June 04, 2026 |
Share on

ഇപ്പോഴും ജാതി ചര്‍ദ്ദിച്ചു വയ്ക്കുന്ന കേരളം

ആര് കോരിക്കളയും മലയാളിയുടെ മനസിലെ ജാതിബോധം?

വെറും ആറര വയസ്‌ മാത്രമാണ്‌ അവന്റെ പ്രായം. സമൂഹത്തിലെ ജാതി വെറിയെക്കുറിച്ചോ വംശീയ വേർതിരിവുകളെക്കുറിച്ചോ ചിന്തിക്കാൻ പോലും കഴിയാത്ത രണ്ടാം ക്ലാസുകാരൻ. ഈ കുഞ്ഞിനോടാണ് നെടുങ്കണ്ടം എൽ പി സ്‌കൂളിലെ അധ്യാപികയുടെ ക്രൂരത. പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട കുട്ടിയെക്കൊണ്ട്‌ അധ്യാപിക നിർബന്ധിച്ച്‌ സഹപാഠിയുടെ ഛർദ്ദി കോരിപ്പിച്ച സംഭവം, നാഴികക്ക്‌ നാൽപ്പത്‌ വട്ടം കേരളത്തിലെ തുല്യ നീതിയെക്കുറിച്ച്‌ സംസാരിക്കുന്ന ഭരണസമൂഹത്തെ ചോദ്യത്തിന്റെ നിഴലിലാക്കുന്നതാണ്‌. ഇടുക്കി ഉടുമ്പുംചോലക്കടുത്ത്‌ സ്ലീവാമലയിൽ പ്രവർത്തിക്കുന്ന സെന്റ്‌ ബെനഡിക്‌സ്‌ എൽ പി സ്‌കൂളിലാണ്‌ മനുഷ്യ മനസാക്ഷിയെ വേദനിപ്പിക്കുന്ന സംഭവം നടന്നത്‌. six-year-old child faced severe caste discrimination at school

ഈ മാസം 13ന്‌ കുട്ടിയുടെ സഹപാഠി പനിയും മറ്റ്‌ ശാരീരിക അസ്വസ്ഥതകളും കാരണം ക്ലാസിൽ ഛർദ്ദിച്ചു. തുടർന്ന്‌ ക്ലാസ്‌ ടീച്ചർ കുട്ടികളോട്‌ അത്‌ മണ്ണ്‌ വാരിയിട്ട്‌ മൂടാൻ ആവശ്യപ്പെടുകയും പിന്നീട്‌ പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട കുട്ടിയോട്‌ മാത്രമായി ഛർദ്ദി കോരിക്കളയാൻ പറയുകയും ചെയ്‌തു. എന്നാൽ കുട്ടി അത്‌ നിരസിക്കുകയും താൻ ക്ലാസിലിരുന്ന്‌ എഴുതിക്കോളാമെന്ന്‌ പറയുകയും ചെയ്‌തു. ഇത്‌ കേട്ട അധ്യാപിക കുട്ടിയോട്‌ വളരെയധികം ദേഷ്യപ്പെടുകയും ഛർദ്ദി കോരിക്കളയുവാൻ നിർബന്ധിക്കുകയുമായിരുന്നു. ഭയന്ന കുട്ടി അധ്യാപിക ആവശ്യപ്പെട്ടതുപോലെ ചെയ്‌തു. മറ്റൊരു കുട്ടി സഹായിക്കാനായി വന്നപ്പോൾ അധ്യാപിക ആ കുട്ടിയെ തടയുകയും ചെയ്‌തു. കുട്ടി ഈ വിവരം മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. കുട്ടിയുടെ കൂടെ പഠിക്കുന്ന മറ്റൊരു സഹപാഠിയിൽ നിന്നാണ്‌ മകൻ ക്ലാസ്‌മുറിയിൽ നേരിട്ട അപമാനം വീട്ടുകാർ അറിയുന്നത്‌. പിന്നാലെ മാതാപിതാക്കൾ പ്രധാന അധ്യാപികയെ ഇക്കാര്യം അറിയിക്കുകയായിരുന്നു. എന്നാൽ അധ്യാപികക്ക്‌ താക്കീത്‌ മാത്രം നൽകുകയാണ്‌ സ്‌കൂൾ അധികൃതർ ചെയ്‌തത്‌. തുടർന്ന്‌ അസിസ്റ്റന്റ്‌ എജ്യൂക്കേഷൻ ഓഫീസർക്ക്‌ പരാതി നൽകുകയായിരുന്നു കുടുംബം.

സംഭവത്തിൽ ദളിത്‌ ആക്ടിവിസ്റ്റ്‌ ധന്യ രാമൻ അഴിമുഖത്തോട്‌ പ്രതികരിച്ചു. “എനിക്കിതിൽ അത്ഭുതമൊന്നുമില്ല, കാരണം ഇത്‌ ഇപ്പോൾ ഒരു സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്‌. ഈയടുത്താണ്‌ ഒരു അംഗണവാടി ടീച്ചർ നാല്‌ വയസ്‌ മാത്രം പ്രായമുള്ള ഒരു കുട്ടിയുടെ കൈയിൽ മലം പേപ്പറിൽ പൊതിഞ്ഞ്‌ കൊടുത്തുവിട്ടത്‌. സംഭവമറിഞ്ഞ്‌ പോലീസ്‌ സ്ഥലത്തെത്തിയിരുന്നു. തെളിവുകൾ എല്ലാം അവിടെയുണ്ടായിട്ട്‌ പോലും അട്രോസിറ്റി ചാർജ്‌ ചെയ്‌ത്‌ കേസെടുത്തിട്ടില്ല. അതാണ്‌ ഇവിടത്തെ അവസ്ഥ. ഞങ്ങൾ എന്തിനാണ്‌ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക്‌ അയക്കുന്നത്‌. വിദ്യ അഭ്യസിക്കാനും സാമൂഹിക ജീവിതം പഠിക്കാനുമല്ലേ. അവിടെ നിന്നാണ്‌ നമ്മുടെ വ്യക്തിത്വവികസനം ആരംഭിക്കുന്നത്‌. അധ്യാപകരുടേയും സഹവിദ്യാർത്ഥികളുടേയും സഹകരണമുണ്ടെങ്കിൽ മാത്രമാണ്‌ വ്യക്തിത്വവികസനം പൂർണ്ണമാകുന്നത്‌. പക്ഷേ കുട്ടികൾ ചെറുപ്പത്തിൽ തന്നെ വംശീയത അനുഭവിക്കുമ്പോൾ അതൊരു ഉണങ്ങാത്ത മുറിപ്പാടായി അവരുടെ മനസ്സിൽ അവശേഷിക്കും. ഞാൻ കടന്നുവന്ന വഴികളിൽ ചില അധ്യാപകരും വിദ്യാർത്ഥികളും എന്നോട്‌ പെരുമാറിയ രീതി എനിക്കറിയാം. അവരോടൊന്നുമുള്ള വൈരാഗ്യം എനിക്കിപ്പോഴും മാറിയിട്ടില്ല. ഒരു ദളിത്‌ വിദ്യാർത്ഥിനി എന്നുള്ള നിലയിൽ എനിക്കുണ്ടായ ബുദ്ധിമുട്ടുകളിൽ അവരോട്‌ ക്ഷമിക്കാൻ എനിക്ക് സാധിച്ചിട്ടില്ല.

എന്നെപ്പോലുള്ള ഏതൊരാളോട് ചോദിച്ചാലും അന്നും ഇന്നും അതൊന്നും പൊറുക്കാൻ പറ്റുന്നതല്ല. നമുക്ക്‌ വിദ്യ അഭ്യസിച്ച്‌ തരുന്നവരാണ്‌ അധ്യാപകർ. അവരെ നമ്മൾ ഗുരുസ്ഥാനീയരായിട്ട്‌ കാണുമ്പോൾ അവർ പെരുമാറുന്നതെങ്ങനെയാണ്‌. ഇപ്പോഴുള്ള അധ്യാപകരിൽ അധികം പേർക്കും അധ്യാപകരായിരിക്കാൻ യോഗ്യത ഇല്ലാത്തവരാണെന്ന്‌ തോന്നിയിട്ടുണ്ട്‌. ഞങ്ങളുടെ പല കുട്ടികളെയും കലോത്സവങ്ങളിൽ കൊണ്ട്‌ പോകാൻ മടിക്കുന്നവരുണ്ട്‌.”

“അങ്ങനെയുള്ളത്‌ കൊണ്ട്‌ തന്നെ എസ്‌ സി എസ്‌ ടി കുട്ടികൾക്കായി പ്രത്യേകിച്ച്‌ കലോത്സവങ്ങൾ നടത്താറുണ്ട്‌. ഇതൊക്കെ എല്ലാവർക്കും ഒരുമിച്ച്‌ നടത്തേണ്ടതാണ്‌. എന്നാൽ അംഗണവാടി തൊട്ട്‌ ഇങ്ങോട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നോക്കുമ്പോൾ അങ്ങനെയല്ല സംഭവിക്കുന്നത്‌. രോഹിത്‌ വെമുലയുടെ കാര്യം തന്നെ ശ്രദ്ധിക്കൂ, അതൊരു ഇൻസ്‌റ്റിറ്റ്യൂഷണൽ മർഡറാണ്‌. അതുപോലെ തന്നെയാണ്‌ ഇതും. ഞങ്ങളെ വംശീയമായി അധിക്ഷേപിക്കും മാനസികമായി തകർക്കും പഠിച്ച്‌ മുന്നേറാനായിട്ട്‌ സാധിക്കാത്ത വിധത്തിൽ ടോർച്ചർ ചെയ്യും. ഇപ്പോൾ അടുത്തിടെ എസ്‌ സി എസ്‌ ടി സ്‌പോർട്‌സ്‌ വെള്ളായണിയിൽ ഒരു കുഞ്ഞിനെ ഒന്നര മണിക്കൂർ ഇല്ലാത്ത ഒരു കസേരയിൽ അവർ ഇരുത്തിപ്പിച്ചത്. അത്‌ കേസായി. എഫ്‌ഐആർ ഇടുമ്പോളും ഒരിക്കലും ആ അധ്യാപികയെ അവിടെ നിന്ന്‌ പുറത്താക്കുന്നില്ല. ഇവരൊക്കെ സർക്കാരിന്റെ പിൻബലമുള്ളവർക്ക്‌ കാശും കൊടുത്ത്‌ കയറി വരുന്നവരാണ്‌. ഇവർ എന്ത്‌ ഗുരുതരമായിട്ടുള്ള കുറ്റകൃത്യം ചെയ്‌താലും ഇവരെ പിരിച്ചുവിടുന്നില്ല. ഇങ്ങനെ മാനസിക വൈകൃതമുള്ള, ചരിത്രബോധമില്ലാത്ത, മനുഷ്യരോട്‌ പെരുമാറാനറിയാത്ത ഒരുപാട്‌ അധ്യാപകർ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ട്‌. അവർക്കെതിരെയൊന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. അതുകൊണ്ട്‌ തന്നെ ഇതെല്ലാം ആവർത്തിക്കപ്പെടും. ഇത്‌ ഒരു പതിവ്‌ കാര്യം പോലെ കേരളത്തിൽ സംഭവിക്കാൻ തുടങ്ങിയിട്ട്‌ കുറച്ച്‌ കാലമായി. കുറച്ചൊക്കെ ബോധമുള്ള അധ്യാപകരുണ്ട്‌. എന്നാൽ അധികവും ഇത്തരത്തിൽ മനസിൽ ഇരുട്ട്‌ നിറക്കുന്ന തരത്തിലുള്ള അധ്യാപകരായിരിക്കും.”

“പൊതുവെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ ഒരു കുട്ടി നീങ്ങിക്കഴിഞ്ഞാൽ അവനെ എങ്ങനെ പുറത്താക്കാമെന്നാണ്‌ അവിടത്തെ അധ്യാപകർ ചിന്തിക്കുന്നത്‌. ഇല്ലാത്ത കുറ്റകൃത്യങ്ങളും അച്ചടക്കമില്ലായ്‌മയും പറഞ്ഞ്‌ ഈ കുട്ടികളെ പുറത്താക്കാനാണ്‌ അവർ ശ്രമിക്കുക. എന്റെ പരിചയത്തിൽ കാസർഗോഡ്‌ ഒരു ഗവൺമെന്റ്‌ സ്‌കൂളിൽ അച്ഛനില്ലാത്ത ഒരു കുട്ടി നല്ല വസ്‌ത്രങ്ങൾ ധരിച്ചു വന്നതിന്‌ സ്‌കൂളിലെ പ്രധാന അധ്യാപിക കുട്ടിയെക്കുറിച്ച്‌ മോശമായി മറ്റ്‌ കുട്ടികളുടെ അമ്മമാരോട്‌ സംസാരിച്ചു. ഇവൾക്കെവിടെ നിന്നാണ്‌ ഇത്തരത്തിലുള്ള വസ്‌ത്രങ്ങൾ കിട്ടുന്നതെന്ന തരത്തിൽ അവരോട്‌ പറഞ്ഞു. ഇത്‌ കുട്ടികളുടെ അമ്മമാർ വീട്ടിൽ സംസാരിക്കുകയും കുട്ടികൾ ഈ പെൺകുട്ടിയോട്‌ വന്ന്‌ ചോദിക്കുകയും ചെയ്‌തു. ആ കുട്ടി മാനസികമായി തകർന്ന്‌ പോയി. ഇപ്പോഴും ആ കുട്ടിക്ക്‌ കൗൺസിലിങ്ങ്‌ നൽകുകയാണ്‌. ഇങ്ങനെ ചെറുപ്പത്തിൽ വംശീയമായി ഉണ്ടാകുന്ന മുറിവുകൾ അത്ര പെട്ടെന്ന്‌ പോകുന്നതല്ല.”

“എനിക്ക്‌ ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ട്‌. ഹോസ്‌റ്റലിൽ നിന്ന്‌ പൈസ മോഷ്ടിച്ചെന്നും പറഞ്ഞ്‌ എന്നെ അപമാനിച്ചു. എന്റെ അമ്മ വളരെ സ്‌ട്രോങ്‌ ആയിട്ടുള്ള ഒരു സ്‌ത്രീയാണ്‌. സംഭവം അറിഞ്ഞ ഉടനെ തന്നെ അമ്മ ഹോസ്‌റ്റലിൽ വന്ന്‌ എന്നെ കണ്ട്‌ സംസാരിച്ച്‌ എനിക്ക്‌ വേണ്ട മെന്റൽ സപ്പോർട്ട്‌ തന്നിരുന്നു. അതാണ്‌ എന്റെ നിലനിൽപ്പ്‌. എല്ലാവർക്കും അങ്ങനെ കഴിയണമെന്നില്ല.പലർക്കും ഭയമുണ്ടാകും. കേസുമായി മുന്നോട്ട്‌ പോകാൻ പണമില്ലാത്ത അവസ്ഥയുണ്ടാകും. ഇങ്ങനെ ധൈര്യമായി മുന്നോട്ട്‌ വരുന്ന സംഭവങ്ങൾ മാത്രമാണ്‌ പുറത്തറിയുന്നത്‌. കാലം എത്ര മാറിയാലും മനസിലുള്ള വേർതിരിവ്‌ മാറില്ല. വംശീയത എന്ന്‌ പറയുന്നത്‌ ഒരു ജെനറ്റിക്കൽ പ്രശ്‌നമാണ്‌. നമ്മുടെ കുഞ്ഞുങ്ങളോട്‌ ഇടപഴകുന്ന അധ്യാപകർ തുല്യത കാണിക്കുക തന്നെ വേണം. എന്നാൽ അത്‌ ഇവിടെ ഉണ്ടാകുന്നില്ല”, ധന്യ രാമൻ അഴിമുഖത്തോട്‌ പറഞ്ഞു.

എത്രയൊക്കെ പുരോഗമിച്ചുവെന്ന്‌ വാദിച്ചാലും കുഞ്ഞുങ്ങളോട്‌ പോലും ജാതിയുടെ വേർതിരിവ്‌ കാണിക്കുന്ന അന്ധത നിറഞ്ഞ സമൂഹമാണ്‌ നമ്മുടേത്‌ എന്നതാണ്‌ യാഥാർത്ഥ്യം. അതും വിദ്യ പകർന്ന്‌ നൽകുന്ന അധ്യാപകരിൽ നിന്നാകുമ്പോൾ അതിന്റെ ആഘാതം വളരെ വലുതാണ്‌. six-year-old child faced severe caste discrimination at school

content summary; six-year-old child faced severe caste discrimination at school

ഫിർദൗസി ഇ. ആർ

ഫിർദൗസി ഇ. ആർ

സബ് എഡിറ്റർ

More Posts

Leave a Reply

Your email address will not be published. Required fields are marked *

×