July 17, 2025 |
Share on

വ്യാജ വാര്‍ത്തകളും ദൃശ്യങ്ങളും പ്രചരിപ്പിച്ചു;  ആറ് വാര്‍ത്താ ചാനലുകള്‍ക്കെതിരെ പരാതി

നാല് വര്‍ഷം മുമ്പുള്ള വീഡിയോയാണ് പ്രചരിപ്പിച്ചതെന്ന് സ്വതന്ത്ര മാധ്യമസ്ഥാപനമായ ആള്‍ട്ട് ന്യൂസാണ് തുറന്നുകാട്ടിയത്

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായിരുന്ന സാഹചര്യത്തില്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കിയ ആറ് ടെലിവിഷന്‍, ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്ക് എതിരെ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് (സിജെപി) പരാതി നല്‍കി. ആജ് തക്, എബിപി ന്യൂസ്, ടൈംസ് നൗ നവഭാരത്, എന്‍ഡിടിവി, ഇന്ത്യ ടിവി, ന്യൂസ് 18 എന്നിവയ്‌ക്കെതിരെയാണ് പരാതി.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന്റെ മൂന്ന് പ്രധാന സംഭവങ്ങളാണ് പരാതിയില്‍ വിവരിച്ചിരിക്കുന്നത്. ആജ് തക്, എബിപി ന്യൂസ്, ടൈംസ് നൗ നവഭാരത്, എന്‍ഡിടിവി, ഇന്ത്യ ടിവി എന്നീ അഞ്ച് ചാനലുകള്‍ ഇസ്രയേലിന്റെ അയണ്‍ ഡോമിന്റെ നാല് വര്‍ഷം പഴക്കമുള്ള വീഡിയോ സംപ്രേഷണം ചെയ്തു. ഇത് രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ പാകിസ്ഥാന്റെ ആക്രമണങ്ങളെ ഇന്ത്യന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ചെറുക്കുന്നതിന്റെ എക്‌സ്‌ക്ലൂസീവ് ദൃശ്യങ്ങളാണെന്ന് തെറ്റായി പ്രചരിപ്പിക്കുകയായിരുന്നു. ഒപ്പം പാകിസ്ഥാന്‍ വ്യോമാക്രമണ ഭീണികളെ ഇന്ത്യ ചെറുക്കുന്ന ദൃശ്യങ്ങളാണ് ഇവയെന്നും അവകാശപ്പെട്ടു.

അതേസമയം, ഇന്ത്യന്‍ മതപണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായ മൗലാന ഖാരി മുഹമ്മദ് ഇഖ്ബാലിനെ ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട പാക് ഭീകരനായാണ് ന്യൂസ് 18 ചിത്രീകരിച്ചത്. ‘പാകിസ്ഥാനെതിരായ ഇന്ത്യയുടെ വ്യോമാക്രമണം : ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന തലക്കെട്ടില്‍ ന്യൂസ് 18 സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടില്‍ മൗലാന ഖാരി മുഹമ്മദ് ഇഖ്ബാല്‍ ഒരു ഉന്നത ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡറാണെന്നായിരുന്നു അവകാശപ്പെട്ടത്.

എന്നാല്‍ കൊല്ലപ്പെട്ട മൗലാന ഇഖ്ബാല്‍ ഒരു ഭീകരവാദിയല്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. കൂടാതെ മൗലാന ഇഖ്ബാല്‍ അതിര്‍ത്തിയിലെ ഷെല്ലാക്രമണത്തില്‍ മരണപ്പെട്ടതാണെന്ന് പൂഞ്ച് പോലീസും സ്ഥിരീകരിച്ചിരുന്നു. മൗലാന ഇഖ്ബാല്‍ ഒരു തീവ്രവാദിയല്ലെന്ന് സിജെപി പരാതിയില്‍ ആവര്‍ത്തിക്കുന്നു. ഇത് സംബന്ധിച്ച തെളിവുകള്‍ ഉള്‍പ്പെടെയാണ് സിജെപി പരാതി നല്‍കിയിരിക്കുന്നത്.

കൂടാതെ ഗാസയിലെ ഇസ്രയേലി വ്യോമാക്രമണങ്ങളുടെ പഴയ ദൃശ്യങ്ങള്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ ആക്രമണം എന്ന തരത്തില്‍ ആജ് തക് സംപ്രേഷണം ചെയ്തു. തെറ്റിദ്ധരിപ്പിക്കുന്ന ദൃശ്യങ്ങള്‍, ആളുകള്‍ക്ക് ആവേശവും താല്പര്യവും ഉണ്ടാക്കുന്ന തരത്തിലുള്ള വാര്‍ത്താവതരണം, നാടകീയമായ ദൃശ്യവത്കരണം എന്നിവ ഉള്‍പ്പെടെയുള്ള ഗുരുതരമായ ധാര്‍മിക ലംഘനങ്ങളാണ് സിജെപിയുടെ പരാതിയില്‍ വ്യക്തമാക്കുന്നത്. സംപ്രേഷണം ചെയ്തവ തിരുത്തലുകള്‍ വരുത്താനും പ്രേക്ഷകരോട് ക്ഷമാപണം നടത്തി തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യണമെന്നാണ് സിജെപി പരാതിയില്‍ ആവശ്യപ്പെടുന്നത്.

2025 മെയ് 7 ന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ നടത്തിയ സൈനിക ആക്രമണങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ, ഏഴ് ഇന്ത്യന്‍ മിസൈലുകള്‍ വിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആജ് തക് സംപ്രേഷണം ചെയ്തു. അവ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായ പാകിസ്ഥാനിലെ ബഹവല്‍പൂരില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങളെന്നായിരുന്നു അവകാശവാദം. ഇത് എക്‌സ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ പിന്നീട്, ഈ ദൃശ്യങ്ങള്‍ സമീപകാലത്തെയല്ലെന്നും ഇന്ത്യന്‍ സൈനിക നടപടികളുമായി ഇവയ്ക്ക് യാതൊരു ബന്ധമില്ലെന്നും കണ്ടെത്തി. 2023 ഒക്‌ടോബര്‍ 13 സ്ഫുട്‌നിക് അര്‍മേനിയ പ്രസിദ്ധീകരിച്ച ഗാസയിലെ ഇസ്രയേല്‍ വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങളെന്ന് തിരിച്ചറിഞ്ഞു.

മാധ്യമങ്ങളുടെ ഇത്തരത്തിലുള്ള പ്രവണത പൊതുജന വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്. കൂടാതെ ഇന്ത്യന്‍ സൈനിക നടപടികളുടെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് പൗരന്മാര്‍ക്ക് തെറ്റായ വിവരണവുമാണ് നല്‍കുന്നത്. കൂടാതെ പ്രകോപനപരവും കൃത്യതയുമില്ലാത്ത ഉള്ളടക്കം പ്രചരിപ്പിക്കുന്നതിലൂടെ നയതന്ത്ര ശ്രമങ്ങളെ അസ്ഥിരപ്പെടുത്താനുള്ള സാധ്യതയും ഏറെയാണ്.

ഉത്തരവാദിത്തത്തേക്കാള്‍ റേറ്റിംഗിന് മുന്‍ഗണന നല്‍കി, ആളുകള്‍ക്ക് ആവേശവും താല്പര്യവും ഉണ്ടാക്കുന്നതിനായി ദൃശ്യങ്ങളുടെ വൈകാരികത ചൂഷണം ചെയ്യുന്ന മാധ്യമപ്രവര്‍ത്തനത്തെ ധാര്‍മികമായി ന്യായീകരിക്കാനില്ലെന്ന് മാത്രമല്ല സമൂഹത്തെ അപകടത്തിലേക്ക് ഇവ നയിക്കുമെന്നും സിജെപി പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ വളച്ചൊടിക്കപ്പെടുന്ന വാര്‍ത്തകള്‍ പൊതുജന വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തുകയും സംഘര്‍ഷത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ വളച്ചൊടിച്ച് സമൂഹത്തില്‍ പിരിമുറുക്കങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് സിജെപി വിശദീകരിക്കുന്നു.

മുഖ്യധാര മാധ്യമങ്ങളായ ആജ് തക്, എന്‍ഡിടിവി, ടൈംസ് നൗ, എബിപി ന്യൂസ്, ന്യൂസ് 18 എന്നിവ നാല് വര്‍ഷം മുമ്പുള്ള വീഡിയോയാണ് പ്രചരിപ്പിച്ചതെന്ന് സ്വതന്ത്ര മാധ്യമസ്ഥാപനമായ ആള്‍ട്ട് ന്യൂസാണ് തുറന്നുകാട്ടിയത്. ഇന്ത്യന്‍ വ്യോമ സേന പാക് ആക്രമണത്തെ തടയുന്നു എന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ 2021 മെയ് 11 ന് എന്‍എസ്എഫ് ചാനല്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തതാണെന്ന് പരിശോധനയില്‍ വ്യക്തമായി. എന്നാല്‍ ഇവ സംബന്ധിച്ച് ആള്‍ട്ട് ന്യൂസിന് സ്വതന്ത്രമായി സ്ഥിരീകരണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രചരിക്കുന്ന വീഡിയോക്ക് കുറഞ്ഞത് നാല് വര്‍ഷം പഴക്കമുണ്ടെന്നും 2025 ലെ ഇന്ത്യ-പാക് സംഘര്‍ഷവുമായി യാതൊരു ബന്ധവും ഇല്ലാത്തതാണെന്നും വ്യക്തമാക്കി. six news channels for spreading fake news cjp complaint files

Content Summary: six news channels for spreading fake news cjp complaint files

Leave a Reply

Your email address will not be published. Required fields are marked *

×