June 26, 2026 |
Share on

ലഹരി പരിശോധനക്കിടെ ഹോട്ടലിലെ മൂന്നാം നിലയിലെ ജനാലയിലൂടെ ചാടിയത് ഷൈൻ തന്നെ

സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഡാന്‍സാഫ് (ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക്​സ്​ സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് ) പരിശോധനക്കിടെ ഹോട്ടലിൽ നിന്നും ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ. എറണാകുളം നോർത്തിലെ ഹോട്ടലിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി ഷൈൻ ഇറങ്ങിയോടിയത്. നടൻ ഹോട്ടലിൽ നിന്നും ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഡാന്‍സാഫ് സംഘം പരിശോധനക്കെത്തിയ വിവരം മനസിലാക്കിയ ഷൈൻ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിലെ ജനാലയിലൂടെ രണ്ടാം നിലയിലേക്ക് എടുത്തു ചാടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഹോട്ടലിന്റെ 314ാം നമ്പർ മുറിയിൽ നിന്നാണ് നടൻ ഇറങ്ങിയോടിയത് എന്നാണ് വിവരം. ചാട്ടത്തിന്‍റെ ആഘാതത്തില്‍ രണ്ടാം നിലയിലെ ഷീറ്റുകള്‍ പൊട്ടിയെന്നും തുടര്‍ന്ന് സ്വിമ്മിങ് പൂളിലേക്ക് താരം ചാടുകയും അവിടെ നിന്ന് സ്റ്റെയര്‍കെയ്സ് വഴി ഇറങ്ങി ഓടുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നടന്റെയൊപ്പം മുറിയിൽ മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ അവരും ഓടിരക്ഷപ്പെടുകയായിരുന്നു. അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ മുറിയിൽ നിന്നും ലഹരി വസ്തുക്കളൊന്നും കണ്ടെത്താനായിട്ടില്ലയെന്നും റിപ്പോർട്ടിലുണ്ട്.

സിനിമ സെറ്റിലെ ലഹരി ഉപയോ​ഗത്തെക്കുറിച്ചുള്ള ചർച്ചകളിൽ പല തവണ ഷൈൻ ടോം ചാക്കോയുടെ പേര് ഉയർന്നുവന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ പുറത്തുവന്ന ഹൈബ്രിഡ് കഞ്ചാവ് കേസിലും ഷൈൻ്റെ പേര് ഉൾപ്പെട്ടിരുന്നു.

Content Summary: Shine tom chacko escaped from hotel during drug raid

Leave a Reply

Your email address will not be published. Required fields are marked *

×