UPDATES

വിദേശം

ഇറ്റലിയിൽ ബോട്ടപകടം; കാണാതായവരിൽ ബ്രിട്ടൻ്റെ ബിൽ ഗേറ്റ്സ് എന്നറിയപ്പെടുന്ന മൈക്ക് ലിഞ്ചും

22 പേരുമായി പോർട്ടിസെല്ലോ തുറമുഖത്തിന് സമീപം നങ്കൂരമിട്ട ബോട്ടാണ് മുങ്ങിയത്

                       

ഇറ്റലിയുടെ സിസിലി ദ്വീപിൽ ഉണ്ടായ ശക്തമായ കൊടുങ്കാറ്റിൽ ആഡംബര ബോട്ട് മുങ്ങി. അപകടത്തെ തുടർന്ന് ബോട്ടിൽ ഉണ്ടായിരുന്ന ആറോളം പേരെ കാണാതായി. കാണാതായവരിൽ, യുകെ ടെക് സംരംഭകനായ മൈക്ക് ലിഞ്ച്, മോർഗൻ സ്റ്റാൻലി ഇൻ്റർനാഷണൽ ചെയർമാൻ ജോനാഥൻ ബ്ലൂമർ,അഭിഭാഷകനായ ക്രിസ് മോർവില്ലോ തുടങ്ങിയ ഉന്നത വ്യക്തികൾ ഉണ്ടായിരുന്നതായി സിസിലിയിലെ സിവിൽ പ്രൊട്ടക്ഷൻ ഏജൻസി മേധാവി സാൽവറ്റോർ കോസിന അറിയിച്ചു. ലിഞ്ചിനെയും അദ്ദേഹത്തിൻ്റെ 18 വയസ്സുള്ള മകൾ ഹന്നയെയും തിങ്കളാഴ്ച വൈകീട്ടോടെ കാണാനില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. Sicily yacht sinking

22 പേരുമായി പോർട്ടിസെല്ലോ തുറമുഖത്തിന് സമീപം നങ്കൂരമിട്ടിരിക്കുകയായിരുന്നു, ബ്രിട്ടീഷ് പതാക പറക്കുന്ന 56 മീറ്റർ കപ്പലായ ബയേസിയൻ. തിങ്കളാഴ്ച പുലർച്ചെ വീശിയടിച്ച ചുഴലിക്കാറ്റിലാണ് ബോട്ട് അപകടത്തിൽപ്പെട്ടതെന്ന് ഇറ്റാലിയൻ തീരസംരക്ഷണ സേനയുടെ പ്രസ്താവനയിൽ പറയുന്നു. ബോട്ടിലുണ്ടായിരുന്ന 22 പേരിൽ 15 പേരെ രക്ഷപ്പെടുത്തി, അതിൽ മൈക്ക് ലിഞ്ചിൻ്റെ ഭാര്യ, ബോട്ടിൻ്റെ ഉടമസ്ഥ ആഞ്ചല ബകേറസ്, ഒരു വയസുള്ള പെൺകുട്ടി എന്നിവരും ഉൾപ്പെടുന്നു. യുകെയിലെ അറിയപ്പെടുന്ന സോഫ്റ്റ്‌വെയർ കമ്പനിയായ ഓട്ടോണമിയുടെ സഹസ്ഥാപകനായ മൈക്ക് ലിഞ്ചിൻ്റെ വക്താവ് മാധ്യമങ്ങളോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല. തൻ്റെ സഹപ്രവർത്തകർക്ക് വേണ്ടിയാണ് ലിഞ്ച് യാത്ര സംഘടിപ്പിച്ചതെന്ന് രക്ഷപ്പെട്ടവർ വ്യക്തമാക്കി.

ടെക് വ്യവസായത്തിലെ തന്റെ കുതിപ്പിന്റെ കാലത്ത് “ബ്രിട്ടൻ്റെ ബിൽ ഗേറ്റ്സ്” എന്ന വിശേഷണം വരെ ലഭിച്ചിരുന്നു. ലിഞ്ചിന്റെ സോഫ്റ്റ്‌വെയർ സ്ഥാപനമായ ഓട്ടോണമി, യുഎസ് ടെക് കമ്പനിയായ ഹ്യൂലറ്റ്-പാക്കാർഡിന് 11 ബില്യൺ ഡോളറിന് വിറ്റതുമായി ബന്ധപ്പെട്ട വഞ്ചന ആരോപണങ്ങൾക്കെതിരെ കഴിഞ്ഞ പത്തു വർഷത്തോളമായി കേസ് നടത്തികൊണ്ടിരിക്കുകയാണ്. 59 കാരനായ മൈക്ക് ലിഞ്ചിനെ ജൂണിൽ സാൻ ഫ്രാൻസിസ്കോയിലെ ജൂറി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു. വിചാരണ അവസാനിക്കാൻ കാത്തിരിക്കുന്നതിനിടയിൽ അദ്ദേഹം ഒരു വർഷത്തിലധികം വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്നു.

ബോട്ട് മുങ്ങിയ വാർത്ത പുറത്തുവന്ന് മണിക്കൂറുകൾക്കകം, വിചാരണയിൽ ലിഞ്ചിൻ്റെ കൂട്ടുപ്രതിയായിരുന്ന സ്റ്റീഫൻ ചേംബർലെയ്ൻ കാർ അപകടത്തിൽ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഓട്ടോണമിയിലെ മുൻ ധനകാര്യ വൈസ് പ്രസിഡൻ്റായിരുന്ന സ്റ്റീഫൻ ചേംബർലെയ്‌ൻ കാറിൽ സഞ്ചരിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. ബോട്ട് ഏകദേശം 49 മീറ്ററോളം കടലിൽ മുങ്ങി, ടെർമിനി ഇമെറിസിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണ്.

“കാറ്റ് വളരെ ശക്തമായിരുന്നു. മോശം കാലാവസ്ഥയാണ് പ്രതീക്ഷിച്ചത്, പക്ഷേ ഈ അളവിലല്ല, ”സിസിലിയൻ തലസ്ഥാനമായ പലേർമോയിലെ ഒരു കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു. കാറ്റ് ഉയർന്നപ്പോൾ, തൻ്റെ കപ്പലിൻ്റെ നിയന്ത്രണം നിലനിർത്താനും തനിക്കൊപ്പം നങ്കൂരമിട്ടിരുന്ന ബയേസിയനുമായി കൂട്ടിയിടിക്കാതിരിക്കാൻ എഞ്ചിൻ ഓണാക്കിയതായി സമീപത്തുള്ള ബോട്ടിൻ്റെ ക്യാപ്റ്റൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ” അത്രയും നേരം കപ്പലിനെ പിടിച്ച് നിർത്താൻ ഞങ്ങൾക്ക് കഴിഞ്ഞു. കൊടുങ്കാറ്റ് മാറിയതോടെ ഞങ്ങൾക്ക് പിന്നിലുള്ള ബയേസിയൻ കാണാനില്ലെന്ന് ഞങ്ങൾ ശ്രദ്ധിച്ചു.” അദ്ദേഹം പറഞ്ഞു.

രക്ഷപ്പെടുത്തിയവരിൽ ഒരു വയസ്സുകാരനുൾപ്പെടെ എട്ട് പേരെ ആശുപത്രികളിലേക്ക് മാറ്റി, എല്ലാവരുടെയും നില തൃപ്തികരമാണ്. ഒരു വയസ്സുള്ള പെൺകുട്ടിയെയും അമ്മയെയും പ്രവേശിപ്പിച്ച പലേർമോയിലെ ഡി ക്രിസ്റ്റീന ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ഡൊമെനിക്കോ സിപ്പോല്ല പറഞ്ഞു: “കുഞ്ഞ് സുഖമായിരിക്കുന്നു. ചെറിയ മുറിവുകൾ ഉണ്ടെങ്കിലും അമ്മയും നല്ല നിലയിലാണ്. അച്ഛനും ഉടൻ ആശുപത്രി വിടും. ആഴ്‌ചകൾ നീണ്ട ചൂടിന് ശേഷമാണ് കഴിഞ്ഞ ദിവസങ്ങളിൽ കൊടുങ്കാറ്റും കനത്ത മഴയും ഇറ്റലിയിൽ ഉണ്ടതായത്, ഇതോടെ മെഡിറ്ററേനിയൻ കടലിൻ്റെ താപനില റെക്കോർഡിലേക്ക് എത്തിച്ചിരിക്കുകയാണ്, തൽഫലമായി അങ്ങേയറ്റത്തെ അപകടസാധ്യതയിലാണ് കാലാവസ്ഥയെന്ന് വിദഗ്ധർ പറയുന്നു. Sicily yacht sinking

Content summary; Sicily yacht sinking: Morgan Stanley International chair Jonathan Bloomer among missing

Share on

മറ്റുവാര്‍ത്തകള്‍