിഭജനം നടക്കാൻ കുടലിൽ എത്തിയേ മതിയാകൂ. രക്തം കലർന്ന വയറിളക്കമാണ് (Dysentary) രോഗത്തിന്റെ പ്രധാന ലക്ഷണം. ഭൂരിപക്ഷം ആളുകൾക്കും രോഗം മരുന്നില്ലാതെ തന്നെ മാറുമെങ്കിലും ചിലരിൽ തീവ്രത കൈവരിക്കാം. മരണത്തിനും സാധ്യതയുണ്ട്.
ഷിഗെല്ലയുടെ ചരിത്രം
ലോകത്തിൽ ആദ്യമായി ഷിഗല്ലോസിസ് ഉണ്ടായത് എപ്പോഴാണ് എന്നതിന് രേഖകളൊന്നുമില്ല. ‘ഡിസന്ററി’ എന്ന പേരിന്റെ ഉപജ്ഞാതാവ് ഹിപ്പോക്രേറ്റ്സ് (460-370 ബി. സി.) ആയിരുന്നു. അത് ഷിഗല്ലോസിസോ അമീബിക്ക് ഡിസന്ററിയോ ആകാം. ജാപ്പനീസ് ഭിഷഗ്വരനും ബാക്ടീരിയോളജിസ്റ്റുമായിരുന്ന കിയോഷി ഷിഗയാണ് (Kiyoshi Shiga) ആദ്യമായി ഡിസന്ററി രോഗികളുടെ മലത്തിൽ ഷിഗെല്ല ബാക്റ്റീരിയയെ കണ്ടെത്തിയത്. 1897- ൽ ജപ്പാനിൽ പൊട്ടിപ്പുറപ്പെട്ട ‘ഡിസന്ററി’ ബാധിച്ച് 22000- ത്തിലധികം പേർ മരണമടഞ്ഞു. ഈ സമയത്താണ് ഷിഗ, 34 രോഗികളിൽ നിന്ന് പ്രസ്തുത ബാക്ടീരിയയെ വേർതിരിച്ചെടുത്തത്. അദ്ദേഹം ബാക്ടീരിയക്ക് ബാസിലസ് ഡിസെന്ററിയേ (Bacillus dysenteriae) എന്നാണ് പേരിട്ടത്. 1930- ൽ ഷിഗയോടുള്ള ആദരസൂചകമായി അതിന് ഷിഗെല്ല ഡിസെന്ററിയേ (Shigella dysenteriae) എന്ന് പേരിട്ടു. ഇപ്പോഴത് ഷിഗെല്ല ഡിസെന്ററിയേ സീറോടൈപ്പ്-1 എന്നാണറിയപ്പെടുന്നത്. (യാഥാർത്ഥത്തിൽ ഷിഗ എന്നത് അദ്ദേഹത്തിന്റെ അമ്മയുടെ പേരാണ്. അച്ഛന്റെ പേരിന് പകരം അമ്മയുടെ പേരാണ് അദ്ദേഹം സർനെയിമായി സ്വീകരിച്ചിരുന്നത്). 1889- ൽ സിമോൺ ഫ്ലെക്സ്നർ ഫിലിപ്പീൻസിൽ നിന്നും മറ്റൊരു സ്പീഷീസ് കണ്ടെത്തി (Shigella flexneri). തുടർന്ന് രണ്ട് സ്പീഷീസുകൾ കൂടി കണ്ടെത്തുകയുണ്ടായി. 1915- ൽ ഡെന്മാർക്കിൽ നിന്ന് കാൾ സോണും (S. sonnei), 1930- കളിൽ ബെംഗളൂരുവിൽ നിന്ന് ജെ. എസ്. കെ. ബോയ്ഡും (S. boydii). ഷിഗെല്ല സോണിയൊഴിച്ച് മറ്റ് മൂന്ന് സ്പീഷീസുകൾക്കും ഒന്നിലധികം വകഭേദങ്ങളുണ്ട് (S dysenteriae-14 , Shigella flexneri-15, Shigella boydii-19). കൂട്ടത്തിൽ ഏറ്റവും അപകടകാരി ഷിഗെല്ല ഡിസെന്ററിയേ ആണ്. ഓരോ വർഷവും ആഗോളതലത്തിൽ ലക്ഷക്കണക്കിന് ഷിഗല്ലോസിസ് മരണങ്ങൾ ഉണ്ടാകുന്നുണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. മരണസംഖ്യയുടെ കാര്യത്തിൽ ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ 2005- ലേയും 2021- ലേയും രണ്ട് വ്യത്യസ്ത പ്രസിദ്ധീകരണങ്ങളിൽ ഇത് യഥാക്രമം 7,00,000- വും 2,12,000- വുമാണ്. പത്ത് ലക്ഷത്തിൽപ്പരം മരണങ്ങളാണ് മറ്റൊരു പ്രശസ്ത ഗവേഷണ പ്രബന്ധത്തിൽ പറയുന്നത്. ഷിഗല്ല ഡിസെന്ററിയേ ബാധിച്ച അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളാണ് മരണമടയുന്നവരിൽ ഭൂരിപക്ഷവും.

ഷിഗെല്ല ഇന്ത്യയിൽ
ബ്രിട്ടീഷ് റോയൽ ആർമി മെഡിക്കൽ കോർപ്സിലെ മേജർ ജെ. എസ്. കെ. ബൊയ്ഡ് (J.S.K. Boyd), 1929- ൽ ബാംഗളൂരിൽ പ്രവർത്തിക്കുന്ന കാലത്ത്, ഷിഗെല്ല കേസുകളിൽ പഠനം നടത്തുമ്പോഴാണ് ഒരു പുതിയ തരം ഷിഗെല്ല കണ്ടെത്തപ്പെടുന്നത്. അത് പിൽക്കാലത്ത് ‘ഷിഗെല്ല ബോയ്ഡി’ എന്നറിയപ്പെട്ടു. ഇന്ത്യയിൽ രേഖപ്പെടുത്തിയ ആദ്യത്തെ ഷിഗെല്ല കേസുകൾ ഇവയായിരിക്കാനാണ് സാധ്യത. പിൽക്കാലത്ത് പല വർഷങ്ങളിലായി പല പ്രദേശങ്ങളിലും ഷിഗെല്ലയുടെ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉദാ: വെല്ലൂർ (1972-1973,1997-2001) കിഴക്കേ ഇന്ത്യ (1984), ആൻഡമാൻ നിക്കോബാർ (1986), ചണ്ഡിഗർ (2003). കഴിഞ്ഞ കുറച്ചുവർഷങ്ങളായി കേരളത്തിലും സ്ഥിരമായി ഷിഗെല്ല റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഷിഗെല്ലയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ കൃത്യമായ മരണക്കണക്ക് ലഭ്യമല്ല. നമ്മുടെ രാജ്യത്ത് നാല് സ്പീഷീസുകളും ഉണ്ടെങ്കിലും ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ഷിഗെല്ല ഫ്ലെക്സ്നെറി (S. flexneri )യാണ് (60%). അവയിൽ കൂടുതലായും ഷിഗെല്ല ഡിസെന്ററിയേ ബാധിച്ച അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളാണ്. മറ്റൊരു വസ്തുത, ഇന്ത്യയിലെ കൃത്യമായ മരണക്കണക്ക് ലഭ്യമല്ല എന്നതാണ്. 2016- ൽ ചണ്ഡിഗർ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസേർച്ചിലെ ഗവേഷകർ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇന്ത്യയിലെ ഷിഗെല്ലയുടെ തൽസ്ഥിതിയെക്കുറിച്ച് ഇങ്ങനെ പറയുന്നു: നമ്മുടെ രാജ്യത്ത് നാല് ഷിഗെല്ല സ്പീഷീസുകളും ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ ഷിഗെല്ല ഫ്ലെക്സ്നെറി (S. flexneri ) (60%) യാണ്. മറ്റ് സ്പീഷീസുകൾ: S. sonnei (23.8%), S. dysenteriae (9.8%), S. boydii (5.7%) എന്നിവയാണ് (ഇത് ഉത്തരേന്ത്യയിലെ കണക്കാണ്. ദക്ഷിണേന്ത്യയിൽ ഇങ്ങനെയാവണമെന്നില്ല).
ഷിഗെല്ല കേരളത്തിൽ
കേരളത്തിൽ ഷിഗെല്ല മൂലമുള്ള വയറിളക്കം ആദ്യമായുണ്ടായതെന്നാണെന്നതിന് രേഖകളൊന്നുമില്ല. ഒരുപക്ഷേ, ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 2009- ൽ തിരുവനന്തപുരത്തായിരുന്നു. 2009 ഫെബ്രുവരി ഒന്നാം തീയതി വിവാഹ സദ്യ കഴിച്ച മുന്നൂറിലധികം ആളുകളിൽ 60 ശതമാനത്തിനും ഭക്ഷണം കഴിച്ച് 12 മണിക്കൂറിനുള്ളിൽ വയറിളക്കം പിടിച്ചു. അവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആന്റിബയോട്ടിക്ക് ഉപയോഗിച്ചുള്ള ചികിൽസയ്ക്ക് ശേഷം എല്ലാവരും വീട്ടിലേക്ക് തിരിച്ചുപോവുകയും ചെയ്തു. ഇവരിൽ 15 പേരുടെ മലം പരിശോധിച്ചപ്പോൾ 9 സാമ്പിളുകളിൽ ഷിഗെല്ലയുടെ സാന്നിദ്ധ്യം കണ്ടു. എല്ലാം തന്നെ ഷിഗെല്ല സോണി (Shigella sonnei) ആയിരുന്നു (Nandi et al 2011). ആലപ്പുഴ മെഡിക്കൽ കോളേജിൽ നടന്ന ഒരു പഠനത്തിൽ 2011 മുതൽ 2016 വരെ ശേഖരിച്ച 1585 സാമ്പിളുകളിൽ 48 സാമ്പിളുകളിൽ ഷിഗെല്ല ബാക്റ്റീരിയയെ കണ്ടെത്തിയിരുന്നു. മുപ്പതെണ്ണത്തിൽ ഷിഗെല്ല സോണിയും (62.5%) പതിനെട്ടിൽ ഫ്ലെക്സ്നെറിയും (37.5%). തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിൽ നടത്തിയ മറ്റൊരു പഠനത്തിൽ 2018 മുതൽ 2021 വരെ ശേഖരിച്ച 805 സാമ്പിളുകളിൽ 2 സാമ്പിളുകളിൽ ഷിഗല്ല സോണിയും ഒന്നിൽ ഷിഗല്ല ഫ്ലെക്സ്നെറിയും കണ്ടെത്തി. തൃശൂർ മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ഡിപ്പാർട്ട്മെന്റിൽ സാമാന്യം വലിയൊരു പഠനം നടന്നു. 2009 മുതൽ 2022 വരെ ശേഖരിച്ച 4418 മല സാമ്പിളുകളാണ് പഠനവിധേയമാക്കിയത്. അവയിൽ 66 സാമ്പിളുകളിൽ ഷിഗെല്ല ഉണ്ടായിരുന്നു. ഇവയിൽ 44 (66%) ഷിഗല്ല സോണിയും 21 (32%) ഫ്ലെക്സ്നെറിയും ഒരെണ്ണം (0.01%) ഡിസെൻട്രിയേയും. ആദ്യമായാണ് സംസ്ഥാനത്തുനിന്ന് ഡിസെൻട്രിയേ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ കേരളത്തിൽ നിന്ന് ഷിഗെല്ല ബോയ്ഡി ഒഴികെ എല്ലാ സ്പീഷീസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു (Lakshmi Sankar, Babu, Vimalraj, 2026). കേരള ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടുകളിൽ ഷിഗെല്ല പ്രതീക്ഷപ്പെട്ടുതുടങ്ങിയത് 2020 മുതലാണ്. ആ വർഷം 12 കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. തുടർന്നുള്ള വർഷങ്ങളിലെ സ്ഥിതിവിവരക്കണക്ക് ഇപ്രകാരമാണ് (ബ്രായ്ക്കറ്റിൽ മരണസംഖ്യ): 2021- 81 (3), 2022- 83 (4), 2023- 90 (1), 2024- 121 (1), 2025-133 (0), 2026 ജൂൺ 23 വരെ: 241 (7).

രോഗവ്യാപനവും രോഗലക്ഷണങ്ങളും
ഇതുവരെയുള്ള അറിവനുസരിച്ച് മനുഷ്യരിൽ മാത്രമേ ഷിഗെല്ല ബാക്റ്റീരിയ വളർന്ന് പെരുകുകയുള്ളൂ. ഗൊറില്ലകളിൽ അപൂർവ്വമായി ഷിഗെല്ല കണ്ടെത്തിയിട്ടുണ്ടെങ്കിലും അതെല്ലാം മനുഷ്യവാസമുള്ള പ്രദേശങ്ങളിൽ നിന്നായിരുന്നു. അതുകൊണ്ട് തന്നെ ഗൊറില്ലകൾ സ്വാഭാവികമായ ആതിഥേയ ജീവി (host ) ആയിരിക്കാൻ സാധ്യതയില്ല. ഷിഗല്ലോസിസ് രോഗിയുടെ മലത്തിലുള്ള ബാക്റ്റീരിയ ഏതെങ്കിലും രീതിയിൽ മറ്റൊരാളിലെത്തുമ്പോഴാണ് അയാൾക്ക് രോഗമുണ്ടാകുന്നത്. എങ്ങനെയായാലും വൻകുടലിൽ എത്തണം. ബാക്റ്റീരിയ കലർന്ന വെള്ളം, ഭക്ഷണം എന്നിവ വഴി നേരിട്ടോ, ബാക്റ്റീരിയ ഒട്ടിപ്പിടിച്ച വസ്തുക്കളെ തൊട്ട് (അത് ശരീരഭാഗമോ, ജീവനില്ലാത്ത മറ്റ് വസ്തുക്കളോ ആകാം- സ്റ്റെതസ്കോപ്പ്, ഡോർ നോബ്, ടോയിലറ്റ് സീറ്റ് തുടങ്ങിയവ) ആ കൈ വായിൽ വെയ്ക്കുക വഴിയോ ഷിഗെല്ല വയറ്റിലെത്താം. ഭക്ഷണ പദാർഥങ്ങളിൽ ബാക്റ്റീരിയയെ എത്തിക്കുന്നതിൽ ഈച്ചകൾക്കുള്ള പങ്കും തള്ളിക്കളയാൻ കഴിയില്ല. ലൈംഗിക ബന്ധത്തിലൂടെയും രോഗം പകരാം (oral sex, anal sex). വൻകുടലിൽ എത്തിക്കഴിഞ്ഞാൽ, എപ്പിത്തീലിയം കോശങ്ങളുടെ ഉള്ളിലേക്ക് ബാക്റ്റീരിയ നുഴഞ്ഞുകയറുകയും കോശത്തിന്റെ സൈറ്റോപ്ലാസത്തിൽ വിഭജിച്ച് പെരുകുകയും ചെയ്യും. ഈ കോശങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്യും. ഒരു കോശത്തിൽ നിന്നും ബാക്റ്റീരിയ അടുത്ത കോശങ്ങളിലേക്ക് വ്യാപിക്കും. ഉള്ളിൽ കടന്ന ബാക്ടീരിയയുടെ എണ്ണത്തിനനുസരിച്ചിരിക്കും രോഗലക്ഷണങ്ങൾ തുടങ്ങുന്ന സമയം. ഷിഗെല്ല ഡിസെന്ററിയേ രോഗം ആരംഭിക്കാൻ പത്ത് ബാക്ടീരിയയും മറ്റുള്ളവയ്ക്ക് 100-200 ബാക്ടീരിയയും മതിയാകും. ബാക്റ്റീരിയ ഉള്ളിൽ കടന്ന് ഒന്നുരണ്ട് ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ ആരംഭിക്കും. സാധാരണയായി ഒരാഴ്ചയോളം രോഗലക്ഷണങ്ങൾ കാണിക്കും. ശക്തികുറഞ്ഞ രോഗമാണെങ്കിൽ ചികിൽസയൊന്നും കൂടാതെ തന്നെ മാറും. തീവ്രത കൂടിയതാണെങ്കിൽ മരുന്ന് കഴിക്കേണ്ടിവരും. ഷിഗെല്ല ഡിസെന്ററിയേ കൂടുതൽ അപകടകാരിയാണെന്ന് പറഞ്ഞല്ലോ. അതിന് കാരണം അവ സ്രവിപ്പിക്കുന്ന ‘ഷിഗ’ എന്ന് പേരുള്ള ഒരു വിഷമാണ് (പ്രോട്ടീൻ).

രോഗലക്ഷണങ്ങൾ എന്തൊക്കെ?
ചിലയാളുകൾ യാതൊരു ലക്ഷണവും കാണിക്കില്ല. മറ്റുചിലയാളുകളിൽ വളരെ മിതമായ ലക്ഷണങ്ങൾ മാത്രമേ ഉണ്ടാകൂ. ഉദാഹരണത്തിന് രക്തം കലരാത്ത വയറിളക്കം (ഡയറിയ). മൂന്നാമത്തെ വിഭാഗക്കാരാണ് ഷിഗല്ലോസിസിന്റെ ശരിയായ ലക്ഷണങ്ങൾ കാണിക്കുന്നവർ. കുട്ടികളിലും പ്രായമായവരിലുമാണ് രോഗം കൂടുതൽ തീവ്രത പ്രാപിക്കുന്നത്.
ലക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
രക്തത്തോടുകൂടെയുള്ള വയറിളക്കം. ഇത് മൂന്നിലധികം ദിവസം നീണ്ടുനിന്നേക്കാം. പനി, വയറുവേദന, ഇടയ്ക്കിടെ ശൌചാലയത്തിൽ പോകണമെന്ന തോന്നൽ, നിർജ്ജലീകരണം.
സങ്കീർണ്ണതകൾ: ഷിഗല്ല ഡിസെന്ററിയേ ഉല്പാദിപ്പിക്കുന്ന ‘ഷിഗ’ വിഷം പല സങ്കീർണ്ണതകളും ഉണ്ടാക്കാം. ഷിഗ രക്തത്തിൽ കലരുകയും രക്താണുക്കളെ നശിപ്പിക്കുകയും ചെയ്യും. നശിപ്പിക്കപ്പെട്ട രക്താണുക്കൾ വൃക്കകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും വൃക്കകൾ തകരാറിലാക്കുകയും ചെയ്യും. ഈ അവസ്ഥയാണ് ഹീമോലിറ്റിക് യുറീമിക് സിൻഡ്രോം (Hemolytic-uremic syndrome). ചെറിയ കുട്ടികളിലാണ് കൂടുതലായും ഈ സങ്കീർണ്ണത ഉണ്ടാകുന്നത്. മറ്റ് സങ്കീർണ്ണതകൾ: ഷിഗല്ല ഫ്ലെക്സ്നറി, ബോയ്ഡി എന്നീ സ്പീഷീസുകൾ സന്ധിവേദന (reactive arthritis) ഉണ്ടാക്കാം; ചില കുട്ടികളിൽ അപസ്മാര രോഗമുണ്ടാകാം; ഷിഗല്ല ഡിസെന്ററിയേ, ഷിഗല്ല ഫ്ലെക്സ്നറി ബാധയേറ്റവരിൽ രക്തത്തിൽ അണുബാധയുണ്ടാകാം. പ്രത്യേകിച്ചും എച്ച്. ഐ. വി., പ്രമേഹം, കാൻസർ തുടങ്ങിയ രോഗമുള്ളവരിൽ.
രോഗനിർണ്ണയവും ചികിൽസയും
ഷിഗല്ലോസിസ് രോഗലക്ഷണങ്ങൾ കാണിക്കുന്ന രോഗികളുടെ മലപരിശോധനയിലൂടെയാണ് രോഗം ഉറപ്പിക്കുന്നത്. മൈക്രോസ്കോപ്പിലൂടെ പരിശോധിച്ചാൽ 70% രോഗികളിലും മലത്തിൽ രക്തവും ശ്വേതരക്താണുക്കളും ദൃശ്യമാവും. അടുത്തപടി ബാക്ടീരിയകളെ കൾച്ചർ ചെയ്തുള്ള പഠനമാണ്. ഇതിലൂടെ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം ഉറപ്പിക്കാൻ കഴിയും.

രോഗത്തിന്റെ തീവ്രതയെ അടിസ്ഥാനമാക്കിയാണ് ചികിൽസ നൽകുന്നത്. സങ്കീർണ്ണമല്ലാത്ത ഷിഗല്ലോസിസ് ആണെങ്കിൽ (Uncomplicated Shigellosis) ആന്റിബയോട്ടിക്കിന്റെ ആവശ്യമില്ല. രോഗിക്ക് നിർജ്ജലീകരണം ഉണ്ടാകുന്നില്ല എന്നുറപ്പ് വരുത്തിയാൽ മതി. രോഗം സങ്കീർണ്ണമാണെങ്കിൽ, പ്രത്യേകിച്ചും ചെറിയ കുട്ടികൾക്കും പ്രായമായവർക്കും ആന്റിബയോട്ടിക്കുകൾ നൽകേണ്ടിവരും. പലതരത്തിലുള്ള ആന്റിബയോട്ടിക്കുകളും ലഭ്യമാണ്. എന്നാൽ, കേരളമടക്കം പല പ്രദേശങ്ങളിലും ബാക്റ്റീരിയ വിവിധതരം ആന്റിബയോട്ടിക്കുകൾക്കെതിരേ പ്രതിരോധമാർജ്ജിച്ചിട്ടുണ്ട്. അതുകൂടി കണക്കിലെടുത്തുവേണം ആന്റിബയോട്ടിക്കുകൾ തെരഞ്ഞെടുക്കേണ്ടത്. നിർബന്ധമായും ഡോക്ടരുടെ മേൽനോട്ടത്തിൽ മാത്രമേ ആന്റിബയോട്ടിക്ക് ചികിൽസ നടത്താൻ പാടുള്ളൂ.
പ്രതിരോധവും നിയന്ത്രണവും
സാംക്രമിക രോഗങ്ങളുമായി ബന്ധപ്പെട്ട പ്രശസ്തമായ മുദ്രാവാക്യമാണ് ‘പ്രതിരോധമാണ് ചികിൽസയെക്കാൾ മെച്ചം (Prevention is better than cure)’. ഷിഗെല്ലയുടെ കാര്യത്തിലും ഈ മുദ്രാവാക്യം അത്യന്തം പ്രസക്തമാണ്. ഷിഗെല്ല ബാക്റ്റീരിയ വയറ്റിലെത്താതെ നോക്കുക എന്നതാണ് പ്രതിരോധ മാർഗ്ഗത്തിന്റെ അടിസ്ഥാന തത്വം. വെളിയിടങ്ങളിൽ മലവിസർജ്ജനം നടത്താതിരിക്കുക, കക്കൂസ് ടാങ്കും കിണറും തമ്മിൽ 15 മീറ്ററെങ്കിലും അകലം ഉറപ്പാക്കുക, ശൗചാലയത്തിൽ പോയാൽ സോപ്പിട്ട് കൈകഴുകാതെ എവിടെയും സ്പർശിക്കാതിരിക്കുക, ഭക്ഷണം തുറന്നുവെക്കാതിരിക്കുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, പരിസരം വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയവയാണ് പ്രധാന പ്രതിരോധ മാർഗ്ഗങ്ങൾ. നിർഭാഗ്യവശാൽ ഷിഗെല്ലയ്ക്കെതിരെ വാക്സിൻ ലഭ്യമല്ല. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ അത്തരമൊരു വാക്സിനുവേണ്ടിയുള്ള ഗവേഷണം നടന്നുകൊണ്ടിരിക്കയാണ്. ലോകാരോഗ്യ സംഘടനയുടെ പ്രസിദ്ധീകരണത്തിൽ ഒൻപതുതരം വാക്സിനുകളുടെ പരീക്ഷണങ്ങൾ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കയാണെന്ന് പറയുന്നു.
Content Summary: Shigellosis is a bacterial disease that causes severe diarrhea and dysentery. This article explores the history of Shigella, its spread in India and Kerala, symptoms, treatment, and ways to prevent infection.