ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്മാര്‍ട്ട് ഫോണുകളും ലാപ്‌ടോപുകളും 125 ശതമാനം ലെവിയില്‍ നിന്നും പകരച്ചുങ്കത്തില്‍ നിന്നും ഒഴിവാക്കി ട്രംപ് ഭരണകൂടം. ഇവയുടെമേലുള്ള അമിത തീരുവ യുഎസില്‍ ഇലക്ട്രോണിക് ഉപഭോക്തൃ വിലകള്‍ ഗണ്യമായി ഉയരാന്‍ കാരണമാകുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് പരിഗണിച്ചാണ് നടപടി.
അടുത്തിടെ നൂറിലധികം രാജ്യങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ 10% ആഗോള താരിഫില്‍ നിന്നും, അതുപോലെ ചൈനയ്ക്ക് മേല്‍ മാത്രമായി ചുമത്തിയ അമിതമായ ഇറക്കുമതി ചുങ്കത്തില്‍ നിന്നും ഫോണും ലാപ്‌ടോപ്പും ഒഴിവാക്കുമെന്ന് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) വെള്ളിയാഴ്ച വൈകി പുറത്തിറക്കിയ നോട്ടീസിലുടെയാണ് അറിയിച്ചിരിക്കുന്നത്.
യുഎസില്‍ കൂടുതലായി ഉപയോഗിക്കുന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങളില്‍ പലതും ചൈനീസ് നിര്‍മിതമാണ്. അതുകൊണ്ട് തന്നെ തീരുവ യുദ്ധം അവയുടെ വില ഉയര്‍ത്തുമെന്ന ടെക് കമ്പനികളുടെ ആശങ്കയും സിബിപിയെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. മെമ്മറി കാര്‍ഡുകള്‍, സോളാര്‍ സെല്ലുകള്‍, സെമികണ്ടക്ടറുകള്‍ തുടങ്ങിയവയ്ക്കും ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്ന് നോട്ടീസില്‍ പറയുന്നുണ്ട്. താരിഫ് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വന്ന ഏപ്രില്‍ അഞ്ച് മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
ഈ തീരുമാനം അമേരിക്കന്‍ ടെക് കമ്പനികള്‍ വലിയ ആശ്വാസമാണ്. ഗാഡ്‌ജെറ്റുകളില്‍ പലതും ചൈനയില്‍ നിര്‍മിക്കുന്നതിനാല്‍, ഉയര്‍ന്ന താരിഫ് ഇവയുടെ വില റോക്കറ്റുപോലെ കുതിച്ചുയരുമെന്ന പേടിയിലായിരുന്നു കമ്പനികള്‍.
ചൈനയ്ക്കുമേല്‍ ചുമത്തിയ താരിഫികള്‍ ഇതാദ്യമായാണ് ട്രംപ് ഇളവ് പ്രഖ്യാപിക്കുന്നത്. അതുകൊണ്ട് തന്നെ ഈ തീരുമാനത്തെ ഒരു നിര്‍ണായക വഴിത്തിരിവായാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ടെക് ഭീമന്മാരായ ആപ്പിള്‍, എന്‍വിഡിയ, മൈക്രോസോഫ്റ്റ് തുടങ്ങിയവര്‍ക്കും ടെക് വ്യവസായത്തിന് മൊത്തത്തിലും ഈ തീരുമാനത്തിലൂടെ വലിയ ആശ്വാസം ലഭിക്കും.
അതേസമയം വൈറ്റ് ഹൗസ് പറയുന്നത്, ടെക് കമ്പനികള്‍ക്ക് അവരുടെ ഉല്‍പ്പാദനം യുഎസിലേക്ക് മാറ്റാന്‍ കൂടുതല്‍ സമയം ഉറപ്പാക്കുന്നതിനാണ് ഇപ്പോള്‍ ഇളവുകള്‍ നല്‍കിയിരിക്കുന്നതെന്നാണ്. സെമികണ്ടക്ടറുകള്‍, ചിപ്പുകള്‍, സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍ തുടങ്ങിയ നിര്‍ണായക സാങ്കേതികവിദ്യകള്‍ നിര്‍മ്മിക്കുന്നതിന് അമേരിക്ക ഇനിയും ചൈനയെ ആശ്രയിക്കുന്നത് തുടരാന്‍ കഴിയില്ലെന്ന നിലപാടാണ് പ്രസിഡനന്റ് ട്രംപിനുള്ളത്. പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം, ടെക് കമ്പനികള്‍ എത്രയും വേഗം അമേരിക്കയില്‍ തങ്ങളുടെ ഉല്‍പ്പാദനം ആരംഭിക്കാന്‍ തിരക്കുകൂട്ടുന്നുണ്ട്’ എന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് അറിയിക്കുന്നത്.
ചൈനയുടെ മേല്‍ ഉയര്‍ന്ന ചുങ്കം ചുമത്തിയതില്‍ ട്രംപ് ഇപ്പോഴും അപരമായ ആത്മവിശ്വാസം പുലര്‍ത്തുകയാണ്. ഫ്‌ളോറിഡയിലെ വീട്ടില്‍ വാരാന്ത്യം ചെലവഴിക്കാനെത്തിയ ട്രംപ് അവിടെ വച്ച് കണ്ട മാധ്യമങ്ങളോട് പറഞ്ഞത്, ഈ തീരുമാനത്തില്‍ താന്‍ സന്തോഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ്. US Exempts Electronics from Tariffs: Smartphones, computers, and other devices spared from Trump’s china.
Content Summary; US Exempts Electronics from Tariffs: Smartphones, computers, and other devices spared from Trump’s china
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.