June 04, 2026 |
Share on

അയോധ്യയിലെ രാമനെ കൊണ്ട് ഗുണമുണ്ടായവര്‍

അരുണാചല്‍ ഉപമുഖ്യമന്ത്രി മുതല്‍ അദാനി വരെ; അയോധ്യയില്‍ നടന്ന ഭൂമി കച്ചവടത്തിന്റെ കഥകള്‍

അയോധ്യയില്‍ രാമക്ഷേത്രം വന്നതിന്റെ ഗുണഭോക്താള്‍ യഥാര്‍ത്ഥത്തില്‍ ആരാണ്? ദ ഇന്ത്യന്‍ എക്‌സ്പ്രസ് അവരുടെ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകള്‍ വച്ച് പറയുന്നത് രാഷ്ട്രീയക്കാരും അവരുമായി ബന്ധപ്പെട്ടവരുമാണ് ‘ രാമന്റെ പേരില്‍’ ലാഭം ഉണ്ടാക്കിയതെന്നാണ്. ഇവരില്‍ കൂടുതലും ബിജെപിക്കാരാണെന്നതും പ്രത്യേകം കാണണം. അദാനി ഗ്രൂപ്പ് മുതലുള്ള കോര്‍പ്പറേറ്റുകളും അയോധ്യയുമായി ബന്ധപ്പെട്ട ഭൂമി കച്ചവടത്തില്‍ നിന്നും ലാഭം കൊയ്തിട്ടുണ്ട്. ഭക്തിക്കും വിശ്വാസത്തിനും അപ്പുറം രാമനും അമ്പലവും റിയല്‍ എസ്റ്റേറ്റ് തരംഗത്തിനാണ് അയോധ്യയില്‍ വഴിയൊരുക്കിയത്.

ക്ഷേത്ര നിര്‍മാണത്തിന് അനുമതി നല്‍കുന്ന സുപ്രിം കോടതി ഉത്തരവ് 2019 നവംബറില്‍ വന്നതു മുതല്‍ 2024 മാര്‍ച്ച് വരെയുള്ള ഭൂമി രജിസ്റ്ററുകള്‍ പരിശോധിച്ചതില്‍ നിന്നും ഭൂമിയിടപാടുകള്‍ 30 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രാമക്ഷേത്രം വരുമെന്ന് ഉറപ്പായതിന് പിന്നാലെ അയോധ്യയിലെ ഏകദേശം 25 ഗ്രാമങ്ങളിലും, അയോധ്യയ്ക്ക് ഏകദേശം 15 കിലോമീറ്റര്‍ ചേര്‍ന്നു കിടക്കുന്ന ഗോണ്ട, ബസ്തി ജില്ലകളിലുമാണ് ഭൂമിക്കച്ചവടം തകൃതിയായി നടന്നതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്. 2,500 ഭൂമി രജിസ്‌ട്രേഷനുകള്‍ ഇക്കാലയളവില്‍ നടന്നിരിക്കുന്നുവെന്നാണ് പറയുന്നത്. ഭൂമിയിടപാടുകള്‍ പിന്നിലുള്ളവരില്‍ ബഹുഭൂരിപക്ഷവും രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ടവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ്.

അരുണാചല്‍ പ്രദേശ് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ചൗന മേന്‍-ന്റെ മക്കളായ ചൗ കാന്‍ സെങ് മേന്‍, ആദിത്യ മേന്‍ എന്നിവര്‍ 3.99 ഹെക്ടര്‍ ഭൂമിയാണ് 3.72 കോടി മുടക്കി 2022 സെപ്തംബറിനും 2023 സെപ്തംബറിനും ഇടയില്‍ വാങ്ങിയത്. ക്ഷേത്രത്തില്‍ നിന്നും എട്ട് കിലോമീറ്റര്‍ മാറി ഗോണ്ട ജില്ലയിലെ മഹേഷ്പൂരിലാണ് അരുണാചല്‍ ഉപമുഖ്യമന്ത്രിയുടെ മക്കള്‍ ഭൂമി വാങ്ങിയതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് കണ്ടെത്തിയിരിക്കുന്നത്. അയോധ്യയെയും ഗോണ്ടയെയും വേര്‍തിരിക്കുന്ന സരയു നദിയുടെ കരയിലാണ് ഉപമുഖ്യമന്ത്രിയുടെ മക്കളുടെ ഭൂമി കിടക്കുന്നത്. 2023 ഏപ്രില്‍ 25 ന് ഇവര്‍ 0.768 ഹെക്ടര്‍ ഭൂമി 98 ലക്ഷം രൂപയ്ക്ക് വിറ്റതായും കണ്ടെത്തിയിട്ടുണ്ട്. ജൂണില്‍ അധികാരത്തിലേറിയ പുതിയ ബിജെപി സര്‍ക്കാരിലും ചൗന മേന്‍ അരുണാചലിന്റെ ഉപമുഖ്യമന്ത്രിയാണ്. ഭൂമി വാങ്ങിയത് ടൂറിസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ക്കാണെന്നാണ് ആദിത്യ മേന്‍ പ്രതികരിച്ചിട്ടുള്ളത്.

ബിജെപിയുടെ മുന്‍ എംപി ബ്രിജ്ഭൂഷണ്‍ സിംഗിന്റെ മകന്‍ കരണ്‍ ഭൂഷണിന്റെ ഉടമസ്ഥതയിലുള്ള നന്ദിനി ഇന്‍ഫ്രാസ്ട്രക്ചര്‍ ഗോണ്ടയിലെ മഹേഷ്പൂരില്‍ വാങ്ങിയത് 0.97 ഹെക്ടര്‍ ഭൂമിയാണ്. അമ്പലത്തില്‍ നിന്നും എട്ട് കിലോമീറ്റര്‍ മാറി. 2023 ജനുവരിയിലാണ് 1.15 കോടി രൂപ മുടക്കി കരണ്‍ ഭൂഷണിന്റെ കമ്പനി ഭൂമി വാങ്ങിയത്. ഇതില്‍ നിന്നും 635.72 സ്‌ക്വയര്‍ മീറ്റര്‍ 60.96 ലക്ഷത്തിന് അതേ വര്‍ഷം ജൂലൈയില്‍ വില്‍പ്പന നടത്തി. ഇക്കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ കൈസര്‍ഗഞ്ചില്‍ നിന്നും കരണ്‍ ഭൂഷണ്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

രാഷ്ട്രീയക്കാര്‍ മാത്രമല്ല, ഉദ്യോഗസ്ഥന്മാരും അവസരം മുതലാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്(എസ്ടിഎഫ്) തലവന്‍ അഡീഷണല്‍ ഡിജിപി അമിതാഭ് യഷിന്റെ അമ്മ ഗീത സിംഗിന്റെ പേരില്‍ ഗോണ്ട ജില്ലയിലെ മഹേഷര്‍പൂരിലും ദുര്‍ഗാഗഞ്ചിലും അയോധ്യയിലെ യദുവംശ് പൂരിലും കൂടി 9.955 ഹെക്ടര്‍ ഭൂമിയാണ് വാങ്ങിയത്. ക്ഷേത്രത്തിന് 8 മുതല്‍ 13 കിലോമീറ്റര്‍ വരെ അകലത്തിലാണ് ഈ ഭൂമിയെല്ലാം. 2022 ഫെബ്രുവരി മുതല്‍ 2024 ഫെബ്രുവരി രണ്ട് വരെയുള്ള കാലയളവിലാണ് ഭൂമി വാങ്ങലുകള്‍ നടന്നിരിക്കുന്നത്. 4.04 കോടി രൂപയാണ് ഇവര്‍ മുടക്കിയിട്ടുള്ളത്. ഇതില്‍ മഹേഷ്പൂരിലുള്ള സ്ഥലത്ത് നിന്നും 0.505 ഹെക്ടര്‍ 2023 ഓഗസ്റ്റ് 16 ന് 20.40 ലക്ഷം രൂപയ്ക്ക് ഗീത സിംഗ് വില്‍പ്പന നടത്തി.

ഉത്തര്‍പ്രദേശ് ആഭ്യന്തര ഡെപ്യൂട്ടി സെക്രട്ടറി സഞ്ജീവ് ഗുപ്ത ഐപിഎസ്സിന്റെ ഭാര്യ ചേത്‌ന ഗുപ്ത അയോധ്യയിലെ ഭന്‍വീപൂരില്‍ 35.92 ലക്ഷം രൂപ മുടക്കി 2022 ഓഗസ്റ്റ് അഞ്ചിന് 253 സ്‌ക്വയര്‍ മീറ്റര്‍ പാര്‍പ്പിട ഭൂമിയാണ് വാങ്ങിയത്. ഈ ഭൂമി വിറ്റുവെന്നാണ് സഞ്ജീവ് ഗുപ്ത ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പ്രതികരിച്ചത്.

റെയില്‍വേ ഡെപ്യട്ടി ചീഫ് എഞ്ചിനീയര്‍ മഹാബല്‍ പ്രസാദിന്റെ മകന്‍ അന്‍ഷുല്‍, അലിഗഡിലെ അഡീഷണല്‍ എസ് പി പലാഷ് ബന്‍സാല്‍ ഐപിഎസ്സിന്റെ പിതാവ് ദേശ് രാജ് ബന്‍സാല്‍, അമേഠി എസ്പി അനൂപ് കുമാര്‍ സിംഗ് ഐപിഎസ്സിന്റെ ബന്ധുക്കളായ ശൈലേന്ദ്ര സിംഗ്, മഞ്ജു സിംഗ്, ഉത്തര്‍പ്രദേശിലെ മുന്‍ ഡിജിപി യശ്പാല്‍ സിംഗ്, ഉത്തര-മധ്യമേഖല റെയില്‍വേയിലെ പ്രിന്‍സിപ്പല്‍ ചീഫ് പേഴ്‌സണല്‍ ഓഫിസര്‍ അനുരാഗ് ത്രിപാഠിയുടെ പിതാവ് മദന്‍ മോഹന്‍ ത്രിപാഠി, ഹരിയാന യോഗ് ആയോഗ് ചെയര്‍മാന്‍ ജയ്ദീപ് ആര്യ, ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ അജയ് സിംഗിന്റെ സഹോദരന്‍ കൃഷ്ണ കുമാര്‍ സിംഗ്, അനന്തരവന്‍ സിദ്ധാര്‍ത്ഥ്, ഗോസയ്ഗഞ്ച് നഗര്‍ പഞ്ചായത്തിലെ ചെയര്‍പേഴ്‌സണായ ബിജെപി നേതാവ് വിജയ് ലക്ഷ്മി ജയ്‌സ്വാള്‍, അമേഠി ജില്ല പഞ്ചായത്ത് ചെയര്‍പേഴ്‌സണായ ബിജെപി നേതാവ് രാജേഷ് അഗ്രഹാരി, ബിഎസ്പി മുന്‍ എംഎല്‍എ ജിതേന്ദ്ര കുമാര്‍, മുന്‍ ബിജെപി എംഎല്‍എ ചന്ദ്ര പ്രകാശ് ശുക്ല, സമാജ് വാദി പാര്‍ട്ടിയുടെ മുന്‍ എംഎല്‍സി രാകേഷ് റാണ. ബിഎസ്പി മുന്‍ എംഎല്‍സി ശ്യാം നാരായണ്‍ സിംഗ് എന്നിവരൊക്കെ ഭൂമി വാങ്ങിക്കൂട്ടിയതിന്റെയും അത് മറിച്ചു വിറ്റ് ലാഭം കൊയ്തതിന്റെ വിവരങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തു കൊണ്ടു വന്നിട്ടുണ്ട്.

അദാനി ഗ്രൂപ്പ് മുതലുള്ള വന്‍കിട കോര്‍പ്പറേറ്റുകളും അയോധ്യയിലെ അവസരം മുതലെടുത്തിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍ എന്നിവ ഏക്കറ് കണക്കിന് ഭൂമിയാണ് രാമ ക്ഷേത്ര പരിസരങ്ങളിലായി വാങ്ങിയത്. അദാനി ഗ്രൂപ്പ്, മുംബൈയിലെ കോര്‍പ്പറേറ്റ് ഭീമന്മാരായ എച്ച്ഒഎബില്‍(ഹൗസ് ഓഫ് അഭിനന്ദന്‍ ലോധ) തുടങ്ങിയവരൊക്കെ അയോധ്യയില്‍ റിയല്‍ എസ്‌റ്റേറ്റ് കച്ചവടത്തിനിറങ്ങിയിരുന്നു. രേഖകള്‍ പറയുന്നത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ വിവിധ കമ്പനികളും ട്രസ്റ്റുകളും ഒരു കോടിക്ക് മുകളില്‍ വില വരുന്ന വിവിധ ഭൂമിയിടപാടുകള്‍ അയോധ്യയില്‍ നടത്തിയിട്ടുണ്ടെന്നാണ്.

2023 ജൂണിനും 2024 മാര്‍ച്ചിനും ഇടയില്‍ എച്ച്ഒഎബില്‍, അയോധ്യ ക്ഷേത്രത്തില്‍ നിന്നും 12 കിലോമീറ്റര്‍ മാറി സരയുവിന്റെ തീരത്തായി തിഹുര മഝയില്‍ 17.73 ഹെക്ടര്‍ കൃഷിഭൂമിയും 12,693 സ്‌ക്വയര്‍ മീറ്റര്‍ പാര്‍പ്പിട ഭൂമിയും വാങ്ങി. അവര്‍ ഈ ഭൂമിയിലേക്ക് നാല് വരി പാതയും നിര്‍മിച്ചു. 74.15 കോടിയാണ് വിലയായി കാണിച്ചിരിക്കുന്നത്. പിന്നീട് 7.54 ഹെക്ടര്‍ ഭൂമി കൂടി അതേ ഗ്രാമത്തില്‍ 31.24 കോടിക്ക് വാങ്ങിയിട്ടുണ്ട്.

എച്ച്ഒഎബില്‍ കമ്പനിയുടെ ഉടമ അഭിനന്ദന്‍ മംഗള്‍ പ്രഭാത് ലോധ മഹാരാഷ്ട്രയിലെ മുന്‍ മന്ത്രി മംഗള്‍ പ്രഭാത് ലോധയുടെ മകനാണ്. അഭിനന്ദിന്റെ മുത്തച്ഛന്‍ ഗുമന്‍ലാല്‍ ലോധ ഗുവാഹത്തി ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റീസ് ആയിരുന്നു. ബിജെപി പാര്‍ലമെന്റ് അംഗവുമായിരുന്ന ഗുമന്‍ലാല്‍ 1980 കളിലെ രാമക്ഷേത്ര മൂവ്‌മെന്റിന്റെ സജീവ പോരാളിയുമായിരുന്നു.

അദാനി ഗ്രൂപ്പ് ഏകദേശം 3.55 കോടിയുടെ റിയല്‍ എസ്‌റ്റേറ്റ് കച്ചവടമാണ് അയോധ്യയില്‍ നടത്തിയിരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ഹോംക്വസ്റ്റ് ഇന്‍ഫ്രാപ്‌സേസ് കഴിഞ്ഞ സെപ്തംബര്‍ 18 ന് മജ ജംതാരയില്‍ 1.4 ഹെക്ടര്‍ ഭൂമി വാങ്ങിയിരുന്നു. ക്ഷേത്രത്തില്‍ നിന്നും ആറ് കിലോമീറ്റര്‍ മാറിയുള്ള കൃഷിഭൂമിയാണ് അവര്‍ വാങ്ങിയത്. 3.55 കോടി രൂപയ്ക്കായിരുന്നു ഇടപാട് നടന്നത്.

കര്‍ണാടകയില്‍ നിന്നുള്ള വ്യക്തി വികാസ് കേന്ദ്ര, ഡല്‍ഹിയിലെ ദല്‍ഗോട്ടിയ ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട്‌സ്, യുപിയില്‍ നിന്നുള്ള ദ ഇന്നൊവേറ്റേഴ്‌സ് ഡിജിറ്റല്‍ ആഡ്, കര്‍ണാടകയിലെ സവര്‍തിയ ഡവലപ്പേഴ്‌സ്, യുപിയിലെ രാംകുലം റീജന്‍സി എല്‍എല്‍പി, യുപിയില്‍ നിന്നു തന്നെയുള്ള ശ്രീ രാമജയം അസ്പയര്‍, ഡല്‍ഹിയിലെ ത്രിവേണി ട്രസ്റ്റ്, മഹാരാഷ്ട്രയില്‍ നിന്നുള്ള എബിഎംഎം മഹേശ്വരി ഫൗണ്ടേഷന്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഭരദ്വജ് ഗ്ലോബല്‍ ഇന്‍ഫ്രാവെന്‍ച്വേഴ്‌സ്, യുപി ആസ്ഥാനമായുള്ള അവാദ് സിറ്റി ഡവലപ്പേഴ്‌സ്, ജാര്‍ഖണ്ടിലെ ജഖോഡിയ മിനറല്‍ പ്രൈവറ്റ് ലിമിറ്റഡ്, യുപിയിലെ അവാദ് എന്റര്‍പ്രൈസസ്, തെലങ്കാനയിലെ അയോധ്യ സരയു ഇന്‍ഫ്ര എല്‍എല്‍പി എന്നീ സ്ഥാപനങ്ങളൊക്കെയും രാമക്ഷേത്രവുമായി ബന്ധപ്പെട്ട് തഴച്ചു വളര്‍ന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ മുതല്‍ മുടക്കുകയും ലാഭം കൊയ്തവരുമാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

രാമക്ഷേത്രം നിര്‍മാണമായിരുന്നു കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി തങ്ങളുടെ പ്രധാന നേട്ടമായി അവതരിപ്പിച്ചത്. രാമന്‍ തങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ കൊണ്ടു വരുമെന്ന് പാര്‍ട്ടി വിശ്വസിച്ചു. പക്ഷേ സംഭവിച്ചത് നേരെ തിരിച്ചും. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ ബിജെപി പരാജയപ്പെട്ടു. സാമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. ബിജെപിയുടെ തോല്‍വിക്ക് കാരണമായി പറഞ്ഞത്, സിറ്റിംഗ് എംപിയോടുള്ള എതിര്‍പ്പും രാമക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രദേശവാസികളോട് ചെയ്ത ചതികളുമായിരുന്നു. ക്ഷേത്രത്തിനായി ഭൂമിയേറ്റെടുത്തതും, അര്‍ഹമായ നഷ്ടപരിഹാരം നല്‍കാതിരുന്നതും, ക്ഷേത്ര പ്രദേശത്ത് കച്ചവടത്തിന് അനുമതി നല്‍കാമെന്നു പറഞ്ഞു പറ്റിച്ചതിനുമൊക്കെ ജനങ്ങള്‍ മറുപടി കൊടുത്തു. തങ്ങള്‍ക്ക് ഇങ്ങനെയൊരു ക്ഷേത്രം കൊണ്ട് വലിയ പ്രയോജനമൊന്നും ഇല്ലെന്നാണ് അയോധ്യയിലെ ജനങ്ങള്‍ തുറന്നു പറഞ്ഞത്.

എന്നാല്‍ അങ്ങനെയൊരു ക്ഷേത്രം കൊണ്ട് മറ്റ് പലര്‍ക്കും പ്രയോജനം ഉണ്ടായിട്ടുണ്ടെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ റിപ്പോര്‍ട്ട് തെളിയിക്കുന്നത്.  since the supreme court verdict allowing ram temple rising land transactions in ayodhya and nearest places, politicians to corporates bought and sell lands 

Contents Summary; since the supreme court verdict allowing ram temple rising land transactions in ayodhya and nearest places, politicians to corporates bought and sell lands

Leave a Reply

Your email address will not be published. Required fields are marked *

×