കമൽ ഹാസനെ നായകനാക്കി അൻപറിവ് മാസ്റ്റേഴ്സ് സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന് ശ്യാം പുഷ്കരൻ തിരക്കഥ. രാജ് കമൽ ഫിലിംസാണ് പ്രഖ്യാപനം നടത്തിയത്. രാജ് കമൽ ഫിലിംസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഭാവന സ്റ്റുഡിയോസും സോഷ്യൽ മീഡിയയിൽ നാലു പേരുടെയും ചിത്രം പങ്കുവച്ചിരുന്നു. കെഎച്ച് 237 എന്നാണ് താത്കാലികമായി ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഒരു മാസ് ആക്ഷൻ ചിത്രമായിട്ടാണ് കെഎച്ച് 237 ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഒരു അന്നൗൺസ്‌മെന്റ് വീഡിയോ നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
2010 ൽ കാർത്തി നായകനായ ‘നാൻ മഹാൻ അല്ലൈ’ എന്ന സിനിമയിലൂടെയാണ് അൻപറിവ് മാസ്റ്റേഴ്സ് സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് ഇവർ നിരവധി തമിഴ്, തെലുങ്ക്, മലയാളം സിനിമകളുടെ ഭാഗമായി.രണ്ട് ദേശീയ അവാർഡുകൾ നേടിയ അൻപ്- അറിവ് സഹോദരങ്ങൾ, ആക്ഷൻ കൊറിയോഗ്രാഫർമാരെന്ന നിലയിൽ ഏറെ പ്രശസ്തരാണ്. ‘കെ.ജി.എഫ്’, ‘വിക്രം’, ‘സലാർ’ തുടങ്ങിയ വലിയ സിനിമകളിൽ പ്രവർത്തിച്ച ഇവരുടെ സംവിധാന അരങ്ങേറ്റം കൂടിയാകും ഈ ചിത്രം.
കമൽ ഹാസൻ എന്ന അതുല്യ നടന്റെ പ്രകടനവും ശ്യാം പുഷ്കരന്റെ ശക്തമായ തിരക്കഥയും അൻപരിവിന്റെ ആക്ഷൻ മികവും ഒരുമിക്കുമ്പോൾ, ഇന്ത്യൻ സിനിമയിൽ ചിത്രം ഒരു പുതിയ വഴിത്തിരിവാകും. മികച്ച തിരക്കഥകളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ ശ്യാം പുഷ്കരൻ ആദ്യമായി ഒരു കമൽ ഹാസൻ സിനിമയ്ക്കായി രചന നിർവഹിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. ‘മഹേഷിന്റെ പ്രതികാരം’, ‘കുമ്പളങ്ങി നൈറ്റ്സ്’, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ തുടങ്ങിയ മികച്ച സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് ശ്യാം പുഷ്കരൻ. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ ആഴവും, ജീവിതത്തോടുള്ള യാഥാർത്ഥ്യബോധവും ഈ സിനിമ മികച്ചതാക്കുമെന്ന് കരുതാം. ഈ കൂട്ടുകെട്ട് ഇന്ത്യൻ സിനിമയിൽ പുതിയൊരു വഴിത്തിരിവാകുമെന്നും പ്രതീക്ഷിക്കുന്നു.
content summary: Raj Kamal films announces that Shyam Pushkaran will write for Kamal Haasan’s film KH237, directed by Anbariv
This post was last modified on September 12, 2025 7:28 pm
Leave a Comment