ശിവസേന എംപി രവീന്ദ്ര ഗെയ്ക്‌വാദ് എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പ് കൊണ്ടടിച്ചു. 60കാരനായ ഡ്യൂട്ടി മാനേജര്‍ ആര്‍ ശ്രീകുമാറിനാണ് മര്‍ദ്ദനമേറ്റത്. വിമാനത്തിലെ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ ഭാഗമായാണ് മര്‍ദ്ദിച്ചത്. ബിസിനസ് ക്ലാസ് ടിക്കറ്റെടുത്ത തനിക്ക് എക്കോണമി ക്ലാസ് ടിക്കറ്റാണ് തന്നത് എന്ന് പറഞ്ഞാണ് ശിവസേന എംപി, ജീവനക്കാരനോട് കയര്‍ത്തതും മര്‍ദ്ദിച്ചതും. സംഭവത്തെ വ്യോമയാന മന്ത്രി അശോക് ഗജപതി രാജു അപലപിച്ചു. സംഭവം അന്വേഷിക്കുന്നുണ്ടെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
പൂനെയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പ്രശ്‌നമുണ്ടായത്. മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ നിന്നുള്ള എംപിയാണ് രവീന്ദ്ര ഗെയ്ക്വാദ്. വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ വിസമ്മതിച്ച ഗെയ്ക്‌വാദ് ജീവനക്കാര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും ഏറെ നേരെ ബുദ്ധിമുട്ടുണ്ടാക്കി. തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നുള്ള ജീവനക്കാര്‍ എത്തി വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ശ്രീകുമാറിനെ ഗെയ്ക്‌വാദ് മര്‍ദ്ദിച്ചത്. ശ്രീകുമാറിനെ താന്‍ ചെരിപ്പുകൊണ്ട് 25 തവണ അടിച്ചതായി രവീന്ദ്ര ഗെയ്ക്‌വാദ് പറഞ്ഞു. തന്നോട് മോശമായി പെരുമാറിയതിനാലാണ് ഇങ്ങനെ ചെയ്തതെന്നാണ് ഗെയ്ക്‌വാദ് പറയുന്നത്.
വായനയ്ക്ക്: https://goo.gl/XozOyt